എഴുത്ത്:-Saji Thaiparambu
പറഞ്ഞതിലും ഒരുപാട് നേരം വൈകിയാണ് ചെറുക്കൻകൂട്ടര് എന്നെ പെണ്ണ് കാണാൻ വന്നത്
ഇത്രയും താമസിച്ചത് കൊണ്ട് ഇനി വരില്ലെന്ന ഉറപ്പിൽ ഞാനാണെങ്കിൽ ഇട്ടിരുന്ന നല്ല ഡ്രസ്സും അഴിച്ചിട്ട് മുഖത്തെ മേയ്ക്കപ്പും കഴുകി കളഞ്ഞിരുന്നു
നേരം വൈകിയത് കൊണ്ട്സ ന്ധ്യമുറ്റം അടിച്ച് വാരിയിടാമെന്ന് കരുതി ചൂലുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങുമ്പോഴാണ് തുറന്ന് കിടന്ന ഗേറ്റ് കടന്ന് പെട്ടെന്നൊരു കാറ് വന്ന് എൻ്റെ അരികിൽ നിന്നത്
മുൻ സീറ്റിലിരുന്ന സുമുഖനായ ചെറുപ്പക്കാരൻ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ അമ്പരപ്പോടെ ഞാൻ തല തിരിച്ച് കാറിൻ്റെ ബാക്ക് ഡോറ് തുറന്ന് പുറത്തേയ്ക്ക് വരുന്നവരെ ശ്രദ്ധിച്ചു
ആദ്യമിറങ്ങിയത് , വീട്ടിൽ സ്ഥിരമായി വരുന്ന ബ്രോക്കർ രാവുണ്ണിച്ചേട്ടനാണെന്ന് കണ്ടപ്പോഴാണ് അത് ചെറുക്കൻകൂട്ടരാണെന്ന് ഞാനുറപ്പിച്ചത്
അച്ഛനില്ലേ മോളേ,, ഞങ്ങള് വരാൻ അല്പം വൈകി, അത് വേറൊന്നുമല്ല, ഈ റോഡ് പണി നടക്കുന്നത് കൊണ്ട് ,പല സ്ഥലത്തും ബ്ലോക്കായിരുന്നു,,
എന്നാൽ പിന്നെ നിങ്ങൾക്കതൊന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ ?ഞങ്ങളോർത്തു ഇന്നിനി വരില്ലാന്ന്
അപ്പോഴേക്കും അച്ഛൻ പുറത്തേയ്ക്ക് ഇറങ്ങി വന്നു ആ ഗ്യാപ്പിൽ ഞാൻ വേഗം അകത്തേയ്ക്ക് ഓടിക്കയറി
ശ്ശെ , രാവിലെ മുതൽ രണ്ട് മൂന്ന് മണിക്കൂർ കഷ്ടപ്പെട്ടിട്ടാണ് പെണ്ണ് കാണാൻ വരുന്ന ചെറുക്കൻ്റെ മുന്നിൽ നില്ക്കാനുള്ള ഒരു ആത്മവിശ്വാസമുണ്ടായത് തന്നെ,
ആ കോൺഫിഡൻസാണ് കുറച്ച് മുമ്പ് നിസ്സാരമായിട്ട് കഴുകിക്കളഞ്ഞത് ,
ഇനിയിപ്പോൾ ഒരുങ്ങാനൊന്നും നേരമില്ല ,അല്ലെങ്കിൽ തന്നെ ഇതിന് മുമ്പ് പല പ്രാവശ്യം ഒരുങ്ങിച്ചമഞ്ഞ് നിന്നിട്ടും വലിയ പ്രയോജനമൊന്നുമുണ്ടായില്ലല്ലോ?
ചിലര് പെണ്ണിന് പൊക്കം പോരെന്ന് പറയും, മറ്റ് ചിലർ മുടിയില്ലെന്ന് പറയും, ഇതൊന്നും പ്രശ്നമില്ലാത്തവർക്ക് സ്ത്രീധനം ചേരാത്തത് കൊണ്ട് താല്പര്യമില്ലെന്ന് പറയും, അത് തന്നെയാണ് ഇന്നും സംഭവിക്കാൻ പോകുന്നത് ,അത് കൊണ്ട് ഞാൻ നേരത്തെ അഴിച്ചിട്ട ചുരിദാറെടുത്തിട്ട്
അടുക്കളയിലേക്ക് ചെന്നു.
മുഖത്തൊരല്പം പൗഡറെങ്കിലും എടുത്തിടാൻ വയ്യാരുന്നോ കൊച്ചേ? ഈ കോലത്തിൽ നിന്നെ കണ്ടാൽ അവർക്കിഷ്ടപ്പെടുമോ?
അമ്മ തൻ്റെ ആശങ്ക പങ്ക് വച്ചു.
എൻ്റെ അമ്മേ,,, അവരെൻ്റെ യഥാർത്ഥ കോലം കണ്ടിട്ടാണ് അകത്തേയ്ക്ക് കയറിയത്, ഇനീപ്പോ എന്ത് ചെയ്തിട്ടും കാര്യമൊന്നുമില്ല ,ഇവരും കണ്ട് കഴിയുമ്പോൾ പഴയത് പോലെ ചായയും കുടിച്ച് ബിസ്കറ്റും തന്നിട്ട് അങ്ങ് പൊക്കോളും ,,,
അമ്മയെ സമാധാനിപ്പിച്ചിട്ട് കൈയ്യിലിരുന്ന ചായ വച്ചിരുന്ന ട്രേയും വാങ്ങി, ഞാൻ വരാന്തയിലേക്ക് ചെന്നു,
ങ്ഹാ മോളേ,, നിന്നെ കാണാൻ ചെക്കൻ വന്നിട്ടില്ല കെട്ടോ ?ഇത് ചെക്കൻ്റെ അളിയനും പെങ്ങളും അച്ഛനുമാണ് ,ചെക്കൻ നിന്നെ കണ്ടിട്ടുള്ളതാണെന്ന് ,അയാൾക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണത്രേ ഇവരെ ഇങ്ങോട്ടയച്ചത്, ഇവര് വന്നത് കല്യാണം ഉറപ്പിക്കാനാണെന്ന്,,
അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ അന്ധാളിച്ച് പോയി.
ങ്ഹേ, അച്ഛാ അപ്പോൾ എനിക്ക് ചെക്കനെ കാണണ്ടെ? എനിക്ക് കൂടെ ഇഷ്ടപ്പെട്ടാലല്ലേ കല്യാണം ഉറപ്പിക്കാൻ പറ്റു?
നീരസത്തോടെയാണ് ഞാൻ ചോദിച്ചത്.
അത് പിന്നെ, ധന്യ തന്നെയല്ലേ ഏട്ടനോട് പറഞ്ഞത്, വീട്ടുകാരോട് പോയി പെണ്ണ് ചോദിക്കാൻ, അപ്പോൾ പിന്നെ, ഏട്ടനെ ഇഷ്ടായത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്?
ചെക്കൻ്റെ പെങ്ങളെന്ന് പറഞ്ഞ കുട്ടി അങ്ങനെ പറഞ്ഞപ്പോഴാണ്, കാര്യത്തിൻ്റെ കിടപ്പ് എനിക്ക് മനസ്സിലായത്,,
കുറച്ച് ദിവസം മുൻപ് ഞാൻ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുന്ന ഷോറൂമിൽ ഒരു സുമുഖനായ ചെറുപ്പക്കാരൻ വന്നിരുന്നു ,ആദ്യ ദിവസം വന്നിട്ട് വണ്ടിയുടെ ഡീറ്റൈൽസൊക്കെ തിരക്കിപ്പോയിട്ട്, പിറ്റേ ദിവസം വീണ്ടും വന്നപ്പോൾ, ഞാൻ കരുതിയത് വണ്ടി ബുക്ക് ചെയ്യാനാണെന്നാണ് ,പക്ഷേ അയാളെന്നോട് പറഞ്ഞത് വേറൊന്നായിരുന്നു,,
എടോ, എൻ്റെ പേര് പ്രവീണെന്നാണ് ,ഞാൻ ഈ കമ്പനിയുടെ തന്നെ, എറണാകുളം ഷോറൂമിലെ ഒരു ഫീൾഡ് എക്സിക്യൂട്ടീവാണ്, ഇതിന് മുമ്പ് ഒന്ന് രണ്ട് തവണ ലോഡുമായി വന്നപ്പോൾ, ഞാൻ തന്നെ ശ്രദ്ധിച്ചിരുന്നു,വേറൊന്നുമല്ല,
തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അത് പറയാനുള്ള ഒരു മടി കൊണ്ടാണ്, ഇന്നലെ ഞാൻ വണ്ടിയുടെ വിലയൊക്കെ തിരക്കിയിട്ട് തിരിച്ച് പോയത്, തനിക്കെന്നെ ഇഷ്ടമാണെങ്കിൽ ഈ നമ്പറിൽ ഒന്ന് വിളിച്ച് പറഞ്ഞാൽ മതി ,വിളിച്ചില്ലെങ്കിൽ,,, ഞാൻ പിന്നെ ഒരിക്കലും പുറകെ വരില്ല,,,
അത് കേട്ട് തരിച്ച് നിന്ന എൻ്റെ കൈയ്യിൽ, ഒരു പേപ്പർ തന്നിട്ട് അയാൾ മടങ്ങിപ്പോയി.
കുറേ നേരം കഴിഞ്ഞ് ഞാൻ ഷോക്കിൽ നിന്ന് മുക്തയായപ്പോൾ നീരജയെ ക്കുറിച്ച് എനിക്കോർമ്മ വന്നു, ഇവിടെ നിന്നും എറണാകുളം ഷോറൂമിലേയ്ക്ക് ട്രാൻസ്ഫറായി പോയതാണവൾ,,
അവളെ വിളിച്ച് ഞാൻ പ്രവീണിനെക്കുറിച്ച് അന്വേഷിച്ചു, അവൾക്ക് അയാളെ കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളു,,
പിന്നെ ഞാൻ വേറൊന്നും ചിന്തിച്ചില്ല, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ ആയിരുന്നു എൻ്റെ ഭാവി വരനായിട്ട് ഞാനെന്നും സങ്കല്പിച്ചിരുന്നത് , അതിനപ്പുറത്തേയ്ക്ക് ഒരു യോഗ്യതയും ഞാൻ പ്രവീണിൽ പ്രതീക്ഷിക്കുന്നില്ലായിരുന്നു, അത് കൊണ്ട് തന്നെ, അയാളുടെ സാമ്പത്തിക സ്ഥിതിയോ കുടുംബ പശ്ചാത്തലമോ ഒന്നും ചികഞ്ഞ് നോക്കാൻ ഞാൻ നിന്നില്ല, അയാൾ തന്ന ഫോൺ നമ്പരിലേക്ക് ഞാൻ വിളിച്ചില്ല, പകരം ഒരു മെസ്സേജയച്ചു,,
എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല, പക്ഷേ പ്രേമിച്ച് നടക്കാനൊന്നും തീരെ താല്പര്യമില്ല, അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ,, എൻ്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്ക്, നിങ്ങടെ ഭാര്യയാവാൻ ഞാനൊരുക്കമാണ്,,
അങ്ങനൊരു മെസ്സേജയച്ചിട്ട്, മറുപടി പ്രതീക്ഷിച്ച് കുറച്ച് ദിവസം ഞാൻ കാത്തിരുന്നു,,
റിപ്ളേ ഒന്നും കിട്ടാതിരുന്നത് കൊണ്ട്, അയാളൊരു നേരം പോക്കിന് എന്നോട് അങ്ങനെ പറഞ്ഞതാവും എന്ന് സമാധാനിച്ച്, ഞാൻ പതിയെ ആ സംഭവം മറന്നിരിക്കുകയായിരുന്നു,,
ഈശ്വരാ,,, അപ്പോൾ സീസറിനുള്ളത് സീസറിന് തന്നെ കിട്ടുമെന്ന് പറയുന്നത് സത്യമാണല്ലെ?
ഞാൻ മനസ്സിലതോർത്ത് ചിരിച്ചപ്പോൾ, എല്ലാവരും എൻ്റെ ചിരിയിൽ പങ്ക് ചേർന്നു,
അങ്ങനെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ‘ കല്യാണം നടത്താമെന്ന് ഇരുകൂട്ടരും ഉറപ്പിച്ചിട്ട്, അവർ യാത്ര പറഞ്ഞിറങ്ങി,
ഹോ! ഇനിയും കണ്ട ചെക്കൻമാരുടെ ഒക്കെ മുന്നിൽ മണിക്കൂറുകളോളം കഷ്ടപ്പെട്ട് ഒരുങ്ങി ചെന്ന് നില്ക്കണ്ടല്ലോ?
അവസാനം ചായയും പലഹാരവും തിന്ന് പോയിട്ട്, കല്യാണം നടക്കില്ലെന്ന് പറയുമ്പോഴുള്ള ഒരു പെണ്ണിൻ്റെ മാനസികാവസ്ഥ, അതൊരു വല്ലാത്ത ഗതികേട് തന്നെ ,,