എല്ലാ ഭാര്യഭർത്താക്കന്മാരും കെട്ടിപിടിച്ചു സെൽഫി ഒക്കെ എടുത്തു ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ എനിക്ക് കൊതി ആവുന്നു…

നല്ലപാതി

Story written by Salini Ajeesh Salu

“ശോ…. ഈ ഫോണ് ഇന്നൊരു സ്വൈര്യവും തരത്തില്ലല്ലോ എന്റെ കൃഷ്ണാ … “!

എന്നും പറഞ്ഞു മീൻ വെട്ടി കഴുകുന്നതു അവിടെ വച്ച് കൊണ്ട് നന്ദ വേഗം കയ്യും കഴുകി നിർത്താതെ അടിക്കുന്ന ഫോൺ എടുക്കാൻ റൂമിലോട്ട് പോയി..

ഇപ്പോൾ ഹരി ഏട്ടൻ വിളിച്ചു വച്ചതല്ലേ ഉള്ളു പിന്നെ ഇത് ആരാന്ന് ചിന്തിച്ചു കൊണ്ട് അവൾ ഫോൺ എടുത്തു നോക്കി ബെൽ അടിച്ചു കഴിഞ്ഞിരുന്നു..

രണ്ടു മിസ്സ്‌ കാൾ കണ്ടു സ്‌ക്രീനിൽ

ലാവണ്യ..ആണ്. നന്ദയുടെ കൂട്ടുകാരി

കോളേജ് കാലത്തെ പല സൗഹൃദങ്ങളും കല്യാണം കഴിഞ്ഞതോട് കൂടി അകന്നു പോയി. പക്ഷേ ഇവൾ തന്റെ ബെസ്റ്റ് കൂട്ടുകാരി ആയിട്ട് ഉണ്ട് അന്നും ഇന്നും.

നന്ദ ലാവണ്യയുടെ നമ്പർ ഡയൽ ചെയ്തു.

ആദ്യ രണ്ടു ബെൽ അടിച്ചപ്പോൾ തന്നെ മറുവശത്ത് ഫോൺ എടുത്തു.

“എന്താടി… രാവിലെ തന്നെ. നിനക്ക് കെട്ടിയോന്റെ വീട്ടില് ജോലി ഒന്നും ഇല്ലേ പെണ്ണെ… രാവിലെ തന്നെ എന്നെ വിളിച്ചു ശല്ല്യം ചെയ്യാൻ…!” നന്ദ കളിയാക്കും മട്ടിൽ ചോദിച്ചു.

“പോടീ.. എടി… ഞാൻ ആകെ സങ്കടത്തിൽ ആണ്… ഭയങ്കര മൂഡ് ഓഫ്‌… ” ലാവണ്യ മറുപടി പറഞ്ഞു..

“അല്ലേലും നിനക്ക് എപ്പോഴാ മൂഡ് ഓൺ ആയിട്ട് ഉള്ളത്.. ഇന്നും നിന്റെ കേട്ടിയോനോട് വഴക്ക് കൂടിയോ നീ.. !”

“മ്മ്മ്… അങ്ങേർക്ക് എന്നോട് ഒരു ഇഷ്ടവും ഇല്ലെടി..വെറുതെ ഉണ്ടെന്നു അഭിനയിക്കുന്നത് ആണ് “.

“ഇന്ന് എന്താ കാരണം… “നന്ദ ചിരിച്ചു കൊണ്ട് ചോദിച്ചു..

“ഇന്നലെ ഞങ്ങളുടെ ഏഴാമത്തെ വിവാഹ വാർഷികം ആയിരുന്നു.. നിനക്കും അറിയാലോ.. നീ ഉൾപ്പെടെ എന്റെ സകല കൂട്ടുകാരും നാട്ടുകാരും ആശംസകൾ അറിയിച്ചു ഫോണിൽ കൂടെയും നേരിട്ടും… !”

“എന്നിട്ടും എന്റെ കെട്ടിയോൻ ആ ദിവസം ഒന്ന് ഓർമ്മിച്ചു കൂടെ ഇല്ല..!” “ഗിഫ്റ്റോ വാങ്ങിത്തന്നില്ല.. എന്നാൽ ഒരുമിച്ചു ഞങ്ങളുടെ ഒരു ഫോട്ടോ എടുക്കാൻ പോലും മൂപ്പര് സമ്മതിക്കില്ല. എല്ലാ ഭാര്യഭർത്താക്കന്മാരും കെട്ടിപിടിച്ചു സെൽഫി ഒക്കെ എടുത്തു ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ എനിക്ക് കൊതി ആവുന്നു. ഇവിടെയുള്ള ആൾക്ക് ആ ബുക്ക്‌ എന്താന്നു പോലും ശരിക്കും അറിയില്ല…. !”

“എന്റെ തലവിധി അല്ലാതെന്തു പറയാൻ….!”

“വിവാഹദിനം ഓർമ്മിപ്പിക്കാതെ തന്നെ എനിക്കു സർപ്രൈസ് ഗിഫ്റ്റും ആയി വരുന്ന കണ്ണേട്ടനെ പ്രതീക്ഷിച്ച എനിക്ക് കിട്ടിയതോ ജോലി കഴിഞ്ഞ് വന്നപ്പോൾ ചായയ്ക്ക് കുറച്ചു മധുരം കൂടിയതിനു നല്ല വഴക്ക് … ” ലാവണ്യ വളരെ സങ്കടപ്പെട്ട് പറഞ്ഞു..

ലാവണ്യയുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് നന്ദ പറഞ്ഞു..

“എടി… പൊട്ടി… നിന്നോട് ഞാൻ പലവട്ടം ആയി പറയുന്നു ഇത്തരം നിസ്സാര പ്രശ്നങ്ങൾക്ക് വഴക്ക് ഇട്ട് പിണങ്ങി ഇരിക്കരുത് എന്ന്….!”

“ഞാൻ ഒന്ന് ചോദിക്കട്ടെ നിന്നോട്.. എപ്പോഴെങ്കിലും നിന്നെയും മോനെയും നോക്കാതെ ഇരുന്നിട്ടുണ്ടോ കണ്ണേട്ടൻ….?

“ഒരു കുടുംബം പോറ്റാൻ വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നവർ ആണ് അവർ. വെച്ചുവിളമ്പി നൽകുകയും മക്കളെയും നോക്കി വീട്ടില് ഇരുന്നാൽ മതി നമുക്ക്…”

മാസം എത്തുമ്പോൾ ലോൺ അടയ്ക്കണം മോന്റെ ഫീസ് കൊടുക്കാൻ ആയി, കറണ്ട് ബില്ല് അടയ്ക്കണം അതിനിടയിൽ അടുക്കളയിൽ ലേക്ക് വേണ്ടുന്ന സാധനങ്ങൾ വേണം എന്നൊക്ക ഓർമ്മിപ്പിക്കുകയെ നമുക്ക് വേണ്ടു അല്ലാതെ അതിനു വേണ്ട പണം നീയോ ഞാനോ അല്ല ഉണ്ടാക്കുന്നത്. കഷ്ട്ടങ്ങൾ സഹിച്ചു ജോലി എടുക്കുന്നതിനിടയിൽ അവർ ഇത്തരം ദിനങ്ങളുട പ്രതേകത ഒക്കെ മറന്നു പോയെന്ന് വരാം.. “.

“പിന്നെ നീ പറഞ്ഞത് പോലെ സർപ്രൈസ് ഗിഫ്റ്റ് തരുന്നത്.. എടി നമുക്ക് അവർ തരുന്ന കലർപ്പില്ലാത്ത സ്നേഹവും വിശ്വാസവും സംരക്ഷണവും ഒക്കെ തന്നെ ആണ് ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം…. “.

