ഒന്ന് പോടാ … നിനക്കെൻ്റെ സ്വഭാവം നന്നായിട്ടറിയാമല്ലോ? എനിക്കൊരു പെണ്ണിനെക്കൊണ്ടൊന്നും തൃപ്തിപ്പെടാൻ കഴിയില്ല കല്യാണം കഴിഞ്ഞാലും എൻ്റെയാ പഴയ കോഴി സ്വഭാവം എന്നെ വിട്ട് പോകില്ല …………

Story written by Saji Thaiparambu

“ഡാ, നവാസേ… നിന്നെ ഞാൻ സമ്മതിച്ചു ,ഊമയായ ഒരു പെൺകുട്ടിക്ക് നീയൊരു ജീവിതം കൊടുത്തല്ലോ?

പാവം കോയായ്ക്ക, അയാൾക്ക്തൻ്റെ മോളുടെ ഭാവിയെക്കുറിച്ച് ,എപ്പോഴും ഉത്ക്കണ്ഠയായിരുന്നു ,എന്തായാലും നീ വലിയ മനസ്സുള്ളവനാടാ ,നാട്ടിൽ നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള പെണ്ണുങ്ങളുണ്ടായിട്ടും, നീ ആ പാവത്തിനെ തന്നെ നിക്കാഹ് ചെയ്തല്ലോ? പടച്ചോൻ്റെ തൗഫീഖ് നിനക്കെന്നു മുണ്ടാവുമെടാ..”

നാളുകൾക്ക് ശേഷം തൻ്റെ പഴയ കൂട്ടുകാരനെ കണ്ട് മുട്ടിയപ്പോൾ, സലീമ് സന്തോഷത്തോടെ പറഞ്ഞു.

“ഒന്ന് പോടാ … നിനക്കെൻ്റെ സ്വഭാവം നന്നായിട്ടറിയാമല്ലോ?എനിക്കൊരു പെണ്ണിനെക്കൊണ്ടൊന്നും തൃപ്തിപ്പെടാൻ കഴിയില്ല, കല്യാണം കഴിഞ്ഞാലും, എൻ്റെയാ പഴയ കോഴി സ്വഭാവം എന്നെ വിട്ട് പോകില്ല ,സാധാരണ ഒരു പെണ്ണിനെയാണ് കെട്ടുന്നതെങ്കിൽ, പിന്നെ അവളെ പേടിച്ച് അനങ്ങാൻ പറ്റില്ല ,ഇതാവുമ്പോൾ, മിണ്ടാതെ ഒരു മൂലയ്ക്കിരുന്നോളും, അല്ലാതെ എൻ്റെ വിശാല മനസ്സ് കൊണ്ടൊന്നുമല്ല ഞാനവളെ കെട്ടിയത്”

കൂട്ടുകാരൻ്റെ സംസാരം കേട്ട്, സെലീമ് അമ്പരന്ന് പോയി.

“എന്നാലും എൻ്റെ നവാസേ.. നീ ചെയ്യുന്നത് കൊടും ചതിയാണ് കെട്ടോ? പടച്ചോൻ നിന്നെ വെറുതെ വിടില്ല”

“നീയൊന്ന് പോടാ.. എന്നെയാരും ഉപദേശിക്കുന്നത് എനിക്കിഷ്ടമല്ല”

കൂട്ടുകാരനോട് കയർത്ത് സംസാരിച്ചിട്ട് നവാസ് ബൈക്കോടിച്ച് പോയി.

ഈ സമയം ,നവാസിൻ്റെ ഭാര്യ തനൂജ ഭർത്താവിന് അത്താഴവും വിളമ്പിവച്ച്, വഴിക്കണ്ണുമായി ഉമ്മറപ്പടിയിലിരിക്കുകയായിരുന്നു.

നേരമേറെയായിട്ടും നവാസിനെ കാണാഞ്ഞ്, അവൾക്ക് ആധി കൂടി, ചുവരിലെ ക്ലോക്കിൽ പതിനൊന്ന് മണി കഴിഞ്ഞപ്പോൾ, വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരൊക്കെ, ടി വി ഓഫ് ചെയ്തിട്ട് ഉറങ്ങാനായി അവരുടെ റൂമിലേക്ക് പോയി.

“മോള് വെറുതെ ഉറക്കമിളയ്ക്കണ്ട, അവൻ വരുമ്പോൾ വെളുപ്പാൻ കാലമാകും ,പോയി കിടക്കാൻ നോക്ക്”

നവാസിൻ്റെയുമ്മ, അവളോട് പറഞ്ഞു.

അത് കേട്ട് അവൾക്ക് സങ്കടം വന്നെങ്കിലും, അവിടെത്തന്നെയിരുന്ന് റോഡിലേക്ക് ആകാംക്ഷയോടെ നോക്കി.

അവിടെയിരുന്ന് മയങ്ങിപ്പോയ അവൾ ,തോളിലാരോ തട്ടുന്നതറിഞ്ഞാണ് കണ്ണ് തുറന്നത്.

മുന്നിൽ നവാസ് ,നില്ക്കുന്നത് കണ്ട്, അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു.

അയാൾ അവളെ അവഗണിച്ച് ആടിയാടി മുറിക്കുള്ളിലേക്ക് പോയി.

വല്ലാത്തൊരു ദുർഗ്ഗന്ധവും, അയാളുടെ കുഴഞ്ഞുള്ള നടപ്പും കണ്ടപ്പോൾ ,തൻ്റെ ഭർത്താവ് മദ്യപിച്ചാണ് വന്നതെന്ന് ഞെട്ടലോടെയവൾ തിരിച്ചറിഞ്ഞു.

മുറിയിലേക്ക് ചെല്ലുമ്പോൾ, വന്നവേഷത്തിൽ തന്നെ കട്ടിലിൽ കമിഴ്ന്നടിച്ച് കിടക്കുന്ന, നവാസിനെയാണവൾ കണ്ടത്.

സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

തൻ്റെ ബാപ്പയ്ക്ക് അബദ്ധം പറ്റിയെന്ന് അവൾക്ക് മനസ്സിലായി, എങ്കിലും ,ബാപ്പയെ ഒന്നുമറിയിക്കാതെ, എല്ലാം നേരിടാൻ അവൾ മനസ്സിനെ ബലപ്പെടുത്തി.

പിറ്റേന്ന് ചായയുമായി വന്നവൾ നവാസിനെ തട്ടി വിളിച്ചു.

കണ്ണ് തുറന്ന നവാസ്, കുളി കഴിഞ്ഞ് ഈറൻ മാറി മുന്നിൽ നില്ക്കുന്ന, തനൂജയെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവൾ കുതറി മാറി.

“ഓഹ്, ഇന്നലെ ഞാൻ വന്നപ്പോൾ കുറച്ച് താമസിച്ച് പോയി, മാത്രമല്ല ഇത്തിരി ഫിറ്റുമായിരുന്നു ,അത് പിന്നെ.. കൂട്ടുകാരൊക്കെ കൂടി നിർബന്ധിച്ചത് കൊണ്ടാ, സോറി, ഇനിയതാവർത്തിക്കില്ല കെട്ടോ? നീ ഇവിടെ എൻ്റെ അടുത്ത് വന്നിരിക്ക്”

അവൻ്റെ കണ്ണിലെ തിരയിളക്കം അവൾ കണ്ടു.

മേശപ്പുറത്തിരുന്ന ഡയറിയിൽ, പേന കൊണ്ട് എന്തോ എഴുതിയിട്ട്, അവൾ അവൻ്റെ നേരെ നീട്ടി.

“നിങ്ങള് കുടിക്കുന്നതിൽ എനിക്ക് യാതൊരെതിർപ്പുമില്ല ,മദ്യപാനം പൗരുഷത്തിൻ്റെ ലക്ഷണമാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട് ,പക്ഷേ നിങ്ങൾക്കെന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ,ഒരു കുപ്പിയിൽ കുറച്ച് മദ്യം എനിക്ക് കൂടി കൊണ്ട് തരാമായിരുന്നു, അതിൻ്റെ രുചിയറിയാൻ എനിക്കും കൊതിയുണ്ടാവില്ലേ?

അത് വായിച്ച നവാസിൻ്റെ തലയിലെ ,തലേ ദിവസം കുടിച്ച മദ്യത്തിൻ്റെ ലഹരി മുഴുവൻ താഴേയ്ക്കിറങ്ങിപ്പോയി.

മറുപടിയൊന്നും പറയാതെ, ചൂട് ചായ വലിച്ച് കുടിച്ചിട്ട്, നവാസ് ബാത്റൂമിലേക്ക് പോയി.

പല്ല് തേപ്പും കുളിയുമൊക്കെ കഴിഞ്ഞയാൾ ,തല തുവർത്തിക്കൊണ്ട് ,ബെഡ് റൂമിലേക്ക് കയറി വന്നപ്പോൾ, തനൂജ അയാൾക്ക് നേരെ മൊബൈൽ വച്ച് നീട്ടി.

അയാളത് വാങ്ങി നോക്കുമ്പോൾ, തനൂജ അടുത്ത് ചെന്ന് വാട്സ് ആപ്പിൽ വന്ന പല സത്രീകളുടെയും, അശ്ളീലമെസ്സേജുകൾ അയാളെ കാണിച്ച് കൊടുത്തു.

“ഓഹ് ഇത് ചുമ്മാ, പഴയ കൂട്ടുകാരികളാ ,വെറുതെ ഒരു രസത്തിന് ചാറ്റുന്നതാ , ഞാൻ കല്യാണം കഴിച്ചതൊന്നും അവള്മാരറിഞ്ഞിട്ടില്ല അത് കൊണ്ടാണ് , നീ കഴിക്കാൻ എടുത്ത് വയ്ക്ക്, എനിക്കിന്ന് കുറച്ച് നേരത്തെ പോകണം”

അത് കണ്ട് നവാസ് ലാഘവത്തോടെ പറഞ്ഞു.

തനൂജ വിളമ്പി കൊടുത്ത നാസ്ത കഴിച്ചിട്ട്, നവാസ് പുറത്തേയ്ക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ, അവൾ ,എന്തോ എഴുതിയ ഒരു പേപ്പർ അവൻ്റെ നേരെ നീട്ടി, അയാളത് വാങ്ങി വായിച്ച് നോക്കി.

“പിന്നെ… എൻ്റെ നമ്പരിലേക്ക് മൂന്ന് മാസത്തേയ്ക്കുള്ള നെറ്റ് ഒന്ന് ചാർജ്ജ് ചെയ്തേക്കണേ, വീട്ടിൽ നിന്ന് വന്നതിന് ശേഷം, ആരെയും ചാറ്റ് ചെയ്യാൻ പറ്റിയിട്ടില്ല ,ഇൻബോക്സിൽ സ്ഥിരമായി വരുന്ന കുറച്ച് പഞ്ചാരക്കുട്ടന്മാരുണ്ട് ,നല്ല രസമാ അവരുമായിട്ട് ചാറ്റ് ചെയ്തിരിക്കാൻ, നേരം പോകുന്നതറിയില്ല ,എൻ്റെ കല്യാണം കഴിഞ്ഞതൊന്നും അവരറിഞ്ഞിട്ടില്ല ,എന്തിനാ വെറുതെ അറിയിച്ച്, നമ്മളായിട്ട് ഉള്ള രസം കളയുന്നത് ,നമുക്ക് തമ്മിൽ ഒരു ഒത്തൊരുമയുണ്ടെങ്കിൽ, സ്മൂത്തായിട്ട് കാര്യങ്ങൾ നടക്കും, ങ്ഹാ പിന്നെ ,രാത്രി താമസിച്ച് വന്നാലും കുഴപ്പമില്ല കെട്ടോ ,വരുമ്പോൾ എനിക്കുള്ള ക്വാട്ട കൊണ്ട് വരാൻ മറക്കണ്ട”

അത് വായിച്ച് കഴിഞ്ഞപ്പോൾ, നവാസിൻ്റെ പെരുവിരൽ മുതൽ പെരുത്ത് കയറി.

അയാൾ ബൈക്ക് സ്റ്റാൻ്റിൽ വച്ചിട്ട്, അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട്, മുറിക്കുള്ളിലേക്ക് പോയി.

“എടീ.. നീയൊരു അടക്കവും ഒതുക്കവുമുള്ള പാവം പെണ്ണാണെന്ന് കരുതിയാ, മിണ്ടാപ്രാണിയായ നിന്നെ ഞാൻ കെട്ടിയെടുത്തത് ,അല്ലാതെ നിനക്ക് മദ്യം വാങ്ങിച്ച് തരാനും, കണ്ടവൻമാരെ കൂട്ടിത്തരാനും വേണ്ടിയല്ല,”

അതിന് മറുപടിയായി, ഡയറി തുറന്നവൾ ഇങ്ങനെ എഴുതി.

” ഊമയായ എന്നെ, കെട്ട് പ്രായം കഴിഞ്ഞിട്ടും, ആരും കല്യാണം കഴിക്കാനില്ലാതെ വീട്ടിൽ നിന്ന സമയത്ത് , രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാൻ നിങ്ങൾ വന്നപ്പോൾ, ഞാനും എൻ്റെ ബാപ്പയും ഒരുപാട് സന്തോഷിച്ചു ,നിങ്ങളോടൊപ്പം യാത്ര യാക്കുമ്പോൾ, ബാപ്പ എന്നോട് ഒരു കാര്യമേ പറഞ്ഞുള്ളു,നല്ലതായാലും, ചീത്തയായാലും ഭർത്താവിൻ്റെ ഇഷ്ടമെന്താണോ, അതറിഞ്ഞ് നീ ജീവിക്കണമെന്ന്,അല്ലാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ, ഭർത്താവുമായി പിണങ്ങി നീ തിരിച്ചിങ്ങോട്ട് വന്നാൽ, പ്രായമായ നിൻ്റെ ബാപ്പയ്ക്ക് നീയൊരു ബാധ്യതയാകുമെന്ന ചിന്ത, നിനക്കെപ്പോഴുമുണ്ടാവണമെന്ന് ,അങ്ങനെയാണ് ഞാൻ ,എൻ്റെ ഭർത്താവിൻ്റെ ഇഷ്ടങ്ങൾക്കൊപ്പം നില്ക്കാൻ തീരുമാനിച്ചത്, അത് തെറ്റാണെങ്കിൽ ആദ്യം നിങ്ങള് നേരെയാവു, അപ്പോൾ ഞാനും നിങ്ങളെപ്പോലെയാവാം”

താൻ വിചാരിച്ചത് പോലെയല്ല, തൻ്റെ ഭാര്യയെന്ന് നവാസിന് മനസ്സിലായി ,അവളുടെ ഓരോ വാക്കുകളും ഉറച്ചതാണെന്നും, അവളൊരു സാധാരണ സ്ത്രീയല്ലെന്നും അയാൾക്ക് ബോധ്യമായി, അവൾ രണ്ടും കല്പിച്ചാണെന്നും, നോക്കിയും കണ്ടും നിന്നില്ലെങ്കിൽ, തൻ്റെ ഗതി അധോഗതിയാകുമെന്ന് മനസ്സിലായ അയാൾ, അവളോട് മാപ്പ് പറഞ്ഞു.

“സോറി തനൂജ, എൻ്റെ തെറ്റുകൾ ഞാനിനി ആവർത്തിക്കില്ല, ഇത് സത്യം”

“ശരി, എങ്കിൽ നല്ല കുട്ടിയായിട്ട് പോയിട്ട് വാ, ഉച്ചയ്ക്ക് ഊണ് വിളമ്പി ഞാൻ കാത്തിരിക്കും, ഞാൻ നോക്കട്ടെ, എൻ്റെ ഭർത്താവിനെ നേരെയാക്കാൻ പറ്റുമോന്ന്”

ഡയറിയിൽ കുറിച്ചിട്ട വരികൾ ഒരു പുഞ്ചിരിയോടെ നവാസ് വായിക്കുമ്പോൾ, തനൂജ ഇരു കൈകൾ കൊണ്ടും ,അവൻ്റെ മുഖം കോരിയെടുത്ത്, നെറ്റിയിൽ അമർത്തി ചുംബിച്ചു.

മതി, തനിക്കിവള് മതി ,ഇനിയൊരിക്കലും താൻ വഴി പിഴച്ച് പോകില്ലെന്ന് അയാൾ മനസ്സിൽ ശപഥം ചെയ്തു.

അവളുടെ ആ സ്നേഹപ്രകടനം അവനെ ഉന്മത്തനാക്കിയപ്പോൾ, പുറത്തേയ്ക്ക് പോകാനുള്ള അയാളുടെ വ്യഗ്രത താനെ ഇല്ലാതായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *