ലാങ്കിപ്പൂക്കൾ
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
“മനുഷ്യാ, നിങ്ങള് പറഞ്ഞ ലാങ്കിച്ചെടി വാങ്ങീട്ടുണ്ട് ട്ടാ, നിങ്ങള് എപ്പളും പറയാറില്ലെ, മ്മള് പുര പണിയുമ്പോൾ, മുറ്റത്തൊരു ലാങ്കിലാങ്കി നട്ടു വളർത്തണമെന്ന്; ഇന്നാ നിങ്ങടെ ലാങ്കിച്ചെടി. രണ്ടുമൂന്നു കൊല്ലത്തിനുള്ളിൽ നിറയെ പൂവുണ്ടാകും. നല്ല മണമുള്ള പൂക്കൾ. ഒരു കാര്യം ചോദിച്ചോട്ടെ; നിങ്ങൾക്ക് എന്താണിത്ര ലാങ്കിലാങ്കി പ്രേമം? ഈ നാൽപ്പത്തിയഞ്ചാം കാലത്ത് തുടങ്ങിയതാണോ? പറ, ഞാൻ കേൾക്കട്ടെ”
ഓഫീസിൽ നിന്നും വീട്ടിലേക്കെത്തിയ സായന്തനത്തിൽ, അയാളെയും കാത്ത് ഭാര്യ ഉമ്മറമുറ്റത്തു നിൽപ്പുണ്ടായിരുന്നു. അവളുടെ കയ്യിലൊരു ലാങ്കിച്ചെടിയുണ്ടായിരുന്നു. അയാൾ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ലാങ്കി, എനിക്കൊരു നൊസ്റ്റുവാണ്. ഒരു പഴയ കഥയാണ്. അതു പറയാൻ എനിക്കു വിഷമമില്ല. കേട്ടു കഴിഞ്ഞ്, നീയെന്നെ പട്ടിണിക്കിടരുത്. വിഷയം, കൗമാരപ്രണയമാണ്”
അവൾ ചിരിച്ചു.
“അമ്പടാ, ഞാൻ കേൾക്കട്ടെ കഥ. എന്നിട്ടു തീരുമാനിക്കും, അത്താഴവും അതു കഴിഞ്ഞുള്ള കാര്യങ്ങളും. നിങ്ങള് പറ, കഥ കേൾക്കാൻ എനിക്കിഷ്ടാന്ന് നിങ്ങൾക്കറിയാലോ”
അയാൾ, അവൾക്കരികിലേക്കു വന്നു. ഉമ്മറത്തെ പടിക്കെട്ടിലിരുന്നു. അവളും അയാളോടു ചേർന്നിരുന്നു. അവളുടെ വിരലുകളിൽ ഞൊട്ടയിട്ട്, അയാൾ പറയാൻ തുടങ്ങി.
ലാങ്കിലാങ്കിപ്പൂക്കൾ; ലാങ്കി ലാങ്കിപ്പൂക്കളെ എനിക്കിഷ്ടമാണ്. ഡിഗ്രി പഠനം പൂർത്തിയാക്കി, ചുമ്മാതിരിക്കുന്ന കാലത്തെ ഒരാഗസ്റ്റ് മാസത്തിലാണ് അവളെ ഞാൻ ആദ്യമായിക്കാണുന്നത്. കൂട്ടുകാരന്റെ ചേച്ചിയുടെ വിവാഹത്തിനു പങ്കെടുക്കാൻ, വീട്ടിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള അവന്റെ വീട്ടിൽ പോയപ്പോളാണ്, അവളുടെ രൂപം എന്റെ മനസ്സിൽ പതിഞ്ഞത്.
മൂന്നുനാലു കൂട്ടുകാരികളോടൊപ്പം, ആ പുഴയോരത്തെ ചെറുവഴിയരികിലൂടെ നടന്നുപോകുന്ന ഹൈസ്കൂൾ വിദ്യാർത്ഥിനി. കൂട്ടുകാരികളേക്കാൾ ഉയരവും വലിപ്പവും അവൾക്കുണ്ടായിരുന്നു. നീളൻപാവാടയും ഫുൾ ജാക്കറ്റും യൂണി ഫോമായി ധരിച്ച്, അവൾ ചിരിച്ചുല്ലസിച്ച് നടന്നുപോകുന്നു.
ദൈവമേ, ഇതെന്റെ വീടിനടുത്തെ സ്കൂളിന്റെ യൂണിഫോം ആണല്ലോ. എന്റെ കണ്ണുകൾ അവളുടെ പിന്നാലെ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഒരുപാടിറങ്ങി ക്കിടക്കുന്ന ഈറനായ അവളുടെ മുടിത്തുമ്പിൽ കൊരുത്തുവച്ച ലാങ്കിലാങ്കിപ്പൂവ്, അവളുടെ പദചലനങ്ങൾക്കൊപ്പം താളത്തിൽ ഇളകിത്തുള്ളിക്കൊണ്ടിരുന്നു. ഒരുവേള അവളെന്തിനോ പിൻതിരിഞ്ഞു. എന്റെ മനസ്സു പറഞ്ഞു.
“ചന്തം” വലിയ, വിടർന്ന മിഴികളുടെ ചാരുത പേറിയ മുഖം. നെറ്റിയിലെ ചന്ദനം. കൈത്തണ്ടയിൽ, കെട്ടിയ രാഖി. പണ്ടത്തേ മലയാള മനോരമ ആഴ്ച്ചപ്പതിപ്പിലെ ആർട്ടിസ്റ്റ് മോഹൻ ചിത്രം പോലെ.
ഞാൻ വാച്ചിൽ നോക്കി. സമയം 8-40. ഓ, എട്ടേമുക്കാലിന്റെ ബസിൽ ആയിരിക്കും ഇവർ സ്കൂളിൽ വരുന്നത്. വീടിനടുത്തുള്ള ലെവൽ ക്രോസ് പിന്നിട്ട്, ബസ്, സ്കൂൾ സ്റ്റോപ്പിൽ എത്തുമ്പോൾ ഒൻപതു മണി കഴിയും. ആദ്യമൊക്കെ രാവിലെ, ഈ ബസ് റെയിൽവേ സ്റ്റേഷനോട് ചേർന്ന ലെവൽ ക്രോസിൽ എത്തുമ്പോൾ മിക്കവാറും റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരിക്കും.
പലതവണ ഞാൻ, അത് ശ്രദ്ധിച്ചിട്ടുണ്ട്.
പിറ്റേന്ന് മുതൽ, പതിവായി റെയിൽവെ സ്റ്റേഷനിൽ പോകാൻ തുടങ്ങി.?ഒട്ടുമിക്ക ദിവസങ്ങളിലും അടച്ച ഗേറ്റിൽ, ബസ് കാത്തു കിടന്നു. മുൻനിരയിലെ സീറ്റുകളിലേക്ക്, ഞാൻ കൗതുകത്തോടെ കണ്ണുകളാൽ പരതി.?ഡ്രൈവർക്ക് എതിർവശത്തുള്ള നീളൻ സീറ്റിൽ ജാലകക്കാഴ്ചകൾ കണ്ട്, അവൾ ഇരിപ്പുണ്ടാകും. റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലെ ഏറ്റവുമറ്റത്തേ സിമന്റു ബഞ്ചിൽ, ഞാൻ പതിവു കാത്തിരിപ്പുകാരനായി.
ഗേറ്റ് തുറന്ന് മുന്നോട്ടെടുക്കുന്ന ബസ്, പാളങ്ങൾക്കു നടുവിൽ എത്തുമ്പോൾ, അവൾ റെയിൽവേ സ്റ്റേഷനിലേക്ക് വെറുതേ നോക്കാറുണ്ട്. ഏതു തിരക്കിലും വേറിട്ടു കാണാം. ആ വിടർന്ന നയനങ്ങളെ. വൈകാതെ അന്വേഷിച്ചറിഞ്ഞു. അവൾ പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും, പത്താംക്ലാസ്സിലേക്കുള്ള പ്രയാണത്തിനിടയ്ക്ക്, ഒന്നോരണ്ടോ ചില ക്ലാസുകളിൽ അടിത്തറയിട്ടുമാണ് പഠിച്ചതെന്നുമെല്ലാം. തെക്കേലെ ഇളയമ്മുടെ മൂത്തമകന്റെ പെൺകുട്ടിയുടെ ക്ലാസ്മേറ്റ് ആണെന്നറിഞ്ഞപ്പോൾ, മനസ്സിൽ ഭയങ്കര സന്തോഷം തോന്നി.
ഏട്ടന്റെ മകൾ എന്നെക്കുറിച്ചു പറഞ്ഞുകാണണം.?തീർച്ച. പിന്നീടെന്നും ബസ് യാത്രക്കിടയിൽ അവളുടെ കണ്ണുകൾ എനിക്കു നേർക്ക് നീളാൻ തുടങ്ങി. ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവൾ കടന്നുപോകുമ്പോൾ വ്യക്തമായിക്കാണം.?ആ ഉള്ളൂർന്ന മുടിയിലെ തളിർത്ത ലാങ്കിലാങ്കിപ്പൂവ്.
“നിന്നെയെനിക്ക് ഒരുപാടിഷ്ടമാണ്, കഴിയുമെങ്കിൽ എന്നെ വിളിക്കുക. ഇതെന്റെ വീട്ടിലെ ലാൻഡ്ഫോൺ നമ്പറാണ്. ഇതായിരുന്നു ഞാനവൾക്കെഴുതിയ കത്തിലെ ഒറ്റവരി”
“എനിക്കും ഇഷ്ടമാണ്, നാളെ രാവിലെ ഒൻപതരയ്ക്കു വിളിക്കാം”
വൈകിട്ട്, ഏട്ടന്റെ മകൾ കൊണ്ടുവന്ന മറുപടിക്കത്തിലെ ഭംഗിയില്ലാത്ത അക്ഷരങ്ങൾ.
നമ്മുടെ വീടിന്റെ പരിസരത്ത്, ഈ വീട്ടിൽ മാത്രമേ അന്നു ലാൻഡ് ഫോണുള്ളൂ. അഛനും അമ്മയും ഓഫീസിൽ പോയാൽ പിന്നേ എനിക്കീ ഫോണിനെ വെറുപ്പാണ്. കാരണം, ഞങ്ങൾക്കു വേണ്ടിയല്ല മിക്കവാറും ഈ ഫോൺ ശബ്ദിക്കാറ്. അയൽവക്കത്തേ ആരെയെങ്കിലും വിളിയ്ക്കാനാകും അങ്ങേത്തലക്കലുള്ളവരുടെ ആവശ്യം. അഛനുമമ്മയും ജോലിക്കു പോയാൽ,?നാട്ടുകാരേ വിളിക്കേണ്ട ചുമതല മഹാമടിയനായ എനിക്കാണ്. പക്ഷേ, പിറ്റേന്നു രാവിലേ മുതൽ ഞാനാ ഫോണിനെ എന്തെന്നില്ലാതെ സ്നേഹിക്കാൻ തുടങ്ങി.?ഓരോ അധ്യയനദിവസങ്ങളുടെ പ്രഭാതങ്ങളിലും, ഫോൺ എനിക്കു വേണ്ടി ശബ്ദിക്കാൻ തുടങ്ങി.
“ഞാനും, വീടിനടുത്തുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട്സും കൂടി ഞായറാഴ്ച്ച രാവിലെ പാറമേക്കാവിൽ വരും. ഏട്ടനും വരണം. അവർക്ക് കാണാനാണ്”?ഞാൻ, ഞായറാഴ്ച്ചയ്ക്കു വേണ്ടി കാത്തിരുന്നു. ഞായറാഴ്ച്ച; ഞാൻ നേരത്തേ തന്നെ ക്ഷേത്രത്തിലെത്തി. അൽപ്പനേരത്തിനു ശേഷം അവളും, നാലു കൂട്ടുകാരികളും വന്നു. ഞങ്ങൾ, പരസ്പരം കണ്ടു. അവരുടെ പരിചയക്കാർ ആരോ അമ്പലത്തിൽ വന്നിട്ടുണ്ടെന്ന് തോന്നുന്നു. അവളും കൂട്ടുകാരികളും എന്നോട് സംസാരിക്കാൻ അടുത്തു വന്നില്ല. അവർ ആദ്യം മടങ്ങി. പിറകേ ഞാനും. കൂട്ടുകാരികൾ എന്നെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
പിറ്റേന്നും, തുടർച്ചയായ മൂന്നു ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബഞ്ചിലെ എന്റെ കാത്തിരുപ്പ് വൃഥാവിലായി. പതിവു ജാലകസീറ്റിന്നരികെ അവൾ ഉണ്ടായിരുന്നില്ല. തുടർച്ചയായ മൂന്നു പ്രഭാതങ്ങളിലും എനിക്കു വേണ്ടി ഫോൺ ശബദിച്ചില്ല. ദേഷ്യവും സങ്കടവും കൊണ്ട്, ഞാൻ മരിച്ചു പോകാറായപോലെ എനിക്കു തോന്നിച്ചു.
മൂന്നു ദിവസങ്ങൾക്കു ശേഷം, ഏട്ടന്റെ മകൾ ഭദ്രമായി ഒട്ടിച്ച ഒരു കവർ കൊണ്ടുവന്നു. തുടിക്കുന്ന ഹൃദയത്തോടെ, ഞാനത് തുറന്നു നോക്കി. ഒരെഴുത്താണ്. എഫോർ ഷീറ്റിൽ, വലിച്ചുവാരി ഒരെഴുത്ത്. അതിൽ, ഇപ്രകാരം എഴുതിയിരുന്നു.
“ഏട്ടാ, എന്റെ കൂട്ടുകാരികൾ എന്നെ കളിയാക്കുന്നു. ഇത്ര കറുത്തു തടിച്ച ഒരാളെ നീയെന്തിനു സ്നേഹിച്ചൂന്നാ അവരു ചോദിക്കുന്നേ. നമ്മൾ തമ്മിൽ ഒരു യോജിപ്പുമില്ലെന്നാണ് അവർ പറയുന്നേ. എനിക്ക് അവരേ ഒഴിവാക്കാൻ വയ്യ. ഞാൻ എന്തു ചെയ്യണം എന്നറിയില്ല. എന്നോട് ക്ഷമിയ്ക്കണം. ഏട്ടന്, എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ ലഭിക്കും”
ഞാനാകേ തകർന്നു തരിപ്പണമായി. രണ്ട് ദിവസം കഴിഞ്ഞ്, ഞാൻ റെയിവേ സ്റ്റേഷനിലേക്ക് ചെന്നു. പതിവിനു വിപരീതമായി, ഞാൻ ഒന്നാമത്തെ ഫ്ലാറ്റ്ഫോ മിലെ കൽബഞ്ചിൽ മറ്റുള്ളവർക്കൊപ്പ മിരുന്നു. അടഞ്ഞു കിടക്കുന്ന ഗേറ്റ് തുറക്കുന്നതും കാത്തുകിടക്കുന്ന ബസ്. ഞാൻ, സൂക്ഷിച്ചു നോക്കി.?ഉണ്ട്, അവൾ വിൻഡോ സീറ്റിൽ ഇരിപ്പുണ്ട്.
അവളുടെ വിടർമിഴികൾ രണ്ടാമത്തേ ഫ്ലാറ്റുഫോമിലേക്ക് പായുന്നു. ഞാൻ അങ്ങോട്ട് നോക്കി.?അതാ നിൽക്കുന്നു, എന്റെ നാട്ടിൽത്തന്നെയുള്ള ഒരു സുഭഗനായ ചെറുപ്പക്കാരൻ. അവൻ, അവളേ നോക്കിച്ചിരിക്കുന്നു. അവളും, ചിരി മറുപടിയായ് നൽകുന്നു. ഗേറ്റു തുറന്നു. ബസ്, മുന്നോട്ട് നീങ്ങി. ഇപ്പോൾ വളരേ വ്യക്തമായിക്കാണാം. അവൾ, അവനു നേർക്ക് കൈവീശി. അതിനു മറുപടിയുമായി ഫോൺ എന്ന്, അവൻ ആക്ഷൻ കാണിച്ചു. ബസും, ലാങ്കി പ്പൂക്കളും കണ്ണിൽ നിന്നും മറഞ്ഞു.
ഞാൻ എഴുന്നേറ്റ്, മെല്ലെ പിൻതിരിഞ്ഞു നടന്നു. കറുത്ത് വിങ്ങിപ്പൊട്ടി നിന്ന മാനം പതിയെ പെയ്യാൻ തുടങ്ങി. മഴ നനഞ്ഞ്, ഫ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോൾ കണ്ടു. ഏതോ യാത്രക്കാരിയുടെ തലമുടിക്കെട്ടിൽ നിന്നടർന്നു വീണ ലാങ്കിലാങ്കിപൂവ്. പിൻതുടർന്ന് വന്നവർ, അതിനെ ചവുട്ടിയരച്ചിരിക്കുന്നു. ഞാൻ, കുനിഞ്ഞ് ആ വാടിയ പൂവിനേ കയ്യിലെടുത്തു മണത്തു. അതിന്റെ?സുഗന്ധം, എന്നെന്നേ ക്കുമായി നഷ്ടപ്പെട്ടിരുന്നു. മഴ, അപ്പോൾ തിമിർത്തു പെയ്യാൻ തുടങ്ങിയിരുന്നു.
“ഇതാണ് കഥ”
അയാൾ പറഞ്ഞു നിർത്തി.
“ദുഷ്ടാ, നിങ്ങൾക്കതു വേണം. നിങ്ങളെ നിറം നോക്കാതെ പ്രേമിക്കാനും, കല്യാണത്തിനു സമ്മതിക്കാനും ഈ ഞാനേ ഉണ്ടായിരുന്നുള്ളു. സാരല്യ, നമുക്ക് , ഈ ലാങ്കിച്ചെടി നടാം. ലാങ്കിമരത്തിൽ ഒത്തിരി പൂവിടരട്ടെ. നിങ്ങളുടെ യല്ല, നമ്മുടെ പ്രണയത്തിൻ്റെ സുഗന്ധം പേറുന്ന ലാങ്കിപ്പൂക്കൾ”
അയാളവളെ ചേർത്തുപിടിച്ചു. അവളും ചുവന്നു തുടുത്തു. അന്തിമാനത്തെപ്പോലെ.