“ജോലിയിൽ ഉള്ള സമ്മർദ്ദവും മുതലാളിമാരുടെ വഴക്കും ഒക്കെ സഹിച്ചു ആണ് അവർ സന്ധ്യയാകുമ്പോൾ വീട്ടിലേക്ക് ഓടി എത്തുന്നത്, ചിലപ്പോൾ ഭക്ഷണം പോലും നേരത്ത് കഴിക്കാൻ സാധിക്കാതെ. ആ സമയം നല്ലൊരു ചായ പോലും ഇട്ട് കൊടുക്കാൻ കഴിഞ്ഞില്ലേ പിന്നെ നമ്മളെ ഓക്കെ എന്തിനു കൊള്ളാടി…
നിനക്ക് വഴക്ക് മാത്രം കിട്ടിയ പോരായിരുന്നു… “

“പിന്നെ.. സെൽഫി എടുക്കാത്തതിന്റ പരാതി.. “

“എടി നിന്നെയും കെട്ടിപിടിച്ചു ഫേസ് ബുക്കിലും വാട്സ് ആപ്പിലും ഫോട്ടോ ഇട്ട് നടക്കുന്നുന്നത് ആണോ വലിയ കാര്യം.. ആ മനസ്സിൽ നിന്നെയും മോനെയും കുറിച്ച് മാത്രം അല്ലെ ചിന്ത.. അവിടെ ആ… മനസ്സിൽ ആണ് നിങ്ങൾ ഉണ്ടാവേണ്ടത്. അല്ലാതെ ഞങ്ങൾ ഭയങ്കര റൊമാന്റിക് ആണ് എന്ന് നാട്ടുകാരോട് പാടിനടന്നിട്ട് ഒരു കാര്യവും ഇല്ല.അവരാണോ നിനക്ക് ചിലവിന് തരുന്നേ.. കുടുംബം പട്ടിണി കിടക്കാതെ ഇരിക്കാൻ വേണ്ടി വെയിലോ മഴയോന്ന് നോക്കാതെ ഒരു വണ്ടി കാളയെ പോലെ ജോലി ചെയ്തു കഷ്ട്ടപെടുന്ന ആണുങ്ങൾക്ക് ചിലപ്പോൾ ഫേസ് ബുക്ക്‌ ഉം വാട്സ് ആപ്പും ഒന്നും എന്താണ് എന്ന് അറിഞ്ഞെന്ന് വരില്ല .അടുക്കള ജോലിയും കഴിഞ്ഞു ഉള്ള സമയം ഇതിലൊക്കെ ചിലവിടുന്ന നമുക്ക് ആണ് സോഷ്യൽ മീഡിയ എന്നത് ഒരു മാസ്മരിക ലോകം ആയി മാറിയത്. “

“ചെറിയ ചെറിയ കാര്യങ്ങൾക്ക് പിണക്കങ്ങൾ തുടങ്ങി അത് പിന്നെ ജീവിതത്തിൽ വലിയ വഴക്കുകൾക്ക് വഴി വെക്കും…”

” സെൽഫിയും സർപ്രൈസ് ഗിഫ്റ്റുകളും ആശംസകളും ഒന്നും അല്ലേടി യഥാർത്ഥ ജീവിതം ..പരസ്പരം അറിഞ്ഞും സ്നേഹിച്ചും സുഖദുഃഖങ്ങൾ പരസ്പരം പങ്കിട്ടും ഒക്കെ ആണ് ജീവിതം സന്തോഷപൂർണ്ണമാകുന്നത് .ഏത് സമയവും ഫോണിൽ തോണ്ടി … ഉള്ള സമയം കളയാതെ ഇത്തരം നിസ്സാര കാര്യങ്ങൾക്കു വഴക്ക് കൂടാതെ ഭർത്താവിന്റെയും കുട്ടിയുടെയും കാര്യങ്ങൾ നന്നായി നോക്കാൻ നോക്ക്… നന്ദ പറഞ്ഞു അവസാനിപ്പിച്ചു… “.

ലാവണ്യ യ്ക്കും തിരിച്ചു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല… ആ കണ്ണുകൾ നിറഞ്ഞിരുന്നു കുറ്റബോധത്താൽ.

ഇതൊരു കഥ മാത്രം ആണ്…അങ്ങനെ മാത്രം ഇതിനെ കണ്ടാൽ മതി. സ്ത്രീപക്ഷത്തു നിന്ന് വിമർശനങ്ങൾ വരാം. ആരെയും വിലകുറച്ചു കാണുന്നില്ല. 🙏🙏🙏എല്ലാവർക്കും അവരുടേതായ കഷ്ടപ്പാടുകൾ ഉണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *