ഒരിക്കൽ കൂടി ഞങ്ങൾ എല്ലാം മറന്നു ആ കോളേജ് കാലത്തെ കമിതാക്കൾ അയി മാറി ആ നിമിഷം. ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഞങ്ങൾ രണ്ടു പേരുടേയും മാത്രമായ ലോകത്തു ഞങ്ങൾ പ്രണയബന്ധിതരായി…….

Story written by Rivin Lal

ശ്രീയേട്ടാ.. ശ്രീയേട്ടാ…എണീയ്ക്കൂ.. ഞാൻ ഇറങ്ങുകയാണ് കേട്ടോ. ചാരുവിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്.. ദേ.. ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ വെച്ചിട്ടുണ്ട് കേട്ടോ. കോഫി ഫ്ലാസ്കിൽ ഉണ്ട്. എടുത്തു കഴിച്ചോളണം കേട്ടോ. ഞാൻ ഉറക്കചടവിൽ ശരിയെന്നു ഒന്ന് മൂളുക മാത്രം ചെയ്തു. ചാരു ഓഫിസിൽ പോകാനുള്ള തിരക്കിലാണ്.. അതിനിടയ്ക്കാണ് അത്രയെങ്കിലും റെഡി ആക്കി വെച്ചത്.. പോകാൻ നേരത്തു അവൾ എന്റെ നെറ്റിയിൽ ഒരു ചുംബനം തരാൻ മറന്നില്ല.. ഞാൻ പോവാണെ.. എത്തീട്ടു വിളിക്കാം കേട്ടോ ശ്രീയേട്ടാ.. വൈകിട്ടു അല്പം വൈകും കേട്ടോ വരാൻ.. മീറ്റിംഗ് ഉണ്ട്.. ടാറ്റാ.. അതും പറഞ്ഞു അവൾ തിരക്കിട്ടു സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു പോയി.

ഞാൻ വീണ്ടും തലയിണയിൽ തല വെച്ച് അങ്ങനെ കിടന്നു. ഫോൺ എടുത്തു സമയം നോക്കിയപ്പോൾ 7 മണി. ഈ ബാംഗ്ലൂർ നഗരം ഉണരുന്നേ ഉള്ളൂ എന്ന് എനിക്ക് തോന്നി. ഫോണിലെ വാട്സ്ആപ്പ് മെസ്സേജ് ഒക്കെ സ്ക്രോൾ ചെയ്തപ്പോൾ ഒരു പുതിയ നമ്പറിൽ നിന്നൊരു “ഹായ്” കണ്ടു..ഞാൻ റിപ്ലൈ കൊടുത്തു..

Who is this..??

“ഒന്ന് ഓർത്തു നോക്കൂ… ആളെ മനസിലായില്ലേ..!” മറുപടി വന്നു.ഞാൻ നേരെ ആ നമ്പറിലേക്കു അപ്പോൾ തന്നെ വിളിച്ചു. ഒരു നാല് റിങ്ങിനു ശേഷം അപ്പുറത്ത് കാൾ എടുത്തു.

ഒരു സ്ത്രീ ശബ്ദമാണ് കേട്ടത്. മധുരമായി ഒരു “ഹലോ..ശ്രീ” എന്നാണ് കേട്ടത്. ഞാൻ ഒരു നിമിഷം ആ ശബ്ദം ഓർത്തെടുക്കാൻ ശ്രമിച്ചു.

“അക്ഷ.!!” എന്റെ വായിൽ നിന്നും അറിയാതെ ആ പേര് വീണു. “അപ്പോൾ സർ എന്നെ മറന്നിട്ടില്ല”. മറുപുറത്തു ഒരു ചിരിയായിരുന്നു. “അക്ഷ ഇപ്പോൾ എവിടെയാണ്. കുറെ കാലമായി കാണാൻ ഇല്ലായിരുന്നല്ലോ.? !” ഞാൻ ചോദിച്ചു. ഞാൻ ഇപ്പോൾ ശ്രീയുടെ തൊട്ടടുത്തുണ്ട്. ഈ ബംഗളുരുവിൽ തന്നെ. ശ്രീക്കു വിരോധമില്ലെങ്കിൽ നമുക്കൊന്നു കണ്ടാലോ ഇപ്പോൾ? അഡ്രസ് പറഞ്ഞാൽ മതി. ഞാൻ അങ്ങോട്ടു വരാം. അവൾ പറഞ്ഞു. ഞാൻ എന്റെ ഫ്ലാറ്റിന്റെ അഡ്രസ് പറഞ്ഞു കൊടുത്തു.

രണ്ടു മണിക്കൂർ കഴിഞ്ഞു കാണില്ല. എന്റെ ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അടിക്കാൻ തുടങ്ങി.

വാതിൽ തുറന്നപ്പോൾ അക്ഷ ഒരു ചെറു പുഞ്ചിരിയുമായി മുന്നിൽ നിൽക്കുന്നു. കൂടെ അഞ്ചു വയസായ ഒരു ആൺകുട്ടിയുമുണ്ട്. വരൂ അക്ഷ. ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു. പട്ട് മെത്തയണിഞ്ഞ സോഫ സെറ്റിയിലേക്കു അവളും മോനും ഇരുന്നു. ഞാൻ അവൾക്കു അഭിമുഖമായി ഇരുന്നു.

പിന്നെ അക്ഷ.. പറയു.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ.? ആറു വർഷങ്ങൾക് ശേഷം ഇങ്ങിനെ ഒരു അപ്രതീക്ഷിതമായ കൂടി കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. നിന്റെ മോനാണോ ഇവൻ. എന്താ മോനുന്റെ പേര്.?? പേര് പറഞ്ഞു കൊടുക്കു കിച്ചു..അവൾ പറഞ്ഞു. കീർത്തൻ.. അവൻ മെല്ലെ നാണം കുണുങ്ങി പേര് പറഞ്ഞു…

ഒരു ചിരിയിൽ തുടങ്ങിയായിരുന്നു അവളുടെ മറുപടി. അതെ ശ്രീ.. ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല.പക്ഷെ കാലം അങ്ങിനെയാണ്. ചിലപ്പോൾ വീണ്ടും ഇങ്ങിനെ കാണാൻ ആകും നമ്മുടെ വിധി. അവൾ മറുപടി പറഞ്ഞു. എന്നാലും അക്ഷ.. നീയൊരു അമ്മയായിട്ടൊക്കെ… എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല. എന്റെ മനസ്സിൽ നീ ഇപ്പോളും പണ്ട് കോളേജിൽ പഠിക്കുമ്പോൾ എന്റെ ബൈക്കിനു പിന്നിൽ കയറി കറങ്ങിയ ആ കുട്ടിത്തം മാറാത്ത കാ‍ന്താരി പെണ്ണാണ്. അതിൽ നിന്നൊരു മാറ്റം. എന്തോ ഉൾകൊള്ളാൻ ഒരു പ്രയാസം. അതൊക്കെ പോട്ടെ.. തന്റെ മാര്യേജ് ലൈഫ് ഒക്കെ എന്റെ എങ്ങിനെ പോകുന്നു.? ഹസ് എന്ത് ചെയുന്നു.?

R u happy..??

എന്റെ ചോദ്യം കേട്ടതോടെ അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു.

“വിവാഹം.. !” അതൊക്കെ ഒരു ചടങ്ങു മാത്രമല്ലെ ശ്രീ. കിട്ടുന്ന ആൾക്ക് നമ്മളെയും നമ്മൾക്ക് അവരെയും സ്നേഹിക്കാൻ കഴിയുന്നില്ലേൽ ആ ചടങ്ങിന് ഒരു അർത്ഥമില്ല.എന്റെ കാര്യത്തിലൊക്കെ അങ്ങിനെയാണെന്നു എനിക്ക് തോന്നാറുണ്ട്. അത് പറഞ്ഞു തീരുമ്പോളേക്കും അവൾ ബാൽക്കണിയിലേക്ക്‌ മെല്ലെ നടന്നു നീങ്ങിയിരുന്നു. അതെന്താടോ താൻ അങ്ങിനെ പറഞ്ഞെ. ഞാൻ ചോദിച്ചു.

അത് അങ്ങിനെയാണ് ശ്രീ.. ബിസിനസ്‌ മാത്രം മനസ്സിൽ ഉള്ള അയാൾക്കു എന്നെയോ മോനെയോ നോക്കാൻ സമയം ഇല്ല. കുറെ കാലം ക്ഷമിച്ചു. അവസാനം ക്ഷമ നശിച്ചപ്പോൾ രണ്ടു പേരും പിരിയാൻ തീരുമാനിച്ചു. കേസ് നടന്നു കൊണ്ടിരിക്കുന്നു. അടുത്ത് തന്നെ തീരുമാനം ആകും. നമ്മൾ വിചാരിക്കുന്ന പോലെയൊന്നുമല്ല ജീവിതം ശ്രീ. പലപ്പോഴും ഞാൻ പലപ്പോഴും ചിന്ധിക്കാറുണ്ട് ശ്രീയെ മിസ്സ്‌ ചെയ്തത് എന്റെ ലൈഫിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്ന്.

ദുബായിൽ പോയി ഹയർ സ്റ്റൈഡീസ് കഴിഞ്ഞു ജോലി ഒക്കെയായി എല്ലാം വീട്ടിൽ സമ്മതിച്ചു വരുമ്പോളേക്കും ശ്രീ എന്നിൽ നിന്നും ഒരുപാട് അകന്നിരുന്നു. അപ്പോളേക്കും ശ്രീ മറ്റൊരു വിവാഹം കഴിച്ചത് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. പിന്നെ വീട്ടുകാർ പറഞ്ഞ ആളെ വിവാഹം കഴിക്കുക മാത്ര മായിരുന്നു എന്റെ മുന്നിലെ ഓപ്ഷൻ. അതിനു എനിക്ക് നിന്ന് കൊടുക്കേണ്ടി വന്നു. അതാണ്‌ എന്റെ ജീവിതത്തിൽ സംഭവിച്ചത് അവൾ പറഞ്ഞു നിർത്തി.

“അക്ഷ.. ഞാൻ…!”

എനിക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല…

അതൊക്കെ പോട്ടെ ശ്രീ.. തന്റെ ശ്രീമതി ആളെങ്ങിനെ..?? എന്നെ പോലെ നാളെ കുശുമ്പും അല്പം ദേഷ്യവും ഒക്കെ ഉള്ള ടൈപ്പാണോ..?? അവൾ ജിജ്ഞാസയോടെ ചോദിച്ചു.

ചാരുവിനെ കുറിച്ച് എന്താ പറയാ… ആൾ അല്പം ഫെമിനിസ്റ്റ് ടൈപ്പ് ആണ്.. എങ്കിലും എന്നോട് സ്നേഹ കുറവൊന്നും ഇല്ലാ കേട്ടോ.. പക്ഷെ പലപ്പോഴും ഞങ്ങൾ രണ്ടു പേരും രണ്ടു ലോകത്താണ് ജീവിക്കുന്നത് എന്ന് പോലും എനിക്ക് തോന്നാറുണ്ട്. പിന്നെ ഈ ലോകം അങ്ങിനെയല്ലെ അക്ഷ… സ്നേഹിക്കുന്ന പലർക്കും ഒന്നിച്ചു ജീവിക്കാൻ കഴിയുന്നില്ല. ഒന്നിച്ചു ജീവിക്കുന്ന പലർക്കും സ്നേഹിക്കാനും കഴിയുന്നില്ല. അത് പലപ്പോഴും സത്യമാണെന്നു എനിക്ക് തോന്നാറുണ്ട്. ഞാൻ കൂട്ടി ചേർത്തു.

അവൾ മറുപടി ഒന്നും മിണ്ടിയില്ല. ഒരു മൗനത്തോടെ ബാല്കണിയിൽ നിന്നും പുറത്തെ മഞ്ഞിലേക്കു നോക്കി എന്തോ ആലോചിച്ചു നിൽക്കുക മാത്രം ചെയ്തു.

അതൊക്കെ പോട്ടെ.. താൻ വലതും കഴിച്ചോ.. താൻ കൈ കഴുകു.. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം. ഞാൻ അവളെ നിർബന്ധിച്ചു. ഞങ്ങൾ ഒരുമിച്ചു പ്രഭാത ഭക്ഷണം കഴിച്ചു. ഒരു പക്ഷെ വര്ഷങ്ങൾക്ക് ശേഷമുള്ള ഒരു ഒരുമിക്കൽ. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവളുടെ മോൻ ഫോൺ എടുത്തു ഗെയിം കളിക്കാനായി സോഫയിൽ പോയി ഇരുന്നു. ഗെയിം കളിച്ചു കളിച്ചു അവസാനം അവൻ സോഫയിൽ കിടന്നു ഉറങ്ങിതുടങ്ങി.

ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ അക്ഷ…യെസ്..ചോദിക്കു ശ്രീ.. അവൾ കേൾക്കാനായി നിന്നു. “എന്നെ കുറിച്ച് ഓർക്കുമ്പോൾ എന്താണ് തനിക്കു ആദ്യം ഓർമ വരിക?” ഞാൻ ചോദിച്ചു.

അങ്ങിനെ ചോദിച്ചാൽ…. ഒരുപാടുണ്ട്… എന്നാലും ഒന്നൂടി ഓർക്കട്ടെ.. എന്നിട്ടു പറയാം.. അതിനുത്തരം അപ്പോളവൾ വ്യക്തമായി പറയാതെ ഒരു പുഞ്ചിരി മാത്രം എനിക്ക് നൽകിക്കൊണ്ട് വീണ്ടും ബാല്കണിയിലേക്ക് മെല്ലെ നടന്നു നീങ്ങി.

കുറെ നേരം പുറത്തേക്കു രണ്ടു പേരും പരസ്പരം ഒന്നും മിണ്ടാതെ നോക്കി നിന്നു. ആ മൗനത്തിനു ഒരു ആയുസിലേക്കുള്ള കഥകൾ പറയാൻ ഉണ്ടെന്നു എനിക്ക് അപ്പോൾ തോന്നി. അവൾ എന്റെ വലതു കൈയിൽ പിടിച്ചു അവളുടെ വലതു തോളിലേക്ക് എടുത്തു വെച്ചു. എന്നിട്ടു എന്റെ വലതു നെഞ്ചിലേക്കു ചേർന്ന് ചാരി നിന്നു. ശ്രീക്കു അറിയുമോ.. ഈ കൈകളിലെ ഈ സെക്യൂർ പ്രൊട്ടക്ഷൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പല തവണ ഈ കൈകളിൽ ഇങ്ങിനെ ഒതുങ്ങി കൂടാൻ എന്റെ മനസ്സ് കൊതിച്ചിട്ടുണ്ട്. നമ്മുടേത് മാത്രമായ ഒരു ലോകത്തു. നമ്മുടെ ആ പഴയ കോളേജിലെ പ്രണയ കാലത്തെ എന്റേത് മാത്രമായിരുന്ന ആ ശ്രീയെ എനിക്ക് തിരിച്ചു കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു ശ്രീ… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.

“അക്ഷ… ഞാൻ…!!”

അവളെ ഞാൻ എന്റെ നെഞ്ചോടു ചേർത്തു ആ നെറ്റിയിൽ ചുംബിച്ചു. എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. നഷ്ടപെടലിന്റെ വേദന ആ നിമിഷം ഞങ്ങൾ രണ്ടു പേരും ഒരിക്കൽ കൂടി വീണ്ടും അറിയുകയായിരുന്നു.

ഒരിക്കൽ കൂടി ഞങ്ങൾ എല്ലാം മറന്നു ആ കോളേജ് കാലത്തെ കമിതാക്കൾ അയി മാറി ആ നിമിഷം. ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഞങ്ങൾ രണ്ടു പേരുടേയും മാത്രമായ ലോകത്തു ഞങ്ങൾ പ്രണയബന്ധിതരായി.

മണിക്കൂറുകൾ കടന്നു പോയത് ആരും അറിഞ്ഞില്ല…!!!ഒരു ഉറക്ക ചടവോടെ ഞാൻ വീണ്ടും എണീറ്റു. സമയം നോക്കിയപ്പോൾ വൈകിട്ടു 6 കഴിഞ്ഞിരിക്കുന്നു. അടുത്ത് അക്ഷയെ കണ്ടില്ല. ഞാൻ അഴിച്ചിട്ട ടീ ഷർട്ട്‌ എടുത്തിട്ടു അക്ഷയെ റൂമിൽ തിരഞ്ഞു. അവളെ അവിടെയെങ്ങും കണ്ടില്ല. ഞാൻ കുറെ വിളിച്ചു അക്ഷാ… ആരും വിളി കേട്ടില്ല. ബാൽക്കണിയിലും റൂമിനു പുറത്തും നോക്കി. അവിടെയും അവളെ കണ്ടില്ല.

ഹാളിൽ നോക്കുമ്പോൾ ടിപോയിൽ ഒരു കത്ത് വെച്ചത് ഞാൻ കണ്ടു. ഞാൻ ആ കത്തെടുത്തു വായിച്ചു തുടങ്ങി.

” പ്രിയപ്പെട്ട ശ്രീയ്‌ക്ക്‌. ഇങ്ങിനെ ഒരു വരവ് ശ്രീ പ്രതീക്ഷിച്ചിട്ടില്ല എന്ന് എനിക്കറിയാം. നമ്മൾ ഒരു കാലത്ത് എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഞാൻ ശ്രീക്കു പറഞ്ഞു തരണ്ടല്ലോ. അതിനു പകരമായി ശ്രീ എനിക്കൊരുപാട് ഓർമ്മകൾ തന്നു. ശ്രീ എന്നോട് ചോദിച്ചില്ലേ ശ്രീയെ കുറിച്ച് ഓർക്കുമ്പോൾ എന്താണ് എനിക്ക് ആദ്യം ഓർമ വരിക എന്ന്. അതിനുത്തരം അവിടെ ഒന്നും അറിയാതെ ഉറങ്ങുന്ന കിച്ചുവാണ്. എനിക്കൊരിക്കലും മറക്കാൻ കഴിയാത്തതായി ശ്രീ തന്ന സമ്മാനമാണവൻ. ശ്രീയുടെ ജീവിതം ഇല്ലാതാക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്നാൽ അതിനൊരു മാറ്റം വേണം ശ്രീ. അഞ്ചു വർഷം അവൻ അമ്മയുടെ സ്നേഹം മാത്രം അറിഞ്ഞു ജീവിച്ചു. ഇനി അവനു വേണ്ടത് ഒരു അച്ഛന്റെ സ്നേഹവും തണലുമാണ്. ശ്രീ എനിക്ക് തരുന്ന എല്ലാ സ്നേഹവും വാത്സല്യവും അവനും കൊടുക്കണം. അവൻ അല്പമൊക്കെ ശാഠ്യകാരനാണ്. പക്ഷെ ശ്രീയുമായി ക്രമേണ ശരി ആയിക്കോളും. പിന്നെ ഇന്ന് ആറു മുപ്പത്തിന്റെ ഫ്ലൈറ്റിനു ഞാൻ ദുബൈയിലേക്ക് തിരിച്ചു പോവാണ് പപ്പയുടെയും മമ്മയുടെയും അടുത്തേക്ക്. ഇനി എനിക്ക് സ്വസ്ഥമായി പോകാം. ശ്രീയിൽ എല്ലാ വിശ്വാസവും അർപ്പിച്ചു കൊണ്ട് സ്നേഹത്തോടെ അക്ഷ… !!” അത് വായിച്ചു മുഴുമിപ്പിക്കുമ്പോൾ ബാംഗ്ലൂർ-ദുബായ് ഫ്ലൈറ്റ് ആകാശത്തേക്ക് പറന്നുയരുന്നത് ബാല്കണിയിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *