ഏട്ടാ.. നാണക്കേട് കാരണം പുറത്തേക്ക് ഇറങ്ങാൻ പറ്റാണ്ടായി. എവിടെ പോയാലും നാട്ടുകാര് ഓരോന്നു ചോദിക്കുന്നു……

ആണും പെണ്ണും

Story written by Murali Ramachandran

“അമ്മേ.. അമ്മയിങ്ങനെ കഴിക്കാതെ ഇരുന്നാലെങ്ങനാ.. പോയവരു പോയി, അതോർത്തു ഇങ്ങനെ തന്നെ ഇരിക്കാൻ പറ്റുവോ..? നമുക്ക് ജീവിക്കണ്ടേ..? വാ, വന്നു വെല്ലോം കഴിക്ക്.”

ശ്യാമിന്റെ കട്ടിലിൽ കിടന്നിരുന്ന എന്നോട് രാധിക അതു പറഞ്ഞതും.. ഞാൻ അവളെ നിറ കണ്ണീരോടെ ഒന്നു തുറിച്ചു നോക്കി. എന്റെ ദേഷ്യം അവൾക്ക് മനസിലായത് കൊണ്ടു അധികം സംസാരിക്കാൻ നിൽക്കാതെ എഴുന്നേറ്റു പോയി.

ഉത്തരത്തിൽ കറങ്ങി കൊണ്ടിരിക്കുന്ന ആ ഫാനിലേക്ക് ഞാൻ നോക്കി. അതു അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നു. ശ്യാം ആ ത്മഹ ത്യ ചെയ്തത് ഇതെ ഫാനിൽ തൂ ങ്ങിയാണ്. അവൻ മരിക്കുന്നതിനും അൽപ്പം മുൻപ്..

“ഏട്ടാ.. നാണക്കേട് കാരണം പുറത്തേക്ക് ഇറങ്ങാൻ പറ്റാണ്ടായി. എവിടെ പോയാലും നാട്ടുകാര് ഓരോന്നു ചോദിക്കുന്നു. കേൾക്കുമ്പോത്തന്നെ എന്റെ തൊലി ഉരിയുവാ..”

മുറിക്കുള്ളിൽ ഇരുന്നു രാധിക അരവിന്ദിനോട്‌ ശബ്ദത്തിൽ അതു പറയാൻ തുടങ്ങി. കൂടെ എന്തൊ താഴത്തേക്ക് എറിഞ്ഞു ഉടക്കുന്ന ശബ്ദവും കേട്ടു. അതുവരെ മിണ്ടാതിരുന്ന ഞാൻ അടുക്കളയിലെ പണികൾ മാറ്റിവെച്ചു അങ്ങോട്ടേക്ക് ചെന്നു. എന്നെ കണ്ടപാടേ അവൾ ദേഷ്യത്തിൽ പറഞ്ഞു.

“ദേ, അമ്മേ.. അവനോട് ഒന്നേൽ ആണായിട്ട് നടക്കാൻ പറ. അല്ലേൽ ഞങ്ങൾ ഈ വീട്ടിന്നു മാറുവാ.. മനുഷ്യനു ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലെ.. ഇതൊരുമാതിരി ആ ണും പെ ണ്ണും കെട്ട വേഷം. ഛെ.. നാശം..!”

“ആദ്യം മുതലേ ഞാൻ അമ്മയോട് പറയുവാ.. അമ്മയാ ഇപ്പോ അവനെ ചീത്തയാക്കിയത്. ഇനിയും ഇങ്ങനെ നടക്കാനാ ഭാവമെങ്കിൽ ഞാൻ അവനെ തല്ലി കൊ ല്ലും. അമ്മ നോക്കിക്കോ..”

അരവിന്ദിന്റെ ആ വാക്കുകളിൽ ശ്യാമിനോടുള്ള ദേഷ്യം ചെറുതല്ല എന്ന് എനിക്ക് അപ്പോൾ മനസിലായി. അവർ മുറിയുടെ വാതിൽ ഉറക്കെ അടച്ചു. ക്ഷമ സഹിക്കാൻ ആവാതെ ഞാൻ ദേഷ്യത്തിൽ ശ്യാമിന്റെ മുറിയിലേക്ക് വന്നു. ചാരിയിട്ട വാതിൽ തള്ളി തുറന്നതും ആ കാഴ്ച കണ്ടു ഞെട്ടി. ഒരു കയറിൽ തൂ ങ്ങിയാടുന്ന ശ്യാം, എന്റെ മകൻ..! ഒരിക്കലും മറക്കില്ല അതു. എനിക്ക് നഷ്ടമായത് എന്റെ മകനെയാണ്. ആ വേദന എനിക്കെ അറിയൂ. മറന്നാൽ ഞാൻ അവന്റെ അമ്മയല്ലതാകും.

ഞാനാണോ അവനെ അങ്ങനെയാക്കിയത്..? അതോ, എന്റെ വളർത്തു ദോഷമോ..? എവിടെയാ എനിക്ക് തെറ്റു പറ്റിയത്..? തെറ്റോ.. അല്ല, അതു തെറ്റല്ല. എനിക്ക് അറിയില്ലല്ലൊ ഈശ്വരാ.. അരവിന്ദിനെ പോലെ തന്നെയല്ലേ ശ്യാമിനെയും ഞാൻ വളർത്തിയത്. പിന്നെ, അവന് മാത്രം എന്ത് പറ്റി..? അവനൊരു മനുഷ്യൻ അല്ലെ..? ഇവർക്കെന്താ അവനെ അങ്ങനെ കണ്ടാൽ..? ശ്യാമിന് അവന്റെ സ്വത്വത്തിൽ ജീവിക്കാൻ അവകാശം ഇല്ലേ..? ഛെ.. നാശമെന്നു, അവനോ..? ഒരിക്കലുമല്ല. മനുഷ്യനെ മനുഷ്യനായി കാണാത്തവരാണ് നാശം. അവനെ പഴിച്ച ഈ സമൂഹമാണ് ഭൂമിക്ക് നാശം..!

Leave a Reply

Your email address will not be published. Required fields are marked *