ഒരു ദിവസം മോളെ സ്കൂളിൽ ആക്കിയിട്ടു ഒരു ഫയൽ എടുക്കാൻ മറന്നതുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നു.

മകൾക്കായി…

എഴുത്ത്: അശ്വനി പൊന്നു

കുളി കഴിഞ്ഞു നനഞ്ഞ മുടി ഒരു ടവ്വൽ കൊണ്ട് ചുറ്റിയതിനു ശേഷം ഇളം നീല നിറത്തിലുള്ള ഒരു കോട്ടൺ സാരി എടുത്തു ഉടുക്കുകയാണ് വൈഗ…

അവളുടെ വയറിലൂടെ എന്റെ ഇരു കൈകളും അമർന്നപ്പോൾ കുതറി മാറിക്കൊണ്ടവൾ എന്നെ തന്നെ നോക്കി നിന്നു….

ഞാൻ പതിയെ അടുത്തോട്ടു ചെന്നു അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു…

എന്റെ പാറുമോൾക്ക് വേണ്ടി മാത്രം…

അവൾ എന്നോട് മിണ്ടുന്നില്ല അവൾക് മാത്രം കളിയ്ക്കാൻ വാവയില്ലെന്നു പറഞ്ഞു പരാതി പറഞ്ഞു എന്നെ ശല്യം ചെയ്തപ്പോൾ ദേഷ്യം കൊണ്ട് ഒന്ന് കൊടുത്തു പോയതാ അതിനു മാത്രം…..ആ പിണക്കം മാറ്റാൻ വേണ്ടി മാത്രം നീയെനിക്ക്……..

ഇതും പറഞ്ഞു ഞാൻ വൈഗയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. എന്നാലും പാറുകുട്ടിയുടെ സന്തോഷത്തിനായി അവൾ എന്തും ചെയ്യും….

അങ്ങനെയാണ് 3 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണു ഞാനും വൈഗയും ശരീരം കൊണ്ട് മാത്രം ഒന്നാകുന്നത്……

അവസാനം മോൾ വരാൻ സമയമായി എന്നും പറഞ്ഞു നിറകണ്ണുകളാൽ എഴുന്നേറ്റു പോകുന്ന അവളെ ഗൗനിക്കാതെ ഞാൻ സിഗരറ്റു പാക്കറ്റിൽ നിന്നും ഒന്നെടുത്തു കത്തിച്ചു പേഴ്‌സ് എടുത്തു തുറന്നു…അതിൽ ചിരിച്ചു നിൽക്കുന്നു ആതിര…

എടീ നിനക്കിഷ്ടപെടുമോ എന്നെനിക്ക് അറിയില്ല….നമ്മുടെ മോളുടെ സന്തോഷത്തിനായി അവൾക്കൊരു കൂട്ടിനായി ചെയ്തതാണ്…. അല്ലാതെ നിന്റെ സ്ഥാനത്തു മറ്റൊരുവളെ കാണാൻ എനിക്ക് കഴിയില്ല……..

എന്നും പറഞ്ഞു അവളുടെ ഫോട്ടോയിൽ ചുംബിച്ചു തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട് പാറുക്കുട്ടി വൈഗയുടെ കയ്യും പിടിച്ചു വരുന്നു

ആഹാ അച്ഛന്റെ പാറൂട്ടി വന്നോ…. എന്താ മുഖത്തൊരു ഗൗരവം… അച്ഛന്റെ കാന്താരി വന്നേ

ഞാൻ അവളുടെ കൈപിടിച്ച് മടിയിൽ ഇരുത്താൻ ശ്രമിച്ചു. അവൾ കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു

അച്ഛാ…അച്ഛൻ ഇന്നലെ പാറൂട്ടിയെ തല്ലിയ പോലെ അമ്മയെ തല്ലിയോ എന്തിനാ ‘അമ്മ കരയുന്നത്

മോളെ അത് ‘അമ്മ കരഞ്ഞതല്ല അമ്മയുടെ കണ്ണിൽ കരട് പോയതാ…. മോള് പോയി ബാഗ് വച്ച് വാ ‘അമ്മ മോളെ കുളിപ്പിച്ച് തരാം

ഇതും പറഞ്ഞവൾ തിരിഞ്ഞു നടക്കുമ്പോൾ ഇടയ്ക്ക് ഒന്ന് എന്നെ നോക്കി… തികച്ചും സ്വാർത്ഥനായ എനിക്ക് തല കുനിക്കാനേ കഴിഞ്ഞുള്ളു…..

അവൾ നടന്നകലുമ്പോൾ എന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി……

കോളേജിലെ വാകമരച്ചോട്ടിൽ നിന്നും ആരംഭിച്ച പ്രണയമായിരുന്നു എന്റേതും ആതിരയുടെയും….

അഞ്ചു വർഷങ്ങൾക് ശേഷം ഒരു കമ്പനിയിൽ ജോലിയും വാങ്ങി അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചു

സാമ്പത്തികം കൊണ്ട് വളരെ മുൻപന്തിയിൽ നിൽക്കുന്ന അവളെ സാധാരണക്കാരനായ എനിക്ക് തരാൻ അവളുടെ മാതാപിതാക്കൾക്ക് സമ്മതമില്ലായിരുന്നു….

ആയതിനാൽ എന്റെ അമ്മയുടെ മാത്രം അനുഗ്രഹത്താൽ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു

അവൾ വീട്ടിൽ വന്നത് മുതൽ അവളുടെ കളിയും ചിരിയും പൊട്ടത്തരങ്ങളും എല്ലാംകൊണ്ടും ഞങ്ങളുടെ വീടുണർന്നു….

പെണ്മക്കളില്ലാത്ത എന്റെ അമ്മയ്ക്ക് ഒരു മകളുടെ സ്നേഹം കൊടുത്തുകൊണ്ട് അവൾ അമ്മയുടെ ജീവനായി മാറി.

ഒരു ദിവസം ഓഫീസിൽ നിന്നും വീട്ടിൽ വന്നപ്പോൾ ഞാൻ കണ്ടത്

എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ കയ്യിൽ പച്ചമാങ്ങയും പിടിച്ചു ആസ്വദിച്ച് തിന്നുന്ന എന്റെ ആതിരയെ ആയിരുന്നു.

ഡീ പെണ്ണെ ഇങ്ങനെ ഓരോന്ന് വലിച്ചു കയറ്റണ്ട… വയറിനു പിടിക്കില്ല

മോനെ ഇത് വയറ്റിൽ പിടിച്ചതുകൊണ്ടുള്ള ആർത്തിയാ

എന്നും പറഞ്ഞു ‘ചിരിച്ചുകൊണ്ട് അമ്മ വരുമ്പോൾ ഞാൻ അമ്പരന്നു നിന്നു

എടാ പൊട്ടാ നീ ഒരു അച്ഛനാവാൻ പോവുകയാ

ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ടെനിക്ക് അവളെയും എടുത്ത് തുള്ളിച്ചാടാൻ തോന്നി

മോനെ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇനി ആതിരമോളുടെ വീട്ടിൽ വിളിച്ചു പറയണം അവർ ഒരു മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോവുകയാണെന്ന്. അവരുടെ പിണക്കം മാറ്റണം

അമ്മയിതു പറയുമ്പോൾ നേർത്ത പ്രതീക്ഷ അവളിലും ഞാൻ കണ്ടു അതുകൊണ്ട് വിശേഷങ്ങൾ അറിയിക്കാൻ ഞങ്ങൾ നേരിട്ട് പോയി

എന്നാൽ അവിടുത്തെ സ്വീകരണം കണ്ടു കണ്ണ് നിറച്ചു കൊണ്ട് അവൾ എന്റെ കൂടെ പടിയിറങ്ങുമ്പോൾ

അവന്റെ വിത്തിന്റെ മുഖം പോലും ഞങ്ങള്ക് കാണേണ്ട ഡീ എന്ന് അമ്മയുടെയും അച്ഛന്റെയും ശാപം നിറഞ്ഞ വാക്കുകൾ ചെവിയിൽ തുളച്ചു കയറി. അപ്പോൾ മനസ്സിൽ ഉറപ്പിച്ചു ഇനി ഈ മണ്ണിൽ കാലു കുത്തില്ലെന്ന്

അങ്ങനെയിരിക്കെ ഞാൻ ഓഫീസിൽ ഉള്ളപ്പോൾ ‘അമ്മ വിളിച്ചു പറഞ്ഞു ആതിര മോൾക് വേദന വന്നു ഒന്ന് വേഗം ഹോസ്പിറ്റലിൽ വാ… ഞാൻ വളരെ വെപ്രാളപ്പെട്ട് എത്തിയപ്പോഴേക്കും അവളെ ലേബർ റൂമിലേക്ക് കയറ്റാൻ തുടങ്ങുകയായിരുന്നു….വേദനയ്ക്കിടയിൽ ചിരിച്ചു കൊണ്ട് അവൾ എന്നോട് പറഞ്ഞു

പാറുകുട്ടിയെ വാങ്ങാൻ റെഡി ആയി നിന്നോ എന്ന്…..

ഞാൻ അവളെ ഒന്ന് തലോടി അവൾ എന്റെ കൈ മുറുകെ പിടിച്ചു….അവളെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ എന്റെ കൈവിടാൻ അവൾക് മടിയുണ്ടായിരുന്നു. ഞാൻ പതിയെ കൈ പിടിച്ചു മാറ്റി… അവളെ ഉള്ളിലേക്ക് കയറ്റി

സമയം കടന്നു പോയിക്കൊണ്ടിരുന്നു… അമ്മയും ഞാനും വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു ഏറെ വൈകാതെ ഡോർ തുറന്നു സിസ്റ്റർ പുറത്തുവന്നു പറഞ്ഞു

ആതിര പ്രസവിച്ചു പെണ്കുഞ്ഞാ…..

കുഞ്ഞിന്റെ ‘അമ്മ?

എന്റെ ചോദ്യത്തിന് മറുപടി തരാതെ സിസ്റ്റർ അകത്തേക്ക് പോയി…

ലേബർ റൂം വീണ്ടും തുറന്നു ഡോക്ടർ എന്റെ അടുത്തേക്ക് വന്നു

സോറി ഹരികൃഷ്ണൻ എനിക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ഞാൻ ട്രൈ ചെയ്തു ബട്ട് ആതിരയുടെ ജീവൻ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല

എന്റെ കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ തോന്നി …’അമ്മ ആർത്തു കരഞ്ഞു എന്റെ മേലേക്ക് വീണു…. കൈകാലുകൾ മരവിച്ചു പോകുന്ന പോലെ തോന്നി

വെള്ള മൂടികൊണ്ട് അവളുടെ ശരീരം കൊണ്ട് വന്നപ്പോൾ ഒന്ന് കരയാൻ പോലും എനിക്ക് കഴിഞ്ഞില്ല

അവളുടെ ശരീരം ഏറ്റുവാങ്ങി വീട്ടിലേക്ക് പോയി…. കയ്യിൽ എന്റെ പാറൂട്ടിയെ പിടിച്ചു തെക്കേ തൊടിയിലേക്ക് അവളുടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കി നിന്ന് കരഞ്ഞു പറഞ്ഞു

പാറൂട്ടിയെ എന്റെ കയ്യിൽ ഏല്പിച്ചു പോയല്ലെ

എന്നെ തനിച്ചാക്കില്ലെന്ന് പറഞ്ഞിട്ടു നീ പറ്റിച്ചല്ലേ

നിന്റെ അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ട് നീ കണ്ടോ

നീ ആഗ്രഹിച്ചതല്ലേ അത്

അപ്പുറത്തെ റൂമിലുണ്ട് നമ്മുടെ ‘അമ്മ തളർന്നു കിടക്കുകയാ നീ വന്നു ഒന്ന് നോക്ക്

ഇതൊക്കെ പറഞ്ഞു മോളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഉറക്കെ കരയുന്നുണ്ടായിരുന്നു

എന്റെ ‘അമ്മ വന്നു കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ചൂടുവെള്ളം നാവിൽ ഉറ്റിച്ചു കൊടുത്തു അതിന്റെ വിശപ്പ് ശമിപ്പിക്കാൻ ശ്രമിച്ചു…

ചിത കത്തി കഴിഞ്ഞു.. എല്ലാവരും പോയപ്പോൾ അവളുടെ അച്ഛനും അമ്മയും എന്റെ അടുത്ത് വന്നു

ചെയ്ത തെറ്റുകൾക് പ്രായശ്ചിത്തമായി പറഞ്ഞു പാറുകുട്ടിയെ അവർ വളർത്താമെന്നു…എന്നാൽ അവളെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു….

ഒരു നിമിഷം അവർ ആതിരയെ പടിയടച്ചു പിണ്ഡം വച്ചതു അവളുടെ മനസ്സിൽ ഒരു നോവായി മാറി എന്നുള്ള ചിന്ത എന്റെ മനസ്സിൽ ആളിക്കത്തി

എന്റെ കണ്ണുകളിൽ ദേഷ്യം ജ്വലിച്ചു….

ഇത്ര നേരം ഞാൻ മിണ്ടാതെ നിന്നു.. നിങ്ങളാ….നിങ്ങളാണെന്റെ ആതിരയെ കൊന്നത്… ഇനി എന്തിനാ എന്റെ മോളെ കൂടി കൊല്ലണോ….ഇറങ്ങിപോയ്‌ക്കോ ഇനി ഈ പടി കടന്നു പോകരുത്

എന്റെ വാക്കുകൾ കേട്ട് അവർ കണ്ണ് തുടച്ചു ഇറങ്ങിപ്പോയി

പിന്നീടങ്ങോട് ഞാനും എന്റെ അമ്മയും കഷ്ടപെട്ടായിരുന്നു പാറുമോളെ വളർത്തിയത്….

ഒന്നര വർഷങ്ങൾക് ശേഷം വീണ്ടും ദുരന്തം ഞങ്ങളെ വേട്ടയാടി…..

അപ്രതീക്ഷിതമായ അമ്മയുടെ മരണം എന്നെ തളർത്തികളഞ്ഞു…..

ഒരു മാസം അച്ഛൻപെങ്ങൾ ഞങ്ങള്ക് തണലായി നിന്നു…. പാറുമോളുടെ കാര്യങ്ങൾ എല്ലാം നോക്കി. എന്നാൽ വീട്ടിൽ പെണ്കുട്ടികൾ മാത്രമായ അച്ഛൻപെങ്ങളുടെ തണൽ അത് ശാശ്വതമല്ലല്ലോ….

അങ്ങനെയാണ് അച്ഛൻപെങ്ങൾ വൈഗയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്….

അച്ഛനും അമ്മയും നഷ്‌ടമായ വൈഗ അമ്മാവന്റെ വീട്ടിലാണ് താമസം…

അവരുടെ കുത്തുവാക്കുകൾക്കും ഉപദ്രവങ്ങൾക്കും അറുതി വരാൻ വേണ്ടി മാത്രമായിരിക്കും അവൾ വിവാഹത്തിന് സമ്മതം മൂളിയത്……

ആഘോഷങ്ങൾ ഒന്നുമില്ലാതെയാണ് വൈഗയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നത്……

വീട്ടിൽ വലതുകാൽ വച്ച് കയറിയ അവളെ അച്ഛൻപെങ്ങൾ നിലവിളക്ക് കൊടുത്തു സ്വീകരിച്ചപ്പോൾ, നിലവിളക്ക് തിരികെ നൽകി കൊണ്ടവൾ കരയുന്ന പാറുക്കുട്ടിയെ കയ്യിൽ വാങ്ങിയാണ് അകത്തേക്ക് കയറിയത്

അന്ന് രാത്രി അവൾ മോളെ നെഞ്ചിൽ കിടത്തി ഉറക്കുന്നത് എനിക്ക് അത്ഭുദമായിരുന്നു കാരണം ഒന്നര വയസുകാരി പാറൂട്ടി നേരത്തെ ഉറങ്ങികൊണ്ടിരിക്കുന്നു അല്ലെങ്കിൽ അവൾ കരച്ചിൽ ആയിരുന്നു

മോളെ അടുത്ത്കിടത്തിയപ്പോൾ ഞാൻ അവളോട് പറഞ്ഞു

വൈഗ താങ്ക്സ്…..എന്റെ മോൾക് ഇന്ന് ഒരു അമ്മയുടെ സ്നേഹം ലഭിച്ചു എന്നാൽ………….

അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാൻ തുടർന്ന്

എന്നാൽ ഒരു ഭാര്യയുടെ എന്റെ ആതിരയുടെ സ്ഥാനം തരാൻ എനിക്കാവില്ല

അതൊന്നും സാരമില്ല പേടിക്കാതെയും പട്ടിണി കിടക്കാതെയും ഒരു ഇടം മാത്രം മതിയെനിക്ക്

ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി……

അന്ന് മുതൽ ഇന്ന് വരെ അവൾ പാറൂട്ടിയെ സ്നേഹിച്ചും പരിചരിച്ചും കഴിഞ്ഞു…. കൂടെ എന്റെ കാര്യങ്ങൾ നോക്കാനും മറന്നില്ല

ആ വൈഗയെ ഞാനിന്നു എന്റെ കുഞ്ഞിന്റെ സന്തോഷത്തിനായി ഒരു ഉപകരണമാക്കി

ഒരു ദിവസം രാവിലെ പാത്രങ്ങളുടെ ശബ്ദം കേട്ടുകൊണ്ട് ഉണർന്ന ഞാൻ അടുക്കളയിലേക്ക് ഓടി….

അമ്മെ…. അമ്മെ……….കണ്ണ് തുറക്കമ്മേ….

അച്ഛാ ‘അമ്മ എഴുനേൽക്കുന്നില്ല

ഞാൻ കുറച്ചു വെള്ളമെടുത്തു മുഖത്തു തളിച്ചു… അവൾ കണ്ണ് തുറന്നു യാതൊരു ഭാവമാറ്റവുമില്ലാതെ എന്നോട് പറഞ്ഞു

കുറെ ദിവസമായി പറയണമെന്ന് കരുതുന്നു…. പാറൂട്ടിക്ക് ഒരു വാവ വരാൻ പോകുന്നു

എനിക്കും പറയാൻ മറുപടി ഇല്ലായിരുന്നു…

ഞാൻ അവളുടെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു

വേഗം റെഡി ആയിക്കോ ഡോക്ടറെ കാണിക്കാം

അവൾ ഒരു കുഞ്ഞിനെ പോലെ അനുസരിച്ചു…..

ഓരോ ദിവസം കഴിയുന്തോറും അവൾക് ക്ഷീണം കൂടി വന്നു….ഛർദിച്ചു ക്ഷീണിച്ചാൽ പോലും ഞാൻ ഒന്ന് സ്നേഹത്തോടെ നോക്കാറുപോലുമില്ല

നീര് വന്ന കാൽ തടവികൊടുക്കാറില്ല……

എന്നാൽ എന്റെ പാറൂട്ടി ഇതെല്ലം ചെയ്തുകൊടുത്തു…

അവളുടെ വാവയെ കാണാൻ അവൾക് ധൃതി ആയിരുന്നു

ഒരു ദിവസം മോളെ സ്കൂളിൽ ആക്കിയിട്ടു ഒരു ഫയൽ എടുക്കാൻ മറന്നതുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നു

വീട്ടിലെത്തിയ ഞാൻ കണ്ടത് വേദനയിൽ പിടയുന്ന വൈഗയെ ആയിരുന്നു ഹരിയേട്ടാ……ആ വിളി കേട്ടതും അവളെ അങ്ങനെ കണ്ടതും എനിക്കെന്റെ ആതിരയെ ഓര്മ വന്നു

ഓടിച്ചെന്ന് അവളെ ഇരുകൈയിലും കോരിയെടുത്തു പുറത്തേക്കോടി
എന്റെ കണ്ണുകളും നിറയാൻ തുടങ്ങി

കിട്ടിയ വണ്ടിക്ക് കൈ കാട്ടി…. അതിൽ നിന്നും ഇറങ്ങിയത് ആതിരയുടെ അച്ഛനും അമ്മയും ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന എന്നോട് അവർ പറഞ്ഞു

കഴിഞ്ഞതൊന്നും ഓർക്കേണ്ട… ഞങ്ങളുടെ മകളുടെ ഗതി ആർക്കും വരരുത്

ഞാൻ അവളെയും പിടിച്ചു വണ്ടിയിൽ കയറി.അവളുടെ തല എന്റെ മടിയിൽ വച്ച് പതിയെ തലോടി…

വേദനയ്ക്കിടയിലും അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…..

ഹോസ്പിറ്റലിൽ എത്തി…..

സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞതോടെ ഞാൻ സകല ദൈവങ്ങളെയും വിളിക്കാൻ തുടങ്ങി

ആതിരയുടെ അമ്മയും അച്ഛനും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു

അവസാനം സിസ്റ്റർ കുഞ്ഞിനെ കയ്യിൽ തന്നു പറഞ്ഞു

ആൺകുട്ടിയാണ്

എനിക്കപ്പോൾ അറിയേണ്ടത് വൈഗയെകുറിച്ചായിരുന്നു

കുറച്ചു കഴിഞ്ഞു സിസ്റ്റർ പറഞ്ഞു ICUവിലേക്ക് മാറ്റുകയാണ് നാളെ രാവിലെ റൂമിലേക്ക് മാറ്റാമെന്ന്…

ഇടയ്ക്കൊന്നു ഐസിയുവിൽ കയറിയപ്പോൾ വൈഗ ഉറങ്ങുകയായിരുന്നു….

ഞാൻ സ്കൂളിൽ പോയി മോളെ കൂട്ടി വന്നു

അവളും ഞാനും ആതിരയുടെ അച്ഛനും അമ്മയും എല്ലാം കാത്തിരുന്നു

പിറ്റേന്ന് രാവിലെ അവളെ റൂമിലേക്ക് മാറ്റി…അവൾക് വേദന ഉണ്ടായിരുന്നു..പാറൂട്ടി അവളെയും മോനെയും മാറി മാറി ഉമ്മ വച്ചു

പാറൂട്ടിക്ക് ചായ കൊടുക്കാനായി അച്ഛനും അമ്മയും പുറത്തേക്ക് പോയപ്പോൾ ഞാൻ വൈഗയെ തന്നെ നോക്കി നിന്നു

വൈഗ ഇപ്പോൾ വേദന ഉണ്ടോ

ഇല്ലെന്ന മട്ടിൽ തലയാട്ടി

ഞാൻ പാറൂട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു ട്ടോ അവൾക് വേണ്ടി എത്ര വേദന സഹിക്കാനും എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ് അതെന്റെ ജീവൻ കളയേണ്ടി വന്നാലും

അവൾ പറഞ്ഞു തീരും മുൻപ് അവളുടെ വായ പൊത്തികൊണ്ട് ഞാൻ കൊണ്ട് പറഞ്ഞു

അത് മാത്രമല്ല മോന്റെയും പാറൂട്ടിയുടെയും അമ്മയായും എന്റെ ഭാര്യയായി ആതിരയുടെ സ്ഥാനത്തല്ല ആതിരയായി നീ എന്റെ നല്ല പാതിയായി എന്നും കൂടെ വേണമെന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിക്കുമ്പോൾ

അവൾ മനസ്സിൽ കൊതിച്ച കാര്യങ്ങൾ ആണ് അതെന്ന് അവൾ പറയാതെ തന്നെ അവളുടെ കണ്ണുനീർ അതെനിക്ക് വ്യക്തമാക്കി തന്നു

💕💕ശുഭം 💕💕

അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒന്ന് രേഖപ്പെടുത്തൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *