ഏട്ടനു കിട്ടണ കൂലി കൊണ്ട് ജീവിതം മുന്നോട്ട് പോകാത്തതു കൊണ്ടാണ് ഞാനും ഒരു തുണിക്കടയിലേക്ക് ജോലിക്ക് പോകാൻ തുടങ്ങിയത്…

കണ്ണ്

Story written by NAYANA SURESH

”ഭർത്താവ് മരിച്ച പെണ്ണിന്റെ പിന്നാലെ ഒരുത്തൻ നടക്കുന്നുണ്ടെങ്കിൽ അത് മറ്റതിന് തന്നാ .പലരും ഇളിച്ച് കാണിക്കും എന്നു കരുതി കൊഞ്ചി കൊഴയാൻ നിന്നാ നാണക്കെട് നിനക്ക് മാത്രല്ല നിന്റെ മോളക്കു കൂടിയാ .. നാട്ടുകാർക്ക് ഒരു പൊരി മതി ഊതി തീയ്യാക്കാൻ ”

അവളൊന്നും പറയാതെ നാണിയേടത്തി പറയണതും കേട്ട് ഇരുന്നു …

ഇവിടെ അങ്ങനെയൊക്കെയാണ് ..ഭർത്താവ് മരിച്ചാൽ ഭാര്യ വികലാംഗയാണ് … പിന്നീടവൾക്ക് എന്തൊക്കെയോ കുറവുകളാണ് … ആ കുറവ് നികത്താൻ അവൾ വേലി ചാടുന്നുണ്ടോ എന്ന് നോക്കലാണ് നാട്ടുകാരുടെ പണി …

അവളെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.. ചോറ്റുപാത്രത്തിൽ ചോറാക്കി …പോയി സാരി മാറി വന്നു’

മനസ്സ് അസ്വസ്തമാണ് … എന്തിനാണയാൾ തന്റെ പുറകേ ഇങ്ങനെ ?

ബസ്സിൽ , ബസ്സ് സ്റ്റാൻഡിൽ , മാർക്കറ്റിൽ അങ്ങനെ പലയിടത്തും കുറച്ചു ദിവസങ്ങളായി അയാളുണ്ട് … ആദ്യമെല്ലാം അത് തോന്നലാണെന്നാണ് കരുതിയത് പക്ഷേ അതങ്ങനല്ല …

ഒരിക്കൽ മോളുടെ ബാഗിൽ ഒരു മിഠായി കണ്ടു .. ചോദിച്ചപ്പോ പറയാ അത് താടി വെച്ച അങ്കിള് തന്നതാണ്ന്ന് ..അവിടെ നിന്നുമാണ് തുടക്കം പിന്നങ്ങോട്ട് എനിക്കു മുന്നെ എന്റെ കാര്യങ്ങളിൽ അയാളെത്തിക്കാണും …

വിചാരിക്കാതെയാണ് ഏട്ടന്റെ മരണം …വർക്ക്ഷോപ്പിൽ കുഴഞ്ഞു വീണു … ആശുപത്രിയിൽ അത്യഹിത വിഭാഗത്തിൽ രണ്ട് ദിവസം കിടന്ന് ഒന്ന് യാത്ര പോലും പറയാതെ ഏട്ടൻ പോയിട്ട് ഒൻപത് മാസം തികയുന്നു …

ഏട്ടനു കിട്ടണ കൂലി കൊണ്ട് ജീവിതം മുന്നോട്ട് പോകാത്തതു കൊണ്ടാണ് ഞാനും ഒരു തുണിക്കടയിലേക്ക് ജോലിക്ക് പോകാൻ തുടങ്ങിയത് .

വാടകക്കാണ് താമസം … വീട്ടുവാടക കൊടുത്താൽ പിന്നെ ഒരു മാസം എത്താൻ വലിയ പാടാ …. എങ്കിലും എന്നെങ്കിലും ഒക്കെ ശരിയാകുമെന്നു കരുതി ജീവിക്കുമ്പോഴാ ഏട്ടൻ പോയത് .. പിന്നെ ഒരു അന്താളിപ്പായിരുന്നു ..

ഈ വാടക വീട്ടിൽ ഇനി അധികം നിൽക്കാൻ കഴിയില്ല .എന്റെ ശമ്പളം കൊണ്ട് വാടക തികയില്ല അതുകൊണ്ടുത്തന്നെ മോളേയും കൂട്ടി ഒറ്റമുറി വാടകക്ക് എവിടെങ്കിലും കിട്ടുമോ നോക്കണം …അതുവരെ ഇപ്പോഴുള്ള വീട്ടിൽ താമസിക്കാനുള്ള അനുവാദം ചോദിക്കാനാണ് അന്ന് രാവുണ്ണി ഏട്ടന്റെ വീട്ടിൽ പോയത് ..

എന്താടോ മോളെയും കൂട്ടി ഈ വഴിക്ക്

അതു പിന്നെ രാവുണ്ണിഏട്ടാ … വാടക ഞാൻ കുറേശ്ശെ തരാം .പറ്റിയാൽ ഈ മാസം ഞാൻ വീട് ഒഴിഞ്ഞോളാം ആറായിരമൊന്നും ഇനി തരാൻ എന്നെ കൊണ്ട് ഒക്കില്ല .

ഏ … താനല്ലെ രാധികെ ഇന്നലെ കാശ് തന്ന് വിട്ടത് ?

ഞാനോ ?

ആ .. തരാനുള്ളതും ഈ മാസത്തെയും ചേർത്ത് ഇന്നലെ ഒരു താടി വെച്ച പയ്യൻകൊണ്ടന്നു തന്നൂലോ ?

എന്നാ ശരി രാവുണ്ണി ഏട്ടാ … അവൾക്കെന്തോ വല്ലാത്ത പേടി തോന്നി …. രണ്ടു മാസമായി വീട്ടിലെ എല്ലാ ചിലവും ഇങ്ങനെ അയാളാണ് … എന്നാൽ ഒരിക്കൽ പോലും മുന്നിൽ വന്ന് നിന്നിട്ടല്ല …ഇതിനൊക്കെ പകരം ഞാനെന്താകും അയാൾക്ക് കൊടുക്കേണ്ടി വരാ ? സ്വന്തക്കാരു തിരിഞ്ഞു നോക്കാത്ത കാലത്ത് ഒട്ടും അറിയാത്തൊരാൾ ഇങ്ങെ ചെയ്യണമെങ്കിൽ പിന്നിൽ എന്തെങ്കിലും ലക്ഷ്യം കാണില്ലെ …?

അന്ന് കടയിലേക്ക് പോണ വഴി അയാളെ കണ്ടില്ല … കണ്ടാലിനി ചോദിക്കണം …. എന്തിനാ ഇതൊക്കെയെന്ന് …

മോളക്ക് കളിപ്പാട്ടം , കളർപ്പെൻസിൽ അങ്ങനെ എന്തൊക്കെയോ കോരിയറായി എത്തുന്നു …

അന്ന് ഏട്ടന്റെ ഫോട്ടോയുടെ അടുത്ത് വിളക്കുവെച്ച് പ്രാർത്ഥിക്കുബോൾ മിഴികൾ നിർത്താതെ ഒഴുകി …

ഇതൊക്കെ എന്താണ് ഏട്ടാ ? ആരാ അയാള് ? നാണിയമ്മ പറഞ്ഞ പോലെ ഇനി ഞാനാണോ അയാൾടെ ലക്ഷ്യം …

ഇനി വൈകിക്കൂടാ …. പിറ്റേന്ന് രാവിലെ മോളെ സ്കൂളിലാക്കി അവൾ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു ..

എത്ര നാളായി ഇങ്ങനെ തുടങ്ങീട്ട്

രണ്ട് മാസം ആയി സർ

വേറെ ശല്യം വല്ലതും ഉണ്ടോ ?

ഇല്ല , പക്ഷേ എന്നെ അറിയാത്ത ഒരാൾക്ക് എന്നെ സഹായിക്കണ്ട കാര്യമില്ലല്ലോ ?

എന്തായാലും ഇന്ന് വൈകുന്നേരത്തോടെ ഞങ്ങള് നോക്കട്ടെ ,,,,

ഉച്ചക്ക് രണ്ടു മണിയോട് കൂടിയാണ് സ്റ്റേഷനിൽ നിന്ന് വിളി വന്നത് …

ലീവ് വാങ്ങി അവൾ സ്റ്റേഷനിലെത്തി

വെറും നിലത്ത് അയാളിരിക്കുന്നുണ്ട് …. അയാളെ കണ്ടപ്പോ അവൾക്കെന്തോ പോലെ തോന്നി ..

ഇതല്ലെ കക്ഷി …

അതെ …

ടാ നീ എന്തിനാ ഇവരുടെ പുറകേ നടക്കണെ ?

ഞാനരുടെയും പുറകെ നടന്നില്ല ..

പിന്നെ വാടക കൊടുക്കാൻ നിന്റെയാരാ ഇവൾടെ .

അയാളൊന്നും പറയാതെ അവളെ നോക്കി നിന്നു … പോലീസുകാരൻ ഒരണ്ണം അവന്റെ മുഖമടച്ച് കൊടുത്തു , ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞ് ഒഴുകാൻ തുടങ്ങി

എന്തിനാ നിങ്ങളെന്നെ ഇങ്ങനെ സഹായിക്കണെ ? എനിക്ക് പേടിയാണ് എല്ലാവരെയും പറ.,, ആരാ നിങ്ങള് ..

അരുത് കരയരുത് .. നിങ്ങള് കരയാതിരിക്കാനാ ഞാനിതൊക്കെ ചെയ്യണെ … പ്ലീസ് കണ്ണ് തുടക്കു ..

അയാൾ അവളുടെ അടുത്തേക്ക് നടന്നു … ഈ കണ്ണുകളിലേക്ക് നോക്കു … നിങ്ങൾക്കെന്നെ അറിയാൻ കഴിയും …

അവൾ അയാളെ നോക്കി നിന്നു …

തന്റെ ഭർത്താവിന്റെ കണ്ണുകൊണ്ടാ ടോ ,ഞാനി ലോകത്തെ കാണണെ …

ഒരു നിമിഷം അവൾ നിന്നിടത്ത് ഉറച്ചു പോയി .. ഏട്ടന്റെ കണ്ണുകൾ മറ്റാർക്കോ വെളിച്ചം പകരുന്നുണ്ടെന്ന് അവൾക്കറിയാം പക്ഷേ …. ആ കണ്ണുകളെ മുന്നിൽ കണ്ടപ്പോൾ …

അവൾ വായ പൊത്തി …

അരുത് … എന്റെ മുന്നിൽ കരയരുത് …

അവൾക്ക് അയാളുടെ കണ്ണുകൾ തൊട്ടു നോക്കുന്നമെന്ന് തോന്നി … നെഞ്ച് വേഗത്തിൽ മിടിക്കാൻ തുടങ്ങി ,

അയാൾ ചുണ്ടിലെ ചോര കൈ കൊണ്ട് തുടച്ചു …

പെങ്ങളെ …. നിങ്ങൾക്കാരും ഇല്ലെന്ന് ഞാനറിഞ്ഞപ്പോ .. എന്തോ ഒറ്റക്കാക്കാൻ തോന്നില്ല …അതാ പുറകെ ഒരകലത്തിൽ നിങ്ങളെ നോക്കി നിന്നത് … എനിക്ക് ജീവനുള്ളപ്പോൾ നിങ്ങൾ കഷ്ടപ്പെടരുത് …പട്ടിണി കിടക്കരുത് .. എനിക്ക് ആരോടും സംസാരിക്കാനറിയില്ല .. എങ്ങനെ പറയണമെന്നും അതാ മുന്നിൽ വരാഞ്ഞെ, ഒക്കെ പറയണമെന്ന് ആഗ്രഹമുണ്ട് .. ധൈര്യമില്ലാരുന്നു .. ഞാൻ ലോകം കണ്ടു തുടങ്ങുന്നെയുള്ളു …

ഈ കണ്ണുകൾ ഇപ്പോഴും എന്റെ തല്ല … അത് നിങ്ങളെ കണ്ട് പഴക്കം വന്ന കണ്ണാണ്ണ് … എനിക്ക് വെളിച്ചം തന്ന എന്റെ ദൈവത്തിന്റെ ഭാര്യയെ ഞാൻ പെരുവഴിയിലാക്കില്ല …ഉറപ്പ്

അയാൾ അവളെ ഒന്നുകൂടി നോക്കി സ്‌റ്റേഷന്റെ പടിയിറങ്ങി പ്പോയി ….എങ്കിലും എപ്പോഴും ചേർത്തു പിടിച്ച കണ്ണുകൾ അപ്പോഴും അവളെ തിരഞ്ഞുകൊണ്ടിരുന്നു…..

….വൈദേഹി….

Leave a Reply

Your email address will not be published. Required fields are marked *