ഒരുപക്ഷെ എന്റെ സാഹചര്യം മനസ്സിലാക്കി എന്നെ മുതലെടുക്കാനുള്ള ഒരു ശ്രമം ആയിരിക്കാം.. പക്ഷെ അവനതിന് ശ്രമിക്കുമ്പോ ഒക്കെ….

തുറന്നു പറച്ചിൽ

story written by Atharv Kannan

” ഏട്ടാ.. കുറച്ചു നേരം എന്റടുത്തു ഒന്നിരിക്കുവോ? “

ലാപ്പിൽ നിന്നും കണ്ണുകൾ എടുത്തു അവൻ ദേവൂനെ നോക്കി ആ വാക്കുകളിൽ അവൾ എന്തോ ഒളിപ്പിക്കുന്ന പോലെ അവനു തോന്നി.ഒന്നര വർഷത്തിന് ശേഷം പഴയതു പോലെ അവൻ ലാപ്പ് അടച്ചു കട്ടിലിൽ അവൾക്കു അരികിൽ വന്നിരുന്നു.

” എന്താ മോളേ? “

ആ വിളി കേട്ടു ഞെട്ടലോടെ ദേവു ആ കണ്ണുകളിലേക്കു നോക്കി

” ഏട്ടനിപ്പോ എന്നെ എന്താ വിളിച്ചേ? “

” ഞാനെന്ന ആദ്യായിട്ടാണോ നിന്നെ മോളേ എന്ന് വിളിക്കുന്നെ…? അത് കൊള്ളാം ” ഒരു ചിരിയോടെ അവളെ കളിയാക്കും വിധം അത് പറഞ്ഞു കൊണ്ടു അവൻ കണ്ണട ഊരി മാറ്റി.

” ആദ്യായിട്ടല്ല… പക്ഷെ ഒരുപാടായി “

” അതുവിട്… താൻ കാര്യം പറയ്‌? എന്നതാ മുഖം ഒക്കെ വാടി ഇരിക്കുന്നെ? “

‘ ഇത് ഞാൻ പറയാതെ തന്നെ എന്നോട് ചോദിച്ചൂടെ മനുഷ്യാ നിങ്ങള്ക്ക് ‘ അവൾ മനസ്സിൽ പറഞ്ഞു.

” അങ്ങനെ ചോദിച്ചാൽ ” അവൾ പതറി

” എന്തെ ഓഫീസിൽ ആരോടേലും വഴക്കുണ്ടാക്കിയോ? “

” ഇല്ല “

” പിന്നെ? വണ്ടി എവിടേലും കൊണ്ടോയി തട്ടിയോ? “

” അതൊന്നും അല്ലെന്റെ കണ്ണേട്ടാ “

” പിന്നെ എന്നാന്നു വെച്ചാ പറ പെണ്ണെ “

” ഏട്ടനെന്നും ഇതുപോലെ കുറച്ചു നേരം എന്റടുത്തു ഇരുന്നൂടെ? “

” അപ്പൊ ജോലി ആര് ചെയ്യും? “

” പണ്ടും ഇതേ ജോലി തന്നെ അല്ലേ ഏട്ടൻ ചെയ്തോണ്ടിരുന്നേ…? ഒരു പത്തു മിനിറ്റെങ്കിലും എനിക്ക് വേണ്ടി മാറ്റി വെക്കാൻ ഏട്ടനില്ലേ? “

” പഴയ പോലെ ആണോ ദേവു.. ഇപ്പൊ ഉത്തരവാദിത്തം കൂടിയില്ലേ? “

” ആർക്കു വേണ്ടിയാ ഏട്ടാ ഏട്ടൻ ജോലി ചെയ്യുന്നേ? “

” എന്താ സംശയം നിനക്കും മക്കൾക്കും വേണ്ടി “

” ഒന്നൂടി ഇരുത്തി പറഞ്ഞാൽ? “

” ഇരുത്തിയോ കിടത്തിയോ പറയാം… നിന്റെം നമ്മുടെ മക്കളുടേം സന്തോഷത്തിനു വേണ്ടി.. നിങ്ങൾ സന്തോഷായി ഇരുന്നാലേ ഞാനും സന്തോഷായി ഇരിക്കു “

” എന്നിട്ടു ഞങ്ങൾ ഹാപ്പി ആണോ? “

” നീ എന്ന അങ്ങനെ ചോദിച്ചേ? “

” ഏട്ടൻ പറയ്‌ “

” ഇവിടെ എന്താ കുറവ്..? നിനക്ക് ജോലിക്കു പോവാൻ പറ്റുന്നുണ്ട്, നിന്റെ സാലറിക്കു പുറമെ എന്ത് ആവശ്യം ഉണ്ടേലും ഞാൻ ചെയ്തു തരുന്നുണ്ട്.. ഇഷ്ടം ഉള്ള വസ്ത്രം, വണ്ടി എല്ലാം ഇല്ലേ? “

” അത് മാത്രം മതിയോ എനിക്കും മക്കൾക്കും? “

” എന്നാന്നു വെച്ചാ വളച്ചു ചുറ്റാതെ പറ എന്റെ ദേവു “

” ഏട്ടൻ മക്കളോട് മിണ്ടിയിട്ടു എത്ര ദിവസായി… അവർക്കു എന്തൊക്കെ മേടിച്ചോണ്ടു വന്നാലും കാര്യം ഉണ്ടോ? അവരെണിക്കും മുന്നേ പോവും അവരുറങ്ങി കഴിഞ്ഞു വരും.. എന്റെ കാര്യത്തിലോ? ഇതുപോലെ അടുത്തൊന്നും ഇരുന്നിട്ട് എത്ര നാളായി? “

കണ്ണൻ മൗനം പാലിച്ചു…

” ഓഫീസിൽ പുതിയൊരു പയ്യൻ വന്നു “

കണ്ണൻ അവളെ ഞെട്ടലോടെ ഒന്ന് നോക്കി…

” അവൻ എന്നെ ഒരുപാട് നോക്കുന്നുണ്ട്.. എനിക്കതു മനസ്സിലായി തുടങ്ങി… എന്റെ ഇഷ്ടങ്ങൾ മറ്റുള്ളവരിൽ നിന്നും ചോദിച്ചറിയുന്നു, ഞാൻ പറയുന്നത് താല്പര്യത്തോടെ കേട്ടിരിക്കുന്നു… ഒരുപക്ഷെ എന്റെ സാഹചര്യം മനസ്സിലാക്കി എന്നെ മുതലെടുക്കാനുള്ള ഒരു ശ്രമം ആയിരിക്കാം.. പക്ഷെ അവനതിന് ശ്രമിക്കുമ്പോ ഒക്കെ എനിക്ക് പഴയ ഏട്ടനെ ആണ് ഓർമ്മ വരുന്നത് “

കണ്ണൻ ദീർഘമായി ഒന്ന് നിശ്വസിച്ചു..

” എന്തെ പേടിച്ചു പോയോ? ” അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു.

കണ്ണൻ മറുപടി ഒരു ചിരിയിൽ ഒതുക്കി .

” എനിക്കാ പഴയെ കണ്ണേട്ടനെ വേണം… അത് തരുന്ന സന്തോഷം എനിക്ക് തരാൻ മറ്റൊന്നിനും കഴിയുന്നില്ല കണ്ണേട്ടാ… ഇത് തുറന്നു പറയുമ്പോ ഏട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷെ ആ പേടിയും മനസ്സിൽ വെച്ചു ഇരുന്നാൽ എനിക്ക് പലതും നഷ്ടപ്പെടാനെ പോവുന്നുള്ളു.. എന്റെ മനസ്സ് ഏട്ടൻ മനസ്സിലാക്കണം.. പൊന്നുകൊണ്ട് മൂടിയാലും ഏട്ടൻ അടുത്തിരുക്കുമ്പോ കിട്ടുന്ന, തലോടുമ്പോ കിട്ടുന്ന, ചേർത്തു പിടിക്കുമ്പോ കിട്ടുന്ന സന്തോഷം ഒന്നും ഒരിക്കലും കിട്ടില്ല എനിക്ക് “

കണ്ണൻ അവളുടെ കണ്ണുകളിലേക്കു നോക്കി… കൈകളിൽ പിടിച്ചു ” ആം സോറി “

” എനിക്ക് നിങ്ങടെ നാടകം ഒന്നും കാണണ്ട… ഞാൻ പറഞ്ഞത് പറ്റുവൊന്ന് പറ “

” ചൊറിക്കു മാത്രം ഒരു കുറവും ഇല്ലല്ലേ? “

” ആ ഇല്ല “

” പറ്റില്ലെങ്കിൽ? “

” അവിഹിതം ദുഖമാണുണ്ണി.. ദാമ്പത്യമല്ലോ സുഖപ്രദം… എന്നെ കൊണ്ടു വെറുതെ കടുംകൈ ഒന്നും ചെയ്യിക്കരുത് ” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

” എന്നെ വിട്ടു നീ എങ്ങും പോവില്ലെന്ന് അറിയാവുന്നുണ്ടല്ലേ ഞാനൊന്നു ഉഴപ്പിയെ.. എന്തായാലും ഈ പ്രശ്നത്തിന് ഇവിടെ പരിഹാരം കുറിക്കുന്നു.. പോരെ? “

” ഞാൻ ഏട്ടനെ കുറ്റപ്പെടുത്തിയത് അല്ല കേട്ടോ.. എന്റെ സങ്കടം പറഞ്ഞതാണ് “

” എനിക്കറിയാം ദേവൂ.. അതിനു നീ ന്യായീകരണം ഒന്നും തരേണ്ട.. ഈ തുറന്നു പറച്ചിൽ തന്നെ പറയാതെ പറയുന്നുണ്ട് നിനക്ക് ഉള്ളിൽ എന്നോട് എത്ര സ്നേഹം ഉണ്ടെന്നു “

” ഏട്ടന്റെ ഈ മറുപടിയിൽ ഉണ്ട് ആ മനസ്സിൽ എനിക്കുള്ള സ്ഥാനവും “

” എവിടെ എങ്കിലും ഇടിച്ചെങ്കിലും ഒന്ന് നിർത്തടി..ഇനിയും പരസ്പരം പൊക്കി അടിച്ച മാനത്തു ചെന്നു മുട്ടും “

ദേവു ചിരിച്ചു…

” എന്നാ ലൈറ്റ് ഓഫ് ചെയ്യട്ടെ? ” കണ്ണൻ പതുക്കെ ചോദിച്ചു

” അല്ല അപ്പൊ വർക്ക്‌? “

” ഇന്നവിടെയല്ല മോളേ ഇവിടെയാണ് വർക്ക്… ” ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് ദേവുവുമായി കണ്ണൻ കട്ടിലിലേക്ക് വീണു.😁.

ആത്മാർത്ഥമായ ചില തുറന്നു പറച്ചിലുകളും സംസാരങ്ങളും ആണ് ജീവനുള്ള ബന്ധങ്ങളുടെ ആധാരം… ബന്ധങ്ങൾക്കിടയിൽ ഊഹാപോഹങ്ങൾക്കും മൗനത്തിനും ഇടം ഇല്ല… കൊടുക്കരുത് .

Leave a Reply

Your email address will not be published. Required fields are marked *