Story written by Santhosh Appukuttan
പെണ്ണും ചോദിച്ച് ഈ തറവാട്ടിലേക്ക് കടന്നു വരാൻ നിനക്കെങ്ങിനെ കഴിഞ്ഞൂവെന്ന് അലർച്ചയോടെ -ചോദിച്ചയാൾ വർഷങ്ങൾക്കു ശേഷം -തന്റെ കൊച്ചുവീടിന്റെ അകത്തേക്ക് കയറട്ടെയെന്ന് ചോദിച്ചപ്പോൾ ദേഷ്യമല്ലായിരുന്നു തോന്നിയത് –
പകരം സ്നേഹമായിരുന്നു മനസ്സിൽ ഉടലെടുത്തത്!
കാരണം, എത്ര ശത്രു ആയിരുന്നാലും അതു തന്റെ പ്രിയപ്പെട്ട അച്ചുവിന്റെ അച്ചനായിരുന്നു.
ഋതുക്കൾ മാറിയകന്നിട്ടും ഇപ്പോഴും നിലവിളക്ക് പോലെ പ്രകാശം പരത്തുന്നുണ്ടവൾ, മനസ്സിൽ.
നീയെന്റെ മോളെ മറക്കണമെന്നു പറഞ്ഞു അലറിയ ഒരു ശത്രുവിനെയല്ല ഞാനപ്പോൾ കണ്ടത്!
ഒരു മകളുടെ ഭാവിയെ കുറിച്ചോർത്തു -വ്യാകുലപ്പെട്ട ഒരച്ഛനെയായിരുന്നു.
“ഹരിയേട്ടൻ വിളിച്ചാൽ ഞാൻ ഇറങ്ങി വരാമെന്നു ” പറഞ്ഞവളോട്,
അച്ഛന്റെയും, അമ്മയുടെയും അനുവാദമില്ലാതെ, അവരുടെ ആശീർവാദമില്ലാതെ നിന്റെ കഴുത്തിൽ എന്റെ -താലി വീഴില്ലായെന്നു പറഞ്ഞത് അവളോടുള്ള ഇഷ്ടം കുറഞ്ഞത് കൊണ്ടല്ല.
ഒരച്ഛന്റെയും, അമ്മയുടെയും സ്നേഹം അനുഭവിക്കാൻ കഴിയാത്തതിന്റെ വേദന, എന്നെ പോലെ ആരും അനുഭവിക്കരുതെന്ന ആഗ്രഹം കൊണ്ടാണ്!
പുഞ്ചിരിയോടെ അച്ചുവിന്റെ അച്ഛനെ പിടിച്ച്, തന്റെ ചെറിയ വീട്ടിലേക്ക് കയറ്റുമ്പോൾ, ആ കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നത് എന്തിനാണെന്നറിയില്ലായിരുന്നു.
ആരെയോ തിരഞ്ഞെന്നപോലെ ആ കണ്ണുകൾ പിൻതിരിഞ്ഞപ്പോൾ, വന്ന കാറിൽ നിന്നും ഇറങ്ങുന്ന ആ സ്ത്രീയെ കണ്ടു അമ്പരന്നു ഞാൻ.
അച്ചുവിന്റെ അമ്മ!
“അവളൊരു പൊട്ടി പെണ്ണാ- മുന്നും പിന്നും നോക്കാതെയാ അവൾ മോനുമായി ഇഷ്ടത്തിലായേ –
മോൻ അവളെ പറഞ്ഞു മനസ്സിലാക്കണം എന്നു കണ്ണീരോടെ തൊഴുതു പറഞ്ഞപ്പോൾ,
ഒരു അദ്ധ്യാപിക ഇത്രയ്ക്കും പൊട്ടി പെണ്ണാണോയെന്ന മറുചോദ്യം ചോദിക്കാതെ,
അമ്മയുടെ കണ്ണീർ ഞാനായി വീഴ്ത്തില്ലായെന്ന് എന്റെ കണ്ണീരൊഴുക്കി ഞാൻ വാക്ക് പറഞ്ഞതാണ് !
അച്ചുവിന്റെ അമ്മയും,അച്ഛനും അകത്ത് കടന്ന് വീടിന്റെ ദയനീയത നോക്കാതെ എന്നെ തന്നെ നോക്കിയിരുന്നപ്പോൾ, അറിയാതെ നിറഞ്ഞ എന്റെ കണ്ണുകൾ വെട്ടുകല്ലിലൊരുക്കിയ ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഫോട്ടോയിലേക്ക് നീണ്ടു.
കാരണം അവരായിരുന്നു തന്റെ മുന്നിൽ ഇരിക്കുന്നതെന്നും, അവരെ ഒരു വാക്ക് കൊണ്ട് പോലും മുറിപ്പെടുത്തരുതെന്നും എന്റെ മനസ്സ് ആവർത്തിച്ചു മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
” അച്ഛനും അമ്മയും ആത്മഹiത്യ ചെയ്ത താണല്ലേയെന്ന് പതർച്ചയോടെ ചോദിച്ച അച്ചുവിന്റെ അച്ഛന്റെ കണ്ണിൽ നനവ് പടരും മുൻപ്, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനറിയുകയായിരുന്നു –
തളർച്ചയോടെ ഭിത്തി ചാരി നിന്നിരുന്ന എന്റെ കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീർ അച്ചുവിന്റെ അമ്മ തുടച്ചു മാറ്റിയതിനെക്കാൾ ഞാനേറെ അത്ഭുതപ്പെട്ടത് ആ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോഴാണ്.
വീർപ്പുമുട്ടിയ നിമിഷങ്ങൾക്കൊടുവിൽ ചായയുണ്ടാക്കാനായി കിച്ചനിൽ കയറി കെറ്റിലിൽ വെള്ളം വെച്ചപ്പോൾ അച്ചുവിന്റെ അമ്മ പതിയെ തന്നെ മാറ്റി സ്റ്റൗവ് കത്തിക്കുമ്പോൾ,
ഈ വീട്ടിൽ എന്തായാലും -ഒരു പെണ്ണു വേണം എന്നു പറഞ്ഞ് എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ണീരിലൂടെ എനിക്ക് കാണാമായിരുന്നു.
ചായയൂതി കുടിക്കുന്നതിനിടയിൽ വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന അച്ചുവിന്റെ അച്ചൻ മോന്തായത്തിലേക്ക് നോട്ടം മാറ്റിയപ്പോൾ, അമ്മ എന്തോ പറയാൻ വിമ്മിഷ്ടപ്പെടുകയായിരുന്നു.
” അച്ചുവിന്റെ കല്യാണം വിളിക്കാൻ വന്നതാണോയെന്ന് നെഞ്ചിടിപ്പിന്റെ ശബ്ദം കേൾപ്പിക്കാതെ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ, പരസ്പരം നോക്കി നിൽക്കുകയായിരുന്നു അച്ചുവിന്റെ അമ്മയും, അച്ഛനും !
നിമിഷങ്ങൾക്കൊടുവിൽ -“അതെയെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഹൃദയം പൊട്ടി പോകുമോയെന്ന ഭയമുണ്ടായിരുന്നെങ്കിലും, ചുണ്ടിലെ പുഞ്ചിരി വറ്റാതെ അച്ചനെ നോക്കി പറഞ്ഞതിങ്ങനെയാണ്:
“ക്ഷണക്കത്ത് വേണമെന്നില്ല അച്ഛാ ! ഡേറ്റ് പറഞ്ഞാൽ മതി -തലേ ദിവസം ഞാനവിടെയെത്തും –
ഒരു മകനായി കൂടെ നിന്ന് സഹായിച്ച്, വിവാഹ ചടങ്ങുകളൊക്കെ തീർന്നിട്ടേ ഞാൻ മടങ്ങൂ “
കസേരയിൽ നിന്ന് എഴുന്നേറ്റ്, അച്ചുവിന്റെ അച്ഛൻ പുഞ്ചിരിയോടെ തന്റെ തോളിൽ തട്ടുമ്പോൾ, ആർക്കുമൊരു ദ്രോഹം വരുത്തരുതെന്ന് കുഞ്ഞുനാളിൽ അച്ഛൻ ഉപദേശിച്ചത് തെറ്റിച്ചിട്ടില്ലായെന്ന ചാരിതാർത്ഥ്യ മായിരുന്നു മനസ്സിൽ.
” മോൻ മാത്രമായിട്ടല്ല മരുമകനുമായിട്ടും മോൻ തന്നെ മുഹൂർത്ത സമയത്ത് വേണമെന്ന് പറഞ്ഞപ്പോൾ, ഒന്നും മനസ്സിലാകാതെ നിന്ന തന്റെ കണ്ണുകൾക്കു മുന്നിൽ, അതിരിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ -ഡോർ തുറക്കുന്നതാണ് തെളിഞ്ഞത്.
കാറിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ആ രൂപത്തെ ശ്വാസം പിടിച്ചു നോക്കി നിന്നു.
മനസ്സിൽ എന്നും മഴവില്ലായി തെളിഞ്ഞു നിൽക്കുന്ന തന്റെ അച്ചു.
പൂമ്പാറ്റ പോലെ പാറി വന്നവൾ തന്റെ നെഞ്ചത്തേക്ക് ചായുമ്പോൾ സ്വപ്നത്തിലെന്നവണ്ണം നിൽക്കുന്ന തന്റെ കാതിൽ അച്ചുവിന്റെ അച്ഛന്റെ വാക്കുകൾ വന്നണഞ്ഞു കൊണ്ടിരുന്നു.
” സത്യമുള്ള പ്രണയങ്ങൾ എന്നും വിജയിച്ചിട്ടേയുള്ളൂ ഹരിക്കുട്ടാ –
നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന അച്ചുവിനെ തഴുകി കൊണ്ട് ഒരു സ്വപ്നത്തിലെന്നവണ്ണം അച്ഛനെ നോക്കിയപ്പോൾ, ആ കണ്ണു നിറഞ്ഞിരുന്നത് കാണാമായിരുന്നു .
” അതു കൊണ്ടല്ലേ ഒരിക്കൽ പെണ്ണു ചോദിച്ചു വന്ന ഹരിമോനെ ആട്ടിയിറക്കിയ ഞങ്ങൾക്ക് ആ പെണ്ണിനെ തന്നെ മോന്റെ മുന്നിലേക്ക് എത്തിക്കേണ്ടി വന്നതും”
കണ്ണീരോടെ നോക്കി നിന്നു പോയ് അച്ഛനെ !
ആ കൈകൾ വാത്സല്യത്തോടെ ശിരസ്സിൽ തലോടുന്നതറിഞ്ഞപ്പോൾ, കണ്ണിൽ നിന്നു ചുടു ദ്രാവകം പുറത്തുചാടാതിരിക്കാൻ വേണ്ടി കണ്ണടച്ചു കോട്ട തീർക്കുകയായിരുന്ന എന്റെ ശ്രമം വിഫലമാക്കിയിരുന്നു അച്ചന്റെ അടുത്ത വാക്കിൽ –
” ഇനി ഹരിമോൻ വിഷമിക്കരുത് –
മോനിപ്പോൾ അച്ഛനും അമ്മയും ഉണ്ട്! പിന്നെ മോനെ മരിച്ചാലും മറക്കില്ലായെന്ന് പറഞ്ഞ മോന്റെ അച്ചുവുമുണ്ട്! “
ഹരി കണ്ണീരോടെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നിരുന്ന അച്ചുവിനെ നോക്കിയപ്പോൾ, ഇടംകണ്ണിട്ട് ഒരു കുസൃതിയോടെ തന്നെ നോക്കുന്ന അച്ചുവിനെയാണ് കണ്ടത്!
സ്വന്തം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ, അടുത്ത ക്ലാസ്സിൽ പഠിപ്പിക്കുന്ന തന്നെ നോക്കാറുള്ള അശ്വതി ടീച്ചറിന്റെ അതേ കള്ളനോട്ടം!
പക്ഷെ -ആ കള്ളനോട്ടത്തിന് ഇപ്പോൾ മഴവില്ലിന്റെ ഭംഗിയേറിയിട്ടുണ്ടായിരുന്നു!