Story written by Saji Thaiparambu
കല്യാണപ്പിറ്റേന്ന് അതിരാവിലെയെഴുന്നേറ്റ് കുളിമുറിയിൽ കയറിയപ്പോൾ എൻ്റെ ഉത്കണ്ഠ മുഴുവൻ, അടുക്കളയിൽ കയറി ഞാനെന്ത് ചെയ്യുമെന്നായിരുന്നു
കല്യാണാലോചനകൾ വരുന്നത് വരെ അമ്മയോട് തട്ടാമുട്ടിയൊക്കെ പറഞ്ഞ് അടുക്കളയിൽ കയറാതെ ഒഴിഞ്ഞ് മാറി നിന്നെങ്കിലും, ദേവേട്ടൻ്റെ ആലോചന ഉറപ്പിച്ചപ്പോൾ അമ്മയെന്നെ പിടിച്ച പിടിയാലെ അടുക്കളയിലിട്ട് പൂട്ടി അത്യാവശ്യം പാചകങ്ങളൊക്കെ പഠിപ്പിച്ചു.
എന്നാലും നല്ലൊരു മീൻ കറി വയ്ക്കാനോ അരി തിളയ്ക്കുമ്പോൾ വേവ് നോക്കി അത് വാർത്തിടാനോ എനിക്കറിയില്ലായിരുന്നു
ഓരോന്നാലോചിച്ച് സോപ്പ് തേച്ച് തേച്ച് ഒടുവിൽ കണ്ണെരിഞ്ഞ് തുടങ്ങിയപ്പോഴാണ് ആലോചന മതിയാക്കി വേഗം കുളിച്ച് വെളിയിലിറങ്ങിയത്
അപ്പോഴും ഒന്നുമറിയാതെ സുഖസുഷുപ്തിയാലാണ്ട് കിടക്കുന്ന കെട്ടിയോനെ കണ്ടപ്പോൾ എനിക്ക് ലേശം കുശുമ്പ് തോന്നി
ഈ ആണുങ്ങൾ എന്ത് ഭാഗ്യവാന്മാരാ, സ്വന്തം വീട്ടിലാണെങ്കിലും, അച്ചി വീട്ടിലാണെങ്കിലും അവർക്കിഷ്ടമുള്ളപ്പോൾ എഴുന്നേറ്റാൽ മതി ,അതിനാരും മുഖം വീർപ്പിക്കുകയുമില്ല കണ്ണുരുട്ടത്തുമില്ല ,അമ്മായിയമ്മയോ , അമ്മായിഅച്ഛനോ, നാത്തൂൻ മാരോ പോരിന് ചെല്ലാറില്ലന്ന് മാത്രമല്ല, സ്വന്തം മാതാപിതാക്കളെക്കാളും സ്നേഹത്തിലായിരിക്കും അവര് പെരുമാറുന്നത് പോലും,
ആണായി ജനിച്ചാൽ മതിയായിരുന്നു ,മുമ്പൊക്കെ പി രീഡ്സിൻ്റെ സമയത്താണ് അങ്ങനെ ചിന്തിച്ചിരുന്നത്, എല്ലാമാസവും മുടങ്ങാതെ വരുന്ന വയറുവേദനയും ബ്ളീ ഡിങ്ങും തൻ്റെ മൂന്നാല് ദിവസത്തെ സന്തോഷം തല്ലിക്കെടുത്തുമായിരുന്നു.
കുറച്ച് നേരം കൂടി ആ ഭാഗ്യവാൻ്റെ മുഖത്ത് നോക്കി നിന്നിട്ട് മടിച്ച് മടിച്ചാണ് ഞാൻ അടുക്കളയിലേക്ക് പോയത്
ങ്ഹാ മോള് ഇത്ര നേരത്തെയെഴുന്നേറ്റോ?
എന്നെ കണ്ടതും അമ്മായിയമ്മ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
ഞാനൊന്ന് വിനയത്തോടെ മന്ദഹസിച്ചതേയുള്ളു
വാവേ … വേഗം എഴുന്നേൽക്ക് മണി ആറ് കഴിഞ്ഞു , ഈ പെണ്ണിത് എന്തൊരൊറക്കമാണെന്ന് നോക്കിക്കേ, ഇന്നും കഴിഞ്ഞ് നാളെ , മറ്റൊരു വീട്ടിൽ ചെന്ന് പൊറുക്കാനുള്ളതാണെന്ന് വല്ല വിചാരോമുണ്ടോ അവൾക്ക്
ഓർമ്മ വച്ച നാള് മുതൽ, ഇന്നലെ രാവിലെ വരെ അമ്മയുടെ വായിൽ നിന്ന് ഇതും കേട്ടാണ് ഞാനുണർന്നിട്ടുള്ളത്
മോളെന്താ ആലോചിച്ചോണ്ട് നില്ക്കുന്നത് ഇന്നാ ആ സ്റ്റൂളിലിരുന്നിട്ട്, ഈ ചായ കുടിക്ക്, ദേവന് ബെഡ് കോഫിയൊന്നും ശീലമില്ല, അവനുണരുമ്പോൾ ഇവിടെ വന്ന് ഫ്ളാസ്കിൽ നിന്നൊഴിച്ച് കുടിച്ചോളും അതാണ് പതിവ്
എനിക്ക് നേരിയ അമ്പരപ്പ് തോന്നി , ഈ സ്നേഹം അവരുടെ അഭിനയം വല്ലതുമാണോ ?എൻ്റെ മനസ്സിലുണ്ടായിരുന്ന പിരിമുറുക്കത്തിന് നേരിയ അയവ് വന്ന് തുടങ്ങിയിരുന്നു.
ഞാനെന്താ അമ്മേ ചെയ്യേണ്ടത് ഈ പയറെടുത്ത് നുറുക്കി വയ്ക്കട്ടെ ?
എവിടെ തുടങ്ങണമെന്ന് അറിയാത്തത് കൊണ്ട് അമ്മയിൽ നിന്ന് ഞാൻ പഠിച്ച എളുപ്പമുള്ളൊരു ജോലി അമ്മായിയമ്മയോട് ചോദിച്ചു.
അതൊക്കെ അമ്മ രാവിലെ തന്നെ അരിഞ്ഞ് വച്ചിട്ടുണ്ട്
എങ്കിൽ തേങ്ങ തിരുമ്മട്ടെ
നിന്ന് കൊണ്ട് തിരുമ്മാൻ പറ്റിയ സ്റ്റാൻ്റിലുറപ്പിച്ച ചിരവ കണ്ടപ്പോൾ സന്തോഷത്തോടെ ഞാൻ ചോദിച്ചു.
ഇന്നലെ എടുത്തതിൻ്റെ ബാക്കി തേങ്ങാ പീര ഫ്രിഡ്ജിലിരുപ്പുണ്ടായിരുന്നു മോളേ… ഇന്നത്തേക്ക് അത് മതി, മോളാ ഫ്രീസറിലിരിക്കുന്ന മീനിങ്ങെടുത്തോ?
ഈശ്വരാ… മീൻ വെട്ടി കഴുകിയെടുക്കാനാണോ? ഞാനിത് വരെ പഠിക്കാത്ത കാര്യമാണല്ലോ അത് ,അമ്മയും പറഞ്ഞതാണ്, എല്ലാ വീടുകളിലും മീൻ വെട്ടി കഴുകുന്നത് അവിടുത്തെ അമ്മമാര് തന്നെയായിരിക്കും അതൊരിക്കലും ചെന്ന് കയറുന്ന പെണ്ണിനോട് പറയാറില്ല അത് കൊണ്ട് ചോറ് വയ്ക്കാനും ചായ തിളപ്പിക്കാനും, മെഴുക്ക് പുരട്ടിയുണ്ടാക്കാനും തല്ക്കാലം പഠിച്ചാൽ മതി, ബാക്കിയൊക്കെ അവിടെ ചെല്ലുമ്പോൾ തനിയെ പഠിച്ചോളുമെന്ന്, അല്ലെങ്കിലും അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ? നേരത്തെ ഇതൊന്നും പഠിക്കാതെ
കല്യാണമുറച്ചപ്പോൾ എല്ലാം കൂടി പഠിപ്പിക്കാൻ അമ്മയ്ക്ക് കഴിയില്ലല്ലോ?
ഫ്രിഡ്ജ് തുറന്ന് ഫ്രീസറിലിരുന്ന മീൻ വച്ച പാത്രം പുറത്തെടുത്തപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്
കറി വയ്ക്കാൻ പാകത്തിന്, വെട്ടികഴുകി കഷ്ണങ്ങളാക്കി വച്ചിരിക്കുകയായിരുന്നത്
ഇങ്ങ് തന്നേക്ക് മോളേ…
എൻ്റെ കയ്യിൽ നിന്ന് വാങ്ങിയ മീൻ കഷ്ണങ്ങൾ ഒന്ന് കൂടി കഴുകി വൃത്തിയാക്കിയിട്ട് ,അവയെല്ലാം അടുപ്പിലിരുന്ന്തിളയ്ക്കുന്ന കറിച്ചട്ടിയിലേക്കിട്ടു.
പണ്ട് ദേവൻ്റെ അച്ഛൻ എന്നെ കല്യാണം കഴിച്ച സമയത്ത് എനിക്കും ഇതേ ടെൻഷനുണ്ടായിരുന്നു ,അത് വരെ അടുക്കള കാണാത്ത പല പെൺകുട്ടികളുടെയും പൊതുവായൊരു ഉത്ക്കണ്ഠയാണത് ,എവിടെ തുടങ്ങണം എന്ത് ചെയ്യണം ഞാനത് ചെയ്താൽ ശരിയാകുമോ ഇല്ലെങ്കിൽ അമ്മായിയമ്മയും നാത്തൂൻമാരും എന്നോട് പോരെടുക്കുമോ എന്നൊക്കെയുള്ള ടെൻഷൻ ഈ ലോകത്ത് പണ്ട് മുതലേ എല്ലാ പെൺകുട്ടികൾക്കുമുള്ളതാണ് പിന്നെ അദ്ദേഹത്തിൻ്റെ അമ്മയാണ് എന്നെ ഓരോന്നായി പഠിപ്പിച്ച് തന്നത് ,അത് കൊണ്ട് മോൾക്കും അറിയാത്തതൊക്കെ ഈ അമ്മ തന്നെ പഠിപ്പിച്ച് തരും, അതിന് മറ്റൊരു കാരണം കൂടിയുണ്ട് ,ആണും പെണ്ണുമായിട്ട് ദൈവമെനിക്ക് ദേവനെ മാത്രമേ തന്നുള്ളു, അത് കൊണ്ട് കുടുംബത്തിലെ മറ്റ് പെണ്ണുങ്ങളൊക്കെ അവരവരുടെ പെൺമക്കളെ ഇത്തരം കാര്യങ്ങളൊക്കെ പഠിപ്പിച്ച് കൊടുക്കുമ്പോൾ, ഞാനൊത്തിരി ആഗ്രഹിച്ചിട്ടുണ്ട്, എനിക്കും ഒരു മകളെ കിട്ടിയിരുന്നെങ്കിലെന്ന് എൻ്റെ പ്രാർത്ഥന ദൈവം ഇപ്പോഴാണ് കേട്ടത് ,വൈകിയാണെങ്കിലും നിന്നെ എനിക്ക് മകളായി തന്നത് എൻ്റെ നടക്കാതെ പോയ ആഗ്രഹങ്ങൾ നിറവേറ്റാൻ കൂടി വേണ്ടിയാണ്, ഞാൻ നിൻ്റെ അമ്മായിയമ്മയല്ല അമ്മ തന്നെയാണ്, അങ്ങനെ കരുതിയാൽ മോളുടെ ടെൻഷനൊക്കെ മാറിക്കൊള്ളും
എൻ്റെ മനസ്സ് വായിച്ചെടുത്തത് പോലെ അവരങ്ങനെയൊക്കെ പറഞ്ഞപ്പോൾ ,ഞാനീ കേട്ടതൊക്കെ സത്യം തന്നെയാണോന്ന് സംശയം കൊണ്ട്, സ്വയം നുള്ളി നോക്കേണ്ടി വന്നു എനിക്ക് ,ഇപ്പോഴെനിക്ക് പെണ്ണായി ജനിച്ചതിൽ ഒട്ടും വിഷമം തോന്നുന്നില്ല, ഇത് പോലൊക്കെയാണെങ്കിൽ അടുത്ത ജന്മത്തിലും എനിക്ക് പെണ്ണായി തന്നെ ജനിച്ചാൽ മതി,