ഒരു ഫോട്ടോയിലൊക്കെ എന്തിരിക്കുന്നു ആദിയേട്ടാ നാളെ നേരിട്ട് കാണുമ്പോ ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടൊയെന്റെ കൈവശമുണ്ട് അത് വേണേൽ തരാം………..

വാശി

Story written by Adarsh Mohanan

” നിന്നോട് ഞാൻ തുണി അഴിച്ചു കാണിക്കാൻ പറഞ്ഞൊന്നുമില്ലല്ലോ, ഒരു ഫോട്ടൊ അല്ലെ ചോദിച്ചുള്ളോ? തരാൻ പറ്റില്ലെങ്കിൽ വേണ്ട വിട്ടേക്ക് “

ആ വാട്ട്സ് ആപ്പ് മെസ്സേജ് ടൈപ്പു ചെയ്യുമ്പോഴും എന്റെ വിരലുകൾ കോപം കൊണ്ടു വിറച്ചിരുന്നു, കുറേ നാളുകളായി ഇന്നു തരാം നാളെത്തരാമെന്നും പറഞ്ഞു പറ്റിച്ചു നടന്നയെന്റെ പ്രണയിനിയെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞിട്ടും എന്റെയുള്ളിലെ അരിശം കെട്ടടങ്ങിയിരുന്നില്ല

ടൈപ്പിംഗ് എന്നു കാണിക്കുന്നു എന്നല്ലാതെ മറുപടിയൊന്നും വരാതായപ്പോൾ ഫോൺ വലിച്ചെറിഞ്ഞ് പൊട്ടിക്കാനാണെനിക്ക് തോന്നിയത്

അൽപ്പസമയത്തിനു ശേഷമുള്ളയവളുടെ മറു ചോദ്യം എന്നിലെ സർവ്വക്ഷമയെയും പരീക്ഷിക്കും വിധത്തിലുള്ളതായിരുന്നു

“എന്തിനാ ആദിയേട്ടാ ഇപ്പൊ ഫോട്ടൊടെ ഒരാവശ്യം നമ്മൾ വല്ലപ്പോഴുമൊക്കെ നേരിട്ട് കാണുന്നതല്ലെ പിന്നെ എന്തിനു വേണ്ടിയ ഫോട്ടോ ” എന്ന്

ആ മെസ്സേജ് കൈപ്പറ്റുമ്പോഴും എന്നിലുണർന്നത് അവൾക്കെന്നോട് എത്രത്തോളം വിശ്വാസം ഉണ്ടായിരിക്കും എന്നുള്ള ചോദ്യമായിരുന്നു

ഫുൾ സ്പീഡിൽ കറങ്ങണ സീലിoഗ് ഫാനിന്റെ അടിയിലിരിക്കുമ്പോഴും ഉള്ളിലെരിയുന്ന കോപക്കനലിന് ആളിച്ച കൂടുകയാണുണ്ടായത്

എന്റെ തലമണ്ടയാകെ പെരുത്തു കയറി അവളുടെയാ ചോദ്യത്തിനൊരുത്തരം നൽകാനോ ഒരു മറു ചോദ്യം കൊണ്ട് അവളെ ജയിക്കാനോ ഞാൻ മുതിർന്നില്ല

നെറ്റ് ഓഫ് ആക്കി പോകുമ്പോഴും ഉള്ളിൽ പ്രതീക്ഷയുടെ പുൽനാമ്പുകളപ്പോഴും കിളിർത്തിരുന്നു. എന്നോട് സ്നേഹമുണ്ടെങ്കിൽ എന്നെ പൂർണമായുവൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അവളിപ്പോളാ ഫോട്ടോ അയച്ചിട്ടുണ്ടാകും എന്നു തന്നെയാണ് ഞാനും കരുതിയത്

പഞ്ഞിമെത്തയിൽ പരതിപ്പരതിക്കിന്നിട്ടും ആ അർധരാത്രിയിലെനിക്ക് ഉറക്കം വന്നില്ല, വീണ്ടും ഞാൻ നെറ്റ് ഓൺ ചെയ്തു വാട്ട്സ് ആപ്പിൽ അവളുടെ പ്രൊഫൈൽ എടുത്തു നോക്കിയപ്പോൾ ആളിക്കത്തിയയെന്റെ ദേഷ്യം വീണ്ടും പുകഞ്ഞു പൊന്താൻ തുടങ്ങി

“ഒരു ഫോട്ടോയിലൊക്കെ എന്തിരിക്കുന്നു ആദിയേട്ടാ നാളെ നേരിട്ട് കാണുമ്പോ ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടൊയെന്റെ കൈവശമുണ്ട് അത് വേണേൽ തരാം” എന്ന അവളുടെ മെസ്സേജ് കണ്ടപ്പോ ദേഷ്യവും സങ്കടവും വന്നത് ഒരുമിച്ചായിരുന്നു

പ്രൊഫൈൽ എടുത്തു നോക്കിയപ്പോൾ അവൾ ഓൺലൈനിൽ ഉണ്ടായിരുന്നില്ല ലാസ്റ്റ് സീൻ നോക്കിയപ്പോൾ പോയിട്ട് ഏകദേശം നാല് മിനിറ്റോളമായി, നാളെ കാലത്തെണീക്കുമ്പൊ അവൾക്കുള്ള നാരങ്ങ മിഠായിയെന്നോണം നല്ല പച്ചമലയാള മാതൃഭാഷയിൽ നാല് ഡയലോഗും ഒപ്പം എന്നെ വിശ്വാസം ഇല്ലെങ്കിൽ നമുക്കിത് ഇവിടെ വച്ച് അവസാനിപ്പിക്കാം എന്നുo ടൈപ്പ് ചെയ്തിട്ടും ആ കട്ട കലിപ്പ് ഉള്ളിലങ്ങനെത്തന്നെ കെട്ടിക്കിടന്നു.

അപ്പോഴും ഉള്ളിലൊരു പ്രതീക്ഷയുണ്ടായിരുന്നു നാളെ ആ മെസ്സേജ് കണ്ടിട്ടെങ്കിലും അവൾ പേരിനെങ്കിലുമൊരു ഫോട്ടൊ അയച്ചു തരും എന്ന്

പിറ്റേന്ന് എണീറ്റപ്പോൾത്തന്നെ ഫോൺ തപ്പിയെടുത്തു അവളുടെ വാട്ട്സ് ആപ്പ് തുറന്നു നോക്കി മെസ്സേജ് സീൻ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഒരു മറുപടിയോ ഫോട്ടോയോ ഒന്നും തന്നെയവൾ അയച്ചിരുന്നില്ല

ഞാൻ മനസ്സിൽ ഓർത്തു അപ്പോൾ ഇത്രക്കൊക്കെയേ ഉണ്ടായിരിന്നുള്ളോ അവൾക്കെന്നോടുള്ള പ്രേമം എല്ലാം വെറുമൊരു നാടകമായിരുന്നു

വാശി എനിക്കൊരു വീക്ക്നെസ്സ് ആയതു കൊണ്ടു തന്നെ ഞാൻ പിന്നീട് മെസ്സേജ് ഒന്നും തന്നെ അയച്ചില്ല

എങ്കിലും ഇടക്കിടക്ക് അവളുടെ പ്രൊഫൈൽ എടുത്ത് നോക്കിക്കൊണ്ടിരിക്കുക എന്നത് ഒരു ശീലമായി അപ്പോഴും അവൾക്കെന്നോടുള്ള വിശ്വാസo എത്രമാത്രം ഉണ്ട് എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു

ഞങ്ങളുടെ ബന്ധം രണ്ടു വീട്ടിലും സമ്മതമായിരുന്നിട്ടും അവളുടെ പഠിപ്പു തീർന്നിട്ട് വിവാഹമാകാം എന്ന് വീട്ടുകാരുമായി ഉടമ്പടിയിലെത്തുമ്പോഴും ഇനിയുള്ള രണ്ടു വർഷവും കൊതിതീരെ പ്രണയിക്കാമെല്ലൊ എന്നായിരുന്നു മനസ്സിൽ

എന്നിട്ടും ഈയൊരു നിസ്സാര കാര്യത്തിനു പോലും അവൾ പിടിവാശി കാണിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചവസാനിപ്പിക്കാനാണ് എനിക്ക് തോന്നിയത്

അന്നത്തെ ദിവസം അവളെ ഓൺ ലൈനിൽ കാണാതിരുന്നപ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങലായിരുന്നു മനപ്പൂർവ്വം എന്നെ ഒഴിവാക്കണപോലെ ഒരു ഫീലിംഗ്

വാശിയെന്റെ കൂടപ്പിറപ്പായതു കൊണ്ടു തന്നെ ഒരു വിഷിംങ്ങ് മെസ്സേജ് പോലും ഞാനവൾക്കയച്ചില്ല

എങ്കിലും ഇടക്കിടയ്ക്കവളുടെ പൊഫൈൽ എടുത്തു നോക്കിയില്ലെങ്കിൽ മനസ്സിന് വല്ലാത്തൊരു അസ്വസ്ഥതയാണ്

പിറ്റേ ദിവസവും ഇതു തുടർന്നപ്പോൾ എന്റെ ഉള്ളിലെ ആത്മാഭിമാനി ഉണരുകയായിരുന്നു, ഉള്ളിലെ ദേഷ്യവും സങ്കടവും അവളോടുള്ളയെന്റെ പകയാക്കി മാറ്റി

എന്നെ വേണ്ടാത്തവളെ എനിക്കും വേണ്ട എന്ന ലൈനിൽ ആയി കാര്യങ്ങൾ, ഇനി വാട്ട്സ്ആപ്പ് തുറന്നാലും അവളെനിക്ക് മെസ്സേജ് അയച്ചാൽ മേലിലൊരു റിപ്ലേ പോലും കൊടുത്തേക്കരുതെന്നും പറഞ്ഞ് ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി

രണ്ടു ദിവസത്തിനു ശേഷം എന്റെ വാട്ട്സ്ആപ്പ് തുരുതുരാ മണിനാദം മുഴക്കി തുറന്നു നോക്കിയപ്പോൾ അവളുടെ മെസ്സേജ് കൊണ്ട് എന്റെ പ്രൊഫൈൽ കുത്തിനിറഞ്ഞു കിടപ്പുണ്ടായിരുന്നു.

ഫോൺ കേടായിട്ട് നന്നാക്കാൻ കൊടുത്തേക്കായിരുന്നുവത്രേ, അവളുടെ മുടന്തം ന്യായത്തിന് ഞാൻ മറുപടി കൊടുത്തില്ല, ഒപ്പം അടിയിൽ പാരഗ്രാഫ് കണക്കിന് എഴുതിയിട്ട അക്ഷരങ്ങളിലൂടെ ഒന്നു വിരലോടിച്ചു എന്നല്ലാതെ ഒന്നു വായിച്ചു കൂടെ നോക്കിയിരുന്നില്ല ഞാൻ

ആയിരം സോറികൾക്കടിയിൽ അവളുടെ വിവിധ പോസ്സിലുള്ള ഫോട്ടോസെനിക്ക് അയച്ച് തന്നിട്ടും ഞാനത് തൊട്ടു പോലും നോക്കിയില്ല

എന്റെയൊരു ദുസ്വഭാവമാണത് അതവൾക്ക് നന്നേ അറിയാവുന്നതുമാണ് ആവശ്യ സമയത്ത് കിട്ടിയില്ലെങ്കിൽ അതു വൈഡൂര്യക്കല്ലാണെങ്കിലും പിന്നീടതെനിക്ക് വെറുമൊരു പാഴ്വസ്തു മാത്രമാണെന്നുള്ളത്

കഴിഞ്ഞ നാലു ദിവസം ഞാനനുഭവിച്ച മാനസ്സിക സംഘർഷത്തിനെനിക്ക് മധുര പ്രതികാരമെന്നോണം പിന്നീട് അമ്പലത്തിൽ വച്ച് അവളെ കാണാറുള്ളപ്പോഴൊക്കെ ഞാൻ മുഖം തിരിച്ചു നടക്കുകയാണ് ചെയ്യാറ്

കഴിഞ്ഞ നാലു ദിവസങ്ങളിലായി മുന്നൂറ്റി ഇരുപതോളം മെസ്സേജ് അവളയച്ചു ഞാനതിന് ഒരു മറുപടി പോലുമയച്ചിരുന്നില്ല.

എന്റെ ഉള്ളിലെ കോപവും സമ്മർദ്ദവും സംഘർഷങ്ങളും അതിലുപരി വാശിയുമല്ലാം അപ്പോഴേക്കും ശമിച്ചിരുന്നു

മതി ഇത്രയും മതി ഇതുതന്നെ കുറച്ചു കൂടുതലായിപ്പോയി എന്നു വിചാരിച്ച് അവൾക്കുള്ള മെസ്സേജ് ടൈപ്പ് ചെയ്യുന്നതിനിടയിലാണ് മനസ്സിൽ ഒരാശയം പൊട്ടി മുളച്ചത്

ഒന്നവളെ പരീക്ഷിച്ചു കളയാം അവൾക്കെന്നോട് എത്രത്തോളം ഇഷ്ട്ടം ഉണ്ട് എന്നൊന്നു നോക്കിക്കളയാം

ടൈപ്പിംഗ് ക്ലിയർ ചെയ്ത് ഞാൻ നേരെ വാട്ട്സ്ആപ്പിൽ ഇങ്ങനെ സ്റ്റാറ്റസ് ഇട്ടു എന്നിട്ട് അവൾക്ക് മാത്രo കാണാൻ പാകത്തിൽ ആഡ് ചെയ്തു

“നീ അയച്ച ഫോട്ടോസ് എല്ലാം കിട്ടി ബോധിച്ചു അതൊന്നും തന്നെ ഞാൻ ഡൗൺലോഡ് ചെയ്തിട്ടില്ല ഇനി എനിക്കതിന്റെ ആവശ്യവും ഇല്ല, നിനക്കെന്നോട് സ്നേഹമുണ്ടെങ്കിൽ നീയത് തെളിയിച്ച് കാണിക്ക്, എങ്ങിനെയാണെന്നോ? നീ നേരത്തെയെനിക്ക് തരാമെന്നു പറഞ്ഞ നിന്റെ യാ പാസ്സ്പോർട്ട് സൈസ് ഫോട്ടോ ഇല്ലേ ഈ നാല് ദിവസത്തിനിടക്ക് ഞാനേറ്റവും വെറുത്തത് ആ കടലാസു കഷ്ണത്തെയാണ് അത് നീയെന്റെ മുൻപിൽ വച്ചൊന്നു കത്തിച്ച് കാണിക്കണം ഇതെന്റെ ഒരു വാശിയാണെന്നു തന്നെ കൂട്ടിക്കോളു കാലത്ത് ഞാൻ അമ്പല മുറ്റത്തു തന്നെയുണ്ടാകും”

പ്രതീക്ഷിച്ചതു പോലെ അവൾ എനിക്കു മുൻപേ അവിടെ ഹാജരായിരുന്നു അവളുടെ വിഷാദ ഭാവം പൂണ്ട മുഖം കണ്ടപ്പോളെനിക്ക് തോന്നി ഒന്നും വേണ്ടിയിരുന്നില്ല എന്ന് , അവളുടെ തുളുമ്പാൻ വിതുമ്പുന്ന ഉണ്ടക്കണ്ണുകൾ കണ്ടപ്പോൾ വാട്ട്സ്ആപ്പിൽ കുത്തിനോവിക്കുമ്പോൾ കിട്ടിയ സുഖമായിരുന്നില്ലയെനിക്ക് തോന്നിയത്

എങ്കിലും പോക്കറ്റിലിരുന്ന സിഗററ്റ് ലാംപെടുത്ത് ഞാനവൾക്കു നേരെ നീട്ടി വിറ കൈകളാലവളതേറ്റു വാങ്ങുമ്പോൾ എന്റെയുള്ളൊന്നു പടിഞ്ഞിരുന്നു

കൈയ്യിലിരുന്നയവളുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോയിലേക്കവൾ തീ കൊടുക്കാൻ മുതിരുമ്പോഴും അവളുടെ പള്ളാത്തിക്കണ്ണു നിറഞ്ഞു തുളുമ്പാൻ തുടങ്ങി

അത് കത്തിക്കും മുൻപേ ഞാനവളുടെ കയ്യിൽ നിന്നുമാ ലൈറ്റർ പിടിച്ചു വാങ്ങിക്കൊണ്ട് ഞാനവളോടായ് ചോദിച്ചു

“അമ്മു നിനക്കെന്നെ വിശ്വാസമില്ലേ?”

ആ തിരുനടയിൽ വെച്ചവളെന്നെ വാരിപ്പുണർന്നു കൊണ്ട് എങ്ങലടിച്ചു കരഞ്ഞപ്പോൾത്തന്നെയെനിക്കതിനുള്ള ഉത്തരം കിട്ടിയിരുന്നു

“വിശ്വാസമില്ലാഞ്ഞിട്ടല്ല എട്ടാ, ഏട്ടനെയൊന്നു വാശി കേറ്റൻ വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത് അന്നു ഫോട്ടൊ തിരഞ്ഞു നോക്കുന്നതിനിടയിൽ ഫോണെന്റെ കയ്യിൽ നിന്നും വീണു പൊട്ടി അതു കൊണ്ടാ, അതു കൊണ്ടാ ഏട്ടാ ഇങ്ങനെ സംഭവിച്ചത് സത്യമായിട്ടും എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ല എട്ടാ “

അവളതു പറഞ്ഞു തീർന്നപ്പോൾ നെഞ്ചിനകത്ത് ഒരു പരപരപ്പനുഭവപ്പെട്ടു മനസ്സിൽ ഞാനെനിക്ക്കരുതിയുറപ്പിച്ച നായകസ്ഥാനം പാടെ വെന്തു വെണ്ണീറായ പോലെ തോന്നി ഒരൊറ്റ നിമിഷo കൊണ്ട് ഞാൻ കഥയിലെ വില്ലനായി മാറി എല്ലാത്തിന്റെയും കാരണം എന്റെയീ വാശിയും കടുംപിടുത്തവുമാണെന്നെനിക്ക് മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടി വന്നില്ലെനിക്ക്

ഈ വില്ലന്റെ വാശിക്കു മുൻപിൽ തോറ്റു തന്നവളുടെ കയ്യിലിരുന്നയാ പാസ്സ്പോർട്ട് സൈസ് ഫോട്ടോ ചുക്കിച്ചുളിച്ച് ഞാൻ ദൂരെക്കെറിഞ്ഞു

ഈ പ്രതിനായകനെ പ്രണയിച്ച പ്രണയിനിയോടെനിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ഇനിയെനിക്ക് അവളുടെ ഫോട്ടോയുടെ ആവശ്യമില്ല എന്ന് , കാരണം എന്റെ ഹൃദയത്തിൽ ഞാനപ്പോഴേക്കും പതിപ്പിച്ചു കഴിഞ്ഞിരുന്നു എന്റെ ഉണ്ടക്കണ്ണിയുടെ ചിത്രത്തിന്റെയൊരു നെഗറ്റീവ് കോപ്പി, കണ്ണടച്ചുള്ളിലേക്ക് നോക്കിയാൽ കഴുകിയെടുത്തു കാണാവുന്ന പാകത്തിലൊരു സുന്ദരിക്കോപ്പി

Related Posts

Leave a Reply

Your email address will not be published. Required fields are marked *