ഒരുനാൾ ഒരു വരിയെങ്കിലും അടയാളപ്പെടുത്താതെ സ്വപ്നയ്ക്ക് ഉറക്കം വരാറില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, താൻ ജീവിക്കുന്ന മുഹൂർത്തങ്ങളെ വീണ്ടും കാണാനാണെന്ന് മാത്രമേ അവൾ പറയാറുള്ളൂ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

നാലുവർഷമായി കൂടെയുണ്ടായിരുന്ന സ്വപ്ന ഇന്നൊരു സ്വപ്നമാണ്. ഞാൻ മാത്രം കണ്ടുകൊണ്ടിരുന്ന അവൾ എങ്ങോട്ട് പോയെന്ന് പോലും എനിക്ക് അറിയില്ല. ഒരുനാൾ ഓഫീസിൽ നിന്ന് വന്നപ്പോൾ ഫ്രിഡ്ജിന്റെ മേലെയൊരു കത്തു മാത്രമേ അവൾക്ക് പകരമായി ഉണ്ടായിരുന്നുവുള്ളൂ…

‘മിഥുനേട്ടനോട്‌ നന്ദിയുണ്ട്. എന്നെ പോലെയൊരു പെൺകുട്ടിക്ക് ജീവിതം തന്നതിന്. ജോലിക്ക് പോകാൻ വിടാതെ പൂട്ടിയിട്ട് സംരക്ഷച്ചതിന്. മക്കൾ പെട്ടെന്ന് വേണ്ടായെന്ന് പറഞ്ഞതിനോടാണ് കൂടുതൽ നന്ദി. അല്ലായിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പറ്റില്ലായിരുന്നു. എനിക്ക് ജീവിക്കാൻ തോന്നുന്നു. എന്നെ അന്വേഷിക്കരുത്. മുഖത്തു നോക്കി യാത്ര പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് ഈ എഴുത്ത്. ഉടുത്തിരിക്കുന്ന തുണിയല്ലാതെ യാതൊന്നും ഞാൻ കൊണ്ടുപോകുന്നില്ല. എന്നോട് ക്ഷമിക്കൂ… ഞാൻ എന്നെ തുറന്നു വിട്ടിരിക്കുന്നു…’

വായിച്ചപ്പോൾ കളിപ്പിക്കാൻ എഴുതിയതാണെന്നാണ് ആദ്യം കരുതിയത്. തിരഞ്ഞു മടുത്തപ്പോഴാണ് സംഗതി ഗൗരവ്വമാണെന്ന് മനസ്സിലാകുന്നത്. എന്തുതന്നെ ആയാലും അവൾക്ക് എങ്ങനെ പോകാൻ തോന്നി! ഇനിയോർത്തിട്ട് എന്തുകാര്യം! സ്വപ്നങ്ങൾ കാണാൻ സ്വപ്ന എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയിരിക്കുന്നു…

ഒരു അനാഥ പെണ്ണിന് ജീവിതം കൊടുത്തത് മഹത്തരമായ ഒരു കാര്യമാണെന്ന് ഞാൻ കരുതിയിരുന്നു. പരിചയപ്പെട്ടതിന്റെ മൂന്നാമത്തെ ആഴ്ച്ച എന്റെ കൂടെ ഇറങ്ങി വന്നവളാണ് സ്വപ്ന. ആദ്യ രാത്രിയിലാണ് അവൾക്ക് ഡയറിയെഴുതുന്ന ശീലമുണ്ടെന്നത് ഞാൻ മനസ്സിലാക്കുന്നത്…

‘ഈ ലോകം എന്റേതും കൂടിയാണ്. ഞാൻ ജീവിക്കാൻ തുടങ്ങുന്നു…’

അന്ന് പിടിച്ചു വാങ്ങിയ സ്വപ്നയുടെ ഡയറിയിൽ നിന്ന് ഞാൻ വായിച്ചതാണ്. അവളിൽ ആ നേരമൊരു കുസൃതി തെളിഞ്ഞു. ആശ്രിതയായി ജീവിച്ചു മടുത്തയൊരു പെണ്ണിന്റെ സ്വപ്നമാണ് എന്റെ കൂടെയുള്ള ജീവിതമെന്ന് ഞാൻ അറിഞ്ഞു. പതിയേ മറക്കുകയും ചെയ്തു. എല്ലാത്തിലും ഉപരി ആരുമില്ലാത്തതു കൊണ്ട് എവിടേയും പോകില്ലെന്ന് വെറുതേ ഞാൻ ധരിച്ചിരുന്നു.

ആദ്യ രണ്ടു വർഷം കഴിയുമ്പോഴേക്കും സ്വപ്നയെന്നയൊരു പെണ്ണ് എന്റെ കൂടെ ജീവിക്കുന്നുണ്ടെന്ന് തന്നെ വല്ലപ്പോഴുമൊക്കെയെ ഞാൻ ഓർക്കാറുള്ളൂ. അല്ലെങ്കിലും മിക്ക പുരുഷൻമ്മാർക്കും വീടെന്ന് തോന്നുമ്പോഴേ തന്റെ പെണ്ണുങ്ങളെ ഓർമ്മ വരാറുള്ളൂ…

സ്വപ്ന ഇറങ്ങി പോയിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച കഴിഞ്ഞു. ജോലി സംബന്ധമായി ഉപയോഗിക്കുന്നയൊരു ഡയറിയുണ്ട് എനിക്ക്. അതിൽ എന്തൊക്കെയോ എഴുതണമെന്ന് എനിക്ക് തോന്നി. എന്തെഴുതാൻ! വെറുതേ സ്വപ്നയെന്ന പേര് പേജ് കവിയുന്നതു വരെ ആവർത്തിച്ച് കുറിച്ചു. അപ്പോഴാണ് ഡയറിയെഴുതുന്ന ശീലം അവൾക്ക് ഉണ്ടായിരുന്നുവെന്നത് ഞാൻ ഓർക്കുന്നത്. അങ്ങനെയെങ്കിൽ എന്നെ വിട്ടുപോയതിന്റെ യഥാർത്ഥ കാരണങ്ങൾ അവൾ അതിൽ കുറിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണ്.

ഒരുനാൾ ഒരു വരിയെങ്കിലും അടയാളപ്പെടുത്താതെ സ്വപ്നയ്ക്ക് ഉറക്കം വരാറില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, താൻ ജീവിക്കുന്ന മുഹൂർത്തങ്ങളെ വീണ്ടും കാണാനാണെന്ന് മാത്രമേ അവൾ പറയാറുള്ളൂ. ആ നേരം അവളിൽ തെളിയുന്നയൊരു കുസൃതിയുണ്ട്. എന്റെ ജീവിതത്തിൽ നിന്ന് അത് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്തു പറഞ്ഞാലും ഇല്ലെങ്കിലും കൂടെയുണ്ടാകുമെന്ന് കരുതുന്ന മനുഷ്യരോട് മനുഷ്യർക്കൊരു മതിപ്പില്ലായെന്നത് സത്യമാണ്. അതിലൊരു കണ്ണിയായി ഞാനും ചേർന്നിരിക്കുന്നു. എന്നെ മാത്രം വിശ്വസിച്ച് സ്വപ്നം പോലെ ഇറങ്ങി വന്ന ആ പെൺകുട്ടിയെ ഞാൻ മൂടി വെക്കുകയായിരുന്നു.

ജീവിക്കാനുള്ള കൊതികൊണ്ടാണ് താൻ ഇറങ്ങി വരുന്നതെന്ന് ആരംഭത്തിൽ സ്വപ്ന എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും ഒരു ഫ്ലാറ്റുമുറിയിൽ എന്നെ മാത്രം കാത്തിരിക്കുന്ന പാവയാക്കി ഞാൻ അവളെ അടച്ചു വെച്ചു. തെറ്റ് എന്റേതാണെന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല. മനുഷ്യരിൽ ഏറ്റവും അവസാനം മാത്രം തൊടുന്നയൊരു ബോധമുണ്ടെങ്കിൽ അത് കുറ്റത്തിന്റെതാണ്. സ്വന്തം ശരികേടുകളാണ്…

സ്വപ്ന പോയതിന് ശേഷം ആദ്യമായാണ് അവളുടെ സാധനങ്ങളുടെ അടുത്തേക്ക് തന്നെ ഞാൻ പോകുന്നത്. എല്ലാം കൂട്ടിയിട്ട് കത്തിക്കണ മെന്നായിരുന്നു ആദ്യം തോന്നിയത്. അതിനു വേണ്ടി പോലും അതിലൊന്നും തൊടാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നിട്ടും ഞാൻ അവിടെയെല്ലാം തിരഞ്ഞു. എന്തു തന്നെയായാലും ഉള്ളപ്പോൾ സൂക്ഷിക്കാനറിയാത്തവർ ജീവിതകാലം മുഴുവൻ തിരഞ്ഞു കൊണ്ടേയിരിക്കും.

ഒടുവിൽ കഴിയുന്ന വർഷത്തിലെയും കഴിഞ്ഞുപോയ വർഷത്തിലെയും സ്വപ്നയുടെ ഡയറികൾ ഞാൻ കണ്ടെടുത്തു. കട്ടിലിൽ ഇരുന്ന് ഞാൻ മറിച്ചു നോക്കുമ്പോൾ എന്തായിക്കും അതിനകത്ത് അവൾ കുറിച്ചിട്ടുണ്ടാക്കുകയെന്ന ആകാംഷ എനിക്കുണ്ടായിരുന്നു.

എന്റെ കണ്ണുകൾ വിടർന്നു! ധൃതിയിൽ മറിച്ചു നോക്കിയപ്പോൾ എന്റെ ശ്വാസം ഏങ്ങി! യാതൊന്നും എഴുതപ്പെടാത്ത കുറേ കടലാസ്സുകൾ! ചിലതിലൊക്കെ പേന കൊണ്ടിട്ടുണ്ടെന്ന തരത്തിലുള്ള പാടുകൾ മാത്രം. താൻ ജീവിച്ചിരുന്ന മുഹൂർത്തങ്ങളെ വീണ്ടും കാണാനാണ് എന്നും എഴുതുന്നതെന്ന് പറഞ്ഞവളുടെ ഡയറിയാണ്. എന്റെ കൂടെയുണ്ടായിരുന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും താൻ ജീവിച്ചിരുന്നതേയില്ലായെന്ന് ഇതിലും വ്യക്തമായിട്ട് സ്വപ്നയ്ക്ക് എങ്ങനെ പറയാൻ പറ്റുമല്ലേ…!!!

Leave a Reply

Your email address will not be published. Required fields are marked *