ഓട്ടോയുമായി മടങ്ങി വന്ന വിശ്വൻ അനിതയുടെയും അമ്മയുടെയും കൈയ്യിൽ കുട്ടികൾ ഇരിക്കുന്നത് കണ്ട് അമ്പരപ്പോടെ ചോദിച്ചു…

അഞ്ച് കുട്ടികളുടെ അമ്മ

Story written by SAJI THAIPARAMBU

അനിതയുടെ ബന്ധുവാരാ?

പ്രസവമുറിയുടെ വാതിൽ തുറന്ന്, കൈയ്യിലൊരു കുഞ്ഞുമായി , പുറത്ത് വന്ന നഴ്സ് ചോദിച്ചു.

ഞങ്ങളാണ് സിസ്റ്റർ

ഏറെ നേരമായി കൊതുക് കടിയും കൊണ്ട് അക്ഷമരായി കാത്ത് നിന്ന, അനിതയുടെ അമ്മായിയമ്മയും ,ഭർത്താവും കൂടി അങ്ങോട്ട് വന്നു.

ദാ കണ്ടോളു, പെൺകുട്ടിയാണ് കെട്ടോ?

അത് കേട്ടതും, രണ്ട് പേരുടെയും മുഖം വാടി.

നാശം പിടിക്കാൻ….

പിറുപിറുത്ത് കൊണ്ട് ,അനിതയുടെ ഭർത്താവ് വിശ്വൻ, മുഷ്ടി ചുരുട്ടി ഭിത്തിയിലിടിച്ച് തൻ്റെ അമർഷം പ്രകടിപ്പിച്ചു.

കൊണ്ട് പൊയ്ക്കോ സിസ്റ്ററേ..ഞങ്ങള് കണ്ടു, മനസ്സും നിറഞ്ഞു

വിശ്വൻ്റെയമ്മ, കുഞ്ഞിനെ കൈയ്യിലേക്ക് വാങ്ങാതെ അതൃപ്തിയോടെ പറഞ്ഞു.

നീ വേറെ പണി വല്ലതും നോക്ക് വിശ്വാ .. അവള് മൂന്നാമത് പെറ്റതും പെണ്ണാന്ന് പറഞ്ഞപ്പോഴെ, ഞാൻ നിന്നോട് പറഞ്ഞതല്ലേ? അവളുടെ പേറ് നിർത്താൻ ,അപ്പോൾ നിനക്ക് ആൺ കൊച്ചിനെ കിട്ടിയേ തീരു ,എന്നിട്ടിപ്പോൾ എന്തായി ദേ നാലാമത്തതും പെണ്ണ് ,ആൺകുട്ടികളെ പ്രസവിക്കണമെങ്കിലേ പെണ്ണുങ്ങൾക്ക് കുറച്ചൊക്കെ യോഗം വേണം ,നിൻ്റെ പെണ്ണുമ്പിള്ളയ്‌ക്ക് അങ്ങനൊരു തലവരയില്ല, ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ,ഇതോടെ നിർത്തിക്കോണം ,ഇല്ലെങ്കിൽ അടുത്ത പ്രാവശ്യം പ്രസവത്തിന് കെട്ട്യോളെയും കൊണ്ട് നീ തനിച്ച് വരത്തേയുള്ളു, എന്നെ പ്രതീക്ഷിക്കണ്ടാ

വിശ്വൻറമ്മ കലിതുള്ളിക്കൊണ്ട് പറഞ്ഞത് കേട്ട് കൊണ്ടാണ് നഴ്സ് തിരിച്ച് അകത്തേയ്ക്ക് പോയത്.

മറുപടിയൊന്നും പറയാതെ, വിശ്വൻ തിരിഞ്ഞ് പുറത്തേയ്ക്ക് നടന്നു ,ഹോസ്പിറ്റൽ കോമ്പൗണ്ടിന് പുറത്തുള്ള, ഒരു മുറുക്കാൻ കടയിൽ നിന്നും, പനാമ സിഗരറ്റ് വാങ്ങി കത്തിച്ച് ചുണ്ടിൽ വച്ച്, അയാൾ ആഞ്ഞ് വലിച്ചു.

പിറ്റേ ദിവസം പ്രസവം നിർത്തുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് കൊടുക്കുമ്പോൾ ,ഒരു മകന് വേണ്ടിയുള്ള കാത്തിരിപ്പ് ,അതോടെ വിഫലമാകുകയാണെന്നുള്ള തിരിച്ചറിവ്, അയാളെ നിരാശനാക്കിയിരുന്നു.

അമ്മ അവളെയും കുഞ്ഞിനെയും കൊണ്ട് പുറത്തേയ്ക്കിറങ്ങി വാ ഞാനൊരു ഓട്ടോറിക്ഷ വിളിച്ചോണ്ട് വരാം

മൂന്നാം ദിവസം ,അനിതയെ ഡിസ്ചാർജ് ചെയ്തപ്പോൾ, അമ്മയോട് പറഞ്ഞിട്ട് ,വിശ്വൻ പുറത്തേയ്ക്കിറങ്ങി.

ഇതാരുടെയാ ഒരു കുഞ്ഞ് ?

ഓട്ടോയുമായി മടങ്ങി വന്ന വിശ്വൻ അനിതയുടെയും അമ്മയുടെയും കൈയ്യിൽ കുട്ടികൾ ഇരിക്കുന്നത് കണ്ട് അമ്പരപ്പോടെ ചോദിച്ചു.

ഇത് അവളുടെയൊപ്പം പ്രസവിച്ച ഒരു പെൺകൊച്ചിൻ്റെ കുഞ്ഞാ ,ആ പെണ്ണിന് കുറച്ച് സീരിയസ്സായിട്ട് ,രണ്ട് ദിവസമായി കുഞ്ഞിന് പാല് കൊടുക്കുന്നത് അനിതയാ ,ഇപ്പോൾ ആ പെൺകൊച്ച് മെഡിക്കൽ കോളേജിലാ ,അപ്പോൾ അതിൻ്റെ തള്ള, ഇവളോട് പറഞ്ഞെന്ന്, അവര് തിരിച്ച് വരും വരെ ഇതിനെയൊന്ന് നോക്കിക്കൊള്ളാൻ , ആൺ കുഞ്ഞാടാ ,അവരുടെ പോക്ക് കണ്ടിട്ട്, ഈ കൊച്ചിൻ്റെ തള്ള രക്ഷപെടുമെന്ന് തോന്നുന്നില്ല, അങ്ങനെയെങ്കിൽ ,ഈ ആൺ കൊച്ചിനെ നമുക്ക് വളർത്താമെടാ.. നിൻ്റെ ആഗ്രഹവും സാധിക്കും

ആൺകുട്ടി എന്ന് കേട്ടപ്പോൾ, വിശ്വൻ്റെ കണ്ണുകൾ തിളങ്ങി, അയാൾ ഓടി വന്ന് അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ സൂക്ഷിച്ച് നോക്കി ,സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ വിടർന്നു.

വീട്ടിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങങ്ങളുടെ കരച്ചിലും ബഹളവുമായി, ദിവസങ്ങൾ കടന്ന് പോയി.

വിശ്വേട്ടന് ,ആൺകുട്ടികളോട് ഇത്രയ്ക്കും ഇഷ്ടമായിരുന്നോ?

ഒരു ദിവസം അനിത വിശ്വനോട് ചോദിച്ചു,

എന്താ നീ അങ്ങനെ ചോദിച്ചത്?

അല്ലാ.., നമ്മുടെ മോളെക്കാളും കൂടുതൽ ശ്രദ്ധ ,സ്വന്തമല്ലാതിരുന്നിട്ട് പോലും, കണ്ടവരുടെ കുട്ടിയോട് വിശ്വേട്ടൻ കാണിക്കുന്നത് കണ്ട് ചോദിച്ചതാ

ഹെയ്, നീ പറയുന്നത് പോലെ നമ്മുടെ മോളോട് എനിക്ക് ഇഷ്ടക്കുറവൊന്നുമുണ്ടായിട്ടല്ല , അവളിനിയങ്ങോട്ട് നമ്മുടെ കൂടെ എപ്പോഴുമുണ്ടാവുമല്ലോ, പക്ഷേ ഇവൻ ഇന്നല്ലെങ്കിൽ നാളെ ,നമ്മളെ വിട്ട് പോകും, അത് വരെയെങ്കിലും, ഒരാൺകുഞ്ഞിനെ താലോലിക്കാനുള്ള എൻ്റെ അടങ്ങാത്ത ആഗ്രഹം ഒന്നടക്കി വയ്ക്കാമല്ലോന്ന് ഞാൻ കരുതി

ഇവൻ പോയാൽ വിശ്വേട്ടന് വിഷമമാവില്ലേ ?

അത് പിന്നെ, ഇല്ലാണ്ടിരിക്കുമോ ?

അയാളുടെ മുഖത്തെ നിരാശ അനിത വായിച്ചെടുത്തു.

