ഏട്ടനെന്താ ഒന്നും പറയാത്തെ മോൾക്ക് നല്ലൊരു ആലോചന വന്നിരിക്കുവാ…

മോക്ഷം

Story written by Indu Rejith

“ഏട്ടനെ കൊണ്ട് കൂട്ടിയാൽ കൂടാത്തത് ഒന്നുമല്ല ഇതെന്ന് എനിക്കും പിള്ളേർടെ അച്ഛനും നന്നായിട്ട് അറിയാം”…. അമ്മാളു അത്‌ പറയുമ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ എന്തോ ചിന്തിച്ചു കിടക്കുകയായിരുന്നു അയാൾ….

ഏട്ടനെന്താ ഒന്നും പറയാത്തെ മോൾക്ക് നല്ലൊരു ആലോചന വന്നിരിക്കുവാ….നല്ലോണം എന്തേലും കൊടുത്താൽ അതങ്ങ് നടത്താം..അങ്ങോട്ട് വാ തുറന്നു പറ മനുഷ്യാ… അവൾ ഭർത്താവ് വാസുവിനെ പിന്നിൽ നിന്നും ഒന്ന് തെള്ളിയത് പോലെ…

അളിയാ അവള് നമ്മുടെ കൊച്ചല്ലേ ….. എന്താന്ന് വെച്ചാൽ ഒരു തീരുമാനം അങ്ങ് പറ….

“പയ്യന് ബാങ്കിലാ ജോലി…നല്ല ചിക്കിലി ഉള്ള വീട്ടിലെയാ…ഒറ്റമോനാ.. തള്ളേം തന്തേം കാഞ്ഞു കിട്ടിയാൽ പിന്നെ ഉള്ളതെല്ലാം നമ്മുടെ കൊച്ചിന് കിട്ടും….ഞങ്ങൾ വാടക വീട്ടിൽ ആണെന്ന് അറിയാല്ലോ ഏട്ടന്…പൊന്നില്ലെങ്കിൽ വേണ്ടാ ഇത്തിരി മണ്ണെങ്കിലും അവളുടെ പേരിൽ രേഖയാക്കി വെച്ചാൽ എന്റെ കുട്ടിക്ക് ആരുടേയും കുത്തുവാക്ക് കേൾക്കേണ്ടി വരില്ലല്ലോ..

നമ്മുടെ ഈ വീട് നിക്കണ പുരയിടത്തിന്റെ കാര്യമാ ഞാൻ പറയുന്നത്….ചോദിക്കാൻ അർഹത ഇല്ലെന്നറിയാം മറ്റുമാർഗം ഇല്ലാഞ്ഞിട്ടാ…. ഇവിടുന്ന് കിട്ടിയതെല്ലാം ഓരോരോ ആവശ്യം വന്നപ്പോൾ മുറിയായും മൊത്തമായും അങ്ങ് വിൽക്കേണ്ടി വന്നു… വേറെ ആരുടേയും മുന്നിൽ എന്റെ ഭർത്താവ് കൈ നീട്ടുന്നത് എനിക്ക് താങ്ങാനാവില്ല….ഇവിടാകുമ്പോ ആ ഒരു തോന്നലും വേണ്ടല്ലോ… എന്റെ കൂടെപ്പിറപ്പല്ലേ”….

കാശുള്ള വീട്ടിലെ പയ്യന് ഈ നാഴി മണ്ണ് കൊണ്ട് പോയിട്ടെന്തിനാ മോളെ …. പുരയിടത്തിൽ കുളം വല്ലോം നികത്താനുണ്ടോ??

ഇതിനിപ്പോ എന്ത് മറുപടി പറയണം ഞാൻ?? എന്തേലും കടുപ്പിച്ചു പറഞ്ഞാൽ എന്റെ കുട്ടീടെ കല്യാണത്തിന് ഞാൻ ഇടങ്കോലിട്ടു എന്നാവും….മറിച്ചാണെങ്കിൽ ഈ മണ്ണ് നഷ്ടപെടുന്ന അടുത്ത നിമിഷം ഞാൻ ഈ ലോകത്ത് അനാഥനാവും….

പെങ്ങൾക്ക് നല്ലൊരു ജീവിതം ഒരുക്കി ഒരുക്കി ഞാൻ ഉരുക്കി തീർത്തത് എന്റെ ജന്മം ആയിരുന്നു എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു…. അതിലൊന്നും എനിക്ക് പരാതിയില്ല.. അതിനൊക്കെ അപ്പുറത്താണ് എനിക്കു നീ …

ഇന്നെനിക്ക് ആകെ ഉള്ളത് ഈ മണ്ണാ…ഈ മണ്ണിന്റെ മൂല്യത്തിലാണല്ലോ വർഷങ്ങൾക്കു ശേഷമുള്ള ഈ കൂടിക്കാഴ്ച പോലും അല്ലെന്നു പറയാൻ കഴിയുമോ നിനക്ക്….ഇതില്ലായിരുന്നെങ്കിൽ വഴിയരികിൽ ചത്തു കിടക്കണ നായയെ പോലെ എന്റെ മരണം പോലും നീ അറിയില്ലായിരുന്നു…

ഇത് വിട്ടുതരാൻ എനിക്ക് ആവില്ല ….

ഇതിൽ പണ്ടെന്നോ അതിമോഹവും ചതിയും തൊട്ടുതീണ്ടാത്ത എന്റെ കുഞ്ഞു പെങ്ങൾ അമ്മാളു ഓടി കളിച്ചതിന്റെ കാൽപ്പാടുണ്ട്…ഈ വീട്ടിലാകെ അവളുടെ വെള്ളികൊലുസ്സിന്റെ താളം ഇന്നും തട്ടിചിതറി കിടപ്പുണ്ട്…അവളുടെ പുത്തനുടുപ്പിന്റെ ഗന്ധമുണ്ട്….തൊടിയിൽ ഒറ്റയ്ക്ക് ഇങ്ങനെ നടക്കുമ്പോൾ അവളുടെ ഏട്ടാ എന്നാ വിളി ഞാൻ മുടക്കമില്ലാതെ ഇന്നും കേൾക്കാറുണ്ട്…..അറിയോ നിനക്കത്…??

ദൂരെയുള്ള പേരമരത്തിൽ ചൂണ്ടി ആ പേരയ്ക്ക എനിക്ക് പൊട്ടിച്ച് താ ഏട്ടാ എന്നവൾ കെഞ്ചുമായിരുന്നു…. വീണു ചത്താലും വേണ്ടില്ല കേട്ടപാതി ആകാശചില്ലയിൽ കേറിയിട്ടാണെലും കുലയോടെ അവളുടെ കൈയിൽ കൊണ്ടിങ്ങനെ വെക്കുമ്പോൾ അവളുടെ മിന്നമിന്നി കണ്ണിങ്ങനെ ചിമ്മും…അപ്പോൾ ഞാൻ അനുഭവിച്ചിരുന്ന ഒരു സുഖം ഉണ്ടായിരുന്നു… എന്നാൽ ആ സുഖത്തിന് എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ ആകുമെന്ന് കരുതിയിരുന്നില്ല ഈ പോങ്ങൻ…

അവളുടെ ആവശ്യങ്ങൾക്ക് എന്നും അത്രയേ വലിപ്പമേ ഉണ്ടാവു എന്നാ പൊട്ടൻ കരുതിയിരുന്നു….

കല്യാണപ്രായമായപ്പോൾ ചൂണ്ടി കാണിച്ചവനെ കൊണ്ടുതന്നെ അവൾക്ക് പുടവ കൊടുപ്പിച്ചു…അവന്റെ യോഗ്യതയെക്കാൾ വലുതായിരുന്നു അവളുടെ സന്തോഷം….അതിനിടയിൽ തനിക്കൊരു കൂട്ടെന്ന മോഹം വഴിയിലെവിടെയോ മനഃപൂർവം മറന്നു……ഒന്നൊന്നായി അവൾക്ക് വേണ്ടതെല്ലാം ഒരുക്കി വെച്ചു… മരുഭൂമിയിൽ മാടിനെ പോലെ പണിയെടുത്തു…

എന്തിന് അല്ലേ??… ഒന്നും അവൾ ആവിശ്യ പ്പെട്ടിരുന്നില്ലല്ലോ…. ചില ഭ്രാന്തൻ ഇഷ്ടങ്ങൾ ആരോടും ഒന്നിനും അനുവാദം ചോദിക്കാറില്ല….അതുകൊണ്ട് തിരുത്താനും ആളില്ലായിരുന്നു….

ഇനി ഇതും കൊണ്ട് പോയേ അടങ്ങു എന്നാണെങ്കിൽ എനിക്ക് ഒരു മറുപടിയെ ഉള്ളു..അവളുടെ വിവാഹത്തിന്റെ ചിലവ് ഞാൻ വഹിച്ചോളാം…. ഒരു ഗതികെട്ടവന് പെങ്ങളെ വിവാഹം കഴിച്ചു നൽകിയതിന്റെ ശിക്ഷ കൂടി ഈ ജന്മത്തിൽ ഞാൻ അനുഭവിച്ചു തീർക്കണം എന്നുണ്ടായിരിക്കും…..പിന്നെയീ മണ്ണിൽ എന്നെയും തിരഞ്ഞ് ആരും വന്നേക്കരുത്… മരണ ശേഷം ആരാണെന്നു വെച്ചാൽ പകുത്തു തിന്നേക്കണം ഈ മണ്ണാണെങ്കിലും എന്റെ മാംസം ആണെങ്കിലും….

അവളിൽ യാതൊരു ഭാവഭേദവും ഉള്ളതായി അയാൾക്ക് തോന്നിയില്ല. പണ്ടെന്റെ കൈത്തണ്ട ഒന്ന് പോറിയാൽ ഉണ്ണാൻ കൂട്ടാക്കാത്ത കുട്ടി ആയിരുന്നു…. ഇന്നവൾ എന്റെ ഉയിരിന് ഉണക്കപിണ്ണാക്കിന്റെ വിലയില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു…….എല്ലാവരും മാറിയെന്ന് ഈ മാറ്റമില്ലാത്തവന് കാലം പഠിപ്പിച്ചു തന്നു….

“എന്നാൽ പിന്നെ ചെറുക്കൻ കൂട്ടരോട് മുന്നോട്ട് പോകാന്ന് പറയാം അല്ലേ…എനിക്ക് എന്റെ കുട്ടിയുടെ ജീവിതമാ ഏട്ടാ വലുത്”…

കള്ളക്കണ്ണീരാണെങ്കിലും അവളുടെ കവിൾ നനഞ്ഞിരുന്നു..വാസുവിനോപ്പം അവൾ പടിയിറങ്ങി അയാളുടെ കാഴ്ചയുടെയും ഹൃദയത്തിന്റെയും അതിർത്തി ഭേദിച്ചു നടന്നകന്നു…..

അവസാനമായി ഒരിക്കൽ കൂടി കാണാൻ ഭാഗ്യം ഉണ്ടാവണേ എന്ന് ഈശ്വരൻ മാരോട് അപേക്ഷിച്ചിട്ട് ഇരുന്ന ഇരുപ്പാ…. മുന്നിൽ വന്നു നിന്നപ്പോൾ എന്റെ കുട്ടിയുടെ കണ്ണു നിറച്ചു ഈ മഹാപാപി…

ചാരുകസേരയുടെ അരികിൽ വിഷം ചേർത്തു വെച്ചിരുന്ന ചായഗ്ലാസ്‌ അയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു …..മരിക്കാൻ നേരമായിട്ടില്ല… ഞാൻ പോയാൽ എന്റെ അമ്മാളുന്റെ മോൾടെ കല്യാണം ആര് നടത്തും…കാലൻ കുടയെടുത്തയാൾ ആരെയോ തേടി ഇറങ്ങാനൊരുങ്ങി… പഴയത് പോലെ ആരുടേയും അനുവാദം കാത്തു നിൽക്കാതെ…

കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങണ്ടെ….പ്രായം മറന്നുള്ള കാലിന്റെ വേഗതയിൽ അയാൾ കട്ടളപടിയിൽ തട്ടി മുറ്റത്തേക്ക് തെറിച്ചു വീണു….നെറ്റിയിൽ രക്തം പൊടിഞ്ഞു….

വരു പോകാം ഇനി വൈകിക്കൂടാ……..ഒരു പ്രാവശ്യമെങ്കിലും ഒന്ന് ജയിക്കണ്ടേ നിനക്ക്?? മരണം അയാളുടെ വിരലുകളെ ഇറുക്കി പിടിച്ചിരുന്നു….തോൽപ്പിക്കില്ലെന്ന വാശിയോടെ….

ചില സ്നേഹം ഇങ്ങനെയാണ്…. ഭ്രാന്തെന്നു വിളിച്ചാൽ പോലും പൂർത്തിയാവാത്ത മനസ്സിന്റെ അവസ്ഥ ആണത്…. ആർക്കു വേണ്ടി ആണെങ്കിലും അത്തരമൊരു വേഷം അണിയാതിരിക്കുക…അകമേ എരിഞ്ഞു നീറിയിട്ട് ആരേ ആനന്ദിപ്പിക്കാനാണ്….പൊട്ടനിമിഷത്തെ തോന്നലിന് പൊട്ടിച്ച് കളയാനുള്ളതാണോ ഈ ജീവിതം… പിറവിമുതൽ പട്ടട വരെ നീ തന്നെ നിന്നെ ചുമക്കണം…

ശുഭം

Cover photo: Jijeesh

Related Posts

Leave a Reply

Your email address will not be published. Required fields are marked *