എൻ്റെ ഒരു ആരാധകൻ സമ്മാനിച്ച വസ്ത്രം കാണിക്കാൻ ഞാനൊരിക്കെ അദ്ദേഹത്തെ വീഡിയോ കോൾ ചെയ്തു….

Story written by Reshma Joy

ഇരുപത് കഴിഞ്ഞ ഒരുവൾക്ക് അൻപതിനുമേൽ പ്രായമുള്ള ആണൊരുത്തനോട് പ്രേമം തോന്നുന്നത് തെറ്റാണോ? അത് തുറന്ന് പറയുമ്പോഴൊക്കെ ആശാന് പൊട്ടിച്ചിരിയാണ് ” എടീ പുന്നാര മോളേ…. ആയകാലത്ത് കെട്ടീരുന്നേൽ എനിക്കിപ്പൊ നിന്നെ പോലെ മൂന്നെണ്ണം ഉണ്ടായേനെ ” …

” ഹും … പിന്നെന്താ ഉണ്ടാക്കാഞ്ഞേ? ” ഒന്ന് പുച്ഛിച്ച് ഞാനിറങ്ങി പോന്നു…

പിന്നീട് എൻ്റെ ഫോണെത്ര കരഞ്ഞു… വെള്ളിടി പോലെ എത്ര മെസ്സേജുകൾ വാട്സപ്പിൽ വന്നു വീണു…. ഞാൻ അനങ്ങിയില്ല….

ക്രിസ്മസ്സിൻ്റെ തലേ രാത്രി ഞാൻ ഫോണിൽ കുത്തി അങ്ങോട്ട് വിളിച്ചു.

” കിളവാ…. കുടിച്ച് ചാവരുത്. പെമ്പ്രന്നോത്തി പറഞ്ഞാൽ അനുസരിക്കണം “

” പ്ഭാ ” ഒരു ആട്ട് മാത്രം ….

ഇപ്രാവശം ചിരി പൊട്ടിയത് എനിക്കാണ്… ഞാനത് പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും അയ്യാൾക്കെന്നെ ഇഷ്ടമാണെന്ന് വ്യക്തമായിരുന്നു.

എൻ്റെ ഒരു ആരാധകൻ സമ്മാനിച്ച വസ്ത്രം കാണിക്കാൻ ഞാനൊരിക്കെ അദ്ദേഹത്തെ വീഡിയോ കോൾ ചെയ്തു.

” റാഹേലേ … നിൻ്റെ മൊ ല വലിപ്പം കാണിക്കാനാണോ നീയിപ്പൊ എന്നെ വിളിച്ചേ ? “

” അയ്യടാ ഇത് നല്ല കഥ ” അരിശം പൊട്ടി ഞാൻ ഫോൺ വെച്ചു. പ്രതിഷേധ സൂചകം രണ്ടീസം ഞാനാ വഴിക്ക് പോയില്ല.

മൂന്നിൻ്റന്ന് ഞാനയ്യാളുടെ പണിപ്പുരയിലേക്ക് വിളിക്കാതെ തന്നെ വലിഞ്ഞ് കേറി ചെന്നു. അയ്യാളന്നേരം സാവിയിലെ ഒരു യാചകൻ്റെ ചിത്രം വരയ്ക്കുന്ന തിരക്കിലായിരുന്നു. ആ മനുഷ്യൻ എന്നെ കണ്ടിരുന്നില്ല . വന്നെന്നറിയിക്കാൻ ഞാൻ കാല് മെല്ലെ നിലത്ത് തട്ടി ഒച്ചയുണ്ടാക്കി. കഷ്ടിച്ച് രണ്ട് മുത്തുള്ള എൻ്റെ പാദസരം മിണ്ടിയതേയില്ല. എന്നിട്ടും അയ്യാളറിഞ്ഞു.

” ആഹ് കണ്ടു കണ്ടു…. പിണങ്ങിപ്പോയോരൊക്കെ വന്നോ ? “

ഞാനൊന്നും പറഞ്ഞില്ല. മുറിയിലെ ചിത്രങ്ങളിലേക്ക് എൻ്റെ കണ്ണ് ചുറ്റി …. ഒഴുകിപ്പരക്കുന്ന വെള്ളം , കബറിടം , ഗ്രാമത്തിലെ കുട്ടികൾ , പഞ്ഞി മിഠായി ക്കാരൻ ,അനേകായിരം സ്ത്രീകൾ , കവലയിലെ പുരുഷന്മാർ…. എത്ര യെത്ര മനോഹരമായ ചിത്രങ്ങളാണ് ക്യാൻവാസ് നിറയെ.

ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നൂടി ആ മുറിയിൽ ഇടം കണ്ടെത്തിയിരുന്നു… “റാഹേലിൻ്റെ ഇടയലേഖനം” എന്ന എൻ്റെ ആദ്യ പുസ്തകം. കൂടാതെ എൻ്റെ മറ്റു പല എഴുത്തുകളും.

” കള്ളൻ…. മുടക്കമില്ലാതെ എന്നെ വായിക്കുന്നുണ്ട് ” ഞാൻ മനസ്സിലോർത്തു…..

എനിക്കൊന്ന് തുള്ളിച്ചാടാൻ തോന്നിപ്പോയ്…. ഞാനപ്പോഴേ പറഞ്ഞില്ലെ അയ്യാൾക്കെന്നെ ഇഷ്ടാണെന്ന് . പക്ഷേ അയ്യാളപ്പോഴും ഒന്നുമറിയാത്ത പോലെ വരയിൽ മുഴുകിയിരുന്നു….

ചില ആണുങ്ങള് ഇങ്ങനെയാണ്… ഇഷ്ടം തുറന്ന് പറയാതെ കെട്ടി പൂട്ടി വെക്കും. അതു കാരണം ഇരുപ്പുറയ്ക്കാതെ നടക്കുന്ന പെണ്ണുങ്ങടെ കാര്യം വല്ലതും അവർക്ക് അറിയണോ ???

കഥ അവസാനിക്കുന്നില്ല… “റാഹേലിൻ്റെ ഇടയലേഖനം” എന്ന തലക്കെട്ടോടെ യൂനാസിൻ്റെയും റാഹേലിൻ്റെയും പ്രണയം ഞാൻ പൊളിച്ചെഴുതും… അവരുടെ പ്രണയത്തിന് കുന്തിരിക്കത്തിൻ്റെ ഗന്ധമായിരിക്കും. പശ്ചാത്തലത്തിൽ സ്തുതി ഗീതങ്ങൾ മുഴങ്ങും. അതുവരെയും കാത്തിരിക്കൂ. തൽക്കാലം എഴുതി നിർത്തുന്നു….

Leave a Reply

Your email address will not be published. Required fields are marked *