എന്നാൽ അവനിവിടുന്ന് എങ്ങോട്ടും പോവില്ല

ങ്ഹേ അതെന്താ നീയങ്ങനെ പറഞ്ഞത് ?

വിശ്വൻ ജിജ്ഞാസയോടെ ചോദിച്ചു.

അവൻ്റെയമ്മ, ഈ ലോകത്ത് നിന്ന് വിട പറഞ്ഞു പോയി ,അവളുടെയമ്മ കുറച്ച് മുമ്പ് എന്നെ വിളിച്ചിരുന്നു,അവർക്ക് വേറെയാരുമില്ല, അത് കൊണ്ട് കുഞ്ഞിനെ നമ്മൾ ഏറ്റെടുക്കുമോ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു, വിശ്വേട്ടനോട് ചോദിക്കട്ടേന്ന്

നിനക്ക് പറയാമായിരുന്നില്ലേ? നമുക്ക് നൂറ് വെട്ടം സമ്മതമാണെന്ന്

അയാൾ ആവേശത്തോടെ അനിതയോട് പറഞ്ഞു.

എങ്കിൽ ഞാൻ ഇപ്പോൾ തന്നെ വിളിച്ച് പറയാം

അനിത അകത്തേയ്ക്ക് വന്ന് ഒന്നുമറിയാതെ തൊട്ടിലിൽ കിടന്നുറങ്ങുന്ന, മകളുടെ മുഖത്തേയ്ക്ക് വാത്സല്യത്തോടെ നോക്കി ,അപ്പോൾ പ്രസവദിവസമുണ്ടായ സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഓടി വന്നു.

തൻ്റെയടുത്ത് കിടന്ന് ,തനിക്ക് തൊട്ട് മുമ്പേ പ്രസവിച്ച, അനിത എന്ന തൻ്റെ അതേ പേരുള്ള യുവതിയുടെ അടുത്തേയ്ക്ക്, കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് പോയി തിരിച്ച് വന്ന നഴ്സ്, ചൂടായി സംസാരിക്കുന്നത് കേട്ടാണ്, വേദനയ്ക്കിടയിലും താൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയത്.

നിനക്ക് ഭർത്താവില്ലെന്നല്ലേ പറഞ്ഞിരുന്നത് ,എന്നിട്ട് ഞാൻ കൊച്ചിനെയും കൊണ്ട് ചെന്നപ്പോൾ, പെൺകുട്ടിയാണെന്നും പറഞ്ഞ്, നിൻ്റെ ഭർത്താവിനെ ആ തള്ള കുറെ ചീത്ത പറയുന്നത് കേട്ടല്ലോ?

ഞാൻ പറഞ്ഞത് സത്യമാണ് സിസ്റ്റർ ,എനിക്കെൻ്റെ അമ്മ മാത്രമേയുള്ളു, ഞങ്ങൾക്ക് വേറെയാരുമില്ല

ഓഹ് ,അപ്പോൾ ഇത് അച്ഛനാരാണെന്ന് അറിയാത്ത കുട്ടിയാണല്ലേ?

നഴ്സ് പുച്ഛത്തോടെ പറഞ്ഞിട്ട്, കൈയ്യിലിരുന്ന പെൺകുട്ടിയെ തൻ്റെ മകനോടൊപ്പം ടേബിളിന് മുകളിൽ കിടത്തുമ്പോൾ, അവർക്ക് അബദ്ധം പറ്റിയതാണെന്നും, പെൺകുഞ്ഞാണെന്ന് പറഞ്ഞ് പുറത്ത് കൊണ്ട് കാണിച്ചത്, തൻ്റെ ഭർത്താവിനെയും അമ്മയെയുമായിരുന്നെന്നും തനിക്കപ്പോഴെ മനസ്സിലായിരുന്നു.

പെട്ടെന്നാണ് അവളുടെ ആരോഗ്യനില വഷളായത് ,ഡോക്ടർമാർ മാറി മാറി വന്ന്, അവളെ പരിശോധിക്കുന്നുണ്ടായിരുന്നു, ഒടുവിൽ അവർ നിസ്സഹായരായപ്പോഴാണ്, മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ തീരുമാനമെടുത്തത്.

അത് പറയാൻ അവളുടെ അമ്മയെ അകത്തേയ്ക്ക് വിളിപ്പിച്ചു, പ്രായം ചെന്നൊരു സ്ത്രീയായിരുന്നു അത്, മകളോടൊപ്പം അവളുടെ ചോരക്കുഞ്ഞിനെ കൂടി കൊണ്ട് പോകാൻ കഴിയാതെ, അവർ നിസ്സഹായയായി നിന്നപ്പോൾ, താനാണ് പറഞ്ഞത്, തൻ്റെ അരികിൽ കിടത്തിക്കോളാൻ, ആശുപത്രി രജിസ്റ്ററിൽ, തൻ്റെ പേരും ഫോൺ നമ്പരും ഉണ്ടെന്നും, മെഡിക്കൽ കോളേജി നിന്ന് തിരിച്ച് വരുമ്പോൾ, വിളിച്ചാൽ മതിയെന്നും, അത് വരെ എൻ്റെ മോനോടൊപ്പം, അവരുടെ കുഞ്ഞിനെയും ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ, ദുർബ്ബലയായ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു.

പക്ഷേ പ്രാരാബ്ദത്തിന് പഞ്ഞമില്ലാത്ത, നിലവിൽ മൂന്ന് പെൺകുട്ടികളുള്ള തൻ്റെ വീട്ടിലേക്ക്, തല്ക്കാലത്തേക്കാണെങ്കിലും മറ്റൊരാളുടെ പെൺകുഞ്ഞിനെ കൂടി കൊണ്ട് ചെല്ലാൻ ,തൻ്റെ ഭർത്താവും അമ്മയും സമ്മതിക്കാൻ സാധ്യതയില്ലെന്ന ചിന്ത അപ്പോഴാണ് തനിക്കുണ്ടായത് .

പക്ഷേ,കൊണ്ട് പോകാതിരിക്കാൻ യാതൊരുമാർഗ്ഗവുമില്ലന്ന് മനസ്സിലായപ്പാഴാണ്, തനിക്കൊരു ബുദ്ധി തോന്നിയത്, തനിക്ക്
പെൺകുട്ടിയാണെന്നല്ലേ അവര് അറിഞ്ഞിരിക്കുന്നത്, അതങ്ങനെ തന്നെയിരിക്കട്ടെ , താൻ പ്രസവിച്ചത് ആൺ കുട്ടിയാണെന്ന് തല്ക്കാലം അവരറിയണ്ട ,ഒരു മകനെ ആഗ്രഹിച്ചിരിക്കുന്ന തൻ്റെ ഭർത്താവ്, താൻ ഏറ്റെടുത്തത് ഒരാൺകുട്ടിയെ ആണന്നറിഞ്ഞാൽ, എതിർക്കില്ലെന്ന് തനിക്ക് ബോധ്യമുള്ളത് കൊണ്ടായിരുന്നു, അന്ന് താൻ ഭർത്താവിനോടും അമ്മയോടും സത്യം മറച്ച് വച്ചത്.

താനന്ന് ഈ കുഞ്ഞിനെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, പെറ്റമ്മ മരിച്ച് പോയ മകളുടെ കുഞ്ഞിനെ സംരക്ഷിക്കാൻ നിവൃത്തിയില്ലാതെ, അബലയായ ആ വൃദ്ധ ഇവളെ തെരുവിലുപേക്ഷിച്ചേനെ, ഇല്ലെങ്കിൽ കഷ്ടപ്പെട്ട് അവർ വളർത്തിയെടുത്താലും, പ്രായം തികയുന്നതിന് മുന്നേ ചോര കുടിക്കുന്ന തെരുവ് നായ്ക്കൾ ,അവളെ കടിച്ച് കീറി ജീവച്ഛവമാക്കിയേനെ

ഇല്ല, മൂന്ന് പെൺകുട്ടികളെ പ്രസവിച്ച തനിക്ക്, ഒരു കുഞ്ഞിനെ പോലും, അറിഞ്ഞ് കൊണ്ട് തെരുവിലെറിയാൻ കഴിയില്ല, ഒരു പക്ഷേ, അവൾക്കിവിടെ മൂന്ന് നേരം ഭക്ഷണം കിട്ടിയെന്ന് വരില്ല, എന്നാൽ സ്വന്തം മകളാളെന്ന ധാരണയിൽ, മറ്റ് നാല് മക്കളോടൊപ്പം, തൻ്റെ ഭർത്താവ് അവളെ ,മരണം വരെ ഒരു പോറല് പോലു മേല്പിക്കാതെ, സംരക്ഷിക്കുമെന്ന് തനിക്കുറപ്പുണ്ട്.

അത് കൊണ്ട്, തനിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ, തന്നോടൊപ്പം മണ്ണിൽ ചേരുന്നത് വരെ, രഹസ്യമായി തന്നെയിരിക്കട്ടെ.

ചാരിതാർത്ഥ്യത്തോടെ, അനിത മൊബൈൽ ഫോൺ കൈയ്യിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *