Story written by Nivya Varghese
“നിച്ചു…….
ടാ…….
എനിക്കൊരു കാര്യം പറയാന്ണ്ട്… “
“വേണ്ട വരുണേ……
നീയെന്താ പറയാൻ പോവുന്നേന്ന് എനിക്കറിയാം. അത് ശരിയാവത്തില്ല…… “
“നിച്ചൂ……… ഞാൻ………!…………”
” എല്ലാരും പറയും ബെസ്റ്റ് ഫ്രണ്ടിനെ തന്നെ പ്രേമിച്ച് കല്യാണം കഴിക്കാന്ന് പറഞ്ഞ അതൊരു മഹാഭാഗ്യമാന്ന്.
പക്ഷേ…….……..
എനിക്ക് നിന്നെ അങ്ങനെ ഒരു ലവറായിട്ടൊന്നും കാണാൻ കഴിയില്ല… അതെൻ്റെ കുഴപ്പം ആണ്. ഞാൻ സമ്മതിക്കുന്നു. പക്ഷേ എന്നാലും നമ്മുക്കി പ്രേമം ഒന്നും വേണ്ട. പിന്നെ ഇതിൻ്റെ പേരിൽ നമ്മുടെ ഈ ഫ്രണ്ട്ഷിപ്പ് ഞാൻ വേണ്ടാന്ന് വെയ്ക്കും…… ഇനിയുള്ള കാലം സമാധാനായിട്ട് ജീവിക്കാം അങ്ങനെ വല്ല മോഹം എങ്ങാനും നിൻ്റെ മനസിലുണ്ടെങ്കിൽ എൻ്റെ പൊന്നുമോൻ ഇപ്പോഴേ അതൊക്കെ കളഞ്ഞേക്ക്… “
” അപ്പോ നിൻ്റെ കല്യാണം കഴിയണല്ലേ എനിക്ക് സമാധാനം കഴിയാൻ… “
” ആരു പറഞ്ഞു…,.… എൻ്റെ കല്യാണം കഴിഞ്ഞാ നിനക്ക് സമാധാനം കിട്ടുംന്ന്…”
“എൻ്റെ കെട്ടു കഴിഞ്ഞാലും നിനക്ക് സമാധാനം കിട്ടില്ല. കെട്ടി പോയാലും നിന്നെ ഞാൻ ഇങ്ങനെ തന്നെ ഉപദ്രവിച്ചു കൊണ്ടേയിരിക്കും… “
” ഇതീന്ന് ഒരു മോചനം ഇല്ലാന്ന് ചുരുക്കം….. “
” അതൊക്കെ എന്റെ കുട എടുത്തുകൊണ്ട് പോവുമ്പോ ആലോചിക്കേണ്ടതാർന്നു.… “
” ഇനി അതൊന്നും പറഞ്ഞിട്ട് കാര്യല്ല.”
“അതാണ്…. അപ്പോ ശരി ഞാൻ പോട്ടെ……ആർട്സ് ഡേയ്ക്ക ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ. നാടകം ഒന്നും ആയിട്ടില്ല ഇതുവരെ….! “
” നിച്ചൂ………, ഞാൻ നിന്നോട് ഇഷ്ടാന്ന് പറഞ്ഞുന്ന് നീ വേറെ ആരോടും പറയരുത്. പ്രത്യേകിച്ച് ആ അമലിനോട്…. “
” 2 ഫലൂഡ, ഒരു ബിരിയാണി, പിന്നെ ഒരു കിറ്റ് ക്കാറ്റ് ഇത്രേ തന്നാ അമലിനോട് ന്ന അല്ല… ആരോടും പറയില്ല… ഇതിൽ ഏതെങ്കിലും ഒരെണ്ണം കുറഞ്ഞാ പിന്നെ 91.9 നാട്ടിലെങ്ങും പാട്ടായിരിക്കും ഇതായിരിക്കും നിൻ്റെ അവസ്ഥ…………”
” നിച്ചൂ…………………….. “
” നീട്ടി വിളിച്ചിട്ട് ഒന്നും കാര്യല്ല വരുണേ… “
” നിന്നോടോക്കെ ഇഷ്ടം പറഞ്ഞ എന്നെ വേണം ആദ്യം തല്ലാൻ…….”
” സോറി ടാ…. ഇപ്പോ നിന്നെ തല്ലാൻ എനിക്ക് തീരെ ടൈം ഇല്ല. വന്നിട്ട് തല്ലാട്ടോ….”
” ഞാനൊന്നു ആത്മഗതിച്ചതാ… “
” ഞാൻ കേട്ടു പോയില്ലേ…. അതൊണ്ട് നടത്തി തരാം.”
” വേണ്ടാന്നെ… “
” വേണം ന്നെ…. പിന്നെ 3:00 മണി വരെ ഞാൻ നോക്കും. എന്നിട്ടും തീരുമാനം ആയില്ലേങ്കിൽ അമൽ വരും ട്ടോ… പിന്നെ ഇതിലൊന്നും നിക്കില്ല…..!…….. അതോർത്തോ……. “
അതും പറഞ്ഞ് വരാന്തയിൽ നിന്നു ചാടിത്തുള്ളി പോകുന്ന നിച്ചൂവിനെ നോക്കവേ ആദ്യമായി അവളെ കണ്ട മഴയുള്ള ആ ദിവസം ഓർമ്മ വന്നു വരുണിന്.
അമ്മ എത്ര പറഞ്ഞിട്ടും മഴ പെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് കുടയെടുക്കാതെ വന്ന ആ ദിവസം. അത്യാവശ്യമായി പാർട്ടി ഓഫീസിലേക്ക് വായോ നിങ്ങളെ കാത്ത് വാസുവേട്ടനും മറ്റുള്ളവരും കോളേജിൻ്റെ അടുത്തുള്ള ഇടവഴിയിൽ നിൽക്കുന്നുണ്ടെന്ന് പറഞ്ഞ് ഞാനും അമലും കൂടി ആ ഉച്ചനേരത്ത് ക്ലാസിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മയുടെ വാക്കു കേൾക്കേണ്ടതിൻ്റെ ആവശ്യം ഓർമ്മിപ്പിക്കും പോലെ മഴയും പെയ്തു. വെള്ളം ദേഹത്താവുന്നത് പണ്ടേ ഇഷ്ടമില്ലാത്തതു കൊണ്ട് ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് വരാന്തയിൽ നിൽക്കുന്ന നേരത്താണ് എവിടെക്കോ പോയിട്ട് കുടയുമായി നിച്ചൂവും അവൾടെ കൂട്ടുക്കാരിയും കൂടി കയറി വന്നത്.
ഇപ്പോ തരാമെന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ നിന്ന് കുടയും വാങ്ങി പോയ ഞാൻ പിന്നെ അവളു കാരണം ക്ലാസിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ യിലായി. മറ്റൊന്നും കൊണ്ടല്ല എന്നെ എപ്പോ കണ്ടാലും അവള് കുട എവിടെന്ന് ചോദിക്കും.….?…. എൻ്റെ കഷ്ടക്കാലം പോലെ ആ മഞ്ഞ കുടയാണെങ്കിൽ എൻ്റെ കൈയിൽ നിന്ന് എവിടെയോ കളഞ്ഞു പോയി……..
എൻ്റെ പിന്നാലെ അവൾ കുട.., കുട…, ന്ന് പറഞ്ഞ് നടന്ന് ശല്യം സഹിക്കവയ്യാതെ പകരം ഒരു കുട വാങ്ങിച്ച് ആ കൈയിൽ കൊടുക്കുമ്പോഴും ഒന്നും ഞാനറിഞ്ഞിരുന്നില്ല..…,…… മഴയില്ലാതെ കുടയില്ലാത്ത പോലെ അവളില്ലാതെ എനിക്കിനി ഒന്നും പറ്റില്ലെന്ന്…. അതു കൊണ്ടാണ് എൻ്റെ ജീവിതത്തിലുടനീളം അവളുടെ സമീപവും സാന്നിധ്യവുമുണ്ടാകണമെന്ന് കരുതി ഞാനവളോടെൻ്റെ ഇഷ്ടം പറഞ്ഞത്.
പക്ഷേ………………….…………………
**************
“ടാ……. വരുണേ…. നീ ഇത് എന്ത് ആലോചിച്ച് നിൽക്കാ…. നിച്ചു ദേ സ്റ്റേജിലെത്തി.വാ നമ്മുക്ക് ഫോട്ടോ എടുക്കാം.”
” ആ………… അമലേ ദേ വരുവാ………….. “
എൻ്റെ നിച്ചു അവളെ ഇങ്ങനെ ഒരു വേഷത്തിൽ കാണണമെന്ന് എൻ്റെ വല്യ മോഹമായിരുന്നു. അതു പക്ഷേ വേറൊരാൾക്കൊപ്പം ആയതിൽ സങ്കട മുണ്ടോന്ന് ചോദിച്ചാലുണ്ട്…., പക്ഷേ അതിലുമധികം സന്തോഷവുമുണ്ട്.
ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ ഞങ്ങടെ ഓണാഘോഷത്തിനാ അവളെ ആദ്യമായി ഞാൻ സാരിയുടുത്ത് കണ്ടത്. പിന്നെ ദേ ഇപ്പോഴാ കാണുന്നേ……
ഞാൻ കാരണാ അവള് പിന്നെ അങ്ങനത്തെ സാഹസത്തിനൊന്നും മുതിരാഞ്ഞേ.
വേറെ ഒന്നുല്ല ആദ്യമായി സാരിയുടുത്ത അവളെ കണ്ടപ്പോ വെള്ളരിക്കണ്ടത്തിൽ കണ്ണേറു കോലം പോലെയുണ്ടെന്ന് മാത്രമേ ‘ ഞാൻ പറഞ്ഞുള്ളൂ അതിനാണ് അവള് സാരിയുടുക്കുന്നത് നിർത്തിയത്.
ഞാൻ അങ്ങനെ കമൻ്റ് പറഞ്ഞതിന് കാര്യമുണ്ട്…. ഒരു വിധം എല്ലാ പെൺ കുട്ടികളും സെറ്റുസാരി ഉടുക്കുമ്പോ ജിമിക്കിയും വളയുമൊക്കെ അണിഞ്ഞേ ഇറങ്ങു….ഇവള് പക്ഷേ വന്നത്…, ഒരു മാതിരി കമ്മലിടാതെ,വളയണിയാതെ ഒരു വക കോലായിരുന്നു.
” നിന്നക്കൊരു ജിമ്മിക്കി ഇടാർന്നില്ലേ എൻ്റെ നിച്ചൂ.……”
” ജിമ്മിക്ക ഇല്ലെങ്കിൽ എന്തേ…? ഞാൻ സുന്ദരിയല്ലേ…! “
” സാരിയും ജിമിക്കിയും ആ ലുക്ക് ഒന്ന് വേറേ തന്നെയാ…”
” പിന്നെ….!..….. “
” ഒരു പിന്നും അല്ല. നിനക്കത് അറിയാത്തോണ്ടാ…”
” എനിക്ക് ഈ ഉള്ള ലുക്ക് മതി. ഇങ്ങനെ സാരിയുടുത്ത് വന്നെന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞ് വീഴിലല്ലോ…”
“എന്നാലും എൻ്റെ നിച്ചൂ…….. ജിമ്മിക്കി വേണ്ട. ഒരു കമ്മലെങ്കിലും ഇട് പ്ലീസ്. “
” ഇല്ല മോനേ….. “
” നിൻ്റെൽ കമ്മൽ ഇല്ലാന്ന് ആണെങ്കിൽനിനക്കു വേണെങ്കിൽ കമ്മൽ ഞാൻ മേടിച്ചു തരാം. എന്നാലെങ്കിലും നീ ഒന്ന് കമ്മൽ ഇട്. “
” ശരിക്കും മേടിച്ച് തരോ…… “
” ആ…. തരാം….. എന്നാലെങ്കിലും ഇത്തിരി വൃത്തി വരട്ടെ…..”
“എന്നാലേ നീ ആ കാശും കൂടെ കൂട്ടി ഒരു രണ്ട് രണ്ടര പവൻ്റെ നല്ലൊരു ജിമ്മിക്ക എൻ്റെ കല്യാണത്തിനു മേടിച്ചു തന്നാ മതി.”
” അയ്യട.………!….. രണ്ട് രണ്ടര പവൻ്റെ ജിമ്മിക്കി മേടിച്ചു തരാൻ പറ്റിയ ഒരു മുതല്. കണ്ടാലും മതി. നോക്കിയിരുന്നോ നീ ഇപ്പോ കിട്ടും.”
“പോടാ പട്ടി.”
അന്നു അവളെ കളിയാക്കിയതിന് കൈയും കണക്കും ഇല്ല. പക്ഷേ അവളന്നു പറഞ്ഞ വാക്കുകൾ ഇന്നു ഞാൻ അവൾക്കു നടത്തി കൊടുക്കും. ഞാനത് നടത്തി കാണിക്കുമ്പോ അവൾക്കുണ്ടാകുന്ന സ്ന്തോഷമാണ് അന്നു ഞാനവളെ കളിയാക്കിയതിനുള്ള എൻ്റെ ചെറിയ പ്രായശ്ചിത്തം….…!……
***************
” കൺഗ്രാജുലേഷൻസ് അലക്സി.”
” അത്രയ്ക്ക അങ്ങോട്ട് ഓഫീഷ്യലാവല്ലേ വരുണേ…. “
” ചുമ്മാ പറഞ്ഞതാ അളിയാ…. ഇന്ന് തൊട്ട് അളിയൻ്റെ കഷ്ടക്കാലം തുടങ്ങല്ലേ പാവം….…….!…… “
” പോടാ..…. പോടാ…. ഇവൻ പറയുന്ന കേട്ടോ ഇച്ചായാ…. “
” സത്യം അല്ലേ വരുൺ പറഞ്ഞേ… അഞ്ചാറു കൊല്ലം നിന്നെ സഹിച്ച അവൻ എനിക്ക് മുൻകൂർ സിഗ്നൽ തന്നതാ.. അല്ലേ വരുണേ…….”
” നിങ്ങളൊക്കെ ഇപ്പോ ഒരു ടീമ്. ഞാൻ മാത്രം ഒറ്റ…….!.….. “
അതും പറഞ്ഞ് സ്റ്റേജിലാണെന്ന് പോലും നോക്കാതെ നിച്ചു കൈയ്യും കെട്ടി നീങ്ങി നിന്നു.
“എൻ്റെ പൊന്നു നിച്ചൂവേ നല്ലൊരു ദിവസായിട്ട് നീ ഇനി ഇതും പറഞ്ഞ് പിണങ്ങണ്ട. നോക്ക് നിച്ചൂ ദേ ഇത് നിനക്കുള്ള സമ്മാനം. ഇതൊന്ന് നോക്ക് നീ….. എന്നിട്ട് പറയ്….”
എൻ്റെ പറച്ചിൽ കേട്ട് നിച്ചൂ തിരിഞ്ഞു നോക്കി.
ഞാൻ സമ്മാനം അവൾക്കു നേരേ നീട്ടി. അവളത് കൈ നീട്ടി വാങ്ങി. താങ്ക്സ് പോലും പറയാതെ ആ ദുഷ്ട അത് തുറന്നു നോക്കി. അലക്സിയാണ് താങ്ക്സ് പോലും പറഞ്ഞത്.
വർണക്കടലാസ് ഒക്കെ വലിച്ചു ഗിഫ്റ്റ് ബോക്സ് തുറന്ന നിച്ചുവിൻ്റെ മുഖം ഞെട്ടിയത് അലക്സിയോട് സംസാരിക്കുന്നതിനിടയിലും ഞാൻ ശ്രദ്ധിച്ചു.
” വരുണേ….……. ടാ ഇത്…..! “
” എൻ്റെ പ്രിയ കൂട്ടുക്കാരിക്കുള്ള എൻ്റെ വിവാഹസമ്മാനം. ആയിരം വർഷം നീ അലക്സിക്കൊപ്പം മനോഹരമായി ജീവിക്കാനുള്ള എല്ലാ ഭാഗ്യവും ഈശ്വരൻ നിനക്കു നൽകട്ടെ…. “
” എന്നാലും വരുണേ….. ടാ…., ഞാൻ അന്നു വെറുതേ പറഞ്ഞതാ…, “
” പക്ഷേ ഞാനത് കാര്യായിട്ട് തന്നെ എടുത്തു. നീ പറഞ്ഞ ഒരു ആഗ്രഹമെങ്കിലും നടത്തി തന്നില്ലെങ്കിൽ പിന്നെ ഞാൻ നിൻ്റെ ബെസ്റ്റിയാന്ന് പറഞ്ഞിട്ട് എന്താ കാര്യം….
അയ്യേ……… നല്ലൊരു ദിവസായിട്ട് കരയല്ലേ..…….!…….. ആ പുട്ടി ഒക്കെ പോവൂട്ടോ……”
” പോടാ പട്ടി…..!……”
അത്രയും പറഞ്ഞ് നിച്ചു എന്നെ കെട്ടിപിടിച്ചു.
എല്ലാവരുടെയും നോട്ടം ഞങ്ങളിലേക്കാണ് നീളുന്നതെന്ന് തോന്നിയപ്പോ ഞാൻ തന്നെ മെല്ലെ അവളെ എന്നിൽ നിന്നും അടർത്തിമാറ്റി അലക്സിയിലേക്ക് ചേർത്തു.
അവളുടെ കണ്ണുകളിൽ ആ നേരം കണ്ട സന്തോഷം മാത്രം മതിയായിരുന്നു എൻ്റെ മനസു നിറയ്ക്കാൻ. ആ സന്തോഷത്തോടെ തന്നെ ഞാൻ സ്റ്റേജിൽ നിന്നുമിറങ്ങി.
“” അല്ലെങ്കിലും പണ്ടാരോ പറഞ്ഞ പോലെ……. നാളെ അല്ലെങ്കിൽ മറ്റന്നാൾ എൻ്റെ പ്രണയം എന്നെ തേടി വരും., ചിലപ്പോ വന്നില്ലന്നും വരാം. പക്ഷേ അവളെ പോലെ എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന കൂടെ നിൽക്കുന്ന എന്നെ പൂർണമായും മനസിലാക്കുന്ന ഒരു സുഹൃത്ത് ചിലപ്പോ വന്നില്ലാന്ന് വരും. അതു കൊണ്ടൊക്കെയാണ് എനിക്കവളോട് പ്രണയം തോന്നിയതെന്ന് ഇന്നു എനിക്ക് തന്നെ അറിയാം.
അതു കൊണ്ടു തന്നെ…,…. അന്നു അവളെൻ്റെ പ്രണയം മാത്രം നിരസിച്ചതില് ഈ നിമിഷം ഞാനവൾക്ക് നന്ദി പറയാ…. അതു കൊണ്ടല്ലേ ഇപ്പോഴും അവളെന്നെ ബെസ്റ്റി ആയിട്ട് കൊണ്ടു നടക്കുന്നേ….
അല്ലെങ്കിലും നമ്മുടെ ബെസ്റ്റ് ഫ്രണ്ടിനെക്കാളും അവരുടെ സന്തോഷത്തേക്കാൾ വലുതലല്ലോ മറ്റൊന്നും…..💛