താന്തോന്നി
Story written by DHANYA SHAMJITH
വാതില് തൊറക്ക് തള്ളേ….. ഇത്ര നേരത്തെ കെട്ടും പൂട്ടുമിട്ട് വക്കാനും മാത്രം ഇവിടന്താ ഒള്ളേ….
അടഞ്ഞ് കിടന്ന വാതിലിൽ ആഞ്ഞടിച്ച് രഘു ഉറക്കെ വിളിച്ചു.
തല്ലിപ്പൊളിക്കണ്ട അല്ലെങ്കിലേ ഇളകി തൂങ്ങിയിരിക്കുവാ…. നീരസത്തോടെ മാതമ്മ വാതിൽ തുറന്നു.
നിങ്ങളെന്തിനാ ഇരുട്ടണേന് മുന്നേ വാതിലും പൂട്ടി അകത്ത് അടയിരിക്കണേ..
അല്ലാതെന്തോ വേണം, പാതിരാവരെ കുടിച്ച് കൂത്താടി നടക്കണ നിന്നേ കാത്ത് ഉമ്മറത്തിരിക്കണമായിരിക്കും… അവർ ചുണ്ടു കോട്ടി.
കാലല്ലാത്ത കാലാ ഞാനിവടെ തനിച്ചാന്ന കാര്യം എന്റെ മകന് ഓർമ്മേല്ല വല്ലോം പറ്റിയേച്ചും പിന്നെ നെലോളിച്ചിട്ടെന്ത കാര്യം.
ഓ പിന്നേ…… ഐശ്വര്യ റായിയാണല്ലോ പൊരേല് ഇരിക്കണത് ഒന്ന് പോ തള്ളേ…ഉമ്മറത്തൊരു വെളക്കെങ്കിലും വച്ചൂടാർന്നോ നിങ്ങക്ക്… ബാക്കിയുള്ളോര് ഇപ്പം വീണ് ചത്തേനെ…. രഘു വേച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി.
വീഴും വീഴും അക്കണക്കല്യോ വലിച്ചു കേറ്റിയേക്കണത്..പാതിരായ്ക്ക് പട്ടച്ചാരായോം വലിച്ചു കേറ്റി വന്നിട്ട് എനിക്കാ കുറ്റം…
ആ ഞാങ്കുടിക്കും പട്ടച്ചാരായല്ല അയിലും വല്യത് കുടിക്കും, അന്തസ്സായി പണിയെടുത്തിട്ടാ രഘു കുടിക്കണേ..ല്ലാതെ ആര് ടേം കീശേന്ന് കയ്യിട്ടല്ല… അതും ന്റ ദെണ്ണം കൊണ്ട്..
ദെണ്ണം പോലും, എന്നെ കൊണ്ട് പറയിപ്പിക്കണ്ട നീ,മാതമ്മ ഒച്ചയുയർത്തി.
ഞാമ്പറയും,, എനിക്കാ രൂല്ല, പെറ്റ തള്ള ഇങ്ങനെ കെട്ടിയ പെണ്ണാണേ നാലാം നാള് ഇട്ടേച്ചും പോയി… നാട്ടാര്ടെ കളിയാക്കല് കേട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാ ഞാനീ കുടി കുടിക്കണേ അവളൊറ്റൊരുത്തിയാ കാരണം….അവന്റെ ശബ്ദം കുഴഞ്ഞു.
അവള് പോയെങ്കി കണക്കായിപ്പോയി, അവൾടെ കുറ്റം കൊണ്ടല്ലല്ലോ, താലികെട്ടണനേരത്തും ലക്കില്ലാണ്ട് നീ കാട്ടിക്കൂട്ടീത് കണ്ട ആരായാലും അതേ ചെയ്യൂ….
മിണ്ടര്ത് തള്ളേ ചവിട്ടിക്കൂട്ടി മൂലക്കിടും ഞാൻ….. കലിപിടിച്ച് രഘു അവർക്കു നേരെ പാഞ്ഞടുത്തു.
പിന്നേ.. ആദ്യം കാല് നെലത്തൊറപ്പിക്ക് ന്നിട്ട് മതി ചവിട്ടും തൊഴിം…
പരട്ട് തള്ളേ…… പല്ലിറുമ്മിക്കൊണ്ട് അവൻ അവരെ ചവിട്ടാനാഞ്ഞതും നില തെറ്റി വീണതും ഒരുമിച്ചായിരുന്നു..
അയ്യോ……. ന്റമ്മേയ്….. ഒന്ന് പിടി തള്ളേയ്….
എണീക്കാൻ നോക്കിയിട്ടും ബാലൻസ് കിട്ടാതെ വീണു കിടന്ന് രഘു ഉറക്കെ വിളിച്ചു.
പിറുപിറുത്തു കൊണ്ട് മാതമ്മ അവനെ എണീപ്പിക്കാനൊരു ശ്രമം നടത്തി, പറ്റില്ലെന്ന് കണ്ടപ്പോൾ ഉറക്കെ നീട്ടി വിളിച്ചു,.
ചന്ദ്രോയ്………. ഒന്നിങ്ങ് വന്നേടാ….
വിളി കാത്തിട്ടെന്ന പോലെ അയലത്തു നിന്നും അയാൾ ഓടിയെത്തി.
ഞാനിപ്പം ഓർത്തേയുള്ളൂ ഇന്ന് വിളി കേട്ടില്ലല്ലോന്ന്, പതിവ് തെറ്റിയില്ലല്ലേ മാതേച്ചിയേ….
അത് മാറണേ കാക്ക മലന്ന് പറക്കണം, നീയൊന്ന് പിടി ഉമ്മറത്തോട്ട് കെടത്തിയാ മതി എനിക്ക് വയ്യ രാവിലെ ഛർദ്ദി കോരാൻ…
അയാളവനെ കോരിയെടുത്ത് ഉമ്മറത്ത് വിരിച്ച പായിൽ കിടത്തി…
ചവിട്ടിക്കൂട്ടിക്കളയും ഞാൻ…… ചുരുണ്ടു കിടന്ന് രഘു പിറുപിറുക്കുന്നുണ്ടായിരുന്നു.
ഇങ്ങക്കിതിന്റെ വല്ല കാര്യോണ്ടോ മാതേച്ചീ ന്നാള് കുഞ്ഞോള് വന്നപ്പ അങ്ങോട്ട് ചെല്ലാൻ വിളിച്ചതല്ലേ…. അയാൾ ചോദിച്ചു.
നാളെ വെളുക്കട്ട് ഞാമ്പോ വാ ഇനി വയ്യ ഇവന്റെ തെറീം തേപ്പും കേട്ട് നിക്കാൻ, ആണൊരുത്തൻ ഇണ്ടായപ്പോ വയസാംകാലത്ത് തൊണക്ക് ആളായി ലോന്ന് കരുതീതാ ന്നിട്ട് ഓന് ചെലവിനും കൂടി ഞാങ്കൊണ്ട് കൊടുക്കണം പോരാത്തേന് തെറി വേറെം…. മതിയായി.
വെളിവ് വക്കുമ്പം പറഞ്ഞിട്ട് പോവാ ഞാൻ കുഞ്ഞോടടുത്തേക്ക് …. അവർ മൂക്കുപിഴിഞ്ഞു.
ഉവ്വ് ഉവ്വ്, ഞാനിത് എന്നും കേക്കണതല്ലേ നേരം പൊലർന്നാ നിങ്ങള് അമ്മേം മോനും ചക്കരേം ഈച്ചേം പോലാ…. അയാൾ ചിരിച്ചു.മാതമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.
അത് പിന്നെ പോവാന്ന് വച്ച് ഇറങ്ങുമ്പം ഓനൊരു വിളിയാ തള്ളേ വല്ലോം തിന്നാൻ തന്നിട്ട് പോന്ന്…. അപ്പ പിന്നെ ന്റ കാല് നീങ്ങൂല എത്രയായാലും എന്റെ മോനല്ലേടാ…. അവരുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞിരുന്നു.
തന്നെ തന്നെ…. ഞാൻ പോണ്, നാളെ ഇന്നേരത്ത് വരാ…. ചന്ദ്രൻ ചിരിയോടെ നടന്നു.
തള്ളേ……. വല്ലോം തിന്നാനിരിപ്പൊണ്ടോ അതോ പട്ടിണി കെടക്കണന്നാണോ…. വെശന്നിട്ട് കൊടല് കത്തണ്.
പുറകിൽ നിന്നും ശബ്ദം കേട്ട് തിരിയുമ്പോൾ കണ്ടു ഭിത്തിയിൽ ചാരിയിരിക്കുന്ന രഘു.
മാതമ്മ കൂർപ്പിച്ച നോട്ടത്തോടെ അവനെയൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി മൂടിവച്ച പാത്രവുമായി തിരികെ വന്നു.
ഇന്നാ വിഴുങ്ങ്…… പാത്രം ശബ്ദത്തോടെ അവന്റെ മുന്നിലേക്ക് വച്ച് അവരും പായയുടെ അരികിലിരുന്നു.. അവനാ പാത്രം തുറന്നു.
ഓ ഇന്നും ഈ ഒണക്ക കപ്പ തന്നാണോ….. അവന്റെ മുഖം കോടി.
അല്ലട നെനക്ക് മിണുങ്ങാൻ ബിരിയാണി വച്ച് വക്കാം ഞാൻ…. അവർ ഒച്ചയിട്ടു.
ഞാനൊന്നും പറഞ്ഞില്ലേ….. അതും പറഞ്ഞവൻ ഒരു കഷ്ണം കപ്പയെടുത്ത് വായിലേക്കിട്ടു… പിന്നെയെന്തോ ഓർത്തിട്ടെന്ന പോലെ അമ്മയെ നോക്കി ചോദിച്ചു.
തള്ള കഴിച്ചാ?
മാതമ്മ അവനെയൊന്ന് നോക്കി മുഖം തിരിച്ചിരുന്നു….
പാതിരായായിട്ടും വീട്ടികേറാത്ത മക്കള് ഒള്ള തളളമാര്ക്ക് നേരത്തും കാലത്തും തൊണ്ടേന്ന് വല്ലോം എറങ്ങോ…… അവരുടെ ഒച്ച അടഞ്ഞിരുന്നു.
ആ,, പോട്ട് ന്നാ ഇത് കഴി..
രഘു ഒരു കഷ്ണം കപ്പ യെടുത്ത് അവർക്കു നേരെ നീട്ടി… മാതമ്മ അതിലേക്കൊന്ന് നോക്കി പിന്നെ അത് വാങ്ങി വായിലേക്കിട്ടു..
ഇച്ചിരി മീന്റ വെള്ളോം കൂടിയുണ്ടാർന്നേ നന്നായേനേ ല്ലേ തള്ളേ…… അവൻ അമ്മയെ നോക്കി.
മീന്റെ വെളളല്ല……. വെറ് തെ ന്നെ കൊണ്ട് പറയിക്കണ്ട ക്യത്രിമ ദേഷ്യത്തോടെ അവരവനെ തുറിച്ചു നോക്കി എഴുന്നേറ്റു..
ഞാൻ വെറുതെ പറഞ്ഞതാ നിങ്ങളിരി…. അവൻ വിളിച്ചു…
തിരിഞ്ഞു നോക്കാതെ അകത്തേക്ക് നടക്കുന്നിതിനിടയിൽ മാതമ്മ ഉറക്കെ പറയുന്നുണ്ടായിരുന്നു.
“ഞാനിച്ചിരി കാന്താരി പൊട്ടിച്ചേച്ചും വരാടാ കപ്പയ്ക്ക് അതാ നല്ലത്…. “