ഏട്ടനറിയില്ലേ അതായിരുന്നു എന്റെ മുറി അപ്പോൾ അവളുടെ കണ്ണിന് നക്ഷത്രങ്ങളെക്കാൾ ശോഭ…..

രാത്രിമഴ

Story written by Indu Rejith

എന്റെ കൂടെ പോന്നതിനു ശേഷം ഒരിക്കലെങ്കിലും അമ്മയെ കാണണം എന്ന് തോന്നിയിട്ടില്ലേ നിനക്ക്??

അടുക്കള വാതിലിൽ ചാരി നിന്നാണ് അജിത്ത് അത്‌ ചോദിച്ചത്…

കാണുന്നില്ലെന്നാരാ ഏട്ടനോട് പറഞ്ഞത്….

പണി കഴിഞ്ഞ് വന്നപ്പോൾ കവലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടി വൃത്തിയാക്കി കൊടലും തലയും കൊണ്ട് കളയാൻ അവള് പോണത് കണ്ടു… വിട്ടില്ല കൂടെ തന്നെ അങ്ങ് ചെന്നു…

അമ്പടി കള്ളി ഞാനറിയാതെ നീ അമ്മയെ കാണാറുണ്ടല്ലേ…

എന്നാലും എന്നോട് മറച്ചു വെച്ചല്ലോ നീ…

ഒരിക്കൽ അമ്മ അറിയാതെ നിങ്ങളെ ഞാൻ മറച്ചു വെച്ചില്ലേ… അത്‌ പോലെ തന്നാ ഇതും…

എന്തായാലും കാണണം എന്ന് നിനക്ക് തോന്നിയല്ലോ.. അന്ന് സ്റ്റേഷനിൽ വെച്ച് നിനക്ക് എന്റൊപ്പം പോരണം എന്ന് പറഞ്ഞപ്പോൾ അമ്മ കരണത്ത്‌ അടിച്ചപ്പോൾ ഇനി ഈ ജന്മം കാണാൻ പോകില്ലെന്നൊക്കെ…

അന്ന് അമ്മ ഒന്നല്ലേ തല്ലിയുള്ളു ഒരു മാസം തികയണ മുൻപ് നിങ്ങളീ രണ്ടും കരണത്തും കൈ വെച്ചതോർമ്മയില്ലേ… എന്നിട്ടും കാലത്ത് കാപ്പിയും കൈയിൽ പിടിച്ച് നിങ്ങളുടെ അടുത്തേക്ക് തന്നെ ഞാൻ വരാറില്ലേ…

നീ അത്‌ വിട്… ലഹരിയുടെ പുറത്ത് അന്ന് പറ്റിയ പോഴത്തരം അല്ലേ അതൊക്കെ… ഇപ്പോൾ ഞാൻ തല്ലാറുണ്ടോ നിന്നെ… ഇല്ലല്ലോ…

അമ്മയ്ക്കും അതെന്നയാ പറ്റിയെ മോളോടുള്ള അമിതമായ സ്നേഹം വിശ്വാസം അതൊക്കെ അമ്മയ്ക്കും തലയ്ക്കു പിടിച്ചിരുന്നു…

അമ്മ എന്നെയും ഒരിക്കലേ തല്ലിയിട്ടുള്ളൂ ഏട്ടാ…

അയ്യേ മീൻ നാറാണ കൈ കൊണ്ടാനോടി പൊട്ടി കണ്ണു തുടയ്ക്കണേ… അജിത്ത് അവന്റെ കൈലി തലപ്പ് കൊണ്ടവളുടെ കണ്ണീർ തുടച്ചു… ഒന്നും വേണ്ടായിരുന്നല്ലേ…

ഹേയ് അങ്ങനെ ഞാൻ പറഞ്ഞിട്ടില്ലേട്ടാ… നിങ്ങൾ ചോദിച്ചു വന്നപ്പോ എന്തൊക്കെയോ പറഞ്ഞു അത്രമാത്രം..

ആട്ടെ എന്നാ കണ്ടത് എവിട വെച്ച കണ്ടത്??

ആരെ??

അമ്മേ

അതോ… കൈയിലെ വട്ടക്കലത്തിലെ വെള്ളത്തിൽ കൈ ഒന്ന് കറക്കി വാഴ ചുവട്ടിലേക്ക് നീട്ടി ഒഴിച്ചു…

ചക്കീ… ടി ചക്കീ… വാലാട്ടി വരണത് കണ്ടോ എന്റെ മോള്…

ഇവളെ ഇങ്ങനെ നീട്ടി വിളിക്കുമ്പോ ഞാൻ എന്റെ അമ്മേ കാണും ഈ എന്നിൽ തന്നെ.. എങ്ങനെ ആണന്നല്ലേ…

അമ്മ മീൻ വെട്ടുമ്പോൾ അരികത്തിരുന്നു കഥ പറയാൻ ഒരു പ്രേത്യേക സുഖം ആയിരുന്നേട്ടാ…

ഒരു വശത്തിരുന്ന് സ്വപ്നങ്ങളും കുറുമ്പുകളും പറയുമ്പോ അമ്മയിങ്ങനെ കേട്ടിരിക്കും… അമ്മയ്ക്കു ചുറ്റും കാക്ക കൊക്ക് പട്ടി പൂച്ച അങ്ങനൊരു പട വേറെ… കൂട്ടത്തിൽ എനിക്ക് ഒട്ടും ഇഷ്ടല്ലാത്ത ഒരു ഒറ്റക്കണ്ണി പൂച്ചയും…

കാക്കയ്ക്കും പട്ടിക്കുമെല്ലാം ഞാൻ മീൻ തല എറിഞ്ഞു കൊടുക്കും എന്തോ പൂച്ചയ്ക്ക് കൊടുക്കുന്നത് എനിക്ക് ഇഷ്ടല്ല… കഴിച്ചതിനു നന്ദി കാട്ടാത്ത ജന്തു ആണെന്നാ അമ്മേ പറയണേ… പൂച്ച ചത്തു ചെല്ലുമ്പോൾ കള്ളം പറയും പോലും…

അത് അന്നല്ലേ… പാവം വയറു കായാതെ കിടക്കട്ടെ..

അവള് മച്ചിൽ പെറ്റു കിടന്ന് അമ്മയ്ക്ക് കുറേ കൊച്ചുമക്കളെ കൊടുത്തു കൊച്ചു മരുന്നു കുപ്പി കിഴിച്ച് അവറ്റകളെ മടിയിലിരുത്തി അമ്മ പാല് കൊടുക്കുന്നതും കാണാം… കിട്ടുമ്പോളെല്ലാം കാല് മടക്കി തൊഴിക്കുന്നതിന് അമ്മ എന്നേ കുറച്ചൊന്നുമല്ല ശകാരിക്കുന്നത്…

ഇപ്പോ അമ്മ കരുതുന്നുണ്ടാവും പൂച്ചയേയെക്കാൾ നന്ദി കെട്ടവളാണ് അന്ന് ഓരത്തിരുന്ന് ഉപദേശിച്ച തെന്ന്… തീർന്നിട്ടില്ല… നിറവയറുമായി നടന്ന മിണ്ടാ പ്രാണിക്ക് അന്നം കൊടുക്കാത്തവൾക്ക്… അവളുടെ കുഞ്ഞുങ്ങളെ തൊഴി ച്ചെറിഞ്ഞവൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞോ…

അച്ഛനില്ലാതെ ഒരു മകളെയും കൊണ്ട് കഴിഞ്ഞ ഒരമ്മയുടെ വെപ്രാളം നിങ്ങളൊന്നു വരാൻ വൈകുമ്പോൾ ഈ കൂരയ്ക്കുള്ളിൽ ഒറ്റയ്ക്കിരുന്ന് കുറച്ചെങ്കിലും ഞാൻ അനുഭവിച്ചു തീർക്കുന്നുണ്ട്…

ദൈവത്തെ പ്രാർത്ഥിക്കാറില്ല… എന്താ… അതിന് ധൈര്യമില്ലാഞ്ഞിട്ടാ…അമ്മയില്ലാത്തവൾക്ക് ദൈവം എന്തിനാ എന്നൊരു തോന്നൽ… നിങ്ങളെ നേടിയെടുക്കാൻ ഞാൻ ഉപേക്ഷിച്ചത് എന്റെ അമ്മയെ അല്ല എന്നേ തന്നെ ആയിരുന്നു…

ഞാൻ വെറുതെ ഒന്ന് ചോദിച്ചയാടോ താനിങ്ങു വന്നേ… അമ്മയെ കാണണോ തനിക്ക്… ദൂരെ നിന്ന് അടുത്ത്‌ കൊണ്ട് നിർത്താൻ ധൈര്യമില്ലെന്ന് കൂട്ടിക്കോ…

എനിക്ക് പേടിയാ ഏട്ടാ എന്നേ കണ്ടാൽ… തന്നെ കാണില്ല തനിക്ക് കാണണോ..

മ്മ്..

എങ്കിൽ വാ…

കാലങ്ങൾക്കിപ്പുറം പഴയ വഴികളിലൂടെ അജിത്തിനൊപ്പം ആ രാത്രിയിൽ

എല്ലാം സ്വപ്നം പോലെ…

ദൂരത്തു നിന്നവൾ തന്റെ വീട് കണ്ടു… ഏട്ടനറിയില്ലേ അതായിരുന്നു എന്റെ മുറി അപ്പോൾ അവളുടെ കണ്ണിന് നക്ഷത്രങ്ങളെക്കാൾ ശോഭ ഉണ്ടായിരുന്നു… ഇപ്പോ ആരും കിടക്കുന്നുണ്ടാവില്ല… അമ്മ മാത്രമല്ലെ ഉള്ളു… അതൊന്നും ഞാൻ ചിന്തിച്ചില്ലല്ലോ ദൈവമേ…

പെട്ടന്നാ മുറിയിൽ വെളിച്ചം വീണു…

ഏട്ടാ അമ്മ…

കുറേയേറെ നേരം അവൾ ആ ജനൽ പാളിയ്ക്ക് അപ്പുറം നിൽക്കുന്ന സ്ത്രീ രൂപത്തെ നോക്കി നിസ്സഹായയായി പുഞ്ചിരിച്ചു…

തെറ്റായി പോയി അല്ലേ

ഏട്ടാ…ആരോരുമില്ലാതെ എന്റമ്മ ഈ വീട്ടിൽ…

ഞാൻ ഒരു കാര്യം പറഞ്ഞാൽ പിണങ്ങുമോ ദേവു…

എന്താ ഏട്ടാ.. എന്നോടല്ലേ പരിഭവം നീ പോയൊന്നു സംസാരിക്കുമോ.. കൂടെ വന്ന നാൾ മുതൽ അമ്മയെ ഓർത്ത് ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത നാൾ നിനക്കക്കുണ്ടായിട്ടുണ്ടോ…

ഉണ്ടാവരുതല്ലോ ഏട്ടാ അതല്ലേ ഈ ജന്മത്തേക്ക് എനിക്കുള്ള ശിക്ഷ… പ്രണയിച്ച ആളെ സ്വന്തമാക്കാനുള്ള അവകാശം എല്ലാർക്കുമില്ലേ ഈ നശിച്ച ചിന്ത എന്നേ എന്തിനൊക്കെയോ പ്രേരിപ്പിച്ചു…

അജിത്തേട്ടന്റെ കൂടെയുള്ള ജീവിതം തന്നെ തുടരാനാണ് മോഹം… വെറുമൊരു നേരംപോക്കായിരുന്നില്ല എനിക്കിതും..

താനൊന്ന് ചെല്ലടോ തല്ലുന്നെങ്കിൽ തല്ലട്ടെ തെറി വിളിക്കുന്നെങ്കിൽ അതുമാകട്ടെ തന്റെ അമ്മ അല്ലേ… ഞാനും തെറ്റ്‌ ചെയ്തവൻ അല്ലേ…എനിക്ക് വേണ്ടി ഒന്ന് പോയി വാ….

ദേഹമാകെ വിറച്ചിരുന്നു കൈയിൽ ആകെ മരവിപ്പ് പോലെ…പോയകാലത്തെ ഓർമ്മകൾ ഓരോ ചുവടിലും അവളെ നോക്കി കൊഞ്ഞനം കുത്തി… അവൾ താൻ ഓടി നടന്ന മുറ്റത്തേക്ക് തിരികെ നടന്നു… ആകാശത്ത്‌ ചന്ദ്രനും ആകാംക്ഷയോടെ മേഘങ്ങളെ വകഞ്ഞു മാറ്റി കണ്ണ് മിഴിച്ചു നിന്നു… പൂമുഖത്തെ വിളക്കും കടന്നവൾ അകത്തേക്ക് കയറി അടുത്ത നിമിഷം എന്താകുമെന്ന് പോലും അറിയാതെ… അമ്മ നിന്ന മുറിയിലേക്ക് തന്നെ ആയിരുന്നു പോക്ക്…വാതിൽക്കൽ എത്തിയപ്പോൾ അമ്മ എന്തോ തിരയുന്നു…

അമ്മേ…

തിരിഞ്ഞു നോക്കിയ നിമിഷം എന്നേ കണ്ടതോടെ കൈയിൽ ഇരുന്ന തുണികൾ നിലത്തേക്ക് ഊർന്നു വീണു… മറ്റൊരു ഭാവഭേദവുമില്ലാതെ വീണ്ടും നിലത്ത് വീണ തുണികൾ പറക്കി കൂട്ടി… വരുമെന്ന് കരുതിയില്ല… ഇനി വന്നാൽ തന്നെ പഴയ തുണി പാകമാകില്ലല്ലോ… തടിച്ചോ ക്ഷീണിച്ചോ എന്നൊന്നും അറിയില്ലല്ലോ..

കാണണ കടയിലൊക്കെ കേറും പെൺകുട്ടികളുടെ തുണികൂട്ടം കാണുമ്പോൾ ആകെ ഒരു പരിഭ്രമമാ എനിക്ക് ഒരു മോളുണ്ടായിരുന്നു അവളെ അതൊക്കെ ഇട്ടു കാണാൻ കണ്ണ് കൊതിക്കും… കൈയിലുള്ള കാശിനെല്ലാം കണ്ടതെല്ലാം വാങ്ങി കൂട്ടി ദാ രാപ്പകൽ ഇങ്ങനെ അടുക്ക് തെറ്റാതെ വെക്കും…

പെട്ടന്നൊരു ദിവസം എന്നേ കാണണോന്ന് തോന്നി അല്ലെങ്കിൽ ആരുമില്ലാതെ വരുമ്പോൾ കേറി വന്നാൽ അവൾക്ക് കൊടുക്കാൻ ഈ കിളവിയുടെ സമ്പാദ്യ മായി ഇതൊക്കെ ഉള്ളു…

വല്ലതും കഴിച്ചോ നീ ആകെ മാറി പോയി…

പറഞ്ഞു തീരും മുൻപ് ദേവു അവരുടെ കാൽക്കൽ വീണു കരഞ്ഞിരുന്നു..
നീ വരുമെന്ന് ഉറപ്പായിരുന്നു… ഇത്രയും വൈകിപ്പിച്ച് അമ്മേ പരീക്ഷിക്കു വാരുന്നോ നീ

സാരമില്ല എന്റെ കുട്ടിയല്ലേ…

ഒറ്റയ്‌ക്കെ ഉള്ളു…??

അല്ല കൂടെ വന്നിട്ടുണ്ട്…

ഞാൻ വിളിച്ചാൽ ആ കുട്ടി വരോ..

മ്മ് പടിക്കലെത്തി അമ്മ കൈയാട്ടി വിളിച്ചു…

കേറി വന്നാൽ ഉള്ളതിന്റെ പങ്ക് കഴിച്ചേച്ചും പോവാം…

ഒരിക്കൽ തട്ടി പറിച്ചെടുത്തത് അതേ ഹൃദയത്തിൽ തിരിച്ചു വെച്ച ആത്മനിർവൃതി അജിത്തിൽ ആനന്ദകണ്ണീർ നിറച്ചു….

ഉളുളയുരുട്ടി ആ അമ്മ ദേവുവിന് മാമൂട്ടിക്കുന്നു..

എത്ര നാളായെന്നറിയോ മോനേ… ഞാനാകെ തളർന്നു പോയിരുന്നു…

എന്നോടും ക്ഷമിക്കണേ അമ്മേ…

ഇപ്പോ ഇത് കഴിക്ക് മോൻ എല്ലാം കഴിഞ്ഞില്ലേ.. വല്ലാത്ത പരിഭവം ഉണ്ടാരുന്നു ഇപ്പോ എല്ലാം മാറി… ഇപ്പോ സ്നേഹാ ഒരുപാട്… ഈ സ്നേഹപെയ്ത്ത്‌ കണ്ടൊരു രാത്രി മഴ ഊറി ചിരികുന്നുണ്ടായിരുന്നു…

ഇത്രേ ഉള്ളു എല്ലാം…

ഒരു സ്വപ്നം പോലെ അല്ലേ… എത്രയോ കാലമായി ഈ സ്വപ്നം കണ്ടുറങ്ങുന്ന എത്രയോ ദമ്പതികൾ നമുക്ക് ചുറ്റും ഉണ്ടെന്നോ… കൂടെ കൂട്ടിക്കൂടെ അവരെ… എന്തിനാ ഈ പിടിവാശിയൊക്കെ നേടുന്നതൊന്നും നമ്മുടെയല്ല പക്ഷേ… നഷ്ടപ്പെട്ടതൊക്കെയും നമ്മുടെ ആയിരുന്നു എന്നൊരു തോന്നൽ പിന്നീട് ഉണ്ടാവരുതല്ലോ…

ശുഭം ❤❤

Related Posts

Leave a Reply

Your email address will not be published. Required fields are marked *