ഒരു ദിവസം രാവിലെ ഉറക്കമുണർന്നു കുളിക്കാനായി ഹരി കുളക്കടവിലേക്ക് പോയപ്പോൾ കണ്ടത് മേൽമുണ്ട് ധരിച്ചിരിക്കുന്ന വേണിയെ ആണ്…

എഴുത്ത് : അശ്വനി പൊന്നു

“ഈ കടുത്ത ചൂട് കാരണം പുറത്തിറങ്ങാൻ വയ്യാതെയായി…. ഇനിയിപ്പോ കുളത്തിൽ പോയി കിടന്നുറങ്ങേണ്ടി വരും “

നെറ്റിയിലെ വിയർപ്പുകണങ്ങൾ കൈകൊണ്ട് തുടച്ചു മാറ്റികൊണ്ട് ഹരിനാരായണൻ രാമേട്ടനോട് പറഞ്ഞു.

“ന്റെ ഹരികുട്ടാ കിട്ടിയ ഉദ്യോഗം വേണ്ടെന്ന് വച്ചല്ലേ നീ ഈ പാടത്തു കിടന്നു രാവന്തിയില്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്നത്..”

“രാമേട്ട ഈ പാടവും പറമ്പുമെല്ലാം എന്റെ അച്ഛൻ പൊന്നു വിളയിച്ചതാണെന്ന് ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട്…രാമേട്ടാ അച്ഛൻ മരിച്ചതിൽ പിന്നെ ഇപ്പോഴാവും അല്ലെ ഇത് ഇങ്ങനെ വിളവ് നിറഞ്ഞു കിടക്കുന്നത് “

“അതെ മോനെ നിന്റെ അച്ഛനും നിന്നെ പോലെ തന്നെ ആയിരുന്നു സ്വന്തം ചോരയും നീരുമെല്ലാം ഭൂമിദേവിക്ക്‌ സമർപ്പിക്കും പോലെ ആയിരുന്നു അധ്വാനം

എന്തിനേറെ പറയുന്നു അമ്മാവന്മാരുടെ പറമ്പും കൂടി നന്നാക്കി വിളവ് കൂട്ടുമായിരുന്നു നിന്റെ അച്ഛൻ … “

“പഠിക്കുമ്പോഴും ഉദ്യോഗസ്ഥൻ ആയപ്പോഴും ഒന്നും കിട്ടാത്ത ഒരു സന്തോഷവും ശാന്തിയുമെല്ലാം ഇപ്പോൾ ഈ വയലിൽ നിന്നും കിട്ടുന്നുണ്ട് രാമേട്ടാ…
ഒപ്പമെല്ലാം മറക്കാനും .”

“മോനിപ്പോൾ കുളത്തിലേക്കാകും ലെ എന്നാൽ ഞാൻ നടക്കട്ടെ “

ഒരു ദീർഘ ശ്വാസമെടുത്തു അതും പറഞ്ഞു രാമേട്ടൻ നീങ്ങി

ഹരി പുഞ്ചിരിച്ചുകൊണ്ട് കുളക്കടവിലേക്ക് നടന്നു.

കുളക്കടവിൽ എത്തിയ ഹരി അത്ഭുദപ്പെട്ടു ചുറ്റും നോക്കി…. ആരെയും കാണുന്നില്ല എന്നാൽ വില കൂടിയ സുഗന്ധ ദ്രവ്യങ്ങളുടെയും ഷാംപൂവിന്റെയും ഹെയർ ഓയിലിന്റെയും എല്ലാം സുഗന്ധം അവന്റെ മൂക്കിലേക്ക് പടർന്നു…
സാധാരണ കോലോത്തെ സ്ത്രീ ജനങ്ങളുടെ കാച്ചിയ എണ്ണയും താളിയും വാകപ്പൊടിയുമൊക്കെയാ മണക്കാറുള്ളത്

ഹരി വെള്ളത്തിലേക്കിറങ്ങി.. തന്റെ ചൂട് പിടിച്ച ശരീരം കുളത്തിലെ തണുത്ത ജലത്തിൽ തണുപ്പിക്കുമ്പോഴും ആ സുഗന്ധം മൂക്കിലേക്ക് ഇരച്ചുകയറി….

കുളിയൊക്കെ കഴിഞ്ഞു അവൻ കോലോത്തെക്ക് നടന്നു.. കോലായിൽ പത്രം നോക്കികൊണ്ടിരിക്കുന്ന ആളെക്കണ്ടു ഹരി ഒന്ന് നിന്നു.. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു

“ശങ്കരമ്മാമ…..”

“ശങ്കരമ്മാമ എപ്പോ എത്തി “

“ആഹാ ഹരികുട്ടൻ എത്തിയോ ഞങ്ങൾ ഒരു പത്തുമണി ആയപ്പോൾ എത്തി.. നിന്നെ തിരക്കിയപ്പോൾ നീ പാടത്തേക്ക് പോയെന്ന് സാവിത്രി പറഞ്ഞു. “

“ഹരികുട്ടാ നീ അതിരാവിലെ പാടത്തേക്ക് പോയതല്ലേ വല്ലതും കഴിക്കാൻ നോക്ക്”

അകത്തു നിന്നും ശേഖരൻമാമാ അതും പറഞ്ഞു പുറത്തേക്ക് വന്നു..

ഹരിയുടെ ‘അമ്മ സാവിത്രിയുടെ ആങ്ങളമാർ ആണ് ശങ്കരനും ശേഖരനും… ശങ്കരമാമ ഡൽഹിയിൽ ആണ് താമസം…

അതിനും ഒരു കാരണമുണ്ട് കോലോത്തെ കാര്യസ്ഥന്റെ മകൾ സുഭദ്രയെ മംഗലം കഴിച്ചതിനു മുത്തശ്ശൻ പുറത്താക്കിയതാ..

പിന്നീട് മുത്തശ്ശന്റെ അവസാന നാളുകളിൽ ഇളയ പുത്രനെ കാണാനുള്ള മോഹം കൊണ്ടും അവന്റെ ഭാര്യയെയും കുട്ടിയെയും അംഗീകരിച്ചുകൊണ്ടും തിരിച്ചു വിളിച്ചു ..

മുത്തശ്ശന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞു അന്നത്തെ വേനലവധിയും കഴിഞ്ഞു പോയതിനു ശേഷം ഇന്നാണ് തിരിച്ചു വരുന്നത്

ഹരി അടുക്കള ലക്ഷ്യമാക്കി നടക്കുമ്പോഴും ഹരിയുടെ കണ്ണുകൾ അപ്പോഴും അവിടെ ഇവിടെയായി പരതുന്നുണ്ടായിരുന്നു…

അടുക്കളയിൽ എത്തിയപ്പോൾ അമ്മയും സുഭദ്ര ചിറ്റയും സുമതി ചിറ്റയും ഓരോരോ കാര്യങ്ങളും കൂടെ പരദൂഷണവും എല്ലാം കലർത്തി ചിരിക്കുന്നുണ്ടായിരുന്നു….

“ഹരിമോൻ എത്തിയോ വാ ഇരിക്ക് “

‘അമ്മ ഭക്ഷണം വിളമ്പിത്തരുമ്പോൾ സുഭദ്ര ചിറ്റ അരികിൽ വന്നു മുടിയെല്ലാം മാടിയൊതുക്കി തന്നു

“എന്ത് കോലമാ ഹരികുട്ടാ ഇത് ആകെ കറുത്ത് പോയല്ലോ പോരാത്തതിന് താടിയും നീട്ടി വളർത്തിയിരിക്കുന്നു “

“എന്റെ സുഭദ്രേ അതൊന്ന് വെട്ടാൻ പറഞ്ഞിട്ടു കേൾക്കേണ്ട? ” സുമതി ചിറ്റയാണ് അത് പറഞ്ഞത്

ഹരി ഊണ് കഴിച്ചെന്നു വരുത്തി തീർത്തു എഴുനേറ്റു നടക്കുമ്പോൾ സുമതി പറഞ്ഞു

“എന്റെ മോൾ ചെയ്ത തെറ്റ് പോലും നോക്കാതെയാ ഹരിമോൻ ഞങ്ങളെക്കൂടി നോക്കുന്നത് അത്രയ്ക്കുണ്ട് അവന്റെ മനസിലെ നന്മ “

സാരിതലപ്പെടുത്തു കണ്ണ് തുടയ്ക്കുന്ന സുമതി ചിറ്റയെ നോക്കാതെ സ്വന്തം മുറി ലക്ഷ്യമാക്കി ഹരി കോണിപ്പടി കയറിപോകുമ്പോഴും അവന്റെ കണ്ണുകൾ അങ്ങിങ്ങായി പാഞ്ഞു

മുകളിൽ എത്തിയപ്പോൾ കുളക്കടവിൽ നിന്നുമനുഭവപ്പെട്ട അതെ സുഗന്ധം ആദ്യത്തെ മുറിയിൽ നിന്നും വരുന്നു

ഹരി വാതിൽ തുറക്കാൻ ശ്രമിച്ചു എന്നാൽ അകത്തു നിന്നും ലോക്ക് ചെയ്തതായിരുന്നു..പൊടുന്നനെ മുറിയുടെ വാതിൽ തുറന്നു

“വേണി…..”

വിറയാർന്ന സ്വരത്തിൽ ഹരി പറഞ്ഞു….

അവൻ വേണിയോട് ഒന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് നടന്നു. അകത്തു കയറി വാതിൽ അടച്ചു.. കട്ടിലിൽ കമഴ്ന്നു കിടന്നു.. അവന്റെ മിഴികൾ നിറഞ്ഞു കവിളിലൂടെ രണ്ടു നേർത്ത ചാലുകൾ ആയി മാറി..

അവന്റെ ഓർമ്മകൾ ഇന്നലകളിലേക്ക് മിന്നിമാഞ്ഞു

“മുത്തശ്ശൻ കിടപ്പിലായി നേരിയ ഓർമയിൽ വാശി ഉപേക്ഷിച്ചു ശങ്കര മാമയെയും കുടുംബത്തെയും തിരിച്ചു വിളിക്കാൻ ശേഖരമാമയോട് പറഞ്ഞു…

അവരെ കാത്തിരിക്കുകയാണ് കോലോത്തെ എല്ലാവരും.. കൂട്ടത്തിൽ ഹരിയും ഗൗരിയും.. ഗൗരി ശേഖരമാമയുടെ മകൾ ആണ്… ഒരു കുശുമ്പി പെണ്ണ്..

ഹരി വഴിയിലേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങി. കാരണം ചെറുപ്പം മുതൽ കേട്ട മുറപ്പെണ്ണിനെ ഇടയ്ക്കെപ്പോഴോ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു…

അവരുടെ ടാക്സി വന്നതും എല്ലാവരും പടിക്കൽ എത്തി..

അതിൽ നിന്നും ശങ്കര മാമയുടെയും സുഭദ്ര ചിറ്റയുടെയും കൂടെ ഹാഫ് മിടിയുടുത്തു ഒരു സുന്ദരി ഇറങ്ങി,ഞങ്ങളുടെ ഓരോരുത്തരെയും പേര് പറഞ്ഞു എല്ലാവരെയും അറിയാമെന്ന ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട് എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ നേടുമ്പോൾ തെല്ലൊരു അസൂയയോടെ ഗൗരി അവളെ നോക്കുന്നത് ഹരി കണ്ടു…

അവരെല്ലാം മുത്തശ്ശന്റെ അടുത്തേക്ക് നീങ്ങി

മുത്തശ്ശൻ നിറകണ്ണുകളാൽ അവരെ സ്വീകരിച്ചപ്പോൾ ശങ്കരമാമ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു മാപ്പപേക്ഷിച്ചു. വേണി മുത്തശ്ശന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട് അനുഗ്രഹം വാങ്ങി

സുഭദ്ര സ്‌പൂണിനാൽ കഞ്ഞി വായിലേക്കു പകർന്നു നൽകിയപ്പോൾ ഇത്ര നാൾ അവരെ അകറ്റി നിർത്തിയ വേദന മുത്തശ്ശന്റെ കണ്ണുകളിൽ നീർച്ചാലുകൾ രൂപപ്പെടുത്തി..

അങ്ങനെ ആ ദിവസവും കടന്നു പോയി.. കർമങ്ങളും അടിയന്തരവും എല്ലാം കഴിഞ്ഞു….

വേണി എല്ലാവരുടെയും ഇടയിൽ ഒരു കുസൃതികുടുക്ക ആയി ഓടി നടന്നപ്പോഴും തെല്ലൊരു ഭയത്തോടെ ഹരിയിൽ നിന്നും ഒഴിഞ്ഞു മാറി.. ഹരി എല്ലായ്‌പോഴും ആരും കാണാതെ അവളെ കണ്ണുരുട്ടി പേടിപ്പിക്കുമായിരുന്നു. മാത്രമല്ല ഒരിക്കൽ ഡൽഹിയിലെ പോലെ സ്വിമ്മിങ് സ്വീട്ടും ഇട്ടു കുളത്തിൽ നീന്തി കളിച്ച അവളെ കണക്കിന് ശകാരിക്കുകയും ചെയ്തു.

ഒരു ദിവസം രാവിലെ ഉറക്കമുണർന്നു കുളിക്കാനായി ഹരി കുളക്കടവിലേക്ക് പോയപ്പോൾ കണ്ടത് മേൽമുണ്ട് ധരിച്ചിരിക്കുന്ന വേണിയെ ആണ്..

അമ്മയും ചിറ്റയും സ്വർണ്ണ നിറമാർന്ന അവളുടെ മേനിയിൽ തേങ്ങാപ്പാലും മഞ്ഞളും തേച്ചുകൊടുക്കുന്നു. നല്ലെണ്ണയും താളിയും തലയിൽ തേച്ചുകൊടുക്കുന്നു….

ഹരി അതിശയത്തോടെ നോക്കി നിന്നു

“ഡാ പെണ്പിള്ളേര് കുളിക്കുന്നത് നോക്കി നില്കാതെ കയറിപോടാ “

“അമ്മെ ഞാൻ കുളിക്കാൻ…..”

ചമ്മിയ മുഖത്തോടെ ഹരി വാക്കുകൾക്കായി പരതുമ്പോൾ നാണം മറയ്ക്കാൻ വേണി തോർത്തെടുത്തു മാറിലേക്കിക്കിട്ടു…

ഇവൾക്കിത്ര നാണമോ എന്ന് മനസ്സിലോർത്തു തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഹരിയെ വീണ്ടും അമ്മ വിളിച്ചു “ഹരികുട്ട നീ ഇന്ന് കിണറിൽ നിന്നും വെള്ളമെടുത്തു വേഗം കുളിക്ക് എന്നിട്ട് കടയിൽ പോയി വേണിമോൾക് ഒരു കൂട്ടം ദാവണി വാങ്ങി വാ “

ഹരി വേഗം കുളിച്ചു കടയിലേക്ക് പോയി കാരണം അവന്റെ സങ്കല്പത്തിലെ മുറപ്പെണ്ണ് ഒരു ദാവണിക്കാരി ആയിരുന്നു

കടയിൽ പോയി തിരിച്ചു വരുമ്പോൾ ഹരിയുടെ കയ്യിൽ നിന്നും ഗൗരി കവർ പിടിച്ചു വാങ്ങി…. വേണിക്കുള്ള ദാവണി ആണെന്നറിഞ്ഞപ്പോൾ കവർ ഹരിക്ക് തിരിച്ചു നൽകി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…

ഹരി വേണിയെയും കാത്തു കണ്ണും നട്ടിരിക്കാൻ തുടങ്ങി…. ഏറെ കാത്തിരിപ്പിനൊടുവിൽ ആ കാഴ്ച കണ്ട ഹരിക്ക് അത് സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു കാരണം അത്രയേറെ സുന്ദരി ആയ പെൺകുട്ടി ആയി മാറ്റിയെടുത്തിരുന്നു വേണിയെ

മഞ്ഞയും മെറൂണും കലർന്ന ദാവണി ധരിച്ചു…. അമ്മയുടെ കാശുമാല കഴുത്തിൽ ഇട്ടു ഒരു കുടയും ചൂടി ചിറ്റമാരുടെയും അമ്മയുടെയും കൂടെ കടന്നു വന്ന വേണി മുറ്റം വലം വെച്ച് അകത്തു കയറി നിലവിളക്കിനും കുപ്പിവള നിറച്ച താലത്തിനും മുൻപിലായി ഇരുന്നു…

ശേഷം അമ്മയുടെ നിർദേശ പ്രകാരം വേണി സമീപത്തുള്ള കിണ്ടിയിൽ വെച്ച വെള്ളത്തിലേക്ക് കൈകൾ ഇറക്കി അതിൽ നിന്നും കിട്ടിയ ഒരു പൊതിയെടുത്തു അമ്മയുടെ കയ്യിലേക്ക് കൊടുത്തു…

അമ്മ അത് തുറന്നുകൊണ്ട് പറഞ്ഞു “ലക്ഷ്മീദേവി കനിഞ്ഞു അനുഗ്രഹിച്ച കുട്ടിയാണ് വേണിമോൾ കയറി ചെല്ലുന്ന വീട്ടിൽ ഐശ്വര്യം നിറഞ്ഞു തുളുമ്പും ” അതിനു തെളിവായി പൊതിയിൽ നിന്നും കിട്ടിയ സ്വർണവും നാണയവും കാണിച്ചു

പിന്നീട് അമ്മയും ചിറ്റമാരും കുപ്പിവള അണിയിച്ചവളെ മനോഹാരിയാക്കുമ്പോൾ അമ്മാവന്മാർ കയ്യിൽ കരുതിയ സമ്മാന പൊതികൾ അവൾക്കായി നൽകി…കൂടെ ഹരിയും അവന്റെ കഴുത്തിൽ കിടന്ന ഏലസ് ഊരി എടുത്തു വേണിക്കു കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു… (കേട്ടറിവ് വച്ച് എഴുതിയതാണ് ഈ ചടങ്ങു )

ചടങ്ങുകൾക്കു ശേഷം പുറത്തിറങ്ങിയ ഹരി കാണുന്നത് വീടിന്റെ പിന്നാമ്പുറത്തു മുഖം വീർപ്പിച്ചിരിക്കുന്ന ഗൗരിയെ ആണ്

“എന്താടീ നിന്റെ മുഖത്ത് കടന്നല് കുത്തിയോ”

“മം എന്റെ മുഖത്തു എന്തെങ്കിലും ആയിക്കോട്ടെ അതിനു ഹരിയേട്ടന് എന്താ “

“എടീ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല എനിക്ക് മനസിലായി കാര്യം

എടീ നമ്മൾ ജനിച്ച മുതൽ നമ്മളെ സ്നേഹിക്കാൻ ഒത്തിരി പേരുണ്ടായിരുന്നു എന്നാൽ വേണിയോ?

അവൾക്ക് നമ്മൾ അല്ലെ ഉള്ളൂ “

ഏറെ നേരത്തെ ഉപദേശത്തിന്റെ ഫലമായി ഗൗരി വേണിയോട് കൂട്ടുകൂടി…

ഒരു ദിവസം കോലോത്തു കൂടി ചുറ്റിനടന്ന വേണി ഹരിയുടെ മുറിയിൽ കയറി.
അവൻ അല്ലാതെ മറ്റൊരാൾ അവിടെ കയറുന്നത് അവനു ഇഷ്ടമല്ല. വാസ്തവത്തിൽ അവൾക്കറിയില്ലായിരുന്നു അത് ഹരിയുടെ മുറിയാണെന്ന്…

അവൾ മേശപ്പുറം ലക്ഷ്യമാക്കി നടന്നു…ഓരോ പുസ്തകവും അടുക്കി വെച്ചതിലൂടെ അവൾ വിരലുകൾ കൊണ്ട് തൊട്ടു

ഒരു കുപ്പിയിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിയും അതിൽ കുത്തി നിർത്തിയ 2 മയിൽ‌പീലിയും വളരെ ആകര്ഷകമായിരുന്നു

അപ്പോൾ ആണ് അതിനടുത്തു വച്ച ഡയറി വേണിയുടെ ശ്രദ്ധയിൽ പെടുന്നത്

അവൾ അതെടുത്തു തുറന്നു…

കാണാൻ കഴിയാത്തൊരു ഇണകിളിയെ തേടുന്ന രചനകളുടെ കലവറ ആയിരുന്നു അതിൽ മുഴുവനും അവസാന പേജിൽ അവൾ കണ്ടു “എന്റെ മാത്രം വേണി ” എന്നെഴുതി കൊണ്ട് ദാവണിയുടുത്തു നിൽക്കുന്ന തന്റെ രൂപം ചായകൂട്ടുകളാൽ തീർത്തത്..

പെട്ടന്ന് വാതിൽ അടയുന്ന ശബ്ദം കേട്ട് വേണി തിരിഞ്ഞു നോക്കുമ്പോൾ ഹാരിയതാ മുൻപിൽ നില്കുന്നു

“നിന്നോടരാടീ എന്റെ റൂമിൽ കയറാൻ പറഞ്ഞത് “

“ഞാനും ഈ കോലോത്തെ കുട്ടിയാ എനിക്ക് തോന്നിയ ഇടത്തൊക്കെ ഞാൻ കയറും “

സർവധൈര്യവും സംഭരിച്ചു പറഞ്ഞു കൊണ്ട് അവളത് പറയുമ്പോൾ ഹരിക്ക് ചിരി വരുന്നുണ്ടായിരുന്നു

“ആഹാ അത്രയ്ക്കയോ നീ”

ഹരി അവളുടെ അടുത്തേക്കി നീങ്ങി അവൾ പിറകിലോട്ടു നടന്നു അവസാനം ഭിത്തിയിൽ ചാരി അപ്പോഴേക്കും അവളുടെ കൈകൾ അവന്റെ കരവലയങ്ങളിൽ അകപ്പെട്ടു

‘ഹരിയേട്ടാ എന്നെ വിട്ടില്ലെങ്കിൽ ഈ ഡയറിയിൽ എഴുതിയത് ഞാൻ എല്ലാരോടും പറയും ട്ടോ “

നീ പറഞ്ഞോടി എന്ന് പറഞ്ഞുകൊണ്ട് ഹരി അവളുടെ മുഖത്തിന് അടുത്തേക്ക് ചുണ്ടുകൾ അടുപ്പിച്ചു… വേണി കണ്ണുകൾ ഇറുക്കി അടച്ചപ്പോൾ അവളുടെ ചെവിയിൽ ഹരി മന്ത്രിച്ചു “നീ പേടിക്കണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല… നീ ഡയറിയിൽ കണ്ടതൊക്കെ സത്യമാണ്… നിനക്കെന്നെ ഇഷ്ടമാണെങ്കിൽ നീ ഇന്ന് വൈകിട്ട് അമ്പലത്തിൽ വരണം ഞാനുണ്ടാകും അവിടെ …” വൈകുന്നേരം സമ്മതമെന്നോണം വേണി ഗൗരിയെ കൂട്ടു പിടിച്ചു അമ്പലത്തിൽ എത്തി…

അവിടെ മുതൽ തുടങ്ങുകയായിരുന്നു അവരുടെ പ്രണയം…. കണ്ണുകളിലൂടെ കൈമാറിയ പ്രണയത്തിന്മേൽ ആരുടേയും ശ്രദ്ധ പതിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു….

വെക്കേഷൻ കഴിഞ്ഞു അവർ പോകുമ്പോൾ കയ്യിൽ കരുതി വച്ച മഞ്ചാടി ചെപ്പ് അവൾക്കായി സമർപ്പിച്ചു നിറകണ്ണുകളാൽ അവളെ യാത്രയാകുമ്പോൾ ഹരി ആരും കേൾക്കാതെ അവളോടായി പറഞ്ഞു

“ജോലി കിട്ടും വരെ കാത്തിരിക്കണേ കാന്താരിപ്പെണ്ണേ “

അവിടുന്നങ്ങോട്ടുള്ള നീണ്ട വർഷങ്ങൾ തമ്മിൽ ഒരു കോൺടാക്ട് പോലുമില്ലാതെ അവരുടെ സ്വപ്‌നങ്ങൾ പൂവണിയാൻ വേണ്ടി ഹരി കഷ്ടപ്പെട്ട് പഠിച്ചു ബാങ്കിൽ ഉദ്യോഗസ്ഥനായി കയറി…..

തന്റെ മനസിലെ ഇഷ്ടങ്ങൾ എല്ലാരോടും തുറന്നു പറയാൻ അവൻ വെമ്പൽ കൊള്ളുമ്പോൾ ആണ് ഗൗരി കയറി വന്നത്

“എന്താ ഹരിയേട്ടാ ജോലി കിട്ടിയ സന്തോഷത്തിൽ ആണോ “

“അതും ഉണ്ടെടി…. എനിക്ക് കോലോത്തെ ഒരാളെ ഇഷ്ടാ..എന്റെ അമ്മയോടും ചിറ്റയോടും ഞാൻ സൂചിപ്പിച്ചു …. അയാളെ എനിക്ക് മംഗലം കഴിച്ചു തരുമോ എന്ന് നാളെ എല്ലാവരോടും ചോദിക്കണം…

ഗൗരിയുടെ കണ്ണുകൾ വിടർന്നു നാണത്തോടെ അവൾ ചോദിച്ചു
“ആരെയാ ഹരിയേട്ടാ “

ഹരിയുടെ നാവിൽ നിന്നും വേണിയുടെ പേര് കേട്ട ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു… ഹരി അതുകാണാതിരിക്കാൻ അവൾ പാടുപെട്ടു…..

വൈകുന്നേരം ഗൗരി അമ്പലത്തിൽ നിന്നുംകൊണ്ട്‌വന്ന പാൽപായസം എല്ലാവര്ക്കും കൊടുത്തു… ഹരിക്ക് കൊടുക്കുമ്പോൾ അവളുടെ കൈകൾ വിറച്ചിരുന്നു

പിറ്റേന്ന് രാവിലെ അമ്മാവന്റെ അലർച്ച കേട്ടാണ് ഹരി ഉണർന്നത്… കണ്ണ് തുറന്നപ്പോൾ അമ്മാവനും ചിറ്റയും അമ്മയും ഒക്കെ കലി തുള്ളി നില്കുന്നു തന്റെ സമീപത്തു കരഞ്ഞുകൊണ്ട് ബെഡ്ഷീറ്റിനാൽ ശരീരം മറച്ചു കരയുന്നു ഗൗരി…..

നിറഞ്ഞ ശകാരവര്ഷങ്ങള്ക്കിടയിൽ ഹരിയുടെ വാക്കുകൾ ആരും ചെവികൊണ്ടില്ല. അവസാനം എല്ലാ സ്വപ്നങ്ങളും കാറ്റിൽ പറത്തി ഗൗരിയുടെ കഴുത്തിൽ ഹരി താലി ചാർത്തി

ആഴ്ചകളും മാസങ്ങളും കടന്നു പോയി ഹരി ഗൗരിയെ പരിഗണിച്ചില്ല….
അവൾക്കത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു

ഒരു ദിവസം ശങ്കരമാമ കത്തയച്ചു വേണിയുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞെന്നും ഭർത്താവ് സഞ്ജയ് അവളെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയെന്നും….

രാത്രിയിൽ ഉറക്കമൊഴിച്ചു വരാന്തയിൽ വന്നിരിക്കുന്ന ഹരിയുടെ കാലിൽ തോറ്റുകൊണ്ട് ഗൗരി പറഞ്ഞു “ചെയ്തതെല്ലാം തെറ്റാണു അത് ഹരിയേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്… ഏട്ടനെ മറ്റൊരാൾ സ്വന്തമാക്കുന്നത് സഹിക്കാൻ കഴിയില്ല ഹരിയേട്ടാ വേണിയുടെ വിവാഹം കഴിഞ്ഞില്ലേ ഇനിയെങ്കിലും മനസ്സിൽ എനിക്കായി……. “

“നിർത്തടി എന്റെ വേണിയുടെ സ്ഥാനത്തു നീയോ? കള്ളവും ചതിയും നിറഞ്ഞ നീയോ ചെറുപ്പം തൊട്ടേ ഒരു കൂടപ്പിറപ്പായി അല്ലെ നിന്നെ കണ്ടുള്ളൂ….. കടന്നു പോടീ എന്റെ മുന്നിൽ നിന്നും “

അലറിക്കൊണ്ട് ഹരി എഴുനേറ്റുപോയി.

പിറ്റേന്ന് സുമതി ചിറ്റയുടെ കരച്ചിൽ കേട്ട് കുളക്കടവിലേക്ക് ഓടിയെത്തിയ എല്ലാവരു കണ്ടത് കുളപ്പടവിലെ കല്ലിൽ കിടന്ന സോപ്പിൽ ചവിട്ടി വീണ്‌
തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന ഗൗരിയെ ആണ്

ഹരി ഓടിച്ചെന്നു അവളെ എടുത്തു മടിയിലേക്ക് കിടത്തി. കളിക്കൂട്ടുകാരിയെ ആ നിലയിൽ കണ്ടപ്പോൾ അവന്റെ ഹൃദയം നൊന്തു… “മോളെ ഗൗരി “

“ഹരിയേട്ടാ സന്തോഷമായി ന്റെ ഹരിയേട്ടൻ എന്നോട് മിണ്ടിയല്ലോ എനിക്കതു മതി കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു ഞാൻ…. എന്നോട് ക്ഷമിക്ക് ഹരിയേട്ടാ………”

പെട്ടന്നാണ് കതകിനു തട്ടുന്ന ശബ്ദം കേട്ടത്… ഹരി എഴുനേറ്റു മുഖം തുടച്ചു കതക് തുറന്നു….മുടിയെല്ലാം മൂർത്താവിൽ കെട്ടി വലിയ ഫ്രെയിം ഉള്ള കണ്ണട വച്ചു നില്കുന്നു വേണി കൂടെ കഴുത്തിൽ വലിയൊരു ചെയിൻ ഉണ്ടായിരുന്നു… സഞ്ജയ് കെട്ടിയ താലി ആണെന്ന് മനസിലാക്കികൊണ്ട് അവളെ അകത്തേക്ക് ക്ഷണിച്ചു… “വാ വേണി അകത്തേക്ക് വാ “

“ഹരിയേട്ടൻ ഉറങ്ങുകയായിരുന്നോ “

“അല്ല ഞാൻ…………….പിന്നെ ഇതെന്തു കോലമാണെടി…സിംഗപ്പൂരിൽ പോയപ്പോൾ ആകെ മൊത്തം മാറിയല്ലോ നീ “

“മം മാറി മാറാതെ പറ്റില്ലല്ലോ ഹരി ഏട്ടനും ഉണ്ടല്ലോ മാറ്റങ്ങൾ “

“സഞ്ജയ്? “

വേണി മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക് പോയി

രാത്രിയിലെ അത്താഴത്തിനു ശേഷം ശേഖരമാമ എല്ലാവരെയും പൂമുഖത്തേക്ക് ക്ഷണിച്ചു

“ഞാൻ മുഖവുരയില്ലാതെ കാര്യം പറയുകയാണ് വരുന്ന മീനത്തിലെ തിരുവാതിരയ്ക്കു കാവിൽ പൂജ നടത്തണം അതിനു മുൻപ് ഹരിനാരായണന്റെയും കൃഷ്ണവേണിയുടെയും കല്യാണം നടത്തണം “

“എന്താ അമ്മാവൻ പറഞ്ഞത് “

“അതെ മോനെ സഞ്ജയ് എന്നൊരാൾ ഇല്ല നീയും ഗൗരിയും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി വേണി ഉണ്ടാക്കിയ ഒരു കഥയാണ് അവളുടെ കല്യാണം
ഇവർ ഇവിടെ വന്നപ്പോൾ ആണ് എല്ലാം പറഞ്ഞത് “

“ഞങ്ങളുടെ മകൾക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി അവൾ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി ഒരിക്കൽ സ്നേഹിച്ച നിങ്ങളെ ഒന്നിപ്പിക്കണം ഇല്ലെങ്കിൽ അവളുടെ ആത്മാവിന് ശാന്തി ലഭിക്കില്ല “

എല്ലാവരും അകത്തേക്ക് പോയപ്പോൾ ഹരിയും വേണിയും മാത്രമായി

“ഒരിക്കൽ മനസറിഞ്ഞു സ്നേഹിച്ച എനിക്ക് തനിച്ചാക്കാൻ തോന്നിയില്ല അതാ വീണ്ടും തേടിവന്നത് “

“കഴുത്തിൽ വലിയ ചെയിൻ കണ്ടപ്പോൾ ഞാൻ കരുതി താലി ആണെന്ന് “

വേണി ചെയിൻ പുറത്തെടുത്തു. അതിൽ ഹരി കൊടുത്ത ഏലസ് കണ്ടപ്പോൾ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…..

എല്ലാറ്റിനും സാക്ഷി ആയി പുറത്തെ ഗൗരിയുടെ അസ്ഥിത്തറയിലെ ദീപം തെളിഞ്ഞു കത്തി

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *