മുക്കമ്മ മുക്ക്
Story written by Arun M Meluvalappil
കോഴ്സ് ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം ഡയറക്ടർ ഓഫീസിൽ നില്കുവാണ്.. കുറച്ചു അഹങ്കാരം ഉണ്ടെന്നു എന്റെ നിൽപ് കണ്ടാൽ തന്നെ എല്ലാവർക്കും മനസിലാവും… കാരണമുണ്ട്.. എക്സാമിന് മുമ്പുള്ള കഥയാണ്…
ഫ്ലാഷ് ബാക്ക്… കൂരാ കൂരിരുട്ട് .. അയ്യോ കഥ മാറിപ്പോയി.. എക്സാം ഡേറ്റ് പ്രഖ്യാപിച്ചു.. റെഗുലർ ആയിരുന്നു എക്സാം എഴുതുന്നത് ആകെ 18പേര്.. അവരിലാണ് കോളേജിന്റെ പ്രതീക്ഷ..അതിൽ ഒന്ന് ഈ മൊയന്തും..
അങ്ങനെ അറ്റെൻഡൻസ് പെർസെന്റ് നോക്കുമ്പോ ദ കിടക്കുന്നു കഥാ നായകന്റെ അറ്റൻഡൻസ് പെർസെന്റെ, ഗൈനക്കോളജി 7%… അതു പിന്നെ ഞാൻ മാത്രല്ല, അവന്മാരും ഉണ്ടായിരുന്നു..
ബാക്കി എല്ലാവർക്കും 10നു മുകളിലെങ്കിലും ഉണ്ട്..
എന്നോട് എക്സാം എഴുതണ്ട നീ ജയിക്കില്ല എന്നൊക്കെ പറഞ്ഞു..
ഹി പ്രാക്ക്ഡ് മീ…
ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, ഡയലോഗ് അടിച്ചു നിക്കാൻ നമ്മൾ കഴിഞ്ഞിട്ടെ ഉള്ളു മറ്റു ആള്ക്കാര്..
“സാറെ ബെറ്റ് വെച്ചോ, ഈ കോളേജിലെ ഗൈനെക്കോളജി ഫസ്റ്റ് ഞാൻ ആയിരിക്കും..”
അങ്ങനെ വെല്ലുവിളി ഒക്കെ കഴിഞ്ഞപ്പോൾ അവസാനം അയാൾ ഹോൾടിക്കറ് തന്നു.. ഉടനെ തന്നെ ഒരു തമിഴത്തി മാഡത്തെയും കൂട്ടു പിടിച്ചു ദര്ബാറി രാഗത്തിൽ ഒരു പിടുത്തം അങ്ങോട്ട് പിടിച്ചു… എല്ലാ പരീക്ഷക്കും തോറ്റിട്ടു മെയിൻ പരീക്ഷക്കു റാങ്ക് വാങ്ങുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുമില്ലേ.. ഞങ്ങടെ ക്ലാസിൽ അത് ഞാനായിരുന്നു.. സത്യമായിട്ടും…
അങ്ങനെ റിസൾട്ട് വന്നപ്പോൾ പൊട്ടന് ലോട്ടറി അടിച്ച പോലെ നുമ്മ ഫസ്റ്റ്,, 72 മാർക്കു.. എല്ലാവരെയും പോലെ ഞാനും ഞെട്ടി.. എനിക്ക് വട്ടായതാണോ, ഇനി പേപ്പർ നോക്കിയവർക് വട്ടായതാണോ….
അങ്ങനെ ആ ഹാങ്ങോവറിൽ ആണ് ഞാൻ നെഞ്ചും വിരിച്ചു നിക്കണേ..
ദാ വരുന്നു നമ്മുടെ എംഡി.. എന്നെ കണ്ടതും പുള്ളിക്കൊരു ചളിപ് മുഖത്ത്.. ഇനി എനിക്ക് തോന്നിയതാണോ എന്തോ…
ഓരോരുത്തർ ആയി പോയി പോസ്റ്റിങ്ങ് ഓർഡർ വാങ്ങി വരുന്നു എൻറെ ഊഴം എത്തി.. ഞാനിത്തിരി അഹങ്കാരത്തോടെ അങ്ങേരെ നോക്കി..
( കിലുക്കം സ്റ്റൈൽ )
“എന്തായി ഇപ്പോൾ? “
“എന്തു? “
“ഞാൻ ഫസ്റ്റ് അടിച്ചത് കണ്ടില്ലേ? “
“അയിന്? “
“അയിനു ഒന്നൂല്യ, ഇങ്ങള് ബെറ്റ് വെച്ചിരുന്നലോ…? “
“ഓ അതിനാണ് നഗളിപ്പ്, തരാംട്ട “
ഡോണ്ട് മെസ്സ് വിത്ത് യുവർ ബോസ്.. അമ്മയാണെ എട്ടിന്റെ പണി തരും പന്നികള്..
“നീ എത്ര ഡെലിവറി എടുത്തുന്ന പറഞ്ഞെ??”
“1…അല്ലെ?? “
“ങേ?? എത്ര?? “
“എന്നാൽ പൂജ്യം “
“ഹാ,, അപ്പോൾ മോൻ പോയി 6മാസം ലേബർ റൂം ഡ്യൂട്ടി എടുക്കു…”
ഈശ്വര…
എന്നോടിത് വേണ്ടായിരുന്നു.. ആദ്യത്തെ ദിവസം ഡെലിവറി കണ്ടു കഴിഞ്ഞു അമ്മയെ വിളിച്ചു കരഞ്ഞവനാ . പിന്നെ ആ ഏരിയയിൽ പോയിട്ടില്ല.. ആ എന്നോട്… കണ്ണിൽ ചോര ഇല്ലാത്തവൻ..
“നിങ്ങളോട് ദൈവം ചോദിക്കുംടോ.. “
“ഹാ, ഞാൻ അവിടെ ഉത്തരം പറഞ്ഞോളാം.. “
അങ്ങനെ കിട്ടുണ്ണി എലിഫന്റ് ബി എ… അല്ല bsc നേഴ്സ് ലേബർ റൂമിലോട്ടു കാലെടുത്തു വെച്ച്..
മോശം പറയരുതല്ലേ.. എന്റെ പോന്നു സാറെ ഒന്ന് കേറിയാൽ പിന്നെ ചത്താലും കേറാൻ തോന്നൂല..
പാവം ഗർഭിണികൾ ഇങ്ങനെ കിടന്നു കരച്ചിലും ബഹളവും, സിസ്റ്റർമാരും ഡോക്ടർമാരും ഭയങ്കര പണി എടുക്കൽ.. അതിനിടയിൽ ഒരേ ഒരു രാജ.. മെയിൽ നേഴ്സ് ആയ ഞാൻ.. എന്തു ചെയ്യണം എന്നറിയാതെ പട്ടി ചന്തക്കു പോയ അവസ്ഥയിൽ..
അപ്പോൾ ദ വരുന്നു നഴ്സിംഗ് സുപ്പീരിന്റെണ്ടെന്റ്..ഈ സ്പെല്ലിങ് എനിക്കെന്നും തെറ്റുംട്ടാ..
അവനെന്താ അവിടെ നോക്കി നിക്കണേ, ഈ പെണ്ണിന്നെ 4 ചീത്ത വിളിക്കു..
ഓഹോ അപ്പോൾ എനിക്കിവിടെ ഗുണ്ട റോൾ ആണല്ലേ??
ഞാൻ ചെന്ന് പറഞ്ഞു,..ചേച്ചി.. നന്നായിട്ടൊന്നു മുക്കിക്കെ.. മുക്കമ്മ മുക്ക്..
മ്മ്.. മ്മ്മ്…
അയ്യോ വായ കൊണ്ട് സൗണ്ട് ഉണ്ടാക്കാനല്ല, കുട്ടി ഇങ്ങോട്ട് പോരണം.. അങ്ങനെ മുക്ക്…
മ്മ്മ്… രാമ രാമ..
രാമന്റെ… എന്റെ ചേച്ചി..ഇങ്ങള് തമാശ ആക്കാണ്.. മുക്കങ്ങട്….
ആദ്യായിട്ടല്ലേ, ബാക്കി നഴ്സുമാരും ഡോക്ടർമാരുമൊക്കെ രണ്ടു സൈഡിലോട് മാറി നിന്ന് പറഞ്ഞത് ഞാൻ നടുക്കിൽ നിന്നിൽ പറഞ്ഞത്..
ചേച്ചി നന്നായിട്ടൊന്നു മുക്കി.. ഇന്നെന്താ ഹോളി ആണോ?? വായിലും, ഡ്രെസിലുമൊക്കെ വെറൈറ്റി നിറങ്ങൾ…
പനീർ തെളി ആനെ, ഇവിടെ തെളി പനീർ… എന്ന അവസ്ഥയായിരുന്നു..
പിന്നെ നമുക്കു “ടെക്‌നിക്കു പിടി കിട്ടി.. “
പയ്യെ പയ്യെ ഡെലിവറി ഒക്കെ അറ്റൻഡ് ചെയ്തു തുടങ്ങി, കോ ഡ് കട്ടിങ്ങും, സക്ഷനിങ്ങും ഒക്കെ ആയി അവിടെ അങ്ങ് ഇഷ്ടപ്പെട്ടു വരുവായിരുന്നു…
ഒരു ദിവസം നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഒരു ഗർഭിണി വന്നു, സ്കാൻ നോക്കിയപ്പോൾ ഇരട്ട കുട്ടികൾ..നന്നായി ശ്രദ്ധിക്കണം..പിന്നെ ആണ് ഫയൽ നോക്കുന്നത്..
ഭാഗ്യ ലക്ഷ്മി…
എവിടെയോ കേട്ടു മറന്ന പേരാണല്ലോ.. ആയമ്മേ എനിക്ക് ഭയങ്കര ഇഷ്ടമേ അല്ലായിരുന്നു .. ഞാൻ രോഗിയുടെ അടുത്തേക്ക് ചെന്ന്.. മുഖമൊക്കെ തടിച്ചു, നീര് വന്നു,പണ്ടത്തെ കുട്ടിത്തത്തിനൊക്കെ മാറ്റമുണ്ടെങ്കിലും, എഴു മലകൾ ക്കപ്പുറത്തും, ഏഴുജന്മങ്ങൾക്കപ്പുറത്തും ഞാൻ നിന്നെ തിരിചറിയും … അയ്യോ കഥ തന്തു മാറിപ്പോയി…
അപ്പോഴേക്കും പെയിൻ തുടങ്ങി,ടേബിളിലോട് എടുത്തു.. എന്റെ കേസ് അല്ലായിരുന്നു.. പക്ഷെ ഇത് എനിക്ക് തന്നെ എടുക്കണം തോന്നി..
പെട്ടെന്ന് അവളെന്റെ കൈ പിടിച്ചു, “ഡാ, എന്റെ കുട്ടികളെ സൂക്ഷിക്കണേ, പഴയ കലിപ്പൊന്നും തീർക്കല്ലേട “
ഇത് പോലെ ഗതി കെട്ടവൾ ഈ ലോകത്ത് വേറെ കാണില്ല ഭഗവാനെ..
നേഴ്സ് ആയതു കൊണ്ടും, എൻജിനീയറുടെ സ്റ്റാറ്റസിന് ചേർന്നതല്ലെന്ന് പറഞ്ഞും, കണ്ണിക്കണ്ട പെണ്ണുങ്ങളുടെ അതും ഇതുമൊക്കെ കാണാനുള്ള ജോലി അല്ലെ എന്നൊക്കെ പറഞ്ഞു ഗൾഫ് കാരനെ കെട്ടി പോയവൾ, ദാ കിടക്കുന്നു…
എന്റെ കർത്താവെ നീ വലിയവൻ തന്നെ..
അങ്ങനെ അവളുടെ രണ്ടു കുട്ടികളേം ഈ ഭൂമിയിലേക്കു എന്റെ ഈ കയ്യിലൂടെ സ്വീകരിക്കുകയാണ് സൂർത്തുക്കളെ…
വാഷിങ്ങൊക്കെ കഴിഞ്ഞു കുഞ്ഞുങ്ങളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തപ്പോ അവളുടെ തിരുമുഖം ഒന്ന് കാണണം…
Oh..awsome.. ചില കണക്കുകൾ ഒക്കെ നമ്മൾ മറന്നാലും പടച്ചോൻ മറക്കൂലാന്നേയ്..
പ്രതികാരത്തിനൊന്നും നമ്മളില്ലേയ്..ദാ വരുന്നു അടുത്ത ഗർഭിണി.. ചില മാസങ്ങളിൽ ഇത് ഒരു 200-300 ഒക്കെ പോവും..
അതേതു മാസം??
മാർച്ച് – യാപ്രിൽ
ഓഹോ… ഇടിവെട്ട്, മഴ… കാച്ചിയ എണ്ണ, ഇതൊക്കെ ആണ് ജനസംഖ്യ വർധനവിന്റെ കാരണങ്ങൾ…
അടുത്ത മുക്കമ്മയുമായി നുമ്മ അടുത്ത ടേബിളിലോട് പോവാണ് ട്ടാ ……