ഒരു നുള്ള് സിന്ദൂരത്തിനായി അവളുടെ ഹൃദയം ആശിച്ചു. മനസ് നിറഞ്ഞവൾ പുഞ്ചിരിച്ചു…

ഏഴഴകി

story written by Aneesha Sudhish

കറുമ്പീ…എല്ലാവരും അങ്ങനെയാണ് വിളിക്കാറുള്ളത്….

“നിന്നെ തൊട്ടാൽ ഞങ്ങളും കറുത്തു പോകുമല്ലോ കറുമ്പീ ” കൂട്ടുകാരും കളിയാക്കി.

അമ്മ പോലും കറുമ്പി പെണ്ണേ എന്നു വിളിച്ചപ്പോൾ …..

അവൾ കറുത്തതാണ് …. കാക്ക കറുമ്പി …. പക്ഷേ ആ കറുപ്പിനു ഏഴഴകായിരുന്നു.

നിറമുള്ള ലോകം പലപ്പോഴും അവൾക്കന്യമായി…

“എന്തേ ഞാൻ മാത്രം കറുത്തു പോയേ…?” ഒരായിരം വട്ടം അവൾ അവളോട് തന്നെ ചോദിച്ചു….

ഉത്തരം കിട്ടിയില്ല….

അവൾ അവളിലേക്ക് തന്നെ ചുരുങ്ങി …. അല്ല എല്ലാവരും അവളെ അടിച്ചമർത്തി…..

മനസ് പക്ഷേ പാറി പറന്നു… പൂമ്പാറ്റകളോട് കിന്നരിക്കാനും പൂക്കളെ ചുംബിക്കുവാനും ആശിച്ചവൾ ….. വിലക്കായിരുന്നു എല്ലാത്തിനും …. നിറമുള്ള തെന്തും അവൾക്കന്യമായിരുന്നു ….

ഇരുട്ടിനെ കൂട്ടുപിടിച്ച് അവൾ ഒതുങ്ങി കൂടി … കരിമഷിയെഴുതാത്ത ആ കൂമ്പിയ കണ്ണുകൾ എന്നും നിറഞ്ഞൊഴുകി ….

അന്നൊരിക്കൽ ചുവന്ന പൂക്കൾ അവളെയും പൊതിഞ്ഞു … അവളിലെ പെണ്ണ് പൂർണതയിലേക്ക് ചുവടു വെയ്ക്കുന്നു ….. ഏറെ ആശിച്ച കരിവളകൾ അവളണിഞ്ഞു…. കരിമഷി നീട്ടിയെഴുതി…. ചുവന്ന വട്ടപ്പൊട്ട് കുത്തി ….അവളുടെ ഇടിഞ്ഞ ലോകത്തിന് വഴികൾ തെളിഞ്ഞു….

ഋതുക്കൾ മാറി മറിഞ്ഞു …. ഇന്നവൾ കളിയാക്കലുകൾക്ക് അവൾ ചെവി കൊള്ളാറില്ല…. അവളുടെ ലോകത്ത് അവളാണ് സുന്ദരി …

അന്നും വന്നു ഒരു കൂട്ടർ… തന്നെ പോലെ തന്നെ കറുത്തവൻ…നല്ല എണ്ണ ക്കറുപ്പുള്ള ഒരു താടിക്കാരൻ …

ഒരു നുള്ള് സിന്ദൂരത്തിനായി അവളുടെ ഹൃദയം ആശിച്ചു…. മനസ് നിറഞ്ഞവൾ പുഞ്ചിരിച്ചു നീട്ടിയെഴുതിയ കണ്ണുകളിൽ പ്രണയം നിറഞ്ഞു…

“എന്റെ മക്കളെങ്കിലും വെളുത്തതാകണം ” അയ്യാൾ വെറുപ്പോടെ പടിയിറങ്ങി….

അന്നാദ്യമായി അവൾ കരഞ്ഞു ആർത്തലച്ച് കരഞ്ഞു….

“വേണ്ട ഞാൻ മൂലം ഇനിയും ഒരു കറുമ്പി വേണ്ട “

ഒരിക്കൽ വായിച്ച കഥയിലെ ദീനാമയെ അവളോർത്തു….

“വള്ളി പടർപ്പുകൾക്കിടയിൽ കണ്ട ദീനാമയുടെ മനോഹരമായ മുഖം വരച്ചു ചേർത്ത ചിത്രകാരനെ പോലൊരുവൻ “തനിക്കായി വരുമെന്ന് ആശിച്ചത് വെറുതെയായി…

അവസാന ബന്ധവും ആയുസ്സ് അറ്റു പോയി…ഇന്നവൾ തനിച്ചാണ് …. ഈ വിശാലമായ ലോകത്ത് അവൾ തനിച്ച് … അവളിലെ പെണ്ണിനെ , വികാരത്തെ ആരും തിരിച്ചറിഞ്ഞില്ല…. അവൾ അമാവാസിയാണ്… അന്ധകാരത്തെ വരിച്ചവൾ ….

അവൾക്കു ചുറ്റുമുള്ള വേലിയവൾ തകർത്തു… അവൾ പുറത്തേക്കിറങ്ങി .. പൂമ്പാറ്റകളോട് കിന്നരിച്ചു, പൂക്കളെ ചുംബിച്ചു …

ഈ നിറമുള്ള ലോകം എന്റെയും കൂടിയാണ്… അന്നവൾ ചിരിച്ചു മനസു നിറഞ്ഞ മനോഹരമായ പുഞ്ചിരി … അതിനന്ന് ഏഴഴകായിരുന്നു … ആ അഴക് അവൾക്ക് മാത്രം സ്വന്തം … വെളുത്ത പഞ്ഞിക്കെട്ടുകൾ അവളെ വന്നു മൂടി… അതിലൊരു ചുവപ്പ് രാശിയ്ക്കായ് വീണ്ടും മനം തേങ്ങി ….അന്നവൾ കരഞ്ഞു ഒരിക്കൽ കൂടി ….. അവസാന കണ്ണുനീരും വറ്റി ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *