ഓഹോ എന്നെ എങ്ങിനെങ്കിലും പറഞ്ഞയച്ചിട്ടു വേണം ഇങ്ങക്ക് ചങ്ങായ്മാരേം കൂട്ടിക്കൊണ്ട്…..

Story Written by Ezra Pound

കെട്ടിക്കൊണ്ടു വന്ന പെണ്ണിനു ഇടക്കിടെ സ്വന്തം വീട്ടിലേക്കു പോവാനൊരു തോന്നലുണ്ടാവൂലെ.. ഈയുള്ളവന്റെ കെട്യോൾക്കും അങ്ങനൊന്നുണ്ട്..

പോവുന്നതിന്റെ തലേന്ന് തൊട്ടെ വീട്ട് ജോലികളെല്ലാം അത്യുത്സാഹത്തോടെ തീർക്കുന്നത് കാണുമ്പൊൾ അത്ഭുതം തോന്നിപ്പോവും..

ഒരാളിങ്ങനെ പണിയെടുക്കുന്ന കാണുമ്പൊൾ കണ്ണിൽ ചോരയില്ലാത്ത സോഫേലിരുന്നു മൊബൈല് നോക്കാനും ടീവി കാണാനുമൊക്കെ എങ്ങനെ കഴിയുന്നൂന്നും ചോദിച്ചു കൊണ്ട്‌ എന്നെക്കൊണ്ട് സവാള അരിയിക്കുക തേങ്ങാ ചിരവിക്കുക തുടങി ബേസിനിൽ കുമിഞ്ഞു കൂടിക്കിടക്കുന്ന പാത്രങ്ങൾ വരെ കഴുകിപ്പിക്കുന്നവളാണ് ഇതൊക്കെ എനിക്കൊറ്റക്ക് ചെയ്യാവുന്നതേയുള്ളൂ നിങ്ങളവിടെങ്ങാനും ചെന്നിരുന്നോളീന്ന് പറയുന്നതും..

വീട്ടിലേക്കു പൊയ്ക്കോട്ടേന്ന് ചോദിക്കുമ്പോ അറിയാതെങ്ങാനും വേണ്ടന്ന് പറഞ്ഞാലോ.. അപ്പൊത്തന്നെ ടോൺ മാറി അതെന്താ പോയാല് എന്ന മട്ടിലാവും..

ഇനി നേരേ മറിച്ചു പാവം ഒറ്റക്കിവിടെ ബോറടിച്ചിരിക്കല്ലേ.. ഒന്നുരണ്ടു ദിവസം വീട്ടിൽ ചെന്ന് ഉമ്മന്റേയും വാപ്പന്റെയും കൂടേ സന്തോഷമായി കഴിഞ്ഞോളുന്നു പറഞ്ഞാലൊ..

ഓഹോ എന്നെ എങ്ങിനെങ്കിലും പറഞ്ഞയച്ചിട്ടു വേണം ഇങ്ങക്ക് ചങ്ങായ്മാരേം കൂട്ടിക്കൊണ്ട് വന്ന്‌ ഇവടെ ഉത്സവപ്പറമ്പാക്കാൻ അല്ലെ ന്നാവും ചോദ്യം..

ചെകുത്താനും കടലിനും പെട്ട പോലായിപ്പോകും ശരിക്കും..

അതുകൊണ്ടും തീരില്ല..

അവിടെത്തി കഴിഞ്ഞൊരു വിളിയുണ്ട്… ഞാനൊരു ദിവസം കൂടി ഇവിടെ നിന്നോട്ടെന്നും ചോദിച്ചുകൊണ്ട്..

വേണ്ടാന്ന് പറഞാൽ പഴയ നാഗവല്ലി ടോണിൽ എനിക്കെന്താ എന്റെ വീട്ടിൽ നിന്നാലെന്നുള്ള ചോദ്യം കേൾക്കേണ്ടി വരുമല്ലൊന്നു ഭയന്ന് ‘ഓഹ് അതിനെന്താ നിന്നോളൂ ന്ന് പറഞ്ഞാലൊ..

ഓഹോ ഇതായിരുന്നു നിങ്ങളെ മനസ്സിലിരിപ്പല്ലേ… ഞാനെങ്ങിനെങ്കിലും അവിടെ നിന്നിറങ്ങാൻ കാത്തിരിക്കാരുന്നു ദുഷ്ടൻ.. അവിടെത്തീട്ട് കാണിച്ചു തരാട്ടാ..

ദൈവമേ.. ഇങ്ങനയൊക്കെ അനുഭവിക്കാൻ മാത്രം ഞാനെന്തു തെറ്റ്‌ ചെയ്തു എന്നും പറഞോണ്ടു തലേൽ കൈവെച്ചിരിക്കുകയെ നിവൃത്തിയുള്ളൂ..

കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും തിരിച്ചു വരുമ്പൊ അവളോടൊരു പ്രത്യെക സ്നേഹമാണ് കേട്ടോ.. ഒന്നു രണ്ടു ദിവസം മാറിനിന്നതിന്റെയാവും.. പതിയെ ശരിയായിക്കോളും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *