ഒറ്റയായവളുടെ ചിരി
Story written by NAYANA VYDEHI SURESH
അവൾ മകനെയും കൊണ്ട് ഗവൺമെന്റ് ആശുപത്രിയുടെ പടിയിറങ്ങുമ്പോഴാണ് അവളുടെ ഭർത്താവായിരുന്നവനും അയാളുടെ ഭാര്യയും മക്കളും ആശുപത്രിയുടെ പടി കയറി വരുന്നത് കണ്ടത് .
ഇന്നയാൾ തന്റെ ആരുമല്ല ….. പക്ഷേ ഭർത്താവെന്നു പറയാൻ അയാൾ മാത്രമെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു ..
ഒരു നിമിഷം അയാളുടെ കണ്ണ് അവളിലുടക്കി ….
ഒഴിഞ്ഞ കഴുത്തും പട്ടിണിയടക്കിയ ശരീരവും ഭാരം താങ്ങുന്ന മനസ്സും എല്ലാം കൂടി അവളാകെ മാറിയിരിക്കുന്നു .
കഴുത്തിൽ അയാൾ കെട്ടിയ താലിയും നെറ്റിയിലെ നീണ്ട കുങ്കുമവും കൊണ്ട് അയാളോടൊട്ടി നടക്കുന്ന അയാളുടെ ഭാര്യയെ ഒറ്റതവണ നോക്കാനെ അവൾക്ക് ശേഷിയുണ്ടായിരുന്നുള്ളു …
അമ്മാ …. അച്ഛൻ
ഉം
സ്റ്റിച്ചിടുമ്പോൾ വേദന കൊണ്ട് കലങ്ങിയ അവന്റെ കണ്ണുകൾ പെട്ടെന്ന് തുടുത്തു …
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അവൾ അയാളെ കാണുന്നത് … കല്യാണം കഴിഞ്ഞ് നാല് വർഷത്തിനു ശേഷം അയാളിൽ മൊട്ടിട്ട പുതിയ പ്രണയിനിയാണ് അയാളുടെ ഇപ്പോഴത്തെ ഭാര്യ
ഒരു പാട് തവണ കരഞ്ഞുപറഞ്ഞതാണ് അയാൾ എന്റെതാണെന്ന് പക്ഷേ അവൾ എനിക്ക് തന്നില്ല ,എന്നെ വേണമെന്ന് അയാളും ആഗ്രഹിച്ചില്ല ,,, അവസാനം അയാൾ പോയി …
മോനെ ചേർത്ത് പിടിച്ച് കരഞ്ഞു കരഞ്ഞ് ദിവസങ്ങൾ തള്ളി നീക്കി ,,,, ഉണ്ടായിരുന്ന പൊന്നൊക്കെ വിറ്റു .. കാണുന്ന ജോലികൊക്കെ പോയി….
ഇട്ടെറിഞ്ഞ് പോയവൻ തരുന്ന ഭിക്ഷ വാങ്ങാൻ വയ്യാത്തോണ്ട് അയാളിൽ നിന്നും ഒന്നും വാങ്ങിയില്ല ..
അങ്ങനെ ഒറ്റക്ക് …. ഒരു പാട് മഴയും വേനലും മഞ്ഞും വസന്തവും അവളിലൂടെ കടന്നു പോയി ..
ഇന്ന് … അയാൾ അയാളുടെ ഭാര്യയെയും കൊണ്ട് വന്നിരിക്കുന്നു …. പത്ത് മിനിറ്റുമുൻപ് വേദന കൊണ്ട് മോൻ കരയുമ്പോൾ അറിയാതെ തന്റെ കണ്ണും നിറഞ്ഞും ,ആരെങ്കിലും ഉണ്ടെങ്കിലോന്ന് വല്ലാതെ കൊതിച്ചു ആ നീറ്റൽ മാറുന്നതിനു മുൻപാണ് ഇങ്ങനെ ഒരു കാഴ്ച ..
തന്നെ കണ്ടപാടെ അവൾ അയാളുടെ കൈകൾ ഒന്നുകൂടി ചേർത്തു പിടിച്ചു …
തന്നെ കാണിക്കാനാണോ അത് ?
തന്നോട് ഒരു നിമിഷത്തെ ആകുലതയും , സഹതാപവും അയാളുടെ കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്നു …
കണ്ടിട്ടും ഒന്നും മിണ്ടാതെ അവൾ ചേർത്തു പിടിച്ച കയ്യുമായി അയാൾ അവളുടെ മുന്നിലൂടെ നടന്നു നീങ്ങി ,,
നെഞ്ചൊന്ന് പൊട്ടി …
തന്നെ ചേർത്ത് പിടിക്കാൻ ആരാണുള്ളത് അവളുടെ കണ്ണു നിറഞ്ഞു
പെട്ടെന്ന് ആ തണുത്ത കുഞ്ഞി കയ്യ് അവളുടെ വിരലിൽ മുറുകെ പിടിച്ചു .
അമ്മേ
എന്താടാ
അമ്മക്ക് നാരങ്ങ വെള്ളം വേണോ
അതിന് നിന്റെല് എവടന്നാ കാശ്
എന്റെ അമ്മക്ക് ദാഹിക്കുമ്പോൾ ഒരു നാരങ്ങ വെള്ളം വാങ്ങിത്തരാനുള്ള കാശൊക്കെ എന്റെലുണ്ട്. അവൻ അവളെ ചേർത്തു പിടിച്ച് നടന്നു ..
ഒരു നിമിഷം അവൾ ചിരിച്ചു …
തോറ്റ ഭാര്യയുടെ തല്ല ജയിച്ച അമ്മയുടെ ചിരി …..