നോട്ടുകെട്ട്
Story written by Sheeba Joseph
ഒരുമിച്ചൊരു ആയിരം രൂപയിൽ കൂടുതൽ കണ്ടിട്ടില്ലാത്ത ആ വൃദ്ധൻ്റെ കയ്യിലേക്ക് ഒരു കെട്ട് രൂപയുടെ നോട്ട് അയാൾ വച്ചു കൊടുത്തു.. എന്നിട്ട്, ആ വൃദ്ധനെ കെട്ടിപ്പിടിച്ച് അതിൻ്റെ തെളിവ് മൊബൈലിൽ പകർത്തി സഹതാപം കലർന്ന ഭാഷയിൽ അയാൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു…
നാലുപാടും നിന്ന് ഒരുപാട് അഭിനന്ദങ്ങൾ അയാൾക്ക് കിട്ടികൊണ്ടിരുന്നു…
ഇതെല്ലാം കണ്ട് പകച്ചു നിന്ന വൃദ്ധൻ അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു..
എന്തിനാ മോനെ എനിക്ക് ഇത്രയും പൈസ തരുന്നത്…?
“അതമ്മാവൻ എടുത്തോ… “
“അത് മുഴുവൻ അമ്മാവന് ഉള്ളതാണ്…”
“അമ്മാവൻ ആ പൈസ ബാങ്കിൽ ഇട്ട് സുഖമായി ജീവിക്ക്..”
അയാളുടെ ശ്രദ്ധ മുഴുവൻ അയാൾക്ക് കിട്ടിയ അഭിനന്ദനങ്ങൾക്ക് നന്ദി പറയുന്നതിലായിരുന്നു..
ആ വൃദ്ധൻ അകത്തേക്ക് പോയി തനിയ്ക്ക് കിട്ടിയ രൂപയുടെ കെട്ട് അവിടെ ഒരു മേശമേൽ വച്ചു..
എന്നിട്ട്, അവിടെ ഇരുന്ന കുറച്ച് മുഷിഞ്ഞ നോട്ടുകൾ എടുത്ത് പുറത്തേക്ക് പോയി…
“വിശന്ന വയറിന് എന്തൊക്കെയോ വാങ്ങി കൊടുത്തു അതിനെ തൃപ്തയാക്കി അയാൾ തിരിച്ചു വന്നു.. “
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ വൃദ്ധൻ മരിച്ചു…!
അയാൾ വീണ്ടും സഹതാപവുമായി എത്തി തെളിവ് പകർത്തി മടങ്ങുമ്പോഴും ആ നോട്ടുകെട്ടുകൾ അവിടെ തന്നെയുണ്ടായിരുന്നു…
വിശക്കുന്ന വയറിനു മുന്നിൽ നോട്ടുകെട്ടുകൾക്ക് ആഹാരം ആകാൻ കഴിവില്ല എങ്കിൽ അതിന് വെറും പേപ്പറിന്റെ മൂല്യം മാത്രമേ ഉള്ളുവെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവനായി അയാൾ തിരിച്ചു പോയി..
അടുത്ത വൃദ്ധനെയും തേടി..