Story written by RAJITHA JAYAN
വൈകുന്നേരം കൂട്ടുകാരൊത്ത് ആൽതറയിലിരിക്കുമ്പോഴാണ് അടുത്തുള്ള അമ്പലത്തിലെ വെളിച്ചപാട് അതു വഴി വന്നത് .വന്നതും അയാൾ അമ്പലത്തിലെ സർപ്പ കാവിന്റെ വരാനിരിക്കുന്ന കളം പാട്ടിന്റെ കാര്യം പറഞ്ഞതും കൂടെയുള്ള കൂട്ടുക്കാരോരുത്തരും പാമ്പിനെ പറ്റിയും കളം പാട്ടിനെ പറ്റിയും പറയാൻ തുടങ്ങിയതും അയാൾ ആൽതറയിൽ നിന്നെഴുന്നേറ്റ് വീട്ടിലേക്ക് നടന്നു .
എന്തോ ഒരു തരം ഈർഷ്യയാണീടെയായ് പാമ്പിനെ പറ്റി കേൾക്കുമ്പോൾ ..എന്താണോ എന്തോ …?
ഓരോന്നും ചിന്തിച്ചു നടക്കുന്നതിനിടയിലാണ് പെട്ടെന്നയാളുടെ കാലുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടിലൊരു ചേര പാമ്പിഴഞ്ഞത്…..
ഒരു ശബ്ദത്തോടയാൾ ഞെട്ടി മുന്നോട്ടു ചാടിയതും ചേര പോണപോക്കിലയാളെ ഒന്നു തല ചെരിച്ചു നോക്കി … എവിടുന്ന് വരുന്നെടാ ഇവനൊക്കെ എന്നൊരു ഭാവം ആ സമയത്ത് ചേരയുടെ മുഖത്തുണ്ടായോ..? അയാൾ ഒന്നു സംശയിച്ചു … ഏയ് … പറഞ്ഞു കൊണ്ടയാൾ വീട്ടിലേക്ക് നടന്നു ..
പടി കയറുമ്പോഴേ കണ്ടു അമ്മ പൂമുഖത്തിരുന്ന് ടിവി കാണുന്നത് ,
“അമ്മേ നല്ല കടുപ്പത്തിലൊരു ചായ …, അയാൾ പറഞ്ഞു
“ടാ… ഒരു രണ്ട് മിനിട്ട് ,ഈ സീരിയലൊന്ന് തീരട്ടെ ,എന്നിട്ടിട്ടു തരാം … പോരെങ്കിൽ നീ തനിയെ ഇട്ടോ ചായ “
അമ്മയുടെ മറുപടി വന്നതും അയാൾ ദേഷ്യത്തോടെ ടിവി യിലേക്ക് നോക്കി,നാഗകന്യക സീരിയൽ …. ടിവി സ്ക്രീനിൽ ഉടൽ പാതി പാമ്പായിട്ടൊരു പെൺകുട്ടിയുടെ രൂപം… ഓ ഇവിടെയും ഈ പാമ്പു തന്നെയാണോ..?
ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടയാൾ പുറത്തെ സോഫയിലിരുന്ന് മൊബൈൽ കയ്യിലെടുത്ത് ഫെയ്സ് ബുക്ക് തുറന്നു… വായനാ ഗ്രൂപ്പുകളിലേക്ക് കയറിയതും ദാ കിടക്കണു തലങ്ങും വിലങ്ങും പാമ്പുകൾ ,പല രൂപത്തിലും ഭാവത്തിലും കഥകളായ് …
നാഗമാണിക്യം ,നാഗിനി ,നാഗ പ്രണയം ,മന്ദാര കാവ് എന്നു വേണ്ട പല പല പേരുകളിൽ നിറയെ നാഗങ്ങൾ …. ഇതിനു മാത്രം കഥകൾ എവിടുന്ന് വരുന്നപ്പാ ഇവനൊക്കെ …?
ഇനിയിപ്പോ ഇവിടെയും ഇല്ല രക്ഷ എന്നോർത്തയാൾ ഫോൺ പോക്കറ്റിലിട്ട് മുറിയിലേക്ക് പോവാനെണീറ്റതും പടി കടന്നച്ഛൻ വന്നതും ഒരുമ്മിച്ചായിരുന്നു ..
കാലുകൾ വെക്കാൻ വീതിയില്ല വഴിക്ക് എന്ന രീതിയിൽ കള്ളുകുടിച്ച് ,കൈകൾ വായുവിൽ ചിത്രം വരച്ച് ആടിയാടി വരുന്ന അച്ഛനെ കണ്ടതും ഇങ്ങേരിന്നും പാമ്പാണല്ലോ എന്നവൻ ഓർത്തതും ചിന്ത വന്നു നിന്നത് വീണ്ടും താൻ പാമ്പിലെത്തിയല്ലോ എന്നാണ് ….,
ഇതു ശരിയാവില്ലായെന്നുറക്കെ പറഞ്ഞു കൊണ്ടയാൾ മുറിയിലേക്ക് കയറിയതും അമ്മ പിന്നാലെ ചെന്നു ….
“ടാ ,ആ ബ്രോക്കർ വന്നിരുന്നു നാളെ നിന്നോടു അയാളുടെ കൂടെ പെണ്ണുകാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്..,
“ഓ ഞാനില്ല അമ്മേ ഇനി വേഷം കെട്ടാൻ, ഈ നശിച്ച സർപ്പദോഷം കാരണം എനിക്കീ ജന്മം കല്യാണം നടക്കില്ല, പിന്നെന്തിനാണ് വെറുതെ ….,
“അതു പിന്നെ മോനെ ,ഇതൊക്കെയങ്ങ് മാറുമെടാ… നാളെ നീ കാണാൻ പോണ പെൺകുട്ടിയും നാഗ ദോഷകാരിയാ… ആയില്യം നക്ഷത്രത്തിൽ പിറന്ന പെൺകുട്ടി … പേര് വാസുകി …,
“ആഹാ … അടിപൊളി ,ഇത് കലക്കും മൊത്തത്തിലൊരു പാമ്പ് മയമുണ്ട് പേരിലൊക്കെ …,
അപ്പോ ശരി കൂട്ടുകാരെ ,ഞാൻ നാളെ അവളെയൊന്നു പോയി കണ്ടിട്ട് വന്നിട്ടു പറയാം ട്ടോ നാഗ ദോഷത്തിന്റെ പേരിൽ കല്യാണം നടക്കാതെ നാഗ വിരോധിയായ എന്റെ കല്യാണം നടക്കുമോ അതോ എന്റെ നാഗവിരോധം വീണ്ടും തുടരുമോയെന്ന് .. ,
അപ്പോ ശരിട്ടോ… ഓ .. മറന്നു, ഞാനെന്റെ പേര് പറഞ്ഞില്ലല്ലോ …? എന്റെ പേര് അനന്തൻ …. , ആരും നെറ്റി ചുളിക്കണ്ട അതു തന്നെ ,സാക്ഷാൽ വിഷ്ണുഭഗവാന്റെ കൂടെയുള്ള നാഗരാജാവായ സർപ്പത്തിന്റെ പേര് അനന്തൻ….എങ്ങനെ പൊളിയല്ലേ …..,,
( ബാക്കി ഇല്ലാട്ടോ ,ഒരു ഉച്ച ഭ്രാന്തു മാത്രമാണ് )