സാഗരം സാക്ഷി
എഴുത്ത് : ലോല
🌺🌺🌺
വീർത്തുന്തിയ വയറിലേക്ക് ഇരുകൈയും ചേർത്തുവച്ചവൾ കടലിലേക്ക് കണ്ണും നട്ടിരുന്നു..വീട്‌വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം പൂർത്തിയായിരിക്കുന്നു.. അന്വേഷിച്ച് വരാൻ ആരും ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടായിരുന്നു..
എങ്കിലും സാന്ത്വനം നിറഞ്ഞൊരു സ്പർശനം അവളുടെ ഉള്ളം കൊതിച്ചു. സ്നേഹം നിറഞ്ഞ ഒരു വാക്ക് അവൾ പ്രതീക്ഷിച്ചിരുന്നു.. അവളുടെ കണ്ണുകൾ ഉറവ വറ്റിയ കിണർ പോലെ കാണപ്പെട്ടു.. കണ്ണുനീർ പോലും അവളിൽ ഇല്ലാതായിരിക്കുന്നു..
കൈയിലുണ്ടായിരുന്ന ആകെ സമ്പാദ്യം ഇന്നലെ കൊണ്ട് തീർന്നിരിക്കുന്നു..വിശപ്പിന്റെ വിളി തലോടുന്നത് അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഇരുന്നു.. എണ്ണമയമില്ലാത്ത മുടിയിഴകൾ പാറിപ്പറന്നു നടന്നു.. വറ്റി വരണ്ട ചുണ്ടിൽ വളർച്ചയുടെ നിഴലനക്കം പ്രത്യക്ഷമായി..
വിശന്നിട്ട് ആവണം വയറിന്റെ ഭിത്തിയിൽ അവൻ ആഞ്ഞ് തൊഴികുന്നുണ്ട്. ആഹാരം കിട്ടാതെ ആയപ്പോൾ കുറുമ്പ് കാട്ടുകയാണോ നീ എന്ന് അവൾ നിശബ്ദമായി ചോദിക്കുന്നു, അതിനു മറുപടി എന്നോണം അവൻ വീണ്ടും പ്രഹരങ്ങൾ ഏൽപ്പിക്കുന്നു..
കണ്ണുകളിറുക്കി അടച്ചിരുന്ന് അവൾ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു, ചുണ്ടിലെ പുഞ്ചിരി ഇടക്കെപ്പോഴോ മാഞ്ഞു പോകുന്നു..
ഇരുവശത്തും മെടഞ്ഞിട്ട മുടിയിൽ മുല്ലപ്പൂ വച്ച് അവൾ സ്കൂളിലേക്ക് പുറപ്പെടുന്നുണ്ട്..കൂട്ടുകാരികളുടെ സൊറപറച്ചിൽ പുഞ്ചിരിയോടെ കേൾക്കുന്നുണ്ട്.. ഇടയ്ക്കെപ്പോഴോ സ്കൂൾ വരാന്തയിൽ തനിക്കായി കാത്തു നിൽക്കുന്ന ആ പൊടിമീശക്കാരനെ പ്രണയത്തോടെ നോക്കുന്നുണ്ട്.. അവന്റെ നനുത്ത പുഞ്ചിരിയിൽ നാണത്താൽ പൂത്തുലഞ്ഞവളെ കൂട്ടുകാരികൾ കളിയാക്കുന്നുണ്ട്…
കേവലമൊരു പ്രണയമായിരുന്നില്ല പ്രാണന്റെ പാതിയായിരുന്നു. അതുകൊണ്ടാവാം അവൻ നൽകിയ പ്രണയസമ്മാനത്തെ അവൾ ശിരസാവഹിച്ചതും.. ഒരു കുരുന്ന് ജീവൻ അവൻ പകുത്തുനൽകിയപ്പോഴും അത് തിരിച്ചറിയാൻ അവളിലെ പതിനേഴുകാരിക്ക് കഴിഞ്ഞിരുന്നില്ല.
ഒരു തലകറക്കം ആണ് എല്ലാറ്റിനും കാരണം സ്കൂളിലും വീട്ടിലും നാട്ടിലും എല്ലാവരും അറിഞ്ഞു.. കാരണക്കാരൻ ആരെന്നുള്ള ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം..പല കണ്ണുകളിലും കണ്ടു അവളോടുള്ള വെറുപ്പ് അറപ്പ് പുച്ഛം പരിഹാസം.. നിർവികാരതയോടെ ചെറുത്തു നിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ..
അവൾ തിരിഞ്ഞിരുന്നത് കുസൃതികൾ നിറഞ്ഞ ആ കണ്ണുകളെ,നുണക്കുഴി കവിളുകളെ, പ്രണയാർദ്രമായ ആ വാക്കുകളെ മാത്രമായിരുന്നു… അന്വേഷിക്കണം എന്നുണ്ടായിരുന്നു പക്ഷേ അവളുടെ മനസിന്റെ താളങ്ങൾ എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു…
അവനോട് വെറുപ്പ് ഉണ്ടായിരുന്നില്ല കാരണം സ്നേഹത്തിന്റെ കണികകൾ അവൾ അറിഞ്ഞത് അവനിൽ നിന്നാണ്.. അവന്റെ ചുണ്ടുകൾ അവളുടെ ദാഹം തീർത്തു..തലോടലുകൾ അവൾ ഏറ്റുവാങ്ങിയത് അവന്റെ കരങ്ങളിൽ നിന്നാണ്..
കുടുംബത്തിന്റെ മാനം കളഞ്ഞെന്ന് അമ്മ പരാതിപ്പെട്ടു,അച്ഛൻ മരിച്ചു ഒരു മാസംതികയും മുൻപ് കാമുകനൊപ്പം പോകുമ്പോൾ അഭിമാനത്തിന് കോട്ടം തട്ടിയില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു കൊടുവളെന്തിയ രൂപത്തിന് മുൻപിൽ മൗനത്തെ കൂട്ടുപിടിച്ചു..
എന്റെത് അല്ലെങ്കിലും സ്വന്തം മോളെ പോലെ നിന്നെ ഞാൻ കണ്ടതല്ലേ എന്നൊരു ചോദ്യം ഉന്നയിച്ചു രണ്ടാനച്ചൻ, മാറിടത്തിന്റെ അളവും തൂക്കവും നേർക്കുനേർ നിന്ന് ഒപ്പിയെടുക്കുന്ന ദിവസങ്ങളിൽ തലകുനിച്ചു നിന്നത് പകൽ പോലെ ഇന്നും വ്യക്തമായി ഞാൻ ഓർക്കുന്നു..
ഓരോ മാസവും വീർത്തുവരുന്ന വയറിലേക്ക് ശാപവാക്കുകൾ ചൊരിയുന്ന അമ്മയെയും ശൃംഗാരചിരിയോടെ സമീപിക്കുന്ന രണ്ടാനച്ഛനെയും മടുത്തതാണ് നിറവയറുമായി അവിടം വിട്ടിറങ്ങിയത്.. മൂന്ന് ദിവസം അലഞ്ഞു ഇന്ന് കടലിന്റെ ഓരത്തു അടിഞ്ഞു, ഇനി വയ്യ.. മരണം ഒരുവേള രക്ഷകനായി എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു.
മണൽ തരികളെ തഴുകി അകന്നു പോവുകയും വീണ്ടും പ്രണയാർദ്രസ്പർശവുമായി ആലിംഗനം ചെയ്യുന്ന തിരയെ ഏറെ നേരം നോക്കിയിരുന്നു. വയറിനുള്ളിൽ എന്തൊക്കെയോ ഇളകിമറിയുന്നതുപോലെ, ശരീരം തളർന്നു പോകുന്നത് ഞാനറിഞ്ഞു.. കാലുകൾ ഉയരുന്നില്ല,ശ്വാസം നിലച്ചുപോകുന്നു..
അടിവസ്ത്രത്തിലേക്ക് ശക്തമായ ജലപ്രവാഹം നിറയുന്നു,രക്തത്തിന്റെ ചൂര് എന്റെ മൂക്കിലേക്കടിച്ചു കയറി..ഉയർന്നുപൊങ്ങുന്ന ശ്വാസനിശ്വാസങ്ങൾ വേദനയുടെ നനവ് പടർത്തുന്നു ശരീരത്തിലെ സർവ്വ നാഡീഞരമ്പുകളിലൂടെയും നോവിന്റെ മുകുളങ്ങൾ എത്തപ്പെട്ടിരിക്കുന്നു മുടിനാരിഴാ മുതൽ നഖം വരെ നുറുങ്ങുന്ന വേദന പ്രവഹിക്കുന്നു…. വലിയൊരു അലർച്ചയോടെ ഞാൻ തളർന്നു കിടന്നു…ഏറെ നേരത്തിനുശേഷം വയറിൽ തൊട്ടുനോക്കി അതൊഴിഞ്ഞു കിടക്കുന്നു….
മേഘക്കൂട്ടങ്ങൾക് നടുവിലായി ഞാൻ നില്ക്കുന്നു, സാഗരതീരത്ത് ദിവ്യപ്രഭയിൽ മൂടപ്പെട്ടൊരു കുഞ്ഞ്.. ദൈവചൈതന്യം വിളിച്ചോതുന്ന ആ മുഖത്തേക്ക് നോക്കി നിന്നും.. ആ കുഞ്ഞു മകനെ വാരിപ്പുണരാൻ ചുടുചുംബനങ്ങൾ നൽകാൻ എന്റെ ഉള്ളം തുടിക്കുന്നു.. ചുരത്താൻ തയ്യാറായി മാറിടങ്ങൾ വിങ്ങുന്നു.. പക്ഷേ മേഘകൂട്ടങ്ങൾ എന്റെ കാഴ്ച മറക്കുന്നു..
അകലങ്ങളിലേക്ക് ഞാൻ തള്ളപ്പെടുകയാണ്.. എന്റെ പൊന്നോമനയെ വിട്ട് പിരിയുകയാണ്.. നരധമന്മാരുടെ ഇടയിൽ നിന്നെ തനിച്ചാക്കി ഞാൻ അകലുകയാണ്..
അസ്തമയ സൂര്യനും കടലിനെയും മണൽതരികളെയും കടൽകാക്കകളെയും നിന്റെ സംരക്ഷകരായി ഏൽപ്പിക്കുകയാണ്.. കടലിന്റെ മടിത്തട്ടിൽ അന്തിയുറങ്ങുക… സൂര്യന്റെ തലോടലേറ്റ് പ്രഭാതങ്ങളെ വരവേൽക്കുക..മണൽത്തരികളിൽ പിച്ചവെച്ചു പഠിക്കുക.. കടലുകാക്കകളോട് കൂട്ടുകൂടുക..നീ ജീവിക്കുക പൊന്നോമനയെ…സാഗരംസാക്ഷിയാക്കി അമ്മ മടങ്ങുന്നു…
എന്ന് സ്വന്തം ലോല ❤️
Cover Photo Courtesy