അഭിരാമി
എഴുത്ത്:-ജിജി ജോഷി
ചുവന്ന വാകമരങ്ങൾ പരവതാനി തീർത്ത കൽപാതകൾ താണ്ടി ആ പഴയ സിമന്റ് ബെഞ്ചിന്റെ അടുത്തെത്തിയപ്പോൾ അഭിയുടെ മനസ്സ് തേങ്ങുക യായിരുന്നു. എന്തിനായിരുന്നു എല്ലാം . ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ , …. പോകാതിരുന്നൂടെ എന്നൊന്ന് ചോദിച്ചിരുന്നെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കു മായിരുന്നോ?…
എടോ അഭിരാമീ താനിവടെ വന്ന് നിൽക്കുവാണോ അവിടെ എല്ലാവരും തന്നേം കാത്ത് നിൽക്കുവാണ് വന്നേ , ലീന വന്ന് വിളിച്ചപ്പോഴാണ് അഭിരാമി ചിന്തയിൽ നിന്നുണർന്നത്…. ഇന്ന് വൈശാഖിന്റെ വിവാഹമാണ് എല്ലാവരും അതിന്റെ തിരക്കിലാണ് പഴയ കൂട്ടുകാരെല്ലാം എത്തിയിട്ടുണ്ട്. കോളേജിലെ വാകമരങ്ങളും കൽബെഞ്ചുകളും കാറ്റാടികളും സാക്ഷി നിൽക്കെ ഇങ്ങനൊരു വിവാഹം … ഇതിനു പുറകിൽ ഒരു കഥയുണ്ട് കാലം ബാക്കി വച്ച ഒരു കറുത്ത ദിനത്തിന്റെ …
ശോഭ ഒരു നാട്ടിൽ പുറത്തുനിന്നുള്ള ദാവണിക്കാരി . ദാരിദ്ര്യം കടമെടുത്ത പഴയ തറവാടിന്റെ ഇടിഞ്ഞു വീണു തുടങ്ങിയ കല്ലുകൾ പെറുക്കിക്കൂട്ടി കൊട്ടാരം പണിയാൻ പട്ടണത്തിന്റെ വിദ്യാസമ്പന്നത തേടി ചേക്കേറിയവൾ … ഹോസ്റ്റലിൽ എന്റെയും ലീനയുടെയും കൂടെ ഒരു മുറിയിൽ , കാച്ചിയ വെളിച്ചണ്ണയുടെയും തുളസിക്കതിരിന്റെയും സുഗന്ധം എപ്പോഴും അവൾക്കൊപ്പമുണ്ടായിരുന്നു..
പരിചയപ്പെട്ട അന്നുമുതൽ അവൾ ഞങ്ങൾക്കെല്ലാമാണ് സ്വന്തമെന്ന് പറയാൻ അച്ഛമ്മ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.. തീർത്തും നിഷ്കളങ്കയായ അവളെ കോളേജിൽ എല്ലാവർക്കും വലിയ കാര്യമായിരുന്നു… സന്തോഷത്തിന്റെ ഞങ്ങളുടെ ആ ആഘോഷക്കൂട്ടിലേയ്ക്ക് കടന്നു കയറിയ വില്ലനായിരുന്നു ബയോളജി ഡിപ്പാർട്ട്മെന്റിലെ വിഷ്ണുദത്തൻ സർ ….. എല്ലാവർക്കും ഒറ്റ നോട്ടത്തിൽ മാന്യനും വിശ്വസ്തനും ബഹുമാന്യനുമൊക്കെ ആണ് പക്ഷേ ഒരു ദുഷ്ടമൃഗത്തിന്റെ മനസ്സും സുന്ദരമായ രൂപവുമുള്ള രാക്ഷസനായിരുന്നു അയാളെന്ന് തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു…..
അതുകൊണ്ട് തന്നെയാണ് ശോഭയുടെ അവസ്ഥ മനസ്സിലാക്കി അവൾക്കൊരു ജീവിതം കൊടുക്കാൻ അയാൾ തയ്യാറായപ്പോൾ ഞങ്ങൾ സന്തോഷിച്ചത് ….. വൈശാഖായിരുന്നു എല്ലാറ്റിനും മുൻകൈ എടുത്തത്. ശോഭയുടെ അച്ഛമ്മയോട് സംസാരിച്ചതും ജാതക ചേർച്ച നോക്കിയതും തിയ്യതി നിശ്ചയിച്ചതും എല്ലാം ., ഞാനാണവനെ അതിന് പ്രേരിപ്പിച്ചത് .അങ്ങനെ സന്തോഷവും പരീക്ഷകളുടെ പിരി മുറുക്കവും എല്ലാം കഴിഞ്ഞ് വർഷാവസാനമായി,
ഇയർ എന്റിങ്ങ് ഡേ ഫംങ്ങ്ഷന്റെ അന്ന് അന്നായിരുന്നു ആ നശിച്ച ദിവസം,,, ഒരാഴ്ചക്കുള്ളിൽ ശോഭയുടെയും വിഷ്ണുദത്തൻ സാറിന്റെയും വിവാഹമാണ് അതുകൊണ്ട് തന്നെ അവരെ സ്വതന്ത്ര്യമായി വിട്ടിട്ട് ഞങ്ങൾ ആഘോഷങ്ങളിൽ മുഴുകി,, അന്ന് അയാൾക്കൊപ്പം ചിരിച്ചു കൊണ്ടിറങ്ങിപ്പോയ ശോഭയെ പിറ്റേന്ന് ബീച്ച് റോഡിൽ കണ്ടെത്തുമ്പോൾ അവൾക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരുന്നു.
അന്ന് എന്താണ് സംഭവിച്ചതെന്നോ വിഷ്ണുദത്തൻ സാറ് എവടെപ്പോയെന്നോ ആർക്കുമറിയില്ല,, ആ സംഭവത്തിൽ പ്രത്യേകിച്ച് അന്വേഷങ്ങളൊന്നും നടക്കാഞ്ഞപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി . സത്യാവസ്ഥ തിരക്കി യിറങ്ങിയ വൈശാഖൻ കണ്ടെത്തിയ സത്യങ്ങൾക്ക് ക ഞ്ചാവിന്റെയും മയ ക്കുമരുന്നിന്റേയും പെ ൺവാ ണിഭത്തിന്റെയുമെല്ലാം ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു അതിന്റെയെല്ലാം തലപ്പത്ത് വിഷ്ണുദത്തൻ എന്ന കൊടും കുറ്റവാളിയും അയാളുടെ കോടികളുടെ നേട്ടങ്ങളും ….
ഈ സംഭവത്തോടെ വൈശാഖന് അവനോട് തന്നെ അമർഷവും വെറുപ്പുമായിത്തുടങ്ങി അറിഞ്ഞു കൊണ്ടല്ലങ്കിലും ഒരു പാവം പെണ്ണിനെ പറഞ്ഞറിയിക്കാനാവാത്ത ക്രൂ രതയ്ക്ക് എറിഞ്ഞു കൊടുത്തത് താനാണെന്ന ചിന്ത അവനെ അസ്വസ്ഥനാക്കി അവൻ പതിയെ എന്നിൽ നിന്ന് മടങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ മനസ്സിലാക്കി നഷ്ടപ്പെടുന്നത് ഞങ്ങളുടെ പ്രണയ മാണെന്ന്……. നെഞ്ചിൽ ആയിരം കത്തികൾ കുത്തിയിറക്കുന്ന വേദനയിലും അവനെ തടയാനോ തിരിച്ചു വിളിക്കാനോ ഞാൻ ശ്രമിച്ചില്ല.., അവൻ പോട്ടെ അവനെ ഇപ്പോ എന്നെക്കാൾ ആവശ്യം അവൾക്കാണ് .. തകർന്നടിഞ്ഞ അവളുടെ മനസ്സിനും ശരീരത്തിനും ആ കുടുംബത്തിനും എന്നും അവൻ താങ്ങും തണലുമായിരിക്കും…. അവനർപ്പിക്കുന്ന ഈ ത്യാഗത്തിന് സന്തോഷകരമായ ഒരു ജീവിതം ദൈവം അവന് സമ്മാനിക്കും തീർച്ച
ഞങ്ങളുടെ സ്വപ്ന സാഫല്യത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ച ഈ കല്യാണപന്തൽ ഞങ്ങളിൽ നിന്നും അവൻ ശോഭയിലേയ്ക്കും ഞാൻ എന്നിലേയ്ക്കും മടങ്ങുന്ന സുദിനമാണ് ….. ചുവന്ന വാകമരപൂക്കളെ നിങ്ങൾ വീണ്ടും സാക്ഷികൾ …….