Story written by NAYANA SURESH
ഒരു കള്ളുകുടിയന്റെ കൊച്ചിന്റെ അമ്മയായി ജീവിച്ച് മരിക്കാനൊന്നും എനിക്ക് വയ്യ .. എനിക്ക് പ്രായം ഇത്രെ ആയിട്ടുള്ളു … അന്നേ ഞാൻ നിങ്ങളോട് പറഞ്ഞതാ എനിക്കിപ്പോ കല്യാണം വേണ്ടാന്ന് അന്നതാരും കേട്ടില്ല ,എന്നിട്ടിപ്പോ എന്തായി ?
മോളെ നീ ഇങ്ങനെ ദേഷ്യപ്പെടാതെ കുട്ടീനെ വിട്ട് കിട്ടണമെന്ന് പറഞ്ഞ് അവൻ കേസ് കൊടുത്തിരിക്കല്ലെ ,അഞ്ച് വയസ്സല്ലെയുള്ളു മോളെ അവന് .. അവനവടെ ആര് നോക്കാനാ ശരിക്കെ
എന്റമ്മെ ,, എനിക്ക് ഇഷ്ടമുണ്ടായിട്ടാണോ ? അവനെ പ്രസവിച്ചിട്ട് ഇത്രനാളും ഇല്ലാത്ത അച്ഛന്റെ സ്നേഹം ഇപ്പോ അയാൾക്ക് എവടന്ന് വന്നു … അയാൾക്ക് നിർബന്ധമാണെങ്കിൽ കൊണ്ട് നോക്കട്ടെ ,,, എനിക്കും വേണ്ടെ ജീവിതം … അമ്മക്ക് അറിയില്ലേ ഏടത്തി ഇപ്പോത്തന്നെ കുത്തി കുത്തിയാ ഓരോന്ന് പറയണെ ,ഇനി അടുത്തവന്റെ കല്യാണം കൂടി കഴിഞ്ഞാലോ ?
അവനെ വിട്ട് കൊടുക്കുന്നതു കൊണ്ടല്ല , അവൻ കുടിയനായതുകൊണ്ടാ പേടി … പോരാത്തതിന് മനുഷ്യ പറ്റില്ലാത്ത തള്ളയും
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അമ്മയുടെയും ,അമ്മമ്മയുടെയും , അമ്മാവന്റെയും തണലിൽ നിന്ന് ഒട്ടും പരിചിതനല്ലാത്ത അച്ഛന്റെ അടുത്തേക്ക് അവൻ യാത്രയായി … ഒരഞ്ചു വയസ്സുകാരന്റെ കുഞ്ഞു മനസ്സിന്റെ വേദന ,,, വലിയവരുടെ കണ്ണുനീരിൽ എങ്ങോ അലിഞ്ഞില്ലാതായി …
ഒരു കുഞ്ഞു ബാഗിൽ നിറച്ചു കൊടുത്ത ഷർട്ടും നിക്കറും കൈ പിടിച്ച് അവൻ ആ വീട്ടിലേക്ക് കയറിച്ചെന്നു … എല്ലാം പുതിയതാണ് ബന്ധങ്ങളും ബന്ധുക്കളും ഒക്കെ
മുറിയിലേക്ക് നടക്ക് സാധനങ്ങളൊക്കെ ഇവിടെ വെച്ചോ
അലമാരയിൽ സാധനങ്ങൾ വെച്ച് അവൻ കട്ടിലിൽ ഇരുന്നു .മനസ്സിൽ എവിടെയോ അമ്മയുടെ രൂപം തെളിഞ്ഞു വന്നു … മുറി ശാന്തമാണ് .. അവന് കളിക്കാൻ പറ്റുന്നതൊന്നും അവിടെയില്ല … കട്ടിലിനടിയിലും അലമാരയുടെ ഇടുക്കിലുമായി നിറയെ മദ്യകുപ്പികൾ കിടക്കുന്നു … അച്ഛമ്മ തന്നെ ആയിരിക്കണമത് ,,വന്നിട്ട് ഇതുവരെ ഒന്നും അവനോട് പറഞ്ഞില്ല .. മീൻ വറക്കുന്ന മണം വീടു മുഴുവൻ നിറഞ്ഞു നിൽക്കുന്നു ..
അവന് ചെറുതായി ഒന്ന് വിശന്നു .. അച്ഛമ്മ അച്ഛനെ എന്തൊക്കെയോ പറയുന്നു … പാത്രങ്ങൾ നിലത്ത് കുത്തുകയും ബഹളം വെക്കുകയോ ചെയ്യുന്ന അച്ഛമ്മ അവന് പുതിയ കാഴ്ചയാണ് ..
എന്നെ കണ്ടിട്ടാണ് മോൻ ഇതിനെ ഇങ്ങോട്ട് കൊണ്ടന്നതെങ്കിൽ ഉള്ള കാര്യം പറയാം ഞാൻ നോക്കില്ല .. എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല … ആയ കാലത്ത് എട്ടണ്ണത്തിനെ പെറ്റ് നോക്കി … ഇനി വയ്യ ,,,
ഞാൻ നിങ്ങളോട് പറഞ്ഞ എന്റെ മോനെ നോക്കാൻ
അയ്യോ ,,,, ഒരെന്റെ മോൻ ,,, പെട്ടെന്നൊരു തന്ത സ്നേഹം ,,, കുടിച്ച് നാല് കാലുമ്മെ വരുമ്പോ റോട്ടില് കിടക്കണ പട്ടിനിം പൂച്ചേനിം എടുത്തോണ്ട് വരണ പോലെയല്ല ഇത് …
അവനെന്തോ കരച്ചില് വന്നു .. അച്ഛമ്മയും അച്ഛനും ഉള്ള ടത്തേക്ക് പോകാൻ ധൈര്യം അവനെ അനുവദിച്ചില്ല ..
ഒരു പാത്രത്തിൽ ചോറും മീൻ വറുത്തതും കറിയും കൂടി അച്ഛനവനു മുന്നിൽ കൊണ്ടു വെച്ചു …
മുഴുവൻ ഉണ്ണണ്ണം കേട്ടോ ….
ഉം ..
അച്ഛൻ വീടിന്റെ പടിയിറങ്ങി പോകുന്നത് അവൻ നോക്കിയിരുന്നു .. മീൻ മുള്ളു കളഞ്ഞിട്ട് അമ്മമ്മയാണ് അവന് കൊടുക്കാ …. മുള്ളുള്ള മീനവന് തിന്നാനറിയില്ല..
പറ്റുന്ന പോലെ ചോറുണ്ട് പാത്രവും എടുത്ത് അവൻ അടുക്കളയിലേക്ക് നടന്നു …
അവടെ വെച്ചോ പാത്രം ..
അവൻ പാത്രം അവിടെ വെച്ച് കൈ കഴുകി ഉമ്മറത്തേക്ക് നടന്നു …
അമ്മ ഇപ്പോ എവിടെയാവും … ഇനി എന്നാ അമ്മ വരാ …
അവന്റെ ശ്വാസം വേഗത്തിലായി … കണ്ണുകൾ നിറഞ്ഞ് വന്നു … റോഡ് നീണ്ട് കിടക്കുന്നു … ഏതറ്റത്തേക്കാവും അച്ഛൻ പോയത് …
അച്ഛമ്മ എന്തൊക്കെയോ എണ്ണിപ്പറക്കുന്നുണ്ട് .. നേരം ഇരുട്ടിലേക്ക് കടന്നു …
അച്ഛമ്മെ … അച്ഛനെന്താ വരാത്തെ?
വരും മോനെ നാലുകാലുമ്മേ ,, നീ അനുഭവിക്കാൻ പോണെയുള്ളു .. എനിക്ക് ചത്താ മതിയന്നാ പ്രാർത്ഥന ,ഇവന്റെ കൂടെ ജീവിക്കും ബേധം ,,, നീ എന്ത് പാപാ മോനെ ചെയ്തെ … നിറഞ്ഞ കണ്ണുകളോടെ അച്ഛമ്മ മുറിയിലേക്ക് പോയി
ഉറക്കം അവന്റെ കണ്ണിൽ തൂങ്ങി … പതിയെ കട്ടിലിൽ വന്നിരുന്നു … അമ്മയുടെ അടുത്ത് , അമ്മയുടെ കയ്യിൽ തല വെച്ചാ അവൻ ഉറങ്ങാറ് … ചുറ്റിലും ഇരുട്ട് ,, അവന് പേടി തോന്നി .. കട്ടിലിന്റെ മൂലയോട് ചേർന്ന് അവൻ കിടന്നു പതിയെ ഉറങ്ങി …
ഡാ … എണീക്കടാ
ഉറക്കത്തിൽ ഞെട്ടി അവൻ ചാടി എണീറ്റു …
ഇന്നാ മിഠായി തിന്നോ
ആടി ആടി കണ്ണാക്കെ ചോന്ന് നിൽക്കണ അച്ഛനെ കണ്ടപ്പോ അവന് പേടിയായി
വേഗം തിന്ന് മിഠായി … എന്നിട്ട് നീയൊരു ഡാൻസ് കളിക്ക്
എനിക്ക് ഉറക്കം വരുന്നു അച്ഛാ …
കളിക്കടാ മര്യാദക്ക്
എനിക്ക് ഡാൻസ് അറിയില്ല അച്ഛാ ..
പറഞ്ഞാ കേട്ടോണം … ആ തളള നശിപ്പിച്ച് വെച്ചേക്കാ ,, നിന്നെ ഞാൻ നേരെയാക്കും ,, കളിക്ക് ,, കളിക്കാൻ ..
ഉറക്കം തൂങ്ങിയ കണ്ണുകളോടെ പേടിച്ച് പേടിച്ച് അയാളിട്ടു കൊടുത്ത ഏതോ പാട്ടിന് അവൻ ആ രാത്രി ഡാൻസ് കളിക്കാൻ തുടങ്ങി …
( കണ്ണെത്തും ദൂരത്ത് അവനുണ്ട് )
…വൈദേഹി…