ഒരുപക്ഷെയിത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരിക്കും, മൂന്നു വർഷം മനസ്സിലിട്ട് താലോലിച്ച എന്റെ പ്രണയം അന്നാണ് തുറന്നു പറയാൻ ധൈര്യം കിട്ടിയതും…..

കറുമ്പൻ

Story written by Adarsh Mohanan

പതിവുപോലെയാ അൺ നൌൺ നമ്പറിൽ നിന്നും ഇൻബോക്സ് മെസ്സേജ് വീണ്ടും വന്നു എനിക്കേറ്റവും പ്രിയപ്പെട്ട ആ വരികൾ വീണ്ടും ഞാൻ വായിച്ചു

“കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് അലയുമീ ജന്മമിന്നവനു വേണ്ടി അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ”

എന്റെ സെക്രട്ടറിയായ ചന്ദ്രേട്ടന്റെ മുഖത്തൊരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ ഇത്രയും നാളെന്നെ ശല്യം ചെയ്തു കൊണ്ടിരുന്നവളെ അറിയാൻ എന്നേക്കാൾ തിടുക്കം ചന്ദ്രേട്ടനായിരുന്നു, മെസ്സേജ് വിട്ടവളെ പുഷ്പം പോലെ പിടിക്കാനുള്ള ശേഷി ഇന്നുണ്ടായിട്ടും എന്തേ അത് ചെയ്യാത്തെ എന്നുള്ള ചന്ദ്രേട്ടന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമാണ് ഞാൻ മറുപടി നൽകിയത് , കോളേജിലെ ഓഡിറ്റോറിയത്തിലിരിക്കുമ്പോൾ എന്റെ ചിന്തകൾ ആറു വർഷം പിറകിലേക്കോടി

കോളേജിൽ നിന്നും പടിയിറങ്ങുന്ന അവസാന ദിനം. കാണാതെ പോയ എക്കണോമിക്സ് ബുക്ക് തിരിയുന്ന നന്ദനയുടെ അരികിലേക്ക് ഞാൻ നടന്നടുക്കുമ്പോഴും മനസ്സിൽ ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

ഒരുപക്ഷെയിത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരിക്കും, മൂന്നു വർഷം മനസ്സിലിട്ട് താലോലിച്ച എന്റെ പ്രണയം അന്നാണ് തുറന്നു പറയാൻ ധൈര്യം കിട്ടിയതും.

എങ്കിലും മനസ്സിലൊരു ഭയമായിരുന്നു അവളുടെ പ്രതികരണത്തേയോർത്ത്, എന്നിൽ നിന്നുമൊരു പ്രണയാഭ്യർത്ഥന ഒരിക്കലും പ്രതീച്ചിട്ടുണ്ടാകില്ല അവൾ .

കാരണം ഫസ്റ്റ് ഇയർ മുതലെ ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളായി മാറിയിരുന്നു, പലപ്പോഴും എന്റെ നോട്ടത്തിലും ഭാവത്തിലും അവളിൽ സംശയങ്ങളുളവാക്കിയിരുന്നോ എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

കൂട്ടുകാരികൾക്കിടയിൽ നിന്നും ഞാനവളെ പുറത്തേക്ക് വിളിച്ചു, കാര്യം തിരക്കിയ അവളുടെ മുൻപിൽ നിന്നു ഞാൻ കിടുകിടാ വിറക്കുകയാണുണ്ടായത്.

ഉപ്പുറ്റി മുതൽ ഉച്ചി വരെ എന്തോ ഒരുതരം തിരപ്പനുഭവപ്പെട്ടിരുന്നു. അന്നവൾ മുൻപിൽ വന്നു നിന്നപ്പോൾ അച്ഛനോടു പോലും എനിക്കിന്നേ വരെ തോന്നാത്തൊരു തരം ഭയം ഉള്ളിൽ തളം കെട്ടി നിന്നു.

ധൈര്യം സംഭരിക്കാനായി പണ്ടെന്നോ അച്ഛൻ പഠിപ്പിച്ചു തന്ന വാചങ്ങൾ മനസ്സിലൊരു മന്ത്രം പോലുരുവിട്ടു കൊണ്ടിരുന്നു

” തെറ്റുചെയ്യാത്തവന്റെ കൈമുതൽ ആത്മധൈര്യം എന്നൊന്നു മാത്രമാണ് അങ്ങനെയെങ്കിൽ ആ ശരിയെ ദൈവം പോലും ചോദ്യം ചെയ്യില്ല”

ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നെനിക്ക് അറിയില്ലായിരുന്നു എങ്കിലും ഒറ്റ ശ്വാസത്തിലവളോടെന്റെയിഷ്ട്ടം പറഞ്ഞു തീർത്തപ്പോൾ മനസ്സിൽ നിന്നെന്തോ വലിയൊരു ഭാരം ഇറക്കി വെച്ച പോലെ തോന്നി

മറുപടി ആലോചിച്ചു പറഞ്ഞാൽ മതി എന്നു പറയും മുൻപേ അവളുടെ സുഹൃത്തുകൾ ഞങ്ങളെ വളഞ്ഞു

ഒരുളുപ്പുമില്ലാതെ നിനക്കെങ്ങനെയിവളോടിങ്ങനെ പറയാൻ തോന്നി എന്ന അവളുടെ കൂട്ടുകാരിയുടെ ചോദ്യത്തിന് തല കുനിച്ചു നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്

വട്ടം കൂടി നിന്നവരിൽ ആരോ ഒരാൾ വീണ്ടുo പറഞ്ഞു

”കണ്ണാടി നോക്കാറില്ല അല്ലേ ” എന്നു

അവരുടെ കളിയാക്കലുകളൊന്നുമെന്നെ തളർത്തിയില്ല, മറിച്ച് അവരോടൊപ്പം കൂട്ടുനിന്നു മൗനം പൂണ്ടു പുഞ്ചിരിച്ചു നിന്ന അവളുടെ മുഖo മാത്രമായിരുന്നു മനസ്സിനെ വല്ലാതെയാഴത്തിൽ മുറിവേൽപ്പിച്ചത്

ചുവരിൽ തൂക്കിയിട്ട കണ്ണാടി ഞാൻ കയ്യിലെടുത്തു ഞാനെന്റെ പ്രതിബിംബത്തേ തന്നെ നോക്കി നിന്നു. കണ്ണാടി നോക്കി മുഖത്തെ അതിനൊപ്പം ചലിപ്പിച്ചു കൊണ്ടിരുന്നു , അതെ മാറ്റമൊന്നുമില്ല കറുപ്പു തന്നെയാണ് നല്ല കണ്ടിച്ചേമ്പിന്റെ കറുപ്പ്

അവളോ?

നല്ല വെണ്ണക്കല്ലിന്റെ നിറവും, അഞ്ജനമിഴികൾ മാൻപേടയെ വെല്ലുന്നതും, അവളുടെ പവിഴാധരങ്ങൾ തൊണ്ടിപ്പഴം പോലെ തുടുത്തതുo

അവർ പറഞ്ഞത് ശരിയാണ്, നന്ദുവിനെപ്പോലൊരു പെൺകുട്ടിയെ മോഹിക്കാൻ പോലും അർഹതയില്ലാത്തവനാണു താൻ

കണ്ണാടിയിലേക്ക് വിഷാദം പൂണ്ട് നോക്കി നിൽക്കുന്ന എന്റെയരികിലേക്ക് നടന്നടുത്ത് മുഖം മനസ്സിന്റെ കണ്ണാടിയെന്നോണം അച്ഛനെന്റെ മനസ്സിലുള്ളതു മുഴുവൻ വായിച്ചെടുത്തിരുന്നു

എന്റെ കൈകളിൽ പരന്നു കിടന്ന കണ്ണാടിക്കു മുകളിൽ അച്ഛൻ ഒരു നൂറിന്റെ നോട്ട് വിരിച്ചിട്ടിട്ടു ചോദിച്ചു

” ഈ നൂറിന്റെ നോട്ടിൽ കണ്ണട വെച്ച ഗാന്ധിജിയുടെ നിറം എന്താന്ന് നിനക്കറിയുമോ നിനക്ക്?”

ഒരു പക്ഷെ ഈ ചിരിക്കുന്ന ഗാന്ധിയുടെ പടമുള്ള ഈ കടലാസു കഷ്ണത്തിനേ അപേക്ഷിച്ചായിരിക്കും മുൻപോട്ടുള്ള ജീവിതവും, അതിന് നിന്റെയീ നിറം ഒരു തടസ്സമല്ല, ഇന്നു നിന്നെ തള്ളിപ്പറഞ്ഞവർ ഈ നോട്ടിന്റെ ബലത്തിൽ പിന്നാലെ വരണം, അതിനു വേണ്ടിയായിരിക്കണം നിന്റെ അദ്ധ്വാനവും.പക്ഷെ അങ്ങനെ യൊരു കാലമുണ്ടായാൽ നിന്റേയാ ഉയർച്ചയിൽ ഒരിക്കലും നീ അഹങ്കരിക്കരുത് “

” ഈ ലോകം തന്നെ കറുത്തവരുടെ കാൽക്കീഴിലാടാ നീ നിന്റെ നിറത്തേ ഒരപമാനമായി കാണരുത് , ഈ കറുപ്പിന്റെ ഏഴഴകിൽ അഭിമാനിക്കണം നീ “

നീണ്ട ആറു വർഷങ്ങൾക്കു മുൻപ് അച്ഛന്റെയാ വാക്കുകളാണ് എന്നെ ഈ നിലയിലെത്തിച്ചത് .

ഉള്ളിൽ ആരോടെന്നില്ലാത്ത വാശിയായിരുന്നു, അച്ഛന്റെ പാതയിലൂടെ സഞ്ചരിക്കാനായിരുന്നു എനിക്കും ഇഷ്ട്ടം ജന്മം കൊണ്ട് അനാഥനായിരുന്ന അച്ഛന്റെ ജീവിതാഭിലാഷമായിരുന്നു അനാഥർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം എന്നത്

എന്റെ സമ്പാദ്യത്തിന്റെ മുക്കാലും ഞാനവർക്കു വേണ്ടി ചിലവഴിച്ചത് തേടിവന്ന പുരസ്കാരങ്ങൾക്കും പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല മറിച്ച് അച്ഛന്റെ പുഞ്ചിരിച്ച മുഖം കാണാൻ വേണ്ടി മാത്രയിരുന്നു.

കാരുണ്യ നിധിയിലേക്ക് നല്ലൊരു തുക സംഭാവന ചെയ്ത എന്നെ ആദരിക്കുന്ന ചടങ്ങ് പഠിച്ചിറങ്ങിയ കോളേജിൽ വച്ചു നടത്തണമെന്ന് ഞാൻ പറഞ്ഞത് അവളവിടെ എത്തുമെന്നുള്ള ഉറപ്പു കൊണ്ടു തന്നെയായിരുന്നു.

ചടങ്ങുകഴിഞ്ഞിറങ്ങിയപ്പോഴാണ് ആൾക്കൂട്ടത്തിൽ അവളേയും കണ്ടത്. പുഞ്ചിരിച്ചു കൊണ്ടെന്റെ അരികിലേക്ക് നടന്നു വന്ന അവളെ കണ്ടപ്പോൾ തന്നെ മുഖത്തൽപ്പം ഗൗരവം വാരി വിതറി ഞാൻ നിന്നു

ആറു വർഷം മുൻപത്തെ എന്നെത്തന്നെയാണ് ഞാനവളിൽ കണ്ടതും, എന്റെ മുൻപിൽ നിന്നും പരുങ്ങുന്നുണ്ടായിരുന്ന അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു

അന്നു ചോദിച്ചതിന്റെ മറുപടിയെന്നോണം അവളെന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് അർത്ഥവത്തായിരുന്നു എന്നു ഓർത്തുപോയ് ഞാൻ.

പ്രതികാരം ചെയ്യാനുള്ള അവസരം കൈവന്നതിൽ എന്റെയുളളം ആനന്ദത്താൽ തുടിച്ചു. അച്ഛനന്നു ഞാൻ കൊടുത്ത വാക്ക് ഞാൻ തെറ്റിച്ചു ,ഒരു നിമിഷത്തേക്ക് ഞാൻ തികഞ്ഞൊരു അഹങ്കാരിയായ് മാറി അവളുടെ മുഖത്തു നോക്കി ഞാൻ കടുപ്പിച്ചു പറഞ്ഞു. അന്നവളുടെ സുഹൃത്തുക്കളെന്നോട് പ്രതികരിച്ച അതേ നാണയത്തിൽ തന്നെ ഞാൻ തിരിച്ചടിച്ചു.

” പത്രം വായിക്കാറില്ലല്ലേ?”

“കേരളത്തിലെ അറിയപ്പെടുന്ന ഒരു വ്യവസായിയാണ് ഞാൻ കോടീശ്വരൻമാരുടെ സുന്ദരികളായ മകൾക്കായ് എന്നെ വല വീശാൻ വന്നിട്ടുണ്ട് എന്നിട്ടാ നീ “

നീണ്ട ആറു വർഷത്തെ പ്രതികാര ദാഹം കെട്ടടക്കി ജയിച്ച ഭാവത്തിൽ ഞാനവിടെ നിന്നും ഇറങ്ങിപ്പോരുമ്പോളും അവളുടെ തൂവെള്ള വെണ്ണക്കവിളിലൂടെ ജലരേഖകൾ ഊർന്നിറങ്ങുന്നുണ്ടായിരുന്നു

വീട്ടിലെത്തിയപ്പോൾ വീണ്ടുമാ അൺ നൗൺ നമ്പറിൽ നിന്നും മെസ്സേജ് വന്നു

‘ഒരിക്കലെങ്കിലും എന്നെ കാണാൻ ആഗ്രഹം തോന്നിയില്ലേ ‘ എന്ന ആ മെസ്സേജിന് നാളെത്തന്നെ നീന്നേത്തേടി നിന്റെ വീട്ടിലേക്കെത്തും എന്നാണു ഞാൻമറുപടി കൊടുത്തത്

വീണ്ടും തുരുതുരാ വരുന്നുണ്ടായിരുന്ന ആ അജ്ഞാത സുന്ദരിക്ക് മറുപടിയൊന്നും തന്നെ ഞാൻ കൊടുത്തില്ല

ചന്ദ്രേട്ടനേയും കൂട്ടി ഞാനവളുടെ വീട്ടിലേക്കിറങ്ങിയപ്പോൾ അയാൾ പലകുറിയെന്നോട് ചോദിച്ചു

“സാറിനപ്പോ ആരാ ആള് ന്ന് അറിയായിരുന്നല്ലെ? എന്നോടെങ്കിലും അത് പറയാർന്നു ” എന്ന്

വീണ്ടും ഞാനയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഡ്രൈവിംങിൽ ശ്രദ്ധയൂന്നിയിരിക്കുമ്പോഴും ചന്ദ്രേട്ടന്റെ മുഖത്തുള്ള പരിഭവമല്ലായിരുന്നു ശ്രദ്ധയിൽപ്പെട്ടത് മറിച്ച് ആറ് വർഷം പഴക്കമുള്ളൊരു എക്കണോമിക്സ് നോട്ടിന്റെ ചട്ടയിലുണ്ടായിരുന്ന കാജൽ അഗർവാളിന്റെ ചിരിക്കുന്ന മുഖമായിരുന്നു. നേരെ ഞാന്റെ അജ്ഞാത സുന്ദരിയുടെ വീടിന്റെ ഉമ്മറത്തേക്കിറങ്ങി.

എന്നെ കണ്ടതും ആ പെൺകുട്ടി ആശ്ചര്യംപൂണ്ടു നിന്നു. വാ തുറന്നു അന്തം വിട്ടു നിന്ന ചന്ദ്രേട്ടനെ ഒന്നു കുലുക്കിയപ്പോളാണയാൾക്ക് സ്ഥലകാല ബോധo വന്നത്

ഇന്നലെ ആട്ടി പറഞ്ഞയച്ച പെൺകുട്ടിയെ തന്നെ പെണ്ണു കാണാൻ വന്നതിന്റെ പൊരുൾ പിന്നീടാണയാൾക്ക് മനസ്സിലായത് കാരണം എന്റെ നമ്പറിലേക്ക് വർഷങ്ങളായി മെസ്സേജ് അയച്ചു കൊണ്ടിരുന്നതു നന്ദന തന്നെയായിരുന്നു എന്റെ അജ്ഞാത സുന്ദരി

അൽപ്പം കണ്ണീരോടെ എന്റെ മുൻപിൽ തല താഴ്ത്തി നിന്ന അവൾക്കു നേരെ ചിതലരിച്ച ആ പഴയ എക്കണോമിക്സ് ന്റെ നോട്ട് ഞാൻ നീട്ടിപ്പിടിച്ചു, അന്നു കാണാതെ പോയ പുസ്തകം എന്റെ കൈവശമുണ്ടെന്നവൾ ഒരിക്കലും വിചാരിച്ചു കാണില്ല, ഈ നീണ്ട കാത്തിരിപ്പിനും പ്രേരണയായതും അതുതന്നെയായിരുന്നു.

ആ മുഷിഞ്ഞ അകച്ചട്ടയിലുണ്ടായിരുന്ന നീല മഷി പരന്ന വരികൾ ഞാൻ വീണ്ടും ഉറക്കേ വായിച്ചു

“കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് “

പാതി പാടി തീർക്കും മുൻപേ അവളെന്റെ ചുണ്ടുകൾ പൊത്തി എന്റെ കറുത്ത ചങ്കിൽ ചുണ്ടമർത്തിയവൾ പാടി മുഴുവിപ്പിച്ചു

“അലയുമീ ജന്മമിന്നവനു വേണ്ടി അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ”

ഏങ്ങലടിച്ചവളെന്റെ മാറിൽ ചേർന്നു നിന്നപ്പോഴും ആ നിറമിഴികളിൽ കുത്തിപ്പെയ്തിറങ്ങിയ നീർത്തുള്ളികളിൽ ഞാൻ കണ്ടിരുന്നു നീണ്ട കാത്തിരിപ്പിനൊടുവിലെ പ്രണയ സാഫല്യത്തിന്റെ പൊൻതിളക്കം

എല്ലാം അറിഞ്ഞിട്ടും എന്തേ നേരത്തെ വന്നില്ലെന്നവൾ ചോദിച്ചപ്പോൾ ഒരേ യൊരു മറുപടിയേ ഉണ്ടായിരുന്നുള്ളോ എനിക്ക്

“എന്റെ ജീവിത ലക്ഷ്യത്തിൽ ഒന്നു മാത്രമായിരുന്നു നീ ആ ലക്ഷ്യം നിറവേറ്റാനിത്രയും സമയം വേണ്ടി വന്നു എനിക്ക് ” എന്ന്

Related Posts

Leave a Reply

Your email address will not be published. Required fields are marked *