കാഴ്ചക്കാരി
Story written by Murali Ramachandran
“ഇവനെപ്പോലെ ഒരു പെൺങ്കോന്തനെ ഞാൻ വേറെ കണ്ടിട്ടില്ലടി. കെട്ടി രണ്ടാഴ്ച ആയിട്ടും ആ പെണ്ണിന്റെ പിറകേന്നു മാറീട്ടില്ല. ഏതു നേരം നോക്കിയാലും അവളുടെ വാലെ തൂങ്ങി നടപ്പാ.. നിന്റെ അച്ഛൻ അങ്ങനൊന്നും അല്ലായിരുന്നു കേട്ടോ..”
ഏട്ടനെ കുറിച്ചു സിന്ധു ഏട്ടത്തിയോട് അമ്മ അതു പറയുമ്പോൾ എനിക്ക് കേട്ടു നിൽക്കാൻ ആയില്ല. കുറേ നേരമായി അടുക്കളയിൽ ആ സംസാരം തുടങ്ങിട്ട്. ഞാൻ ഒന്നും പറയണ്ടാന്നു വെച്ചപ്പോളാണ് ആ വാക്കു എന്നെ ചൊടിപ്പിച്ചത്. ഏട്ടൻ നല്ല ഉറക്കത്തിൽ ആയത് കൊണ്ടു ഉണർത്താൻ നിൽക്കാതെ ഞാൻ അടുക്കളയിലേക്ക് ചെന്നു. എന്നെ കണ്ടപാടെ അമ്മയുടെ ആ സംസാരം നിന്നു.
“ഗംഗ ഇപ്പോളാണോ എണീറ്റത്. ഇവിടെ ഇങ്ങനാ.. ഇടക്കൊക്കെ കറണ്ട് പോവും. എന്തൊരു ചൂടാ അല്ലെ..? കറണ്ടില്ലാത്ത കൊണ്ടു നിങ്ങൾക്ക് ഉറക്കം കിട്ടി ക്കാണില്ല.”
“ഏട്ടത്തി എന്തിനാ എന്നെ കണ്ടപാടെ വിഷയം മാറ്റുന്നെ..? ഞാനെല്ലാം കേട്ടു, എന്റെ ഏട്ടനെ കുറിച്ചാണെല്ലോ ഇപ്പൊ സംസാരിച്ചത്.”
“കണ്ടോ കണ്ടോ.. ഇവൾക്ക് ഈ പണിയും ഉണ്ടടി. ഒളിഞ്ഞു ഇരുന്നൊക്കേ കേൾക്കുവാ..”
പതിഞ്ഞ ശബ്ദത്തിൽ അമ്മ വീണ്ടും എന്നെ കുറിച്ചു പറയുമ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വന്നു. ഉടനെ സിന്ധു ഏട്ടത്തി എഴുന്നേറ്റിട്ടു അമ്മയോട് പറഞ്ഞു.
“അമ്മക്ക് എന്താ..? അമ്മ ഒന്നു മിണ്ടാതെ ഇരുന്നേ.. ചുമ്മാ ഓരോന്നു അങ്ങനെ പറയാതെ..”
“നിനക്ക് എന്തറിയാം..? നീ അവിടല്ലേ.. ഞാനല്ലേ ഈ വീട്ടിൽ ഇരിക്കുന്നത്. ഞാനൊന്നും കാണുന്നില്ലെന്ന് ആരും കരുതണ്ട.”
“ദേ.. അമ്മേ.. എനിക്കറിയാം എല്ലാം. അമ്മയോട് മിണ്ടാതെ ഇരിക്കാനല്ലേ ഞാൻ പറഞ്ഞത്. നീ വാ ഗംഗേ.. നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.”
ഏട്ടത്തി ദേഷ്യത്തിൽ പറഞ്ഞിട്ട് എന്റെ കൈയിൽ പിടിച്ചു ഹാളിലേക്ക് നടന്നു. അപ്പോഴും അമ്മ എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഹാളിലെ സോഫയിൽ പോയിരുന്നിട്ട് ഏട്ടത്തി എന്നോട് പറഞ്ഞു.
“ഗംഗേ.. അമ്മ അങ്ങനാ.. പ്രായമൊക്കെ ആയില്ലേ.. അവന് നിന്നോടുള്ള കൂടുതൽ അടുപ്പം കാണുമ്പോ ഒരു കുശുമ്പോ, അതല്ലേൽ അമ്മയോടുള്ള അവന്റെ സ്നേഹം കുറയുവോന്നുള്ള പേടിയോ ഒക്കെയാവും അമ്മയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. നീ അതു കാര്യായിട്ട് എടുക്കരുത്. അതു മനസിലാക്കി ചിലതൊക്കെ കേട്ടില്ലന്ന് നടിക്കു. ഞാൻ പറയേണ്ടത് പറഞ്ഞു, പിന്നൊക്കെ നിന്റെ ഇഷ്ടം. ഏതായാലും ഞാൻ ആ വീട്ടിൽ അനുഭവിക്കുന്ന അവസ്ഥയൊന്നും നിനക്കു ഇവിടെ വരില്ലന്നു ഞാൻ ഉറപ്പ് തരാം. അമ്മ ഒരു പാവാ.. അതു അടുത്ത് അറിയുമ്പോ നീ എന്നോട് തന്നെ പറയും.”
“എന്നാലും ഏട്ടത്തി.. ഏട്ടനെ കുറിച്ചു അങ്ങനെ ഒക്കേ പറയുമ്പോ.. എത്ര നേരാ ഞാൻ കേട്ടില്ലന്ന് നടിക്കുന്നത്.”
“ഞാൻ പറഞ്ഞില്ലേ മോളെ.. നീ ആദ്യായിട്ട് ആയത്കൊണ്ട് തോന്നുന്നതാ.. അച്ഛൻ പോയെ പിന്നെ അമ്മ ഇങ്ങനാ.. അവനോട് ഏത് നേരവും ഓരോന്നു പറയും. ഒക്കെ അവനോടുള്ള സ്നേഹം കൊണ്ടു പറയുന്നതാ, നിന്നോടും അമ്മക്ക് സ്നേഹവേ ഉള്ളു.. ഇതൊക്കെ പതിയെ നിനക്ക് മനസിലാവും. ശരി, ഞാൻ പോട്ടെ.. സമയം ഒരുപാടായി. ഇല്ലേൽ ഇപ്പോ എന്റെ അമ്മായിയമ്മ തള്ള എന്റെ ഫോണിലേക്ക് വിളിക്കും എവിടായെന്ന് ചോദിച്ച്. അവനോട് ഞാൻ വന്നിട്ട് പോയന്ന് പറഞ്ഞെക്കണേ..”
ചിരിച്ചുകൊണ്ട് എന്നോട് യാത്ര പറഞ്ഞിട്ട് ഏട്ടത്തി മുറ്റത്തേക്ക് ഇറങ്ങി. അമ്മ മുറ്റത്ത് നിൽക്കുന്നത് കണ്ടതും അമ്മയോടും യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു. ഉടനെ ഏട്ടന്റെ ആ ശബ്ദം കേട്ടു മുറിയിലേക്ക് ചെന്നപ്പോൾ ഉറക്കമുണർന്നു കട്ടിലിൽ ഇരിക്കുന്നതാണ് കണ്ടത്.
“എവിടായിരുന്നു നീ..? ഞാൻ എത്ര വിളി വിളിച്ചു..”
“പറമ്പിൽ..?”
“പറമ്പിലോ.. അവിടെ എന്താ..?”
“അതേ.. നമ്മുടെ പറമ്പിലെ പ്ലാവേന്നു ഒരു മുഴുത്ത ചക്ക വീണു പാവം മുയല് ചത്തു. ഞാനും അമ്മയും അതിനെ നോക്കാൻ പോയതാ.. എന്നിട്ട് ആശുപത്രി കൊണ്ടു ആക്കിയേച്ചും തിരിച്ചു പോന്നു.”
ഒന്നും മനസിലാവാതെ അതിശയത്തോടെ ഏട്ടൻ എന്നെ നോക്കി. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അടുക്കളയിലെ ബാക്കി ജോലികളിലേക്കു ഞാൻ ചെന്നു. ഇനിയും ചോദ്യങ്ങൾ ഉണ്ടേൽ ഏട്ടൻ അമ്മയോട് ചോദിച്ചോളും, അവര് അമ്മയായി മോനായി.. ഞാൻ വെറും കാഴ്ചക്കാരി.