ബന്ധങ്ങൾ…. ബന്ധനങ്ങൾ
Story written by Ammu Santhosh
“വിനുവേട്ടാ മോളെയൊന്നു നോക്കിക്കോളൂ ട്ടോ. മിനിചേച്ചിക്ക് ഭക്ഷണം എടുത്തു കൊടുത്തിട്ട് വരാം “
മോളെ കുളിപ്പിച്ച് ഉടുപ്പ് ധരിപ്പിച്ചു വിനുവിന്റെ കയ്യിൽ ഏൽപ്പിച്ചു മായ.
“എന്റെ മായേ നീ ഇങ്ങനെ കിടന്നോടല്ലേ. മിനി ചേച്ചിക്ക് അമ്മ ഭക്ഷണം എടുത്തു കൊടുക്കും.അല്ലെങ്കിൽ ചേച്ചി യുടെ ഭർത്താവ് ഉണ്ടല്ലോ അവിടെ. നിന്റെയും പ്രസവം കഴിഞ്ഞു മൂന്ന് മാസമാകുന്നേയുള്ളു.”വിനു നേർത്ത ദേഷ്യത്തിൽ പറഞ്ഞു.
“എന്റെ പോലല്ലോ അത്. ഓപ്പറേഷൻ ആയിരുന്നില്ലേ? നിങ്ങൾ ആണുങ്ങൾക്ക് എന്തറിയാം?” അവൾ ചിരിയോടെ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചു വേഗം മുറി വിട്ട് പോയി.
വീട്ടിലെ ഓരോരുത്തരുടെ കാര്യവും അവൾ കണ്ടറിഞ്ഞു ചെയ്യുമ്പോൾ സന്തോഷം ഉണ്ടെങ്കിലും ചിലപ്പോൾ അവരൊക്കെ അവളുടെ നന്മമനസ്സിനെ ഉപയോഗിക്കുന്നത് പോലെ തോന്നാറുണ്ട്. പ്രസവം കഴിഞ്ഞു ഒരു മാസം പോലും അവൾ അവളുടെ വീട്ടിൽ നിന്നിട്ടില്ല. തന്റെ അമ്മ തന്നെ പറഞ്ഞു മായയെ കൂട്ടികൊണ്ട് വാ എന്ന്. സ്നേഹം കൊണ്ടാവും. പക്ഷെ എല്ലായിടത്തും അവളുടെ കയ്യും കണ്ണും എത്തണം എന്നത് അമ്മക്ക് നിർബന്ധം പോലെ തോന്നും ചിലപ്പോൾ.. പറഞ്ഞാൽ അവൾ പറയും അമ്മ സ്നേഹം കൊണ്ട് പറയുന്നതല്ലേ ഏട്ടാ എന്ന്.. അനിയനും ഭാര്യയും കല്യാണം കഴിഞ്ഞു മൂന്ന് മാസം തികയും മുന്നേ ടൗണിൽ വീട്ടിലേക്ക് മാറി..അമ്മയ്ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല.മായ ഒരു ദിവസം പോലും പക്ഷെ മാറി നിൽക്കാൻ പാടില്ല.
തനിക്കും ഇഷ്ടമാണ് മായയും താനും കുഞ്ഞും ഉള്ള സ്വകാര്യത. അത് പറഞ്ഞാൽ മായ പറയും കൊള്ളാം കേട്ടോ സ്വാർത്ഥത പാടില്ല. ഇവിടെ എന്താ കുഴപ്പം എന്ന്.. അവളെ കാണാൻ കൂടി കിട്ടില്ല ചിലപ്പോൾ..പ്രൈവറ്റ് കമ്പനി ആണ് തന്റെയെങ്കിലും ഒരു ജോലി അവിടെ മായയ്ക്ക് കൂടി കണ്ട് പിടിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല. അതിനായ് ശ്രമിക്കണം എന്നവൻ ഓർത്തു. പകൽ കൂടി അവൾക്കൊപ്പം ഇരിക്കാല്ലോ.അവന്റെ ആഗ്രഹം പോലെ ഒരു ഒഴിവ് വരികയും ചെയ്തു.
“എന്റെ ഓഫീസിൽ ഒരു ക്ലാർക്ക് പോസ്റ്റ് ഒഴിവുണ്ട്. മീര മാഡം ചോദിച്ചു നീ വരുന്നോന്ന്. “വിനു ചോദിച്ചു
“അയ്യോ അപ്പൊ ഇവിടുത്തെ കാര്യങ്ങൾ? നമ്മുടെ കുഞ്ഞിനെ നോക്കണ്ടേ? അമ്മയെ കൊണ്ട് തന്നെ പറ്റില്ലല്ലോ “
“അമ്മയല്ലേ ഞങ്ങളെ നാലു പേരെ നോക്കിയത്? ചേച്ചി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോയല്ലോ.പിന്നെ അനിയത്തി ഇപ്പോൾ എക്സാം ഒക്കെ കഴിഞ്ഞു നിൽക്കുവല്ലേ? അവൾ നോക്കും കുഞ്ഞിനെ.”
“അത് വേണ്ട കുറച്ചു കൂടി കഴിയട്ടെ.. മോൾക്ക് ഒരു വയസ്സ് എങ്കിലും ആവട്ടെ “അവൾ കെഞ്ചി.
പിന്നെ വിനു ഒന്നും പറയാൻ നിന്നില്ല.സത്യത്തിൽ ആ മുഖം നോക്കിയാൽ പിണങ്ങാനോ ദേഷ്യപ്പെടാനോ തോന്നില്ല.
ഉച്ചക്ക് അവന്റെ മൊബൈലിലേക്ക് അമ്മയുടെ കാൾ വന്നപ്പോൾ അവൻ ഒന്ന് അമ്പരന്നു. സാധാരണ അമ്മ വിളിക്കാറില്ലല്ലോ ഇങ്ങനെ.
“മോനെ നീ ഒന്നു വേഗം വരണേ. മായ ബാത്‌റൂമിൽ ഒന്ന് വീണു. ബോധമില്ല.”
അവൻ ഞെട്ടിപ്പോയി ഈശ്വര!
ആശുപത്രിയിൽ മായയെ എത്തിച്ചതും അവൻ തന്നെ ആയിരുന്നു
ഡോക്ടർ പരിശോധന കഴിഞ്ഞു അവനെ വിളിപ്പിച്ചു
“തലച്ചോറിൽ ഒരു ക്ലോട്ട് ഉണ്ട്.. സ്കാൻ റിപ്പോർട്ടിൽ അത് വ്യക്തമാണ്.. ഒരു ഓപ്പറേഷൻ വേണ്ടി വരും.. പേടിക്കണ്ട..”
അവന് ശരീരം തളർന്നു പോകും പോലെ തോന്നി. മോളെ നെഞ്ചോടടുക്കി അവൻ തളർച്ചയോടെ കസേരയിൽ ഇരുന്നു.
“ഓപ്പറേഷൻ എന്ന് പറയുമ്പോൾ ഒരു പാട് കാശ് വേണ്ടേ? നമുക്ക് ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയാലോ?”
അച്ഛൻ ചോദിച്ചപ്പോൾ അവൻ അവിശ്വസനീയതയോടെ ആ മുഖത്ത് നോക്കി
ചേച്ചിയെ പ്രസവത്തിനു ഏറ്റവും നല്ല പ്രൈവറ്റ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കണമെന്ന് വാശി പിടിച്ച മനുഷ്യൻ ആണ്..
“എന്റെ കയ്യിൽ കാശ് ഉണ്ട് “അവൻ മെല്ലെ പറഞ്ഞു
മായയ്ക്ക് അമ്മ മാത്രമേയുള്ളു അവർ ഒരു സാധു സ്ത്രീ ആണ്. കരഞ്ഞു തളർന്നു ഒരിടത്തു ഇരിക്കുന്ന അവരോട് ഒന്നും പറയാൻ അവന് തോന്നിയില്ല.
“സർജറി കഴിഞ്ഞു കേട്ടോ. ഭാഗ്യം ഒരു കുഴപ്പവുമുണ്ടായില്ല. സത്യത്തിൽ ഞങ്ങൾക്ക് നല്ല പേടിയുണ്ടായിരുന്നു. കൈകൾക്കോ കാലുകൾക്കോ ശരീരത്തിന് തന്നെയോ എന്തെങ്കിലും ഒരു… ഇനി പറയുന്നില്ല. മായ ഭാഗ്യവതി ആണ്..”ഡോക്ടർ ചിരിയോടെ അവന്റെ തോളിൽ തട്ടിയപ്പോ അവന്റെ കണ്ണ് നിറഞ്ഞൊഴുകി
“എന്റെ ഭാഗ്യാണ് ഡോക്ടറെ.. അവൾ അത്ര പാവമാണ്..”ഡോക്ടർ ആ കണ്ണുനീർ തുടച്ചു പിന്നെ തലയാട്ടി മുറിയിലേക്ക് പോയി.
“ആശുപത്രിയിൽ നിന്ന് എങ്ങോട്ടാ? അവളുടെ വീട്ടിലേക്കല്ലേ? “അമ്മ അവനെ മാറ്റി നിർത്തി ചോദിച്ചു..
“അതെന്താ അമ്മേ അങ്ങനെ? നമ്മുടെ വീട്ടിൽ എല്ലാരും ഉണ്ടല്ലോ. അവിടെ അവളുടെ അമ്മ മാത്രമല്ലേയുള്ളു? കുഞ്ഞിനെ നോക്കാനും അവളെ നോക്കാനും കൂടി അവർക്കൊറ്റയ്ക്ക് പറ്റുമോ? “
അവൻ വേദനയോടെ ചോദിച്ചു.
“അതിപ്പോ വിനു എനിക്ക് എങ്ങനെ പറ്റും.?”
“അമ്മ മാത്രം അല്ലല്ലോ അനിയത്തി ഇല്ലേ? ഞാൻ ലീവിന് അപ്ലൈ ചെയ്തിട്ടുണ്ട്. ഞാൻ ഉണ്ടാകും പിന്നെ എന്താ?’
“അത് മാത്രം അല്ലല്ലോ? എല്ലാർക്കും വെച്ചുണ്ടാക്കണ്ടേ വിനു? ഞാൻ ഒറ്റക്ക് അല്ലെ? അവൾ അവളുടെ വീട്ടിൽ നിൽക്കട്ടെ. ഭേദം ആകുമ്പോൾ വരാമല്ലോ?”
അവന്റെ മുഖം ചുവന്നു
“എന്തിനാ? വീണ്ടും നിങ്ങളുടെ ഒക്കെ ജോലിക്കാരിയാക്കാനോ? എല്ലാത്തിനും എന്തിനും മായ.. മായേ മുറ്റം തൂത്തോ മോളെ.? മായേ ചമ്മന്തി അരച്ചോ? മായേ പശുവിനു വെള്ളം കൊടുത്തോ.?.. മായ മായ മായ.. ഇപ്പോൾ വയ്യാണ്ടായപ്പോ കറിവേപ്പില അല്ലെ? എന്റെ പെണ്ണിന് ഞാനുണ്ട്.. അവളെ ഞാൻ നോക്കും..”
അമ്മ സ്തംഭിച്ചു നിൽക്കെ അവൻ അവരെ കടന്ന് നടന്നു പോയി.
ഓഫീസിനടുത്തു ഒരു വീട് കിട്ടി വിനുന് . കൂട്ടുകാരന്റെ വീടാണ്. അവൻ ഗൾഫിൽ ആയത് കൊണ്ട് അടച്ചിട്ടിരിക്കുകയായിരുന്നു. കാര്യം പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ താക്കോൽ തന്നു ചിലപ്പോൾ എങ്കിലും ബന്ധുക്കളെക്കാൾ നല്ലത് കൂട്ടുകാർ തന്നെയാണ്.
മായയുടെ അമ്മയുണ്ടായിരുന്നു ഒപ്പം. കൂടെ സഹായത്തിനു ഓഫീസിലെ കൂട്ടുകാർ ഏർപ്പാട് ചെയ്തു തന്ന ഒരു സ്ത്രീയും.
“വിനുവേട്ടാ.. ബുദ്ധിമുട്ട് ആയോ.. ഞാൻ കാരണം..”അവൾ സങ്കടത്തിൽ ചോദിക്കും
“ഇപ്പോഴാ എനിക്ക് സന്തോഷം.. ഇവിടെ നീ എന്റെ മാത്രം മായയാ.. ഇത് മാറും. വീണ്ടും പഴയ പോലെ എന്റെ കൊച്ച് ഓടി പാഞ്ഞു നടക്കും.. അപ്പൊ വീട്ടിലേക്ക് പോകണം എന്ന് മാത്രം പറയരുത്..”അവൾ ചിരിച്ചു
അമ്മ ഇടക്ക് ഒന്ന് രണ്ടു തവണ തവണ വന്നു പോയി. അച്ഛൻ ഒരിക്കൽ മറ്റൊ വന്നതാണ്. പിന്നെ വന്നിട്ടില്ല. അനിയത്തി ഇടക്കൊക്കെ വരും.. ചേച്ചി ഫോൺ ചെയ്യും അത്ര തന്നെ..
ബന്ധങ്ങളൊക്കെ ഇത്രയൊക്കെ ഉള്ളു എന്ന് മായയും പഠിക്കുകയായിരുന്നു. ഒന്ന് വീണു പോയപ്പോൾ, തളർന്നു പോയപ്പോൾ അത് വരെ ആർക്കൊക്കെ വേണ്ടിയായിരുന്നു താൻ ഓടിക്കൊണ്ടിരുന്നത്, അവരൊക്കെ ഒരു വിരൽത്തുമ്പു പോലും തരാതെ മാറി നിൽക്കുന്നു..
അവൾ സ്വന്തം അമ്മയെയും വിനുവിനെയും കുഞ്ഞിനേയും കുറിച്ച് ഓർക്കും. അവർക്ക് മാത്രമാണ് താൻ സ്വന്തം.. അവർക്ക് മാത്രമാണ് വേദനിക്കുക..
മാസങ്ങൾക്ക് ശേഷം വിനുവിന്റെ അമ്മ വന്നപ്പോൾ മായയുടെ അമ്മ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് ഉമ്മറത്തുണ്ടായിരുന്നു.
“എപ്പോഴും യാത്ര പറ്റില്ല. അതാ കഴിഞ്ഞ മാസം വരാഞ്ഞത്. മായ എവിടെ?”
“അവൾ ഓഫീസിൽ പോയി “
“ങ്ങേ.. ജോലി കിട്ടിയോ?”
“കല്യാണത്തിന് മുന്നേ പി എസ് സിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതാ. ഭാഗ്യത്തിന് ലിസ്റ്റ് ആറു മാസം കൂടി നീട്ടി. ലിസ്റ്റ് തീരാറായി.അപ്പൊ ദേ ജോലിക്കുള്ള ഓർഡർ. ഇന്ന് ജോയിൻ ചെയ്തേയുള്ളു. ഞായറാഴ്ച രണ്ടു പേരും കൂടി വരാനിരിക്കു വായിരുന്നു “
അമ്മയുടെ മുഖം വിളറി.അവർ ഭാവം മാറ്റി പെട്ടെന്ന് ഒരു ചിരി വരുത്തി.
വൈകുന്നേരം
“അമ്മയെപ്പോ വന്നു?
മായയും വിനുവും
“രാവിലെ… “
“സന്ധ്യയായല്ലോ അമ്മയ്ക്ക് പോകണ്ടേ?”. വിനു മായയുടെ അമ്മ നീട്ടിയ ചായ വാങ്ങി മൊത്തിക്കൊണ്ട് ചോദിച്ചു.
“, ഓ എനിക്ക് നാളെ പോയാലും മതി… മായയോട് കുറച്ചു നേരം സ്വസ്ഥമായി സംസാരിച്ചിട്ട് എത്ര നാളായി? അല്ലെ മോളെ “
മായ നേർത്ത ചിരിയോടെ ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി
രാത്രി
“ഇനി നിങ്ങൾ എന്തിനാ വാടക വീട്ടിൽ താമസിക്കുന്നത്? അത് നിങ്ങളുടെ വീടല്ലേ.. മായയുടെ അമ്മയ്ക്ക് സ്വന്തം വീട്ടിൽ പോകണ്ടേ..?അവിടെയുമില്ലേ കാര്യങ്ങൾ? സത്യത്തിൽ മോളെ പണിയെടുത്തു എന്റെ നടു ഒടിഞ്ഞു. നീ ഉണ്ടായിരുന്നപ്പോൾ എന്തൊരു ആശ്വാസം ആയിരുന്നു.. നീയങ്ങു വാ മോളെ “
അവൾ മെല്ലെ ചിരിച്ചു
“എന്റെ വീട് ഞങ്ങൾ വാടകക്ക് കൊടുത്തമ്മേ. ടൗണിൽ അല്ലെ നല്ല വാടക കിട്ടും. എന്റെ ഓപ്പറേഷൻ നടത്താനും ആശുപത്രിയിൽ ബില്ല് അടക്കാനുമൊക്കെ ആയിട്ട് ഏട്ടൻ ഒരു ലോൺ എടുത്തായിരുന്നു. ആ വാടക നേരെ അതിനടയ്ക്കും. ഇത് പിന്നെ ഏട്ടന്റെ കൂട്ടുകാരൻ ദുബായിലുള്ള സലീമിക്കാന്റെ വീടാ. അവർക്ക് വാടക ഒന്നും വേണ്ട. വീട് ഭംഗിയായി കിടന്നാ മതി.അത് കൊണ്ട് അത് ലാഭായി. എന്റെ ഓഫിസ് അടുത്താ.. ഇതാ സൗകര്യം..”
അവൾ ശാന്തമായി പറഞ്ഞു അമ്മയ്ക്ക് മറുപടി ഇല്ലായിരുന്നു
“അമ്മ രാവിലെ പോകുകയല്ലേ?. ഏട്ടന്റെ കൂടെ ഇറങ്ങിക്കോ. ബസ്‌സ്റ്റോപ്പിൽ ആക്കി തരും.. ഞാൻ കിടക്കട്ടെ. ഉറക്കം കുറയരുത് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്…”
അവൾ എഴുനേറ്റു
“ഇനി ഞാൻ എനിക്ക് വേണ്ടി ഒന്ന് ജീവിക്കട്ടെ അമ്മേ.. ഒന്നും തോന്നരുത് ” അവൾ മെല്ലെ പറഞ്ഞിട്ട് മുറിയിലേക്ക് പോയി.
വിനുവിന്റെ അടുത്ത് വന്നു കിടക്കുമ്പോൾ അവൻ കള്ളചിരിയോടെ അവളെ നോക്കി
“പോകുന്നോ അമ്മയുടെ കൂടെ?”
അവൾ കണ്ണുകളടച്ച് ആ നെഞ്ചോട് ചേർന്നു കിടന്നു.. ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണ്ട… കാലം കൊടുക്കുന്ന ഉത്തരങ്ങൾ ധാരാളം.