ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടതാണ്.ഈ ജോലി എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോന്ന് അത്ര ഉറപ്പൊന്നും ഇല്ല.എങ്കിലും ഉമ്മേം ഓളേം പട്ടിണി കിടത്താണ്ടിരിക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നും ഞാൻ നോക്കീട്ട് കണ്ടില്ല…….

കിളിപോയി

Story written by Praveen Chandran

“ഇനി എന്നാ ഇക്കാ ഇങ്ങള് ന്നെക്കാണാൻ വരാ…?” ഓളുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് എനക്കറിയില്ലായിരുന്നു…

കാരണം ഞാൻ പോകുന്നത് എവിടേക്കാന്ന റിഞ്ഞാ നിങ്ങൾ ഒരുപക്ഷെ ഞെട്ടും…

തൽക്കാലം ഞാനത് പറയുന്നില്ല… അത് എന്താണെന്ന് എനിക്കും അറിയില്ലാ എന്നതാണ് സത്യം…

അത് അവിടെ ചെന്നാൽ മാത്രമേ അറിയൂ…

അജിത്തിന്റെ മുതലാളിയുടെ തോട്ടത്തിലാണ് പണി എന്ന് മാത്രമറിയാം…

ഓളോട് യാത്രപറഞ്ഞ് നിറകണ്ണുകളുമായി ഇറങ്ങാൻ നേരം ആണ് ആമിനാത്തയും മോളും കൂടെ ഗെയ്റ്റ് തുറന്ന് വരുന്നത്…

“ഇജ്ജ് എങ്ങോട്ടാടാ ബഷീ ഈ പെട്ടീം കെടക്കേം ആയിട്ട് പുറപ്പെടാൻ നിക്കണത്.. ഗൾഫീക്കാണോ?”

അവരുടെ ആ ഓഞ്ഞ വർത്താനം എനിക്ക് തീരെ പിടിച്ചില്ല…

അല്ലേലെ ഓർക്ക് എന്നെ കാണുമ്പോ ഇത്തിരി സുയിപ്പാക്കല് കൂടുതലാണ്… ഇറങ്ങാൻ നേരം തന്നെ വന്നല്ലോ മാരണം… കുറച്ചൂടെ മുന്ന് ഇറങ്ങിയിരുന്നേൽ കയ്ച്ചലായേനേ…

” നിക്ക് ഒരു ജോലി കിട്ട്യേക്കണ് ഇത്താ.. കുറച്ചകലെ ആണ്.. ” ഞാൻ പറഞ്ഞത് കേട്ട് അവരെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..

” എവിടാടാ പേർഷ്യേലാ?”

“അല്ല ഇത്താ… വേറെ ഒരു സ്ഥലത്താ.. ഇങ്ങളോട് അതൊക്കെ പിന്നെ പറയാ… ഞാൻ ഇറങ്ങട്ടേ ന്നാ… നേരം വൈകിയാ വണ്ടി അയ്ന്റെ പാട്ടിന് പോകും…”

അതും പറഞ്ഞ് ഞാൻ പതിയെ അവിടന്ന് നടന്നു..

പിന്നിൽ നിന്ന് എന്തൊക്കെയോ കുശുകുശുപ്പ് കേക്കുന്നുണ്ടെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല…

എനിക്കുപോകാനുള്ള വണ്ടിയുമായി അജിത്തും കൂട്ടരും റെഡിയായിരുന്നു…

“ഇജ്ജ് എന്താ ഇറങ്ങാൻ വൈകീത്?”

“ഒന്നും പറയണ്ട.. ആ ആമിനാത്ത ഇടങ്ങേറാക്കാനായി മുന്നില് തന്നെ പെട്ടു… ഒരു കണക്കിനാ കൈച്ചലായത്.. ഇജ്ജ് വണ്ടി എടുത്താ.. ബെക്കം പോകാം… “

ഞാൻ പറഞ്ഞത് കേട്ട് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു…

പെട്ടിയും കിടക്കയുമെല്ലാം വണ്ടിയുടെ ഡിക്കിയിലേക്ക് കുത്തികയറ്റി ഫ്രണ്ട് സീറ്റിൽ തന്നെ ഞാനിരുന്നു…

വണ്ടി മുന്നോട്ട് പോകും തോറും മനസ്സ് മുഴുവൻ ചിന്തകളുടെ തേരോട്ടം ആയിരുന്നു…

ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടതാണ്.. ഈ ജോലി എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോന്ന് അത്ര ഉറപ്പൊന്നും ഇല്ല.. എങ്കിലും ഉമ്മേം ഓളേം പട്ടിണി കിടത്താണ്ടിരിക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നും ഞാൻ നോക്കീട്ട് കണ്ടില്ല…

തുടർച്ചയായി അഞ്ച് മണിക്കൂറോളമുള്ള യാത്രയ്ക്കിടയിൽ അല്പം മയങ്ങിയോന്നൊരു സംശയം…

അജിത്ത് മേലിൽ തട്ടി വിളിച്ചപ്പോഴാണ് ഞാനുണർന്നത്…

“എന്തൊരു ഉറക്കാടാ അന്റെ.. സ്ഥലം എത്തി.. “

അവൻ പറഞ്ഞത് കേട്ട് ഞാൻ വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

നേരം സന്ധ്യ മയങ്ങിയിരുന്നു അപ്പോഴേക്കും.. ഞാൻ ചുറ്റുപാടും ഒന്നു വീക്ഷിച്ചു… അടുത്തൊന്നും ഒരു വീടുപോലുമില്ല.. കൊടും കാടാണ്… പേടിപെടുത്തുന്ന ഒരു നിശബ്ദത അവിടെയുണ്ടായിരുന്നു…

“ഇവിടം വരയേ വണ്ടി പോകുകയുള്ളൂ.. ഇനി കുറച്ച് നടക്കണം… ഇരുട്ടുന്നതിന് മുന്ന് നമുക്ക് കോട്ടേഴ്സിലെത്തണം… വന്യമൃഗങ്ങളൊരുപാ ടുള്ള സ്ഥലമാണ്.. ഇജ്ജ് വേഗം സാധനങ്ങളെടുക്ക്…”

അവൻ പറഞ്ഞത് കേട്ട് എനിക്ക് അല്പം ഭയം തോന്നിയെങ്കിലും ഇതൊക്കെ അറിഞ്ഞ് തന്നെയല്ലേ ഇതിന് പുറപ്പെട്ടത് എന്ന് ഞാൻ ചിന്തിച്ചു…

വണ്ടിയിൽ നിന്ന് സാധനങ്ങളെടുത്ത് ഞങ്ങൾ കാടുകയറി…

ചിവീടുകളുടേയും മറ്റും ശബ്ദം ചെവിട്ടിലേക്ക് തുളച്ചുകയറുന്നുണ്ടായിരുന്നു

കാടിന്റെ ഭീകരത എനിക്ക് ശരിക്കും അനുഭവപെട്ടു..

“അള്ളാ… കാത്തോളണേ” ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു..

“അനക്ക് പേടിതോന്നുന്നുണ്ടോ ബഷീ….?

അജിത്ത് ചോദിച്ചത് കേട്ട് ഞാൻ പെട്ടെന്ന് ഒന്നു നിന്നു…

“ഉണ്ടോന്ന് ചോദിച്ചാ.. ഇല്ലായ്കയില്ല.. പക്ഷെ എന്ത് വന്നാലും നേരിട്ടല്ലേ പറ്റൂ…”

ഒരു വലിയ കുന്നിൻ മുകളിലൂടെ കയറി ഇറങ്ങിയപ്പോഴേക്കും എന്റെ ഊപ്പാട് ഇളകിയിരുന്നു..

ഒരു അരുവിക്ക് അപ്പുറത്തുള്ള ഒരു വീട് കാണിച്ച് അവൻ പറഞ്ഞു..

” ആ കാണുന്നതാ കോട്ടേഴ്സ്… “

അപ്പോഴേക്കും ചുറ്റും ഇരുട്ടായിരുന്നു… അരുവിയിലൂടെ നടന്ന് ഞങ്ങൾ അക്കരയ്ക്കെത്തി…

അവിടെ ഞങ്ങളെ സ്വകരിക്കാനായി ഒരു ആദിവാസി യുവാവ് ഉണ്ടായിരുന്നു… വേലൻ.. അവനാണ് ആ കോട്ടേഴ്സിന്റെ കാവൽക്കാരൻ…

ഞങ്ങളെക്കണ്ടതും ചിരിച്ചുകൊണ്ട് അവൻ അടുത്തേക്ക് വന്നു…

“ഏന് എത്ര നേരായി കാത്തിരിക്കുന്നു.. “

അവന്റെ ആ ചിരി ആരേയും ആകർഷിക്കത്ത ക്കതായിരുന്നു…

എന്റെ സാധനങ്ങളെല്ലാം അവൻ വാങ്ങി അകത്തേക്ക് കൊണ്ടു പോയി..

ഞാൻ ചുറ്റും ഒന്ന് നോക്കി…

ഇരുട്ട് കൂടുമ്പോൾ കാട് എത്രയും ഭീകരമാണ്…

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് നോക്കിയപ്പോഴാണ് റേഞ്ച് ഇല്ലെന്ന കാര്യം എനിക്ക് മനസ്സിലായത്…

“ഫോൺ വിളിക്കണേൽ കുറച്ച് അങ്ങോട്ട് പോണം.. ഇനിപ്പോ രാവിലയേ പറ്റൂള്ളൂ…” അജിത്ത് പറഞ്ഞത് കേട്ട് എനിക്ക് വിഷമമായി..

ഇവിടെ എത്തിയാ ഉടനെ ഉമ്മേനേം ഓളേയും വിളിക്കാന്ന് പറഞ്ഞിരുന്നതാണ്.. അവർ കാത്തിരിക്കുന്നുണ്ടാവും… വിളിക്കാണ്ടായാ ഓർക്ക് ടെൻഷനാവും ഇനിപ്പോ എന്ത് ചെയ്യാനാ…

വിഷമത്തോടെ ഞാനകത്തേക്ക് കയറി…

ഒരു ചെറിയ മുറി ചൂണ്ടിക്കാണിച്ച് ഇതാണ് എന്റെ ഇനിയുള്ള വാസസ്ഥലം എന്ന് അവൻ പറഞ്ഞു…

കുളിക്കാനും മറ്റും അരുവിയുണ്ടെന്നും ഭക്ഷണം വച്ചു കഴിക്കാനുള്ള സാധനങ്ങളും മറ്റും അടുക്കളയിലുണ്ടെന്നും അവൻ പറഞ്ഞു…

അവിടെ എത്തുന്നത് വരെ എനിക്ക് പ്രശ്നമൊ ന്നുമില്ലായിരുന്നെങ്കിലും അപ്പോൾ മുതൽ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടു..

അജിത്താണെങ്കിൽ നാളെ പോകും.. പിന്നെ ഞാനും ആ പയ്യനും മാത്രമാവും… അതോർ ത്തപ്പോൾ എനിക്ക് കൂടുതൽ ടെൻഷനായി…

ഒരു ആവേശത്തിന് ചാടിപുറപ്പെട്ടതാണ്… എത്രയാന്ന് കരുതിയാ ജോലിയില്ലാതെ വെറുതെ ഇങ്ങനെ കുത്തിരിക്കാ…

നാളെ മുതൽ പണി തുടങ്ങണംന്ന് മുതലാളിയുടെ ഓർഡറും ഉണ്ട്… എന്ത് പണിയായാലും പടച്ചോന് നിരക്കാത്ത ഒരു പണിയും ഞാൻ ചെയ്യില്ലാന്ന് കരുതിയിരുന്നു.. ഇനിപ്പോ എന്തായാലും ചെയ്തല്ലേ പറ്റൂ… ഇതല്ലാതെ കുടുംബം പോറ്റാൻ വേറെ നിവൃത്തിയില്ലെന്ന് എനിക്ക് തോന്നി… എത്രയോ സ്ഥലത്ത് പണിക്ക് വേണ്ടി അന്വേഷിച്ച് നടന്നതാ…

സ്ഥലം മാറിക്കിടന്നത് കൊണ്ടോ മറ്റോ എനിക്കന്ന് ഉറങ്ങാനേ കഴിഞ്ഞില്ല… ചിവീടിന്റേം മറ്റു ജീവികളുടേയും ശബ്ദം കാതുകളിൽ തുളച്ചു കയറുന്നുണ്ടായിരുന്നു ..

ഇടക്കെപ്പോഴോ ഉമ്മയും ഓളും വന്ന് ചോറുണ്ണു ന്നില്ലേ എന്ന് ചോദിക്കുന്നത് പോലെ എനിക്ക് തോന്നി… അവരെപിരിഞ്ഞ് ഞാനിത് വരെ ഇരുന്നിട്ടില്ലായിരുന്നു… അതാവാം അതിന് കാരണം എന്നെനിക്ക് തോന്നി…

പിറ്റെ ദിവസം നേരം വെളുത്തതും ഞാൻ പുറത്തേക്കൊന്നിറങ്ങി…

എന്തോ മനസ്സിന് വല്ലാത്തൊരു കുളിർമ്മ.. കാടിന്റെ ഭംഗി എന്താണെന്ന് അറിയണമെങ്കിൽ അതിരാവിലെ ഇറങ്ങണം..

നല്ല കോടമഞ്ഞുണ്ടായിരുന്നതിനാൽ ജാക്കറ്റ് ഇട്ടാണ് ഞാൻ പുറത്തേക്കിറങ്ങിയത്…

പച്ചപ്പിനിടയിലൂടെ മഞ്ഞ് പെയ്തിറങ്ങുന്നത് കാണാൻ എന്ത് രസമാണെന്നോ…

” ബഷീ… ഉള്ളിലോട്ട് പോകണ്ടാട്ടാ… വന്യമൃഗങ്ങൾ ഇരതേടാനിറങ്ങുന്ന സമയാ… “

അജിത്ത് പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി… അതോടെ കാഴ്ച്ച കാണൽ മതിയാക്കി ഞാൻ വീടിനടുത്തേക്ക് നടന്നു…

വേലനപ്പോഴേക്കും ഞങ്ങൾക്ക് കുടിക്കാനുള്ള കട്ടൻചായയുമായി പുറത്തേക്ക് വന്നു…

അല്പ സമയത്തിന് ശേഷം അജിത്ത് ബാഗുമായി പുറത്തേക്കിറങ്ങി..

“എന്നാ ഞാനിറങ്ങാടാ ബഷീ… ഇപ്പോ വിട്ടാ ഉച്ചക്ക് മുന്ന് എത്താം.. എല്ലാ കാര്യങ്ങളും വേലൻ പറഞ്ഞ് തരും.. ഞാനിനി അടുത്ത ആഴ്ച്ച വരാം.. സൂക്ഷിക്കണേടാ…”

അതും പറഞ്ഞത് അവൻ നടന്നകന്നു…

അവൻ പോകുന്നത് നോക്കി ഞാൻ കുറച്ച് നേരം നിന്നു…

ഒറ്റപ്പെട്ടതുപോലെ തോന്നി എനിക്കപ്പോൾ… ജീവിതം അങ്ങനെയാണല്ലോ? ചിലപ്പോഴൊക്കെ നമ്മൾക്ക് തോന്നും എല്ലാവരുടേയും നടുവിലാണ് നാം എന്ന്… പക്ഷെ സാഹചര്യം നമ്മെ എന്നും നമ്മൾ ഒറ്റക്കാണെന്ന് പഠിപ്പിച്ച് തരും…

പ്രഭാതഭക്ഷണത്തിന് ശേഷം ആണ് ഞാനെന്റെ ജോലിയിലേക്ക് പ്രവേശിച്ചത്….

കാടിനുള്ളിലൂടെ കുറച്ചൂടെ ഉള്ളിലേക്ക് നടക്കണമായിരുന്നു ജോലി സ്ഥലത്തെത്താൻ…

അവിടെ എത്തിയതും എനിക്ക് മനസ്സിൽ പൂത്തിരി കത്തിച്ചപ്പോലെ തോന്നി.. ആ ഗന്ധം എന്റെ സിരകളിലേക്ക് പടർന്നിറങ്ങി…

ഞാനാവേശത്തോടെ തോട്ടത്തിലേക്ക് പെയ്തിറങ്ങി….

അതെ ഇനി എന്റെ സ്വർഗ്ഗം ഇതാണ്… ഇതിലൂടെ ഞാൻ പാറി പറന്ന് നടക്കും…

ആ ഗന്ധം എന്റെ ശിരകളെ മത്ത് പിടിപ്പിക്കാൻ തുടങ്ങിയതും ഞാനാവേശതിമിർപ്പിലായതും ഒരുമിച്ചായിരുന്നു… എന്റെ കാലുകൾ നിലത്തുറക്കാത്തത് പോലെ എനിക്കനു ഭവപ്പെട്ടു.. ആകാശത്ത് ഞാൻ പറന്നു നടക്കുകയായിരുന്നു…

പെട്ടെന്നാണ് അത് സംഭവിച്ചത്… ആരോ എന്നെ ശക്തമായി ഉലക്കുന്നുണ്ട്… എന്നെ ആ സ്വർഗ്ഗത്തിൽ നിന്നും ശക്തമായി ആരോ പിടിച്ച് വലിക്കുന്നത് പോലെ… അവ്യക്തമായി എന്തോ ഞാൻ കേൾക്കുന്നുണ്ട്..

കാട്ടാനകൾ അലറുന്നത് പോലെ ചെവിടിൽ ഭയാനകമായ ശബ്ദം മുറുകുന്നു… കാട്ടരുവിയിൽ നിന്നും ആരോ എന്റെ മുഖത്തേക്ക് വെള്ളം തെറുപ്പിച്ചതൊടെ എനിക്ക് പിന്നെ പിടിച്ച് നിൽക്കാനായില്ല..

എന്റെ ആത്മാവ് ശക്തമായി എന്നിൽ നിന്ന് പുറത്തേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി…

സ്ഥലകാല ബോധം വന്നപ്പോഴാണ് ഞാനെവിടെ യാണെന്ന് എനിക്ക് മനസ്സിലായതും എന്താണ് നടക്കുന്നതെന്ന് ബോധ്യമായതും…

ഉമ്മ ചൂലും കെട്ടുമായി നിൽക്കുന്ന കാഴ്ച്ച ഭയാനകമായിരുന്നു… ഓളാണെങ്കിൽ ഭദ്രകാളിയെപ്പോലെ മുടിയഴിച്ചിട്ട് നിൽക്കുന്നു….

“ഇറങ്ങിയോടാ ഹിമാറേ അന്റെ കെട്ട്… ആ അജിത്തിന്റെ ഒപ്പള്ള ചങ്ങാത്തം മാണ്ടാന്ന് എത്ര തവണ അന്നോട് പറഞ്ഞിരിക്കുന്നു… കണ്ണിക്കണ്ട കഞ്ചാ വൊക്കെ വലിച്ച് കയറ്റി വന്നിരിക്കുന്നു… ഇജ്ജ് ഇന്നലെ മുതല് എന്തൊക്കെ കാട്ടിക്കൂട്ട ണേന്ന് അറിയോ അനക്ക്…?”

ഉമ്മ പറഞ്ഞത് കേട്ട് അമ്പരപ്പോടെ ഞാനോളെ നോക്കി നോക്കി…

“ഓന്റെ ഒരുകാട്ടി ക്കൂട്ടലുകള്… സുറു ഈ ബെടക്കിന് പച്ച വെള്ളം കൊടുത്തു പോകരുത് പറഞ്ഞേക്കാം.. ” അതും പറഞ്ഞ് ഉമ്മ കലിതുള്ളി അവിടന്ന് പോകുന്നത് കണ്ട് എന്താണ് സംഭവിച്ചതെന്നറിയാൻ ആകാംക്ഷയോടെ ഞാൻ സുറുവിനെ നോക്കി…

“ഇക്കാ ഇന്നലെ ഇങ്ങള് എന്താ വലിച്ച് കയറ്റിയത്.. രാത്രി വീട്ടിൽ വന്നപ്പോ ആമിനാത്ത ഇവിടെ ഉണ്ടാടന്നു.. അവരോട് നിങ്ങള് എവിടേക്കോ പണിക്ക് പോകുന്നതതെന്ന് പറഞ്ഞ് പെട്ടിയും സാധനങ്ങളും എടുത്ത് ഉമ്മറത്തെ ചാരുകസേരയിലിരുന്നു.. കിടക്കയെല്ലാം കട്ടിലിനടിയിലേക്ക് തള്ളികയറ്റി ഡിക്കി അടച്ചോന്ന് എന്നോട് പറഞ്ഞു.. എന്നെ ഇങ്ങള് അജിത്തെന്നാ വിളിച്ചിരുന്നത്.. ഏതോ കാട്ടിലേക്ക് കാറിൽ പോകുകയാണെന്നും മറ്റും നിങ്ങൾ പറയുന്നുണ്ടായിരുന്നു.. കുറച്ച് കഴിഞ്ഞ് നമ്മുടെ സ്റ്റോറൂമിൽ പോയി ഇങ്ങള് കിടന്നുറങ്ങി.. ഉമ്മയും ഞാനും കൂടി ആണ് ഇങ്ങളെ റൂമിലേക്ക് കിടത്തിയത്.. ഭക്ഷണം കഴിക്കാൻ പറഞ്ഞപ്പോ ഇങ്ങള് കൂട്ടാക്കിയില്ല… ഉപ്പ വന്ന് ഇങ്ങളെ ചീത്ത പറഞ്ഞ് നിങ്ങളടെ പെട്ടിയും കിടക്കയുമൊക്കെ അകത്തേക്ക് കൊണ്ടു വച്ചു.. ഉമ്മ ഒച്ചവെച്ചപ്പോ ചിവീട് കരയണ ശബ്ദം കാരണം ഉറങ്ങാൻ വയ്യെന്ന് പറഞ്ഞു.. പിന്നെ ഇങ്ങളുറങ്ങി.. രാവിലെ ഉപ്പ നിങ്ങളുടെ കെട്ടിറക്കാൻ കട്ടൻചായയിൽ ചെറുനാരങ്ങ പിഴിഞ്ഞ് കൊണ്ട് വന്നപ്പോ ഇങ്ങള് ഉപ്പയെ വേലനെന്നോ മറ്റോ വിളിച്ചു… അത് കേട്ട് ഉപ്പ ദേഷ്യത്തോടെ ഇറങ്ങിപ്പോയി.. ഇനി വന്നാ കേക്കാം.. പിന്നെ ഇങ്ങളെന്തോ സ്വർഗ്ഗത്തിലാന്നോ മറ്റോ പറഞ്ഞ് എന്തോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു…എന്താണിക്കാ ഇതൊക്കെ…”

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിത്ത രിച്ചിരുന്നു പോയി… അപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ ഏകദേശം രൂപം പിടികിട്ടിയത്..

ആ കള്ള ഹിമാറ് അജിത്താണ് ഇന്നലെ അവന്റെ മുതലാളീടെ തോട്ടത്തിൽ നിന്ന് കൊണ്ട് വന്നതാണെന്ന് പറഞ്ഞ് ആ സാധനം തന്നത്.. അതിന്റെ ടേസ്റ്റൊന്ന് അറിയാൻ ചുമ്മാ ഒന്ന് വലിച്ച് കയറ്റിയതേയുള്ളൂ… പിന്നെ ഒന്നും ഓർമ്മയില്ല…. എന്റെ പൗരത്ത്വബിൽ വരെ അടിച്ച് പോയി… ഹോ….

Leave a Reply

Your email address will not be published. Required fields are marked *