കലികാലം
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
ടാബ്ലറ്റിലെ വിൻഡോയിലെ നോട്ട്പാഡിൽ, അക്ഷരങ്ങൾ വാക്കുകളായി അണിനിരന്നു നിന്നു. ഓരോ അക്ഷരവും ഓരോ കനൽത്തരി യാവുകയാണ്. അവയൊന്നു ചേരുമ്പോൾ, ജ്വലിക്കുന്ന അഗ്നിയുടെ ചൂട് സമൂഹത്തിലേക്കു പടരണം.അവൾ, ഒരിക്കൽ കൂടി ടാബ്ലറ്റിലെ എഴുത്തിലെ അവസാന ഭാഗങ്ങളിലേക്കു മിഴികളാൽ പരതി.
”പതിനെട്ടു പൂർത്തിയായ ഭാരതസ്ത്രീയുടെ പ്രണയവും, പരിണയവും അവളുടെ സ്വന്തം അവകാശമാണ്. പ്രണയിക്കുന്നവരുടെ ജാതിയും, കുലവും, വിദ്യാഭ്യാസ യോഗ്യതയും തിരയുന്ന പെൺവീട്ടുകാർ ചെയ്യുന്നത്, ഒരു സ്ത്രീയുടെ അസ്തിത്വത്തെ, ചോദ്യം ചെയ്യുകയും ഹനിക്കുകയുമാണ്.
നമ്മുടെ കായലോരങ്ങളിലും, പുഴയിറമ്പുകളിലും പാർക്കുകളിലും യുവത്വം, കുടമറയത്തു പ്രണയം തുടരട്ടേ, അതിനെ എതിർക്കുന്നവർക്കു നേരെയുള്ള, പ്രതിഷേധത്തിൻ്റെ ചൂണ്ടുവിരലാകട്ടേ എൻ്റെയീ വാക്കുകൾ”
ഒരാവർത്തി കൂടി വായിച്ച്, തെറ്റുതിരുത്തി അതവൾ സോഷ്യൽ മീഡിയയുടെ അനന്തവിശാലതയിലേക്കു സമർപ്പിച്ചു. ലൈക്ക് നോട്ടിഫിക്കേഷനുകളും, കമൻ്റ് ടോണുകളും വരവറിയിക്കാൻ തുടങ്ങി. എത്ര ഉന്മാദകരമായ അവസ്ഥയാണ്, എണ്ണാൻ പറ്റാത്തത്ര ലൈക്കും കമൻറും വരുന്നത്. അതു തുടർന്നുകൊണ്ടേയിരുന്നു.
പിന്നേ, അവൾ ഗോവണി കയറി മുകൾനിലയിലെ മുറിക്കു പുറത്തു വന്നുനിന്നു. പതിയേ, ചാരിയിട്ട വാതിൽ തുറന്നു നോക്കി. ഉണ്ട്, മകൾ ഗാഢമായ പഠനത്തിലാണ്. സന്തോഷം, അവൾ അകത്തേക്കു ചെന്നു.
”മോളെ, കാപ്പി വേണമെങ്കിൽ അമ്മ കൊണ്ടുവരാം ട്ടോ, ശ്രദ്ധയോടെ പഠിച്ചോളൂ, ഡിഗ്രി മികച്ച രീതിയിൽ പാസായാലേ, മോളുടെ സ്വപ്നങ്ങൾ പൂവണിയൂ.. പഠനം, പഠനമായിരിക്കണം, മോളുടെ വ്രതം. ഓൺലൈനും, സോഷ്യൽ മീഡിയയുമെല്ലാം പിന്നീട് എപ്പോഴെങ്കിലും മതി. മോളു പഠിച്ചോ ട്ടാ, അമ്മയ്ക്ക് ഒരൂട്ടം എഴുതാനുണ്ട്”
അവൾ, വീണ്ടും കിടപ്പുമുറിയിലേക്കു നടന്നു. ടാബ്ലറ്റ് എടുത്തു, നോട്ട് പാഡിൽ ഒരു തലക്കെട്ടെഴുതി.
“പുസ്തകപ്പുഴുവാകാൻ വിധിക്കപ്പെട്ട യൗവ്വനങ്ങൾ”
നിമിഷനേരത്തേ ആലോചനയ്ക്കൊടുവിൽ, ഒരു പ്രബന്ധം എഴുതിത്തീ രുകയായി. തീ പറക്കുന്ന അക്ഷരങ്ങളിൽ; ലൈക്കു തൊഴിലാളികൾ, ജോലിയാരംഭിക്കാൻ തുടങ്ങി, അതിൻ്റെ ഹർഷങ്ങളിൽ, അവളങ്ങനേ യിരുന്നു.
പിന്നേ, മോൾക്കു കാപ്പി ചമയ്ക്കാൻ അടുക്കളയിലേക്കു നീങ്ങി. നോട്ടിഫിക്കേഷൻ ടോണുകൾ അപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.