ഒന്ന് പോടാ.. എല്ലാം മനുഷ്യൻ വരുത്തി വെച്ചതാ.. ദൈവമുണ്ട്, ദൈവം ആരെയും ദ്രോഹിച്ചിട്ടില്ല…..

ദൈവം

Story written by Murali Ramachandran

“വാ കീറിയ ദൈവം ഇര തരാതെ ഇരിക്കില്ലടാ.. നമുക്ക് നോക്കാം, എല്ലാം അങ്ങേര് കാണുന്നുണ്ട്.”

അവൻ അത് പറയുമ്പോൾ ഞാൻ അവനെ ഒന്നു നോക്കി. എന്നിട്ട് ചിരിച്ചു,

അവൻ പറഞ്ഞതിനെ ഓർത്ത് വീണ്ടും ചിരിച്ചു. എന്റെ ചിരികണ്ടതും അവനെന്നെ നോക്കി പുരികം ചുളിച്ചു.

“എടാ.. നീയിപ്പോ എന്തിനാ ഈ ചിരിക്കൂന്നേ..? ഞാനതിന് ചിരിക്കാനും മാത്ര തമാശയൊന്നും പറഞ്ഞില്ലല്ലോ..?”

“അല്ല, നീ പറഞ്ഞ ദൈവൊന്ന് ഒന്നുണ്ടെങ്കില്.. ഈ കാണുന്ന മനുഷ്യരെല്ലാം രോഗം വന്ന് ചാകുവോടാ..? പോട്ടേ, നമ്മള് ഇവിടെ കിടന്ന് തെണ്ടി ജീവിക്കേണ്ട ഗതികേട് വരുവോ..? ഏത് നേരവും ദൈവത്തെ വിളിക്കുന്ന നീ പോലും എന്നെ പ്പോലെ നടുറോഡിൽ പിച്ചയെടുത്തുനടന്നല്ലെ ജീവിക്കുന്നെ..? നിനക്ക് സ്വന്തമായി വീടുണ്ടോ..? പോട്ടെ, കുടുംബം എങ്കിലും ഉണ്ടോ..? “

പറഞ്ഞു തീർന്നതും ഞാൻ അവനെ നോക്കി പുച്ഛിച്ചു.

“ഒന്ന് പോടാ.. എല്ലാം മനുഷ്യൻ വരുത്തി വെച്ചതാ.. ദൈവമുണ്ട്, ദൈവം ആരെയും ദ്രോഹിച്ചിട്ടില്ല. നീ ദൈവത്തെ പഴി പറയണ്ട. മനുഷ്യൻ ചെയ്തതിന് ദൈവമെന്ത് പിഴച്ചു. “

വീണ്ടും അവന്റെ മറുപടി കേട്ട പാടെ, ഞാൻ തുടർന്നു.

“ചേ നിർത്തടാ.. ഒര് കാര്യം നീ ഓർത്തോ.. ഈ പറയുന്ന ദൈവത്തിന്റെ അമ്പലവും, പള്ളിയും ഒക്കെ അടച്ചു. ദൈവവും, ആൾദൈവവുമൊക്കെ ഇറങ്ങി ഓടി. ഇനി ചാവാതെ കുറച്ച് മനുഷ്യരുണ്ടിവിടെ, അവരാരേലും വരുന്നുണ്ടോന്ന് ഇറങ്ങി നോക്ക്. അല്ലാതെ, എന്റെ മുന്നിലിരുന്ന് ഇല്ലാത്ത ദൈവത്തിന്റെ പേര് പറയല്ല്.. “

ഞാൻ അത് പറഞ്ഞിട്ട് പോക്കറ്റിൽ കരുതി വെച്ച ഒരു ബീഡിയെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു. നീട്ടി വലിച്ച് പുക പുറത്തേക്ക് വിടുമ്പോൾ അവനെന്നെ നോക്കി ചോദിച്ചു.

“ഒര് ബീഡി കൂടെ ഒണ്ടേ താടാ.. ഞാനും വലിക്കട്ടെ.. “

“ഓ.. അത് നീ നിന്റെ ദൈവത്തോട് ചെന്ന് ചോദിക്ക്, കഴിക്കാൻ തരുമ്പോ ഒരു ബീഡി കേട്ട് കൂടി തരാൻ. “

അത് പറഞ്ഞപ്പോൾ അവനെന്നെ തുറിച്ച് നോക്കി. ഒരു ചിരിയോട് ഞാൻ പറഞ്ഞു.

“എടാ.. എന്റെ കൈയില് ആകെ ഇതൊരണ്ണം മാത്രേ ഉള്ളു. നീ വേണേൽ ഇതില് രണ്ട് വലി വലിച്ചോ..”

ഞാനാ ബീഡി കൊടുത്തപ്പോൾ അവൻ അത് ആർത്തിയോടെ പുക വലിച്ചിറക്കി. ഞാൻ അവനെ നോക്കി ഇരിക്കുമ്പോൾ പെട്ടെന്ന് ഞങ്ങൾക്ക് മുന്നിൽ ഒരു വാൻ വന്നു നിന്നു. ഉടനെ കൈയിൽ പിടിച്ച ബീഡി അവൻ താഴേക്കെറിഞ്ഞു. ഞാനും, അവനും ചാടി എഴുന്നേറ്റു. വാനിൽ നിന്നും ഒരു മുഖം മറച്ച സ്ത്രീ എന്നോട് ചോദിച്ചു.

“നിങ്ങള് രണ്ടാളും കഴിച്ചാരുന്നോ..?”

“ഇല്ല സാറെ.. ഈ നേരം വരെ ഒന്നും കഴിച്ചിട്ടില്ല, പട്ടിണിയാ..” ഞാൻ അത് പറഞ്ഞപ്പോൾ വാനിൽ നിന്നും അവർ പുറത്തേക്ക് ഇറങ്ങി വന്നു. രണ്ട് പൊതി ചോറും, വെള്ളക്കുപ്പിയും ഞങ്ങളുടെ കൈയിൽ തന്നു. കൂടെ ഉളള സഹ പ്രവർത്തകരോട് പറഞ്ഞു.

“രണ്ട് മാസ്ക്ക് കൂടി ഇവർക്ക് കൊടുത്തേക്ക്. ദേ, ഇതു ധരിച്ച് വേണം പുറത്തേ ക്കിറങ്ങാൻ.. കെട്ടോ..” ഞങ്ങൾക്ക് അത് തന്നേച്ചും അവർ വാനിൽ കയറി പോയി. അപ്പോൾ ഞാൻ അവരെ നോക്കി നന്ദിയോടെ എന്റെ കൈ കൂപ്പി. അത് കണ്ടപാടെ അവൻ തുടർന്നു.

“കണ്ടോ.. എന്റെ ദൈവം എന്റെ വിളി കേട്ടു. കണ്ടോടാ.. ദൈവമുണ്ട്.”

പതിവുപോലെ അവന്റെ ദൈവ വിളി തുടർന്നു. ഞാൻ മറുത്ത് പറയാൻ നിന്നില്ല. അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ. ദൈവം അല്ല, ചില മനുഷ്യരാണ് ദൈവ തുല്യരായി മാറുന്നത്. അതും ഈ സാഹചര്യത്തിൽ. അതിന് വേണ്ടിയാണ് ഞാൻ ഈ കൈകൂപ്പിയതും.

Leave a Reply

Your email address will not be published. Required fields are marked *