ഒരു പകലിന്റെ മുഴുവൻ വെളിച്ചവും കണ്ണുകളിൽ തിളങ്ങുന്ന ദിവസമാണ്.. കാത്തിരിപ്പിന്റെ ഒടുവിൽ ഒന്നാവാനുള്ള മനോഹരദിവസത്തിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്……

മീസാൻ

എഴുത്ത്:-നവാസ് ആമണ്ടൂർ.

അമീറമോൾക്കുള്ള സമ്മാനങ്ങളുമായി വാപ്പിച്ചി വരുന്നത് കാത്തിരുന്ന് മോൾ ഉറങ്ങിപ്പോയി. സലീന കട്ടിലിൽ ഇരുന്നും കിടന്നും ഇടക്കിടെ നജീമിന്റെ മൊബൈലിൽ വിളിച്ചിട്ടും കിട്ടാത്തതിന്റെ ദേഷ്യവും സങ്കടവും കൊണ്ട് വീർപ്പുമുട്ടി.അവന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ്. പുറത്ത് നിർത്താതെ പെയ്യുന്ന മഴ. ജനലിലൂടെ മിന്നലിന്റെ വെളിച്ചം മുറിയിലേക്ക് വരുന്നുണ്ട്. ഈ മഴയും അവളും കാത്തിരിക്കുന്നത് അവനെയാണ്.

ഒരാൾ കൂടി അവനെ കാത്തിരിക്കുന്നുണ്ട്. വിരലിൽ തസ്ബീഹ് മാലയുടെ മണികളെ ദിക്റുകൾ കൊണ്ട് എണ്ണം പിടിച്ച് മകനെ കാത്തിരിക്കുന്ന ഉമ്മ.

രാത്രി എട്ട് മണിക്ക് എയർപോർട്ടിൽ ഇറങ്ങി രണ്ട് മാസത്തിനു ബുക്ക്‌ ചെയ്ത വാടക കാറിൽ വീട്ടിൽ എത്തുമെന്ന് പറഞ്ഞ നജീം രാത്രി പുലരാൻ ആയിട്ടും എത്തിയിട്ടില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല. സലീന സങ്കടത്തോടെ മൈലാഞ്ചിയിട്ട കൈകളിലേക്ക് നോക്കി. വൈകുന്നേരം മൈലാഞ്ചി ഇടുന്ന നേരത്താണ് നജീം വിളിച്ചത്.

ഒരു പകലിന്റെ മുഴുവൻ വെളിച്ചവും കണ്ണുകളിൽ തിളങ്ങുന്ന ദിവസമാണ്.. കാത്തിരിപ്പിന്റെ ഒടുവിൽ ഒന്നാവാനുള്ള മനോഹരദിവസത്തിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്. നഖത്തിൽ മൈലാഞ്ചി ഇടുന്ന നേരത്താണ് മോൾ മൊബൈലുമായി ഉമ്മിച്ചിടെ അരികിലേക്ക് വന്നത്.

“ഈ വാപ്പിക്ക് ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കാതെ വേഗം ഇങ്ങോട്ട് വന്നൂടെ.”

മോളെ കൈയിൽ നിന്നും മൊബൈൽ വാങ്ങി മൊബൈൽ ചെവിയോട് ചേർത്ത് വെച്ചു.

“ഇക്കാ… ഞാൻ മൈലാഞ്ചി ഇടുവാ..”

“ആഹാ… മണവാട്ടി ആവാനുള്ള പരിപാടി ആണോ?.”

“ഇങ്ങള് വരുമ്പോൾ ഞാൻ മണവാട്ടിയെപ്പോലെ ഒരുങ്ങി നിക്കണ്ടേ… പെട്ടന്ന് വാ… ഇവിടെ നല്ല മഴയാണ്.”

“സെലി..കുറെ വർഷങ്ങളായി മഴയെയും നിന്നെയും എനിക്കൊരുമിച്ച് കിട്ടിയിട്ട്.”

“ഞാനും മഴയും എന്റെ ഇക്കാക്ക് വേണ്ടി കാത്തിരിക്കുവല്ലേ.”

അത് കേട്ട് അവൻ ചിരിച്ചു. ആ ചിരിക്ക് മുഹബ്ബത്തിന്റെ ചേലായിരുന്നു.

“ഞാൻ നാളെ രാവിലെ ഇവിടെന്ന് പോരും. രാത്രി എട്ട് മണിക്ക് നാട്ടിൽ ഇറങ്ങും.”

“ഞങ്ങൾ വരണ്ടേ കൂട്ടാൻ..”

“വേണ്ടാ… രണ്ട് മാസത്തിനു ഞാനൊരു കാർ റെന്റിന് ബുക്ക്‌ ചെയ്തിട്ടുണ്ട്. കാർ എയർപോർട്ടിൽ കിട്ടും… അതിന് വന്നോളാം…”

നജീം ഇടക്കിടെ സലീനയെ വിളിക്കും. കല്യാണം ഉറപ്പിച്ചിട്ടാണ് ആദ്യം നജീം ഗൾഫിന് പോകുന്നത്. അന്ന് മുതൽ ഉള്ള ഫോൺ വിളിക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ല. ഇടക്കിടെ അവളുടെ ശബ്ദം കേട്ടില്ലെങ്കിൽ ചെക്കന് എടങ്ങേറ് ആണെന്ന് കൂട്ടുകാർ പറഞ്ഞു കളിയാക്കും. ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുമ്പോൾ ഇടക്ക് സെലിക്ക് ദേഷ്യം വരും. എന്നാലും സാധാരണ വിളിക്കുന്ന പോലെ വിളിച്ചില്ലെങ്കിൽ ടെൻഷനാണ്.

ഒരു മാസം മുൻപേ ലീവ് കിട്ടിയതാണ്. അന്ന് മുതൽ സലീന ഒരുങ്ങിത്തുടങ്ങി. പ്രവാസത്തിലെ പ്രയാസത്തിൽ അയാൾ സ്വപ്നം കണ്ട് ഉണ്ടാക്കിയ ചെറിയ വീട്ടിലേക്ക് കുറച്ചു ദിവസം സന്തോഷത്തോടെ പാർക്കാൻ വരുമ്പോൾ അവൾ അത് അറിഞ്ഞു ചെയ്യണം. വീട്ടിൽ താമസത്തിന് പത്തു ദിവസത്തെ ലീവാണ് കിട്ടിയത്. അന്ന് കുറച്ചധികം ദിവസം വീട്ടിൽ നിൽക്കാൻ കഴിയാത്ത വിഷമം തീർക്കാനാണ് രണ്ട് മാസത്തെ ലീവ്.

അവൾ അവന് ഏറെ ഇഷ്ടമുള്ള പത്തിരിയും ബീഫും ഉണ്ടാക്കി ടേബിളിൽ വെച്ച് കുളിക്കാൻ പോയി. കുളിച്ചപ്പോൾ ചന്ദനതൈലം ചേർത്ത വെള്ളം ശരീരത്തിൽ ഒഴിച്ചു. ചന്ദനത്തിന്റെ മണം അവന് ഇഷ്ടമാണ്. ഇന്നത്തെ ഉറക്കമില്ലാത്ത രാത്രിയിൽ അവളെ ആവേശത്തോടെ ചേർത്ത് പിടിക്കുമ്പോൾ അവനെയും ചന്ദനം മണക്കും.

പക്ഷെ നേരം പുലർന്നിട്ടും സൂര്യൻ ഉദിച്ചിട്ടും അവൻ വന്നില്ല.

“മോളെ…. അവൻ എന്താണ് വരാത്തത്…?”

“ചിലപ്പോൾ കാർ കിട്ടിക്കാണില്ല ഉമ്മാ.”

“മോൾ തീരെ ഉറങ്ങിയില്ലെന്ന് തോന്നുന്നു.”

“ഉറക്കം വന്നില്ല… “

ഉമ്മാനോട് സംസാരിക്കുന്നതിന്റെ ഇടയിൽ നജീമിന്റെ മൊബൈലിലേക്ക് വിളിച്ചു. മൊബൈൽ റിങ് ചെയ്യുന്നുണ്ട്.

“ഹെലോ…. ഇക്കാ.”

“നിങ്ങൾ ആരാണ്….?”

മറുപടി പറഞ്ഞത് ഒരു സ്ത്രീയാണ്. നജീമല്ലാതെ വേറെയൊരു ആൾ ഫോൺ എടുത്തപ്പോൾ സെലിയൊന്ന് പതറി.

“നജീമിന്റെ ഭാര്യയാണോ…?”

“അതെ… നിങ്ങളാരാണ്.”

“പുള്ളിക്ക് ഇന്നലെ ചെറിയൊരു അപകടം പറ്റി. ഇപ്പോൾ നല്ല ഉറക്കമാണ്. മൊബൈൽ ചാർജ് തീർന്ന് ഓഫ്‌ ആയിപ്പോയി. അതുകൊണ്ട് ആരെയും വിളിക്കാൻ പറ്റിയില്ല. നിങ്ങൾ എത്രയും വേഗം ആരെയെങ്കിലും കൂടെ കൂട്ടി ഹോസ്പിറ്റലിലേക്ക് വായോ… വിഷമിക്കാനൊന്നും ഇല്ലാട്ടൊ.”

ഫോൺ കട്ട്‌ ആക്കിയപ്പോൾ സലീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മ അടുത്ത് നിൽക്കുന്നത് കൊണ്ട് അവൾ നിയന്ത്രിച്ചു.

“എന്റെ മോളെ… ആരാ വിളിച്ചത്..?”

“ഒന്നൂല്ല… ഉമ്മ… ഇക്കാടെ വണ്ടി കേടായിന്ന്.. എന്നോട് ആരെയെങ്കിലും കൂട്ടി ചെല്ലാൻ പറഞ്ഞു. ഞാനൊന്ന് റെഡിയാവട്ടെ.. ഉമ്മ മോളെ നോക്കിക്കോ.”

“ന്റെ റബ്ബേ…. അവന് കാവൽ ആവണെ.”

സലീന മുറിയിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു പൊട്ടിക്കരഞ്ഞു. തലയിണ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇന്നലെ രാത്രി ഇക്കാക്ക് വേണ്ടി വിരിച്ച പുതിയ ബെഡ് ഷീറ്റ് അവളുടെ കണ്ണീർ തുള്ളികൾ കൊണ്ട് നനഞ്ഞു.

അനിയത്തിയുടെ ഭർത്താവ് നസീറിനെ വിളിച്ചു ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ മനസ്സിൽ നിറയെ പ്രാർത്ഥനയാണ്.

“റബ്ബേ എന്റെ ഇക്കാക്ക് ഒന്നും വരുത്തല്ലേ.”

ഹോസ്പിറ്റലിൽ റിസപ്ഷനിൽ ചെന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ ഡോക്ടറുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. സലീനയെ അവിടെ ഇരുത്തി നസീർ ഡോക്ടറെ കാണാൻ പോയി.ആ സമയം റിസപ്ഷന്റെ അരികിൽ നജീമിന്റെ പേര് എഴുതിയ രണ്ട് പെട്ടികൾ കണ്ടപ്പോൾ അവൾക്ക് തേങ്ങൽ അടക്കാൻ കഴിഞ്ഞില്ല.

ഡോക്ടറുടെ മുൻപിൽ നസീർ ഇരിക്കുമ്പോൾ അയാളുടെ മനസ്സിലുമുണ്ട് പ്രാർത്ഥന. അനിയനെ പോലെ സ്‌നേഹിക്കുന്ന ആളാണ്. എന്നും സ്‌നേഹത്തോടെയാണ് കൂടെ നിന്നിട്ടുള്ളത്.

“നിങ്ങൾ അയാളുടെ ആരാണ്…?”

“ഭാര്യയുടെ അനിയത്തിടെ ഭർത്താവ്.”

“അയാളെ ഇവിടെ കൊണ്ട് വരുമ്പോൾ ബോധം ഉണ്ടായിരുന്നില്ല.. അപകടത്തിന് ശേഷം വഴിയിൽ കുറേ നേരം കിടന്നെന്ന് തോന്നുന്നു. ബ്ലഡ്‌ നല്ലോണം പോയി.ഞങ്ങൾ പരമാവധി നോക്കി. പക്ഷെ…”

പിന്നെ ഡോക്ടർ പറഞ്ഞതൊന്നും നസീർ കേട്ടില്ല. ഇത്താത്തയോട് എന്ത് പറയുമെന്ന് അറിയാതെ പൊട്ടിക്കരഞ്ഞു. കണ്ണുകൾ തുടച്ചു സലീനയുടെ അടുത്തേക്ക് നടക്കുമ്പോൾ അവളോട് പറയാനുള്ള കരുത്തുണ്ടാക്കാനുള്ള ശ്രമം ആയിരുന്നു അയാളിൽ.

“ഇത്താത്ത… വാ നമുക്ക് പോവാ..”

“അപ്പൊ എന്റെ ഇക്ക….?”

“ഇക്കാനെ അവർ കൊണ്ടൊന്നോളും. നമ്മളിനി ഇവിടെ നിന്നിട്ട് എന്തിനാ… വാ പോവാ..”

“നീ എന്താ പറഞ്ഞത്…. ഡാ… ഇക്കാക്ക് എന്താ പറ്റിയതെന്ന്…”

“അളിയൻ നമ്മളെ വിട്ട് പോയി ന്ന്…”

“പോയീന്നൊ… എവിടേക്ക്..ഞാൻ… ഞാനിന്നലെ മുതൽ കാത്തിരിക്കുവല്ലേ എന്നിട്ട് പോയീന്നൊ…. ന്റെ റബ്ബേ.”

സലീന അത് കേട്ട ഷോക്കിൽ തളർന്നു വീണു. ബോധം പോയ അവളെ ആരൊക്കെയോ പൊക്കിയെടുത്തു ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി. സ്ട്രക്ചറിൽ കിടത്തി അവളെ കൊണ്ട് പോയവർക്ക് ആ സമയം ചന്ദനം മണക്കുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ നിന്ന് നജീമിന്റെ ശരീരം ആംബുലൻസിൽ കയറ്റി. കൂടെ പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ കെട്ടി കൊണ്ട് വന്ന രണ്ട് പെട്ടികളും ആംബുലൻസിൽ എടുത്തു വെച്ചു. ആ സമയം മഴക്ക് ശക്തികൂടി. കോരിച്ചൊരിയുന്ന മഴയിലൂടെ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് ആംബുലൻസ് റോട്ടിലേക്ക് ഇറങ്ങി.

ആ ഒരു ദിവസത്തിന് ശേഷം അവളുടെ ജീവിതത്തിൽ കണ്ണീർപെയ്ത്താണ്. വേർപാടിന്റെ നോവ് തീരാനുള്ള കാത്തിരിപ്പിന്റെ അവസാനം ഇനിയൊരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് അവൻ പോയതിന് ശേഷം അവൾ കൈകളിൽ മൈലാഞ്ചി ഇട്ടിട്ടില്ല. കണ്ണുകളിൽ മഷി എഴുതീട്ടില്ല.

ഇനിയൊരിക്കലും നജീം വരില്ലെന്ന് അറിഞ്ഞിട്ടും സലീന അവന് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കാത്തിരിപ്പ് കടലാണ്… അവളുടെ മനസ്സിൽ കടലോളം പ്രണയം നിറയുന്ന കാത്തിരിപ്പ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *