കണ്ടപാടേ അയാളെ ഇനിക്ക് ഇഷ്ടായി. ഇരുനിറമുള്ള സുന്ദരൻ. അയാൾക്കെന്നേം ഇഷ്ടായി ന്ന്‌ കേട്ടപ്പോ ചെറുതായിട്ടൊരു ലഡു ഉള്ളില് പൊട്ടി………

ഓർമ്മയിലെ ഒരാൾ

Story written by Neji Najla

“നെജിപ്പെണ്ണേ …. നിന്നെ കാണാൻ വന്ന ചെക്കൻ എങ്ങനെണ്ട് നിനക്ക് പറ്റിയോ…?”

പെണ്ണു കാണാൻ വന്ന ചെക്കനും കൂട്ടുകാരനും കൊടുക്കാനായി കലക്കിയ നാരങ്ങാവെള്ളം ബാക്കിയായതീന്ന് ഇത്തിരിയെടുത്തു മോന്തി ചിറിയും തൊടച്ച് നേരെ ബാലേട്ടന്റെ വീട്ടിലേക്ക് ഓടിയപ്പോള് ഏട്ത്യമ്മയുടെ വകയാണ് ചോദ്യം.

“ചെക്കനൊക്കെ സ്റ്റൈലാ ഏട്ത്യമ്മേ… പക്ഷേ കളറിത്തിരി കൂടുതലാ.. വെള്ളക്കൊറ്റ്യേ പോലെണ്ട്. വെള്ളഷർട്ടും വെള്ളത്തുണീം കൂടി ആയപ്പോ തനി രാഷ്ട്രീയക്കാരന്റെ ലുക്ക്… യീ…. ഇക്കിഷ്ടല്ല അങ്ങൻത്തെ ആളോളെ…”

“അത് നല്ലതല്ലേ പെണ്ണേ ഇയ്യെന്താ ഇങ്ങനെ പറേണ്…”

“ആയ്… ഇക്കൊന്നും വേണ്ട വെള്ളപ്പാറ്റ പോലെള്ള ആളെ “

“അപ്പൊ നിനക്ക് ന്നെ പറ്റീട്ടില്യാ ല്ലേ..”

ഞാൻ ഏട്ത്യമ്മയെ ഒളികണ്ണിട്ട് നോക്കി

“ആ പെണ്ണുങ്ങക്ക് ഇത്തിരി നെറണ്ടായാലും കൊഴപ്പല്ല ആണുങ്ങക്ക് അങ്ങനെല്ല ന്റെ കണ്ണോണ്ട് നോക്കുമ്പോ..”

ഇതൊന്നും പറഞ്ഞിട്ട് കാര്യല്ല.. ബാക്കി കാര്യങ്ങൾ അന്വേഷിച്ചു തൃപ്തിയായാൽ വെളുത്താളെ വേണ്ടെന്നുള്ള ന്റെ പറച്ചിലൊന്നും ഏൽക്കൂലാന്നറിയാ… ന്നാലും ന്റെ നിലപാട് ഞാൻ ഏട്ത്യമ്മയുടെ മുമ്പില് വ്യക്താക്കി. നിമിഷങ്ങൾക്കുള്ളിൽ അത് ഉമ്മ അറിയും പിന്നെ ഉപ്പ അറിയും.

“അല്ലാ… പിന്നെ നിനക്ക് എങ്ങനെള്ള ആളേണ് വേണ്ടത്…? പറയ് കേൾക്കട്ടെ.. “

ഏട്ത്യമ്മ അടുപ്പത്തെ തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടിയിട്ട് എന്റെ നേരെ നോക്കി.

“ന്റെക്കെ നെറം മതീ.. ന്നെക്കാളും കൊറച്ചു കൊറഞ്ഞാലും കൊഴപ്പല്ല.. കറുത്താലും കൊഴപ്പല്ല..”

അപ്പോഴാണ് ബാലേട്ടൻ പണിമാറ്റി വന്നത്.

“ദാ ബാലേട്ടന്റെക്കെ നെറം ഇല്ലേ..അതാ രസം കാണാൻ..”

“അയ്യടാ പെണ്ണിന്റൊരു പൂതി കണ്ടില്ലേ..”

ഏട്ത്യമ്മ ചിരി കോട്ടി ചിരിച്ചു.

അയ്നെന്താ ബാലേട്ടന്റെ നെറം ള്ള ആളെ മതി ന്നല്ലേ പറഞ്ഞ്.. ബാലേട്ടനെ മതീന്നല്ലാലോ ന്ന്‌ ചോയ്ക്കാൻ നാവെടുത്തത് അതുപോലെന്നെ ഞാൻ വായിലിട്ട് അടച്ചു.

“മ്മച്ച്യേ… ന്നെ ദൂരേക്കൊന്നും കെട്ടിക്കണ്ട… കാണാൻ പൂത്യാകുമ്പോ ഓടി വെരാൻ പറ്റ്ണ ഈ ചുറ്റുവട്ടത്തൊക്കെ മതി ട്ടോളീം “ന്ന് പറഞ്ഞപ്പോ ഉമ്മച്ചി പറഞ്ഞ ഡയലോഗാണ് അപ്പൊ ഇൻക്ക് ഓർമ്മ വന്നത്.

“മ്മാടെ കുട്ടി ന്ന ബാലേട്ടനോടോ മെയ്‌തുണ്ണ്യാക്കാനോടോ പറഞ്ഞോക്ക് അന്നെ കെട്ടാൻ “

ബാലേട്ടന്റെ മോള് സന്ധ്യ ന്റൊപ്പാണ് ഒന്നു മുതൽ പത്തുവരിം പഠിച്ചത്…ന്റെ കളിക്കൂട്ടുകാരി.അപ്പൊ അതെങ്ങനെ പറ്റും..?

പയ്യിന് പുല്ലരിയാനും പാല് കൊണ്ടോകാനും ആടോളെ നോക്കാനും സഹായിക്കാൻ മെയ്‌തുണ്ണ്യാക്ക സമ്മയ്ക്കേര്ക്കും കെട്ടാന്. ന്നാലും കൈജാത്തീം നാല് മക്കളും സമ്മയ്ക്കോ…?

അപ്പർത്തും ഇപ്പർത്തും ഒക്കെ എത്രങ്ങാനും ചെക്കന്മാര് ണ്ട്… മ്മാക്ക് ഓലെന്നും ഓർമ്മ വന്നീലല്ലോ.. ന്ന് അന്നേരം തോന്നി. പക്ഷേ… തള്ളക്കൈലോ മടാളിന്റെ പിടിയോ പത്തിരിക്കൊഴലോ മ്മാടെ കയ്യെത്തും ദൂരത്ത് ണ്ടെങ്കി ന്റെ മുതോത്ത് വീഴുംന്നു കരുതി ചോയ്ച്ചില്ല.

“നെജ്യേ………”

ഉമ്മാടെ നീട്ടിയുള്ള വിളിയാണ്.

“ഏട്ത്യമ്മേ… മ്മ വിളിക്ക്ണ് ണ്ട് ഞാൻ കൊറച്ചെയ്‌ഞ്ഞ് വെര ട്ടോ… “

മ്മ വിളിച്ചാ പിന്നെ രണ്ടാമത്തെ വിളിക്ക് കാത്ത് നിന്നാ ചീത്ത പറഞ്ഞ് കണ്ണു പൊട്ടിക്കും. അതോണ്ട് ഞാൻ വേഗം കുടീൽക്ക് ഓടി.

“ഡ്യേ… ഇന്ന് വന്നോല്ക്ക് ശെര്യാവൂല പറഞ്ഞുക്കുണ് ട്ടോ..”

വൈന്നേരം ഉപ്പച്ചി മില്ല് ന്ന്‌ വന്നപ്പോ ഉമ്മാനോട് പറഞ്ഞത് കേട്ടപ്പോ ഇനിക്ക് പൊലിവ് കട്ടകുത്തി.

“അയ്‌വ..വെള്ളപ്പാറ്റക്ക് ന്നെ പറ്റീട്ടില്ല..”

ഞാൻ ആരും കാണാതെ ചിരിച്ചു.

ദിവസങ്ങളങ്ങനെ കഴിഞ്ഞപ്പോ അടുത്ത ആള് കാണാൻ വന്നു.

കണ്ടപാടേ അയാളെ ഇനിക്ക് ഇഷ്ടായി. ഇരുനിറമുള്ള സുന്ദരൻ. അയാൾ ക്കെന്നേം ഇഷ്ടായി ന്ന്‌ കേട്ടപ്പോ ചെറുതായിട്ടൊരു ലഡു ഉള്ളില് പൊട്ടി.

അങ്ങോട്ടും ഇങ്ങോട്ടും അന്വേഷണങ്ങളും തീരുമാനങ്ങളും ഒക്കെ തകൃതിയായി നടന്നു. ഒരുവിധം കല്യാണം ഉറപ്പിച്ച മട്ടായി.

അന്ന് ന്റെ നെദിഞ്ഞാക്കിം പൊന്നുഞ്ഞാക്കിം മൂത്താപ്പന്റെ മോന്റെ ഹോട്ടലിൽ വെട്ടിച്ചിറയിലാണ്.

കല്യാണം ഏകദേശം ഉറച്ചെന്ന വിവരം കേട്ട് ഓല് രണ്ടാളും ഓലെ വക അന്വേഷണം തുടങ്ങി. മൂന്ന് ഇത്താത്തമാരുടേം കല്യാണം കഴിയുമ്പോ മൂക്കൊലിച്ചു നടന്നേരുന്ന പ്രായം ആയിരുന്നോണ്ട് അയ്ലൊന്നും ഇടപെടാൻ പറ്റാത്ത ഓരിയൊക്കെ ഒരേയൊരു അനിയത്തീടെ കല്യാണക്കാര്യത്തിൽ തീർക്കാന്ന് കരുതീട്ടാണ് രണ്ടാളും ചാടിയിറങ്ങിയത്.

ഉപ്പയാണെങ്കിൽ മുതിർന്നവര് ഉണ്ടാകുമ്പോൾ ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള ഇവരെ കണക്കിലെട്ത്തും ഇല്ല.

രണ്ടീസം കഴിഞ്ഞ് ഉമ്മാക്കൊരു കാൾ വന്നു. വെട്ടിച്ചിറ ഹോട്ടൽന്ന്പൊ ന്നുഞ്ഞാക്കയാണ്. ഞാൻ കോഡ്ലെസ്സ് എടുത്ത് സ്പീക്കറില് ഇട്ട് മീൻ നന്നാക്കുന്ന ഉമ്മാക്ക് ചെവിയിൽ വച്ചുകൊടുത്ത് അരികിൽ തന്നെ നിന്നു.

“അല്ലമ്മാ… ഇങ്ങക്കൊരു പ്രാന്തനെ കിട്ടിള്ളൂ ഓളെ കെട്ടിക്കാൻ..? “

പൊന്നുഞ്ഞാക്ക കട്ടക്കലിപ്പിൽ ആണ്

മ്മാടെ ഇടനെഞ്ചത്തൂടെ ഒരു വിമാനം പോയ പോലെ ഉമ്മച്ചി ഞെട്ടിയത് ഞാനേ കണ്ടുള്