Story written by Saji Thaiparambu
“രമണീ… ഇത് വരെ തറ തുടച്ച് കഴിഞ്ഞില്ലേ? വെയില് പോകുന്നതിന് മുമ്പ് ,വാഷിങ്ങ്മിഷ്യനിൽ കിടക്കുന്ന തുണികളെടുത്ത് ടെറസ്സിൽ കൊണ്ട് വിരിക്കണം”
ബാൽക്കണിയിൽ നിന്ന് ഗ്രോബാഗിൽ വളർത്തുന്ന ചെടികൾക്ക് ,വെള്ളം തളിച്ച് കൊണ്ട് നില്ക്കുന്ന ജീനാ മേഡത്തിൻ്റെ ,ചോദ്യം വന്നപ്പോൾ രമണി തൻ്റെ ജോലി സ്പീഡാക്കി.
ഡൈനിങ്ങ് റൂമ് തുടച്ചിട്ട്, രമണി ഹാളിലേക്ക് വന്നപ്പോൾ, മേഡത്തിൻ്റെ അച്ഛൻ ശശാങ്കൻ,സെറ്റിയിൽ ചാരിക്കിടന്ന് കൊണ്ട് ,ടി വി കാണുകയായിരുന്നു .
“സാർ കാലൊന്നുയർത്തുമോ ?
ശശാങ്കൻ്റെയരികിൽ ചെന്ന്, നനഞ്ഞ തുണികൊണ്ട് തറ തുടയ്ക്കുന്നതിനിടയിൽ ,രമണി അയാളോട് ചോദിച്ചു.
“പിന്നെന്താ.. നീ പറഞ്ഞാൽ മതി, ഞാൻ കാല് മാത്രമല്ല, എന്തും പൊക്കിത്തരും”
“ഛെ!”
അയാളുടെ അശ്ളീലച്ചുവയുള്ള സംസാരം കേട്ട്, അറപ്പോടെ രമണി മുഖം ചുളിച്ചു.
കുനിഞ്ഞ് തറ തുടയ്ക്കുന്നതിനിടയിൽ , രമണി ,ശശാങ്കനെയൊന്ന് പാളി നോക്കിയപ്പോൾ ,അയാളുടെ കഴുകൻ കണ്ണുകൾ , തൻ്റെ അർദ്ധനഗ്നതയിലേക്ക് ആർത്തിയോടെ നോക്കുന്നത് കണ്ട്, അവൾ പെട്ടെന്ന് നിവർന്ന് നിന്നു.
“എല്ലാ ദിവസവും, ഇവിടെ വന്ന് നിനക്ക് തറ തുടച്ചാലെന്താ ,എന്തൊരു മിനുസമാ കാണാൻ ,അല്ലാ .. ഞാൻ തറയുടെ കാര്യമാണ് പറഞ്ഞത് കെട്ടോ”
വീണ്ടുമയാൾ അർത്ഥം വച്ച് സംസാരിച്ചപ്പോൾ, രമണി ബക്കറ്റും, തുടയ്ക്കുന്ന തുണിയുമായി, വേഗം അടുക്കളയിലേക്ക് പോയി.
അയാളുടെ മോളുടെ പ്രായമേയുള്ളു തനിക്ക് ,എന്നിട്ടും കിളവൻ്റെ ഒരു പൂതി കണ്ടില്ലേ?
വൃത്തികെട്ടവൻ ,
രമണി പിറുപിറുത്തു.
ജീനയോട് അവൾ പരാതി പറഞ്ഞെങ്കിലും, നീയധികം അച്ഛൻ്റെയടുത്ത് ചെല്ലാതെ സൂക്ഷിച്ചാൽ മതിയെന്നാണ് ,ജീന രമണിയോട് പറഞ്ഞത് അല്ലെങ്കിലും ,സ്വന്തം അച്ഛനോട്, ഒരു മകൾ എങ്ങനെയാണിതൊക്കെ പറഞ്ഞ് വിലക്കുന്നത്, എന്ന് മാഡം കരുതിക്കാണുമെന്ന് രമണി ഊഹിച്ചു.
കഴിഞ്ഞ മാസം നാട്ടിൽ ചെന്നപ്പോൾ, തൻ്റെ കൂടെ വരണമെന്ന് നിർബന്ധം പിടിച്ചപ്പോഴാണ് ,ജീന അച്ഛനെയും കൊണ്ട് മുംബയിലേക്ക് വന്നത്, രണ്ട് വർഷം മുമ്പ്, തനിക്കൊരു കൂട്ടിനും ,സഹായത്തിനുമായിട്ടാണ് രമണിയെ ,ജീന നാട്ടിൽ നിന്ന് കൂട്ടികൊണ്ട് വന്നത് , ജീനയുടെ ഭർത്താവ് ഗൾഫിലാണ് ,മുംബയിലൊരു കമ്പനിയിലെ അക്കൗണ്ടൻ്റാണ് ജീന, അവൾ ജോലിക്ക് പൊയ്ക്കഴിഞ്ഞാൽ, അവളുടെ രണ്ടും, മൂന്നും വയസ്സുള്ള കുട്ടികളെ നോക്കേണ്ടത്, രമണിയുടെ ചുമതലയാണ്.
“രോഗികളുടെ എണ്ണം കൂടുകയാണല്ലോ മോളേ ..?
ടി വി യിലെ വാർത്ത കണ്ട്, ബാൽക്കണിയിൽ നിന്ന് അകത്തേക്ക് വന്ന, ജീനയോട് ശശാങ്കൻ ആശങ്കയോടെ പറഞ്ഞു .
“ഹോ! ഇന്ന് ഇത്രയും മരണമോ? അച്ഛാ … ഇനിയും നമ്മളിവിടെ തുടരുന്നത് അപകടമാ ,നാട്ടിലേക്ക് പോകുന്നതാണ് നല്ലത്”
“എങ്കിൽ നീ നാട്ടിലേക്കുള്ള ടിക്കറ്റ്, ഇന്ന് തന്നെ ബുക്ക് ചെയ്തേക്ക് മോളേ …”
ശശാങ്കൻ്റെയുള്ളിൽ, അത് വരെ ഇല്ലാതിരുന്ന ഒരു ഭീതി, തോന്നിത്തുടങ്ങി.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്, കുട്ടികളുടേതുൾപ്പെടെ, അഞ്ച് ടിക്കറ്റുകൾ കൺഫോമായത്.
പിറ്റേന്ന് ഉച്ചയോട് കൂടി, കൈയ്യിലെടുക്കാവുന്ന മാക്സിമം ബാഗേജുകളുമായി, ജീനയും ഫാമിലിയും സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.
റയിൽവേ സ്റ്റേഷനിലെത്തുമ്പോൾ അവിടമാകെ ,പോലീസിൻ്റെയും, ആരോഗ്യ പ്രവർത്തകരുടെയും കടുത്ത നിയന്ത്രണത്തിലായിരുന്നു.
ടെമ്പറേച്ചർ ടെസ്റ്റിനുള്ള ക്യൂവിൽ ഉത്ക്കണ്ഠയോടെ അവർ നിന്നു.
രമണിയുടെയും, ജീനയുടെയും, കുട്ടികളുടെയും ടെസ്റ്റുകൾ നോർമലായിരുന്നെങ്കിലും, ശശാങ്കൻ്റെ ടെമ്പറേച്ചർ കൂടുതലായത് കൊണ്ട്, അകത്തേക്ക് കടത്തിവിട്ടില്ല.
തിരിച്ച് ഫ്ളാറ്റിലേക്ക് പോകാനും, പതിനാല് ദിവസം കോറൻറയിനിലിരിക്കാനും ഡോക്ടർ നിർദ്ദേശിച്ചു.
ജീന അവരോട്, അച്ഛനെ തനിച്ച് വിടാനുളള ബുദ്ധിമുട്ട് പറഞ്ഞപ്പോൾ, എങ്കിൽ ആശുപത്രയിലേക്ക് പോകാൻ ആംബുലൻസിലേയ്ക്ക് കയറിക്കോളാനാണ് ,അദ്ദേഹം നിർദ്ദേശിച്ചത്.
അത് കേട്ട് ജീന ധർമ്മസങ്കടത്തിലായി.
ആശുപത്രിയിലേക്ക് എന്തായാലും പോകാൻ കഴിയില്ലെന്ന്, ശശാങ്കൻ പറഞ്ഞു .
പക്ഷേ ഫ്ളാറ്റിൽ വന്ന് നിരീക്ഷണത്തിലിരിക്കുന്ന അച്ഛനോടൊപ്പം, താനും മക്കളും നില്ക്കേണ്ടി വരും ,അച്ഛനെങ്ങാനും രോഗം പകർന്നിട്ടുണ്ടെങ്കിൽ, അത് തന്നെയും കുട്ടികളെയും ബാധിക്കില്ലേ?
“എങ്കിൽ പിന്നെ ,ചേച്ചി അച്ഛനോടൊപ്പം ഫ്ളാറ്റിലേക്ക് ചെല്ല് , ഞാൻ കുട്ടികളുമായി നാട്ടിലേക്ക് പോയ്ക്കൊള്ളാം”
എന്ത് ചെയ്യണമെന്നറിയാതെ നിന്ന ജീനയോട് ,രമണി ഒരുപായം പാഞ്ഞു.
അതായിരിക്കും നല്ലത് ,കുട്ടികളെങ്കിലും രക്ഷപെടുമല്ലോ ?താൻ കുറച്ച് സൂക്ഷിച്ചാൽ മതിയല്ലോ ,അച്ഛനെ മുകൾ നിലയിലാക്കിയിട്ട് തനിക്ക് വേണമെങ്കിൽ, താഴെ കഴിഞ്ഞ് കൂടാവുന്നതേയുള്ളു.
“എങ്കിൽ പിന്നെ നീ ,കുട്ടികളെയും കൊണ്ട് ട്രെയിനിൽ കയറിക്കോളു,അവരോട് തല്ക്കാലം ഞാൻ വരുന്നില്ലെന്ന് പറയേണ്ട ,അവർ സമ്മതിക്കില്ല,ഞാനില്ലാതെ ഒരു ദിവസം പോലും അവർ കഴിഞ്ഞിട്ടില്ല, വിധിയുണ്ടെങ്കിൽ ,അച്ഛൻ്റെ അസുഖം മാറിക്കഴിഞ്ഞ് ,അടുത്ത വണ്ടിക്ക് ഞങ്ങളെത്തിക്കോളാം”
ജീനയത് പറയുമ്പോൾ കണ്ണിൽ നനവ് പടരുന്നത്, രമണി വിഷമത്തോടെ നോക്കി നിന്നു.
പിന്നെ ,രണ്ട് കുട്ടികളെയും ഇരു കൈകളിൽ പിടിച്ച് കൊണ്ട്, രമണി ഫ്ളാറ്റ്ഫോമിലേക്ക് നടന്നു.
അമ്മ പുറകെയുണ്ടെന്ന ധാരണയിൽ ,റെയിൽവേ സ്റ്റേഷനിലെ പുത്തൻ കാഴ്ചകളിൽ കണ്ണ് നട്ട് ,ആ കുരുന്നുകൾ രമണിയുടെ കൈയ്യിൽ തൂങ്ങി മുന്നോട്ട് നടന്നു.
കുട്ടികളുമായി സെക്കൻ്റ് ക്ളാസ്സ്കമ്പാർട്ട്മെൻ്റിൽ കയറിയിട്ട്, കൈയ്യിലിരുന്ന ടിക്കറ്റിലെ നമ്പറിലേക്ക് നോക്കി, സീറ്റിലിരുന്നെങ്കിലും,
രമണിക്ക് എന്തോ ഒരു വീർപ്പുമുട്ടൽ തോന്നി.
പാവം മാഡം, കുട്ടികളുടെ കാര്യത്തിൽ ,അവരിപ്പോൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും.
അച്ഛന് കൂട്ട് നിന്നിട്ട്, ചേച്ചിക്കെന്തെങ്കിലും സംഭവിച്ചാൽ, ഈ പിഞ്ച് കുഞ്ഞുങ്ങൾ അനാഥരായി പോകില്ലേ?
ഗൾഫിലാണെങ്കിലും, തൻ്റെ ഭർത്താവിൻ്റെ സ്നേഹത്തെക്കുറിച്ച് പറയുമ്പോൾ ,മേഡം എപ്പോഴും വാചാലയാകുമായിരുന്നു,
രമണി വേദനയോടെ ഓർത്തു.
സത്യം പറഞ്ഞാൽ അയാളെ പേടിച്ചിട്ടാണ്, അച്ഛനോടൊപ്പം താൻ നില്ക്കാമെന്ന്, മാഡത്തോട് പറയാതിരുന്നതെന്ന് രമണിയോർത്തു ,
പക്ഷേ താൻ കാണിക്കുന്നത് സ്വാർത്ഥതയല്ലേ? ഇത്രയും നാൾ തനിക്ക് ചോറ് തന്ന് ,തന്നെയൊരു ചേച്ചിയെപ്പോലെ സ്നേഹിച്ച, ജീനമാഡത്തോട് താൻ കാണിക്കുന്നത് അനീതിയല്ലേ?
ഇങ്ങനെയുള്ള സന്ദർഭത്തിൽ, തിന്ന ചോറിനോട് കൂറ് കാണിച്ചില്ലെങ്കിൽ ,അവരോട് കാണിക്കുന്ന കൊടും ക്രൂരതയല്ലേ? തൻ്റെ മാനം കാക്കാനായി ഈ പിഞ്ച് കുഞ്ഞുങ്ങളുടെ അമ്മയെ, അറിഞ്ഞ് കൊണ്ട് മരണത്തിന് വിട്ട് കൊടുത്തിട്ട് ,താൻ രക്ഷപെട്ട് പോയാൽ ,തനിക്കൊരിക്കലും മന സ്സമാധാനമുണ്ടാവില്ലെന്ന് മനസ്സിലാക്കിയ രമണി, വേഗം കുട്ടികളെയുമെടുത്ത് ജീനയുടെ അരികിലേക്ക് ചെന്നു.
“ചേച്ചി നാട്ടിലേക്ക് പൊയ്ക്കൊള്ളു, അച്ഛന് കൂട്ടായി ഞാൻ ഫ്ളാറ്റിലേക്ക് തിരിച്ച് പൊയ്ക്കൊള്ളാം ,എനിക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ? മാത്രമല്ല ,ഞാൻ നാട്ടിലേക്ക് ചെന്നിട്ടെന്തെടുക്കാനാ, അവിടെ എന്നെ കാത്തിരിക്കാനാരുമില്ല,
ചേച്ചിയുടെ കാര്യമങ്ങനെയല്ല, കാത്തിരിക്കാൻ വീട്ടുകാരും ,മേഡത്തിൻ്റെ മക്കളും ഭർത്താവുമൊക്കെയുണ്ട്”
“പക്ഷേ രമണീ .. അച്ഛൻ്റെ സ്വഭാവം നിനക്ക് നന്നായറിയാവുന്നതല്ലേ?
ജീന ,രമണിയുടെ ചെവിയിൽ രഹസ്യമായി ചോദിച്ചു.
“അതൊക്കെ ഞാൻ മാനേജ്ചെയ്തോളാം ചേച്ചീ …
അച്ഛൻ്റെ കണ്ണുകളിലേക്ക് ചേച്ചിയൊന്ന് നോക്കിക്കേ ,മരണം തൻ്റെ പുറകെയുണ്ടെന്ന തോന്നലാണിപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിലുള്ളത്, അതിനിടയിൽ കുരുത്തക്കേടുകൾക്കൊന്നും മുതിരില്ലെന്നാണെൻ്റെ വിശ്വാസം, ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് ഞാൻ കണ്ടാളാം, ട്രെയിൻ പുറപ്പെടാൻ സമയമായി,
ദാ ടിക്കറ്റ് ,മക്കളെയും കൊണ്ട് വേഗം പോകാൻ നോക്ക്”
രമണിയുടെ ആത്മവിശ്വാസം കണ്ടപ്പോൾ ,ജീനയ്ക്ക് സമാധാനമായി ട്രെയിനിൻ്റെ കാതടപ്പിക്കുന്ന ഹോണടി കേട്ടപ്പോൾ, അവരോട് യാത്ര പറഞ്ഞ് ജീന,ഫ്ളാറ്റ്ഫോമിലേക്ക് വേഗം നടന്നു.