എഴുത്ത്:- കര്‍ണൻ സൂര്യപുത്രന്‍
കട്ടപിടിച്ച ഇരുട്ടിൽ ദിശാബോധം ഒന്നുമില്ലാതെ രാമൻ നടത്തം തുടങ്ങിയിട്ട് നേരം ഏറെയായിരുന്നു….. കുന്നിൻമുകളിൽ എത്തിയ ശേഷം കയ്യിലെ കവർ നിലത്ത് വച്ച് അയാൾ ഇരുന്നു.പിന്നെ ചുറ്റും നോക്കി… ഒരുവശം കാടാണ്… കുന്നിന് താഴെ അയാളുടെ ഗ്രാമത്തിൽ അങ്ങിങ്ങായി വെളിച്ചത്തിന്റെ പൊട്ടുകൾ….
“ഇവിടെ മതി… ആർക്കും ശല്യമാകാതെ…” അയാൾ സ്വയം പറഞ്ഞു.. പിന്നെ കവർ തുറന്ന് ഒരു പ്ലാസ്റ്റിക് കയർ എടുത്ത് പാറയിൽ കയറിനിന്ന് മരകൊമ്പിൽ കെട്ടി.. അതിന്റെ അറ്റത്ത് ഒരു കുരുക്ക് ഉണ്ടാക്കി… അത് കiഴുത്തിൽ ഇട്ട് പാറയിൽ നിന്നും ചാടാനായിരുന്നു ഉദ്ദേശം…. താഴെയിറങ്ങി കവറിൽ നിന്നും ഒരു മiദ്യക്കുപ്പിയും ഗ്ലാസും വെള്ളവും എടുത്ത് നിരത്തി….മiദ്യം ഗ്ലാസിൽ പകർന്ന് രണ്ടു തവണ കുടിച്ചു… പിന്നെ പാറയിലേക്ക് ചാരി….
“അല്ലേലും ഞാൻ ചiത്താൽ ഈ ലോകത്ത് ഒന്നും സംഭവിക്കില്ല… കടബാധ്യത.. കർഷകൻ ആത്മഹiത്യ ചെയ്തു എന്നൊരു വാർത്ത വരും…. കുറേ പേര് സഹതപിക്കും.. മറ്റു ചിലർ സർക്കാരിനെ കുറ്റം പറയും…ഒരു ദിവസം കഴിയുമ്പോ അത് മറക്കും… അത്രേ ഉളളൂ..”
കുറച്ചു നേരം കൊണ്ട് തന്നെ മiദ്യകുപ്പി പകുതിയായി…. ലiഹരി തലയ്ക്ക് പിടിച്ചു കഴിഞ്ഞു….. പെട്ടെന്ന്… കരിയിലകൾ ഞെരിയുന്ന ശബ്ദം…. കാട് അനങ്ങുന്നു… അയാൾ എഴുന്നേറ്റ് പാറപ്പുറത്ത് കയറി… ആനച്ചൂര് മൂക്കിലേക്ക് അടിച്ചു…. തൊട്ട് മുന്നിൽ അതാ അവൻ…ഇരുട്ടിന്റെ വലിയൊരു കഷണം പോലെ . ഒറ്റക്കൊമ്പൻ!!!
“നീ വന്നോ…? എന്തേ താഴേക്ക് പോകുന്നില്ലേ.?.. കുറച്ചു വാഴയും മരച്ചീനിയും എന്റെ പറമ്പിലുണ്ട്… അതൊക്കെ നീയെടുത്തോടാ… എനിക്കെന്തിനാ ഇനി…”
രാമൻ പാറയിൽ ഇരുന്ന് മiദ്യക്കുപ്പി വായിലേക്ക് കമഴ്ത്തി..
“ദേ കണ്ടോ… ചാകാൻ പോകുവാ… എന്തിനാണെന്ന് എനിക്കാരോടും പറയാനില്ല. നിന്നോട് പറയാം..”
ആന തുമ്പിക്കൈ കൊണ്ട് പുല്ല് വലിച്ചു പറിച്ച് വായിലേക്ക് ഇട്ടു…
“നീ കാടിറങ്ങി വരുമ്പോഴൊക്കെ പേടിയാ… അത് മരിക്കാനുള്ള പേടി അല്ല.. ഞങ്ങളൊക്കെ ഒരുപാട് സ്വപ്നം കണ്ടാ കൃഷിയിറക്കുന്നത്…. അതൊക്കെ ചുരുങ്ങിയ നേരം കൊണ്ട് നിങ്ങള് നശിപ്പിക്കും…. ഞങ്ങള് ആരോട് പരാതി പറയാനാ? കഴിഞ്ഞാഴ്ച നിന്റെ കൂട്ടുകാരൻ ഒരാളെ ചവിട്ടി കൊiന്നു… അവന്റെ കുഞ്ഞിന്റെ കരച്ചിൽ കാണാൻ വയ്യ…. ആരെയും ദ്രോഹിക്കാതെ ജീവിക്കാനുള്ള അവകാശം ഞങ്ങൾക്കില്ലേ?… കാട്ടിൽ ഇത്രേം സ്ഥലമുണ്ടായിട്ടും നിങ്ങളെന്തിനാ കുന്നിറങ്ങുന്നേ?.. പണ്ടൊക്കെ ആനയും കാട്ടുപന്നിയും മാത്രമായിരുന്നു… ദേ ഇപ്പൊ, കരടി ,പുലി, കടുവ.. ഇനി സിംഹം എപ്പോഴാണെന്നറിയില്ല….”
ഒറ്റക്കൊമ്പൻ ഭക്ഷണം ആസ്വദിച്ചു കഴിക്കുകയാണ്…
“പന്ത്രണ്ടാം വയസിലാ അച്ഛന്റെ കൂടെ വയനാടേക്ക് വരുന്നത്… ഞങ്ങള് ശരിക്കും തെക്കന്മാരാ.. ഇവിടെ സ്ഥലം വാങ്ങി കൃഷി തുടങ്ങി .. അച്ഛൻ മരിച്ചപ്പോൾ ഞാൻ എല്ലാം ഏറ്റെടുത്തു… അമ്മയുടെ ചികിത്സ.. പെങ്ങന്മാരുടെ പഠിത്തം… അവരുടെ കല്യാണം… എല്ലാം കൃഷി കൊണ്ട് തന്നെയാ.. ഇവിടുത്തെ മണ്ണിനു അങ്ങനൊരു പ്രത്യേകതയുണ്ട്.. നമ്മള് കൊടുക്കുന്നത് എന്തായാലും ഇരട്ടി തിരിച്ചു തരും…”
രാമൻ കുറച്ച് കൂടി മiദ്യം കുടിച്ചു..
“അമ്മ മരിച്ചതോടെ പെങ്ങന്മാരു തീരെ വരാതെയായി… അതിന്റെ ആവശ്യവും ഇല്ലല്ലോ… ഊറ്റാനുള്ളതൊക്കെ പണ്ടേ പരമാവധി ഊറ്റിയെടുത്തു..ഒറ്റയ്ക്കുള്ള ജീവിതം മടുത്തതോടെയാ ഞാൻ പെണ്ണ് കെട്ടിയത്..ഒരു മോനും ജനിച്ചു… ആകാശ്..അവന് നാല് വയസുള്ളപ്പോൾ അവൾ പോയി… മരിച്ചു പോയതല്ല… വേറൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയതാ..”
അയാൾ നിന്ദയോടെ ചിരിച്ചു..
“ഞാൻ കരഞ്ഞില്ല.. മോനുണ്ടല്ലോ കൂടെ.. അവന് വേണ്ടി ജീവിച്ചു… മിടുക്കനാ.. നന്നായി പഠിക്കും… സമയം കിട്ടുമ്പോ എന്നേ സഹായിക്കും… എന്റെ ഭാഗ്യമാ അവൻ…’എനിക്കൊരു ജോലി കിട്ടട്ടെ അച്ഛാ എല്ലാ കഷ്ടപ്പാടും മാറും എന്നവൻ എപ്പോഴും പറയും… ബാംഗ്ലൂര് പഠിക്കുകയായിരുന്നു അവൻ… എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ക്ലാസ് കഴിഞ്ഞ് എന്തെങ്കിലും പണിക്കും പോകും…”
അവശേഷിച്ച മ ദ്യവും കുടിച്ചു തീർത്ത് മുണ്ടിന്റെ അറ്റം കൊണ്ട് രാമൻ മുഖം തുടച്ചു…
“മോന് ജോലികിട്ടി, കല്യാണം കഴിഞ്ഞ് പേരക്കുട്ടികളെ കൊഞ്ചിക്കാനുള്ള എന്റെ സ്വപ്നം ദൈവം തiല്ലിക്കെടുത്തിയെടാ… കഴിഞ്ഞ കൊല്ലം ലീവിന് വന്നതാ.,…ബൈക്കിൽ എന്നെയും കൂട്ടി ടൗണിൽ പോയി തിരിച്ചു വരുമ്പോ ഒരു ബസിടിച്ചു….. മൂന്നാല് ദിവസം ആശുപത്രിയിൽ കിടന്ന ശേഷം അവൻ…..”
കാട്ടുചെടികൾ ഭക്ഷിച്ചു കൊണ്ടിരുന്ന ആന അത് നിർത്തി തന്നെ ശ്രദ്ധിക്കുന്നത് പോലെ രാമന് തോന്നി…
“എനിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല… ലോകത്തിലെ ഏറ്റവും വലിയ വേദന മാതാപിതാക്കൾ ജീവനോടെ ഉള്ളപ്പോൾ മക്കൾ മരിക്കുന്നതാ… എനിക്കത് ഒത്തിരി കൂടും.. കാരണം എനിക്ക് ആകെയുണ്ടായിരുന്നത് അവനാ..അവനും പോയി….”
അയാളുടെ കണ്ണുകൾ നിറഞ്ഞു…
“പിന്നെ ആകെയുള്ള ആശ്വാസം അവന്റെ ഹൃദയം കൊണ്ട് ഒരു കൊച്ച് ജീവിക്കുന്നുണ്ട് എന്നതാ… ഇപ്പൊ എവിടാന്നൊന്നും അറിയില്ല കേട്ടോ… ഞാൻ അന്വേഷിച്ചിട്ടില്ല….അവളെ കാണുമ്പോ എന്റെ മകൻ മരിച്ചു എന്ന് എനിക്ക് തോന്നും…. അത് താങ്ങാൻ പറ്റില്ല…”
അയാളൊന്ന് നിശ്വസിച്ചു…
“കൃഷി ചെയ്യാനുള്ള ആരോഗ്യമൊക്കെ പോയെടാ… കടം കേറി മുടിഞ്ഞു….. വീട് ഇന്ന് ബാങ്ക്കാര് ജപ്തി ചെയ്തു… ഇപ്പൊ നീയും ഞാനുമൊക്കെ ഒരുപോലാ… ഒറ്റയാൻ…. എവിടേം കിടക്കാം.. എങ്ങോട്ട് വേണമെങ്കിലും പോകാം…. പക്ഷേ എനിക്ക് വയ്യ… അതാ എല്ലാം അവസാനിപ്പിക്കാമെന്ന് വച്ചത്….അല്ലെങ്കിലും ആർക്ക് വേണ്ടിയാ ജീവിക്കുന്നെ? ന്റെ കുഞ്ഞ് മരിച്ചിട്ട് പോലും തിരിഞ്ഞു നോക്കാത്ത പെങ്ങന്മാർക്ക് വേണ്ടിയോ?… എല്ലാർക്കും അവരവരുടെ കാര്യം മാത്രം….”
അയാൾ പാറയിൽ നിന്നിറങ്ങി കൈ കെട്ടി നിന്നു…
“നീയെനിക്ക് ഒരുപകാരം ചെയ്യുമോ?..എന്നെയൊന്നു കൊiന്നുതാ…. കiഴുത്തിൽ കുiരുക്ക് മുkറുകി ശ്വാസം കിട്ടാതെ പിടയുന്നത് ഓർക്കുമ്പോഴേ പേടിയാകുന്നു… നീയാകുമ്പോ ഒരു കുiത്ത്… അല്ലെങ്കിൽ ചiവിട്ട്… അതോടെ എല്ലാം തീരും…. എന്റെ വാഴയും കൈതച്ചക്കയുമൊക്കെ കുറേ തിന്നിട്ടില്ലേ?.. അതിന്റെ നന്ദി ഇപ്പൊ കാണിക്ക്…”
ആന അയാളെ തന്നെ നോക്കി അനങ്ങാതെ നിൽക്കുകയാണ്…. “കുടുംബ ത്തോടൊത്ത് സന്തോഷത്തോടെ ജീവിക്കുന്നവരെ ഉപദ്രവിക്കുന്നതിലും എത്രയോ നല്ലതല്ലേടാ ആരുമില്ലാത്ത എന്നെ കൊല്ലുന്നത്..? “
ഒറ്റക്കൊമ്പൻ ഒന്ന് ചിന്നംവിളിച്ചു… പിന്നെ ഇടതൂർന്ന് നിൽക്കുന്ന കാട്ടുപുല്ലുകൾ ക്കിടയിലൂടെ നടന്നു മറഞ്ഞു…രാമൻ മരത്തിലെ കയറിലേക്ക് നോക്കി.. അതിന് ശേഷം നിലത്തേക്കിരുന്ന് പൊട്ടിക്കരഞ്ഞു തുടങ്ങി… എല്ലാം നഷ്ടപ്പെട്ടവന്റെ കരച്ചിൽ…..
☆☆☆☆☆☆☆☆☆☆
“രാമേട്ടൻ പേടിക്കണ്ട… എല്ലാ ഏർപ്പാടും ഞാൻ ചെയ്തിട്ടുണ്ട്…”
വാർഡ് മെമ്പർ ജോജി അയാളുടെ തോളിൽ തട്ടി..
“ഒരുപാട് പേര് അവിടെ താമസിക്കുന്നുണ്ട്”
“അവശേഷിച്ച കാലം അഗതി മന്ദിരത്തിൽ… അല്ലേ ജോജീ?”
രാമൻ ചിരിച്ചു..ബാങ്കുകാർ ജപ്തി ചെയ്ത വീടിന്റെ മുറ്റത്തായിരുന്നു രണ്ടുപേരും…
“ആത്മഹiത്യ ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ രാമേട്ടാ..? ആ ക്ലബിലെ പിള്ളേര് നിങ്ങള് കുന്നിന്റെ മേലേക്ക് പോകുന്നത് കണ്ടത് ഭാഗ്യം.. ഞാനിന്നലെ വരാനിച്ചിരി വൈകിയിരുന്നെങ്കിലോ… ഒന്നാമത് കാട്ടിലെ മൃഗങ്ങൾ മുഴുവൻ ഇങ്ങോട്ട് ടൂറ് വരുന്ന സമയമാ…”
“ഞാൻ ചiത്താൽ നിനക്കൊരു വോട്ട് കുറയും… അത്രയല്ലേ ഉളളൂ…”
“കണ്ടോ… ഇതാണ് പ്രശ്നം..” ജോജി പരിഭവിച്ചു..
“എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ഞാൻ ചെയ്യുന്നില്ലേ?.. ജപ്തി തടയാനും പരമാവധി നോക്കിയതാ പക്ഷേ..”
“സാരമില്ലെടാ.. ഇനിയെന്തിനാ വീട്?.. പറമ്പ് പോയതിലാ സങ്കടം…ആ മണ്ണിൽ പണിയെടുത്ത് തളർന്ന് ഉറങ്ങുന്നതിന്റെ സുഖം ഇനി കിട്ടില്ലല്ലോ..”
ജോജി ഒന്നും മിണ്ടിയില്ല…. ആ വൃദ്ധന്റെ സങ്കടം എത്രത്തോളം ആണെന്ന് അയാൾക്കറിയാം…
“ഓട്ടോ വരുന്നുണ്ട്.. നമുക്ക് പോകാം…?”
രാമൻ വീട് ഒന്നുകൂടി നോക്കി.. അയാളുടെ അച്ഛൻ ഉണ്ടാക്കിയ ഒറ്റമുറി വീട് പൊളിച്ച് പുതിയത് കെട്ടിയതാണ്…. ഭാര്യ സ്വന്തം സുഖം തേടി പോയതിന് ശേഷം മകനെയും കെട്ടിപ്പിടിച്ചു ഉറങ്ങാതെ നേരം വെളുപ്പിച്ച രാത്രികൾ… അവന്റെ കളിചിരികൾ, കുസൃതികൾ…. ഒടുവിൽ ചേതനയറ്റ അവന്റെ ശരീരം വെള്ളപുതപ്പിച്ചു കിടത്തിയതും ഈ ഉമ്മറത്ത്…. ഒരുപാട് സന്തോഷങ്ങൾക്കും അതിലുപരി വേദനകൾക്കും സാക്ഷിയായ വീട് നഷ്ടമായിക്കഴിഞ്ഞു…. ഇനി എന്തിന് ഇവിടെ നിൽക്കണം?.. അയാൾ ബാഗ് കയ്യിലെടുത്തു… ഓട്ടോ മുറ്റത്തേക്ക് വന്നു… അതിൽ നിന്നും ഒരു യുവാവും യുവതിയും ഇറങ്ങി…
“രാമേട്ടനെ കാണാൻ വന്നതാ… വഴി ചോദിച്ചപ്പോൾ ഞാനിങ്ങോട്ട് കൊണ്ടുവന്നു..”
ഓട്ടോ ഡ്രൈവർ സമീർ പറഞ്ഞു… രാമൻ അവരെ സൂക്ഷിച്ചു നോക്കി..ഓർമ കിട്ടുന്നില്ല..
“അച്ഛന് എന്നെ മനസിലായോ?..” ആ പെൺകുട്ടി ചോദിച്ചു..
“ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ… എന്നാലും എന്നെ മറക്കില്ല എന്നാ വിശ്വാസം..”
“പ്രായമായില്ലേ കുഞ്ഞേ… അതോണ്ടാ…”
“ഞാൻ ഫാത്തിമ… ആകാശേട്ടൻ കാരണമാ ഇന്ന് ജീവിക്കുന്നെ…”
രാമൻ അത്ഭുതത്തോടെ അവളെ നോക്കി.. തന്റെ മകന്റെ ഹൃദയം അവളിൽ തുടിക്കുന്നുണ്ട്…. സർജറി കഴിഞ്ഞു കിടക്കുമ്പോഴാണ് അവളെ ആദ്യമായും അവസാനമായും കണ്ടത്.. പിന്നെ അതിന് ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം..
“ഇതെന്റെ ഭർത്താവ് ഷാനവാസ്…” ആ ചെറുപ്പക്കാരൻ രാമനെ നോക്കി പുഞ്ചിരിച്ചു..
“ഇതിന് മുൻപേ വരണമെന്നും അച്ഛനെ കാണണമെന്നും ആഗ്രഹിച്ചതാ.. പക്ഷേ പറ്റിയില്ല…ഹൃദയം മാറ്റി വച്ച ശേഷം കുറേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു… ദൂരയാത്ര പാടില്ല എന്ന് ഡോക്ടർ പറഞ്ഞതാ..”..
“അതൊന്നും സാരമില്ല മോളേ… എന്തായാലും വന്നല്ലോ.. അത് മതി.. കയറി ഇരിക്ക് എന്ന് പറയണമെന്നുണ്ട്.. പക്ഷേ ഈ വീട് ഇപ്പോൾ എന്റെയല്ല.. ബാങ്കുകാരുടേയാ…. ഞാൻ പോകാനിറങ്ങുകയായിരുന്നു..”..
“അറിഞ്ഞു… ” ഷാനവാസ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…കുറേ നേരം അവിടെ നിശബ്ദത തളം കെട്ടി… സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നേണ്ട സന്ദർഭം ആയിരുന്നെങ്കിലും ആർക്കും ഒന്നും പറയാറുണ്ടായിരുന്നില്ല… മറ്റൊരു ഓട്ടോ റോഡിലൂടെ പോകുന്നത് കണ്ടപ്പോൾ ജോജി കൈകാട്ടി നിർത്തി…രാമൻ ഫാത്തിമയുടെ അടുത്തെത്തി അവളുടെ ശിരസിൽ കൈ വച്ചു…
“ഞാൻ പോട്ടെ… നല്ലത് വരും…. സന്തോഷത്തോടെ ജീവിക്ക്….”
ആകാശിന്റെ മുഖം അയാളുടെ മനസിൽ തെളിഞ്ഞു…ആ വാക്കുകൾ ഇടറി.. കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയപ്പോൾ അയാൾ ബാഗുമെടുത്ത് ഓട്ടോയ്ക്ക് നേരെ നടന്നു…
“ഷാനുക്കാ…” ഫാത്തിമ ഭർത്താവിനെ ദയനീയമായി നോക്കി…. ഷാനവാസ് ചെല്ല് എന്ന് ആംഗ്യം കാണിച്ചു.. അവൾ ഓടി രാമന്റെ അടുത്തെത്തി.. പിന്നാലെ ഷാനവാസും…
” അച്ഛാ…. ” അവളുടെ വിളികേട്ട് രാമൻ തിരിഞ്ഞു..
“അച്ഛന് ഞങ്ങളുടെ കൂടെ വരാമോ?”
രാമൻ അമ്പരന്നു.. പിന്നെ ചിരിച്ചു..
“സഹതാപമാണോ മോളേ….? എന്റെ മോന്റെ ഹൃദയം കൊണ്ട് നീ ജീവിക്കുന്നതിൽ സന്തോഷമുണ്ട്…എന്നുവച്ച് ഈ കിളവനെ നീ ചുമക്കേണ്ട കാര്യമൊന്നുമില്ല… ചാകുന്നത് വരെ താമസിക്കാൻ അഗതിമന്ദിരം തന്നെ ധാരാളം…”
“സഹതാപം ഒന്നുമല്ല..” ഫാത്തിമ പറഞ്ഞു..
“ഞങ്ങൾക്ക് വേറെ ആരുമില്ല… ഞാൻ വളർന്നത് ഒരു അനാഥാലയത്തിൽ ആണ്.. ഷാനുക്കയ്ക്ക് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നാല് വർഷം മുൻപ് ഉമ്മയും മരിച്ചു…. ആരോരുമില്ലാതാവുന്നതിന്റെ സങ്കടം ഞങ്ങൾക്ക് അറിയാം….”
രാമൻ മിണ്ടിയില്ല..
“ഞാൻ വലിയ പണക്കാരൻ ഒന്നുമല്ല…” ഷാനവാസ് മുന്നോട്ട് വന്നു..
“ഓട്ടോ ഡ്രൈവറാ…. ഇവളുടെ ഹൃദയം മാറ്റി വച്ചത് നാട്ടുകാർ പിരിവെടുത്ത് തന്ന പൈസ കൊണ്ടാ… ഇന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നു… പക്ഷേ ചെറിയ വീടുണ്ട്…. പട്ടിണി കൂടാതെ കഴിയാനുള്ളത് പടച്ചോൻ തരുന്നുമുണ്ട്.. ഇല്ലാത്തത് ഒന്നേയുള്ളൂ.. ശാസിക്കാനും നിയന്ത്രിക്കാനും നല്ലത് പറഞ്ഞുതരാനും ഒരു വാപ്പ…. ഞങ്ങൾക്ക് രണ്ടാൾക്കും അങ്ങനൊരാളെ കണ്ട ഓർമ്മ പോലുമില്ല…അച്ഛനെ ക്ഷണിക്കുന്നത് ആ സ്നേഹത്തിന് വേണ്ടിയാ .. ഒരിക്കലും സഹതാപമായിട്ടോ കടമ തീർക്കൽ ആയിട്ടോ അല്ല…”
ഫാത്തിമ പെട്ടെന്ന് രാമന്റെ കൈ പിടിച്ചു..
“പ്ലീസ് അച്ഛാ.. ഞങ്ങൾക്ക് വേണ്ടിയല്ല… ആകാശേട്ടന് വേണ്ടി… ഏട്ടന്റെ ഹൃദയം ഉള്ളിടത്ത് അച്ഛനും ഉണ്ടാകണം.. “
രാമൻ ബാഗ് നിലത്തിട്ടു.. പിന്നെ കൈകൾ കൊണ്ട് മുഖം പൊത്തി ഒരു കൊച്ചുകുട്ടിയെ എന്നപോലെ കരഞ്ഞു തുടങ്ങി… ഫാത്തിമ അയാളെ നെഞ്ചോട് ചേർത്ത് പിടിച്ചു… ആ കാഴ്ച കണ്ടുനിൽക്കുന്ന എല്ലാവരുടെയും കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു….
☆☆☆☆☆☆☆☆
ബസ് ആടിയുലഞ്ഞ് പോകുകയാണ്… ഷാനവാസ് തിരിഞ്ഞു നോക്കിയപ്പോൾ അയാൾക്ക് പുറകിലെ സീറ്റിൽ രാമന്റെ ചുമലിലേക്ക് തല ചായ്‌ച്ച് ഇരിക്കുകയായിരുന്ന ഫാത്തിമ പുഞ്ചിരിച്ചു.. അവൾ എത്ര സന്തോഷവതിയാണെന്ന് ആ മുഖം കണ്ടാലറിയാം… ആരുമല്ലാതിരുന്നവരെ ഒരുമിച്ച് ചേർക്കുന്ന ദൈവത്തിന്റെ അത്ഭുതപ്രവർത്തിയെ കുറിച്ചോർത്ത് കൊണ്ട് ഷാനവാസ് നേരെയിരുന്നു…. പെട്ടെന്ന് ബസ് സഡൻ ബ്രേക്കിട്ടു….
“ദേ ആന…” ആരോ വിളിച്ചു പറഞ്ഞപ്പോൾ യാത്രക്കാരെല്ലാം എത്തിവലിഞ്ഞു നോക്കി… ഒറ്റക്കൊമ്പുള്ള ആന റോഡിന്റെ ഒത്ത നടുക്ക് നിൽക്കുകയാണ്…. ഫാത്തിമ പേടിയോടെ രാമന്റെ കൈയിൽ അമർത്തി പിടിച്ചു..
“പേടിക്കണ്ട മോളേ… അവനൊന്നും ചെയ്യില്ല…” രാമൻ ആശ്വസിപ്പിച്ചു… കുറച്ചു നേരത്തിനു ശേഷം ആന പതിയെ റോഡിൽ നിന്ന് മാറി താഴേക്ക് നടന്നുപോയി….
“അച്ഛനെങ്ങനെ അറിയാം ആ ആന ഉപദ്രവിക്കില്ല എന്ന്?”
“എല്ലാ ആനയും ഉപദ്രവിക്കില്ല എന്നൊന്നും ഞാൻ പറയില്ല.. പക്ഷേ ഇവൻ ചെയ്യില്ല..”
“അതെന്താ?”
“അതങ്ങനാ..”
“പറ അച്ഛാ…” ഫാത്തിമ കൊച്ചുകുട്ടിയെ പോലെ വാശി പിടിച്ചു…
“പറയാം.. ഇപ്പോഴല്ല.. പിന്നെ…”
രാമൻ അവളെ ചേർത്തു പിടിച്ചു… അത്യന്തം സ്നേഹവാത്സല്യങ്ങളോടെ…… അവളാ കരവലയത്തിൽ ഒതുങ്ങിക്കൂടി… ബസ് വയനാടിന്റെ അതിർത്തിലക്ഷ്യമാക്കി യാത്ര തുടരുകയാണ്…..
🌹🌹🌹🌹🌹