ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ

ശാന്തമ്മ ഇരുനിറത്തിൽ സുന്ദരിയാണ്.

സുശീലയാണ്.

ടൗണിലെ ചെട്ട്യാരുടെ ജൗളിക്കടയിൽ ജോലിയുമുണ്ട്.

വയസ്സ് ഈ ചിങ്ങത്തിൽ ഇരുപത്തെട്ടു തികഞ്ഞെങ്കിലും മംഗല്യയോഗം ആയിട്ടില്ല.

കാരണം മറ്റൊന്നുമല്ല.

തന്റെ മകൾ ശാന്തമ്മയെ ഒരു പട്ടാളക്കാരനെക്കൊണ്ടേ കെട്ടിക്കുകയുള്ളു എന്നത് ശാന്തമ്മയുടെ അച്ഛൻ ഗോപാലന്റെ പ്രതിജ്ഞയായിരുന്നു.

ജന്മനാ കാലിന് സ്വല്പം ചട്ടുള്ള ഗോപാലന്റെ തീരാമോഹമായിരുന്നു ഒരു പട്ടാളക്കാരൻ ആകുക എന്നത്.

തനിക്ക് സാധിക്കാത്തത് തനിക്കുണ്ടാകുന്ന മകനിലൂടെ സാധിക്കണം എന്ന ആഗ്രഹത്തിൽ കഴിയുമ്പോഴാണ് ഒരു ആൺ തരിയെ തരുന്നതിനു മുൻപേ ഭാര്യ രത്നമ്മയെ ദൈവം തമ്പുരാൻ തിരിച്ചു വിളിച്ചത്.

എന്നാൽ പിന്നെ മരുമകനിലൂടെ ലക്ഷ്യ പ്രാപ്തി നേടാമെന്ന മോഹത്തിലായിരുന്നു ഗോപാലൻ.

ഒരു പാട് നല്ല ആലോചനകൾ ശാന്തമ്മക്ക്‌ വന്നതാണ്.

പക്ഷേ പട്ടാളക്കാരാരും പെണ്ണ് തിരക്കി വരാത്തതിനാൽ ശാന്തമ്മ കെട്ടാച്ചരക്കായി വീട്ടിൽ ഇരുപ്പായി.

പെണ്ണ് വീട്ടിലിരുന്ന് മൂക്കിൽ പല്ല് മുളച്ചാലും പട്ടാളക്കാരൻ അല്ലെങ്കിൽ പെണ്ണ് കൊടുക്കാൻ ഗോപാലൻ തയ്യാറുമല്ലായിരുന്നു.

ഇതിനിടെയാണ് ദിവാകരൻ ശാന്തമ്മയെ കണ്ടു മുട്ടുന്നത്.

വൈകിട്ട് വേലയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി താൻ ധരിക്കുന്ന തരത്തിലുള്ള വരയൻ കളസത്തിന്റെ തുണി വാങ്ങാൻ കയറിയതായിരുന്നു ശാന്തമ്മയുടെ കടയിൽ.

ആദ്യ ദൃഷ്ടിയിൽ തന്നെ ശാന്തമ്മയുടെ ചേല് ദിവാകരനെയങ്ങ് ആകർഷിച്ചു.

കെട്ടുന്നെങ്കിൽ ഓളെ തന്നെയെന്ന് ശപഥവുമെടുത്തു.

പിന്നീടുള്ള പല ദിവസങ്ങളിലും ലുങ്കി മുണ്ടിനായും, കളസത്തുണിക്കായും, വരയൻ ബനിയനുമൊക്കെയായി ദിവാകരൻ കടയിലെ സ്ഥിരക്കാരനായി.

കടയിൽ ചെട്ട്യാർ ഇല്ലാതിരുന്ന ഒരു മൂവന്തിക്ക് ദിവാകരൻ ശാന്തമ്മയോട് തന്റെ മനസ്സ് തുറന്നു.

ശാന്തമ്മയെ സംബന്ധിച്ചും ദിവാകരനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നും ഉണ്ടായിരുന്നില്ല.

ആറടി രണ്ടിഞ്ചു ഉയരവും കരിവീട്ടിയുടെ നിറവുമുള്ള ദിവാകരന് ശാന്തമ്മയുടെ സ്വപ്നങ്ങളിൽ കടന്നു വരാറുള്ള രാജകുമാരന്റെ ഛായയുണ്ടായിരുന്നു.

‘ദിവാകരേട്ടൻ തന്നെ കെട്ടിയെങ്കിൽ’ എന്ന് അവളും ആത്മാർത്ഥമായി ആഗ്രഹിച്ചു.

ശാന്തമ്മയുടെ മനസ്സിൽ താമര വിരിഞ്ഞെങ്കിലും തന്റെ അച്ഛന്റെ നിർബന്ധബുദ്ധി അവൾ ദിവാകരനെ അറിയിച്ചു.

ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.

എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി.

പക്ഷെ കരുണാമയനായ ഈശ്വരൻ ദിവാകരനെ കൈവിട്ടില്ല.

കുറച്ചു നാളത്തെ അശ്രാന്തപരിശ്രമത്തിനു ശേഷം ദിവാകരന് പട്ടാളത്തിൽ ജോലികിട്ടി.

ഒരാഴ്ചക്കുള്ളിൽ ഓൻ ശാന്തമ്മേനെ പെണ്ണാലോചിച്ചു ചെന്നു

ചെറുക്കന്റെ മട്ടും ഭാവവും ബോധിച്ച ഗോപാലൻ ചെർക്കൻ പട്ടാളത്തിൽ ആണെന്നറിഞ്ഞതോടെ കല്യാണത്തിന് സമ്മതിച്ചു.

ചെർക്കന് സ്വന്തമായി ആരും ഇല്ലാത്തതിനാൽ അച്ചിവീട്ടിൽ നിൽക്കാൻ തീരുമാനവുമായി.

അങ്ങനെ കല്യാണം കഴിഞ്ഞു.

ദിവാകരൻ ശാന്തമ്മയുടെ വീട്ടിൽ പൊറുതിയുമായി.

ഗോപാലന് ദിവാകരനെ പെരുത്തു പിടിച്ചു.

രാവിലെ എഴുന്നേറ്റ് പശുവിനെ കറക്കാനും തൊടിയും പറമ്പുമൊക്കെ വൃത്തിയാക്കി വാഴക്കണ്ണുകളും തെങ്ങിൻ തൈകളും വയ്ക്കാനും അയാൾ ഗോപാലനെ സഹായിച്ചു.

ഒടുവിൽ ലീവ് കഴിഞ്ഞു തിരിച്ചു പോകേണ്ട സമയമായി.

കണ്ണീരും കയ്യുമായി ശാന്തമ്മയും വിഷാദം നിറഞ്ഞ മുഖവുമായി ഗോപാലനും ദിവാകരനെ യാത്രയാക്കി.

ഗോപാലൻ പോയി ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും ശാന്തമ്മക്ക് ശർദ്ദി തുടങ്ങി.

കുടുംബത്തിൽ ഒരു കുഞ്ഞിക്കാൽ കാണാൻ പോകുന്നു എന്ന സന്തോഷം ഗോപാലനെ ആനന്ദവാരിധിയിൽ ആറാടിച്ചു.

ശാന്തമ്മയുടെ പേറ്റ് രക്ഷക്ക് അന്തപ്പൻ വൈദ്യനെ കാണാനും കഷായോം കുഴമ്പും വാങ്ങാനുമാണ് ഗോപാലൻ അവളെയും കൊണ്ട് അന്ന് പട്ടണം വരെ വന്നത്.

ശക്തൻ സ്റ്റാൻഡിൽ ബസിറങ്ങി റൗണ്ടിലേക്ക് നടക്കുമ്പോഴാണ് ആക്രിക്കടയുടെ മുന്നില് പരിചയമുള്ള ആ രൂപം പ്രത്യക്ഷപ്പെട്ടത്.

ആക്രി പറക്കുന്ന ദിവാകരൻ

ഗോപാലൻ വാ പൊളിച്ചു.

പട്ടാളക്കാരനായ തന്റെ മരുമകൻ ആക്രി പറക്കുന്നോ.

“ദിവാകരോ! നീ!”

ഹൃദയം നുറുങ്ങുന്ന വേദനയിലുള്ള അമ്മായിയച്ഛന്റെ വിളി കേട്ട് ദിവാകരൻ ഞെട്ടി.

“അത് ഞാൻ..”

അയാൾ വാക്കുകൾക്കായി പരതി.

“ദുഷ്ടാ നീയെന്നെയും എന്റെ കുഞ്ഞിനേയും പറ്റിച്ചല്ലേ.നിന്നെ ഞാൻ വിശ്വാസ വഞ്ചനക്ക്‌ കോടതി കയറ്റും.”

ഗോപാലൻ കാവിലെ വെളിച്ചപ്പാടിനെ പ്പോലെ ഉറഞ്ഞു തുള്ളി.

“അച്ഛൻ ദിവാകരേട്ടനെ കുറ്റം പറയണ്ട.എനിക്കെല്ലാം അറിയാം. ഞാൻ പറഞ്ഞിട്ടാണ് കിണറു പണിക്ക്ന ടന്നിരുന്ന ദിവാകരേട്ടൻ ഇവിടെ പട്ടാളത്തിൽ ജോലി തരാക്കിയത്. എന്നെ കെട്ടാൻ അതിർത്തിയിൽ പോയി വെടിവക്കുന്ന പട്ടാളക്കാർ ആരും വരില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ ഞാൻ എടുത്ത തീരുമാനമാണിത്.അച്ഛനോട് നുണ പറഞ്ഞതിൽ ക്ഷമിക്കണം. ഇതും പട്ടാളം തന്നെയല്ലേ “

മകളുടെ ദൈന്യമായ മുഖവും ഉന്തി നിൽക്കുന്ന വയറും കണ്ടപ്പോൾ മനസ്സലിഞ്ഞ ഗോപാലൻ മരുമകനോടായി പറഞ്ഞു
എന്തായാലും ഇത്രേം ആയി.നീ ഇന്നു മുതൽ വൈകിട്ട് വീട്ടിലേക്ക് വാ “

ഇവർക്കുണ്ടാകുന്ന കുഞ്ഞിനെ പട്ടാളക്കാരൻ ആക്കാം എന്ന ചിന്തയായിരുന്നു അയാൾക്കപ്പോൾ.

ശുഭം

വാൽക്കഷ്ണം : പട്ടാളം – തൃശൂരിലെ ആക്രി കടകൾ ഉള്ള സ്ഥലം

Leave a Reply

Your email address will not be published. Required fields are marked *