എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അറുപതിലും ചിരുത കുഞ്ഞമ്പുവിനെ ഉമ്മ വെക്കാറുണ്ട്. കൊപ്ര പോലെയുള്ള അറുപത്തിയെട്ടിന്റെ മോണകാട്ടി അയാൾ അപ്പോൾ ചിരിക്കും. ആ നേരങ്ങളിൽ അവർ അവരുടെ ആരോഗ്യം വീണ്ടെടുത്ത് യൗവ്വനത്തിലേക്ക് ചേക്കേറുകയാണ്. രണ്ടുപേരുടേയും ചിറകുകൾ തളരാറില്ല..
അവർക്ക് കുഞ്ഞുങ്ങളില്ല. കിടാങ്ങളെയോ പേരക്കിടാങ്ങളെയോ കൊഞ്ചാൻ പറ്റാത്തതിന്റെ നിരാശ അവരെ തൊട്ടിട്ടേയില്ല. അവർ ഒരിക്കൽ പോലും ഒരുനാൾക്കപ്പുറം പിണങ്ങിയിട്ടില്ല. ചിരുതയുടെ ചിരി മായാതിരിക്കാൻ കുഞ്ഞമ്പുവും കുഞ്ഞുമ്പുവിന്റെ കുസൃതി മറയാതിരിക്കാൻ ചിരുതയും ഒരുപോലെ ചേർന്ന് നിന്നു.
അന്ന് കർക്കിടകത്തിലെ നനവുള്ളയൊരു രാത്രിയായിരുന്നു. മുറ്റത്തെ കുറ്റി മുല്ലയിൽ നിന്നൊരു ചേ രയിഴഞ്ഞ് അവരുടെ സിമെന്റ് മെഴുകിയ വരാന്തയിലേക്ക് വന്നു. ചിരുതയാണ് ആദ്യമതിനെ കണ്ടത്. ഉടുത്തിരിക്കുന്ന മുണ്ട് കയറ്റി കുത്തി അവൾ കുഞ്ഞമ്പുവിനെ കാറി വിളിച്ചു. ഇന്നാള് നടുവേദനയ്ക്ക് കു ത്തി നടക്കാൻ വൈദ്യര് തന്ന കാഞ്ഞിരത്തിന്റെ കമ്പെടുത്ത് അതിനെ ചിള്ളി അവൾ മുറ്റത്തേക്കുമിട്ടു. അതൊരു ധൈര്യമുള്ള ചേ രയായിരുന്നു. വീണ്ടുമത് വരാന്തയിലേക്ക് തന്നെ ഇഴഞ്ഞു.
പടിഞ്ഞാറ്റയിൽ നിന്ന് നാമം ചൊല്ലുന്ന കുഞ്ഞമ്പു എത്തിയപ്പോഴേക്കും വരാന്തയുടെ ഒരറ്റത്ത് കൂട്ടിയിട്ട വിറക് കെട്ടുകളുടെ ഇടയിലേക്ക് ചേര കയറി ഒളിച്ചിരുന്നു.. അത് വല്ല എലിയെ പിടിക്കാനെങ്ങാനും വന്നതാകുമെന്റെ ചിരുതേയെന്ന് കാര്യമറിഞ്ഞപ്പോൾ കുഞ്ഞമ്പു പറഞ്ഞു. റേഷൻ കാർഡിന്റെ പാതി പോരാത്തതിന് പെൻഷൻ ബുക്ക് മുഴുവനും എലി തിന്നത് കൊണ്ട് ചിരുതയപ്പോൾ അടങ്ങി.
‘പിടിക്കട്ടെ… എല്ലാത്തിനേയും പിടിക്കട്ടെ.. എന്തൊരു ശല്ല്യാണപ്പാ ഇവറ്റകളെ കൊണ്ട്…’ അവൾ പറഞ്ഞു.
“അതീങ്ങൾക്കും ജീവിക്കേണ്ട ചിരുതേ.. ” അയാൾ മൊഴിഞ്ഞു.
കുഞ്ഞമ്പുവിന് അല്ലെങ്കിലും സഹജീവി സ്നേഹം ഇത്തിരി കൂടുതലാണ്.. അയാൾ പല്ലികളോടും തവളകളോടും തന്റെ പൂന്തോട്ടത്തിൽ പാറുന്ന പൂമ്പാറ്റകളോടും സംസാരിക്കും.. മുറ്റത്ത് അയാൾ നട്ട് നനച്ച് വളർത്തിയ ഗോമാവിന്റെ ചില്ല കഴിഞ്ഞ വർഷം തൊട്ട് പൂക്കാൻ തുടങ്ങി. അതിനെ കെട്ടിപ്പിടിച്ച് കുഞ്ഞമ്പു ഇടക്ക് താളത്തിൽ പാടുന്നത് ചിരുത കേട്ടിരിക്കാറുണ്ട്. മരങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണെന്നോയെന്ന് അയാൾ പറയുമ്പോൾ, ചിരുതയും അതിൽ കാത് മുട്ടിക്കും. ഒന്നും കേൾക്കില്ലെങ്കിലും കേട്ടെന്ന് കള്ളം പറയും…
ഒരുനാൾ കുഞ്ഞമ്പുവിന് തീരെ വയ്യാതായി. മരണം വന്ന് വിളിച്ചാൽ വഴങ്ങാനുള്ള മനക്കരുത്ത് ഉണ്ടെങ്കിലും ചിരുതയെ തനിച്ചാക്കി പോകാൻ അയാൾക്ക് മടിയായിരുന്നു.
അന്ന് സർക്കാർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വന്ന നാൾ താനങ്ങ് പോയാൽ നീയെന്ത് ചെയ്യുമെന്റെ ചിരുതേയെന്ന് വെറുതേ അയാൾ അവളോട് ചോദിച്ചു. പോകേണ്ട നേരം വരുമ്പോൾ എല്ലാരും പോകുമെന്ന് ലളിതമായി പറഞ്ഞുകൊണ്ട് അവൾ കഞ്ഞി വിളമ്പി. അതും കോരി കുടിച്ച് കൊണ്ടാട്ടം മുളകിന്റെ തുമ്പത്തൊരു കടി കൊടുത്ത് കുഞ്ഞമ്പു വീണ്ടും ചോദ്യം ആവർത്തിച്ചു.
‘ന്റെ മനുഷ്യാ…. നിങ്ങള് അങ്ങനെയൊന്നും പോകൂലാന്നെ…’
മുളക് കടിച്ചത് കുഞ്ഞമ്പു ആണെങ്കിലും ചിരുതയുടെ തലയിലേക്കായിരുന്നു എരിവ് കയറിയത്. അതിന്റെ ഇടർച്ചയും നനവും അവളുടെ മറുപടിയിൽ ഉണ്ടായിരുന്നു.
രാത്രിയേറെ നീണ്ടിട്ടും രണ്ടുപേരും അന്ന് ഉറങ്ങിയില്ല.. ചുളിഞ്ഞ ഉടലുകൾ പരസ്പരം മുട്ടിയുരുമ്മി അവർ മിണ്ടാതെ സംസാരിച്ചു.. ഒരുമിച്ചുള്ള ജീവിതത്തിന്റെ കൊതി രണ്ടുപേരുടെ നെഞ്ചിലും അടങ്ങാതെ ആളുകയായിരുന്നു. ഒരാൾ വേർപെട്ട് പോകുമ്പോൾ എത്രത്തോളം ഹൃദയം മുറിഞ്ഞുപോകുമെന്ന് രണ്ടുപേർക്കും ആലോചിക്കാൻ വയ്യ..
പതിയേ അവരുടെ ശ്വാസം കലർന്ന ഇരുട്ടിൽ നിന്ന് വല്ലാത്തയൊരു നിശബ്ദത തല ഉയർത്തി രണ്ടുപേരേയും ഭയപ്പെടുത്തി. കൊളുത്തിടാത്ത ജനൽ തുറന്ന് തണുത്ത കാറ്റ് വന്ന് രണ്ടുപേരേയും പൊതിഞ്ഞ് മയക്കി. ചീവീടുകൾക്ക് മാത്രം അന്ന് വിശ്രമം ഉണ്ടായിരുന്നില്ല…!
നേരം വെളുത്തപ്പോൾ ആ മയക്കത്തിൽ നിന്ന് ചിരുത മാത്രം ഉണർന്നു. കുഞ്ഞമ്പു ഇനിയൊരിക്കലും ഉണരില്ലായെന്ന് മനസിലാക്കിയപ്പോൾ അവളൊരു ആറ് വയസ്സുകാരിയെ പോലെ വാവിട്ട് കരഞ്ഞു. അയൽക്കാരൊക്കെ കൂടി. മറ്റ് ചടങ്ങുകളെല്ലാം കഴിഞ്ഞ് കുഞ്ഞമ്പുവിനെ ചുടുകാട്ടിലേക്ക് എടുത്തപ്പോൾ ചിരുത മുറ്റത്തേക്കിറങ്ങി. അയാൾ ശ്രദ്ധയോടെ വളർത്തിയ ഗോമാവിന്റെ തടിയിൽ അവൾ പതിയേ കാതുകൊണ്ട് തൊട്ടു..
ചിരുതയുടെ സ്പർശനം അറിഞ്ഞതുപോലെ അതിന്റെ ചില്ലകൾ ഉലയാൻ തുടങ്ങി. അവളുടെ കണ്ണുകളിൽ പ്രകാശം നിറഞ്ഞു. കാതുകൾ തുളച്ച് എന്റെ ചിരുതേയെന്ന കുഞ്ഞമ്പുവിന്റെ വിളി അവൾ കൃത്യമായി കേട്ടൂ… ആ നേരം കൊഴിഞ്ഞ് വീണയൊരു പഴുത്ത മാവിലയുടെ കൂടെ അവളും ആ മണ്ണിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു…!!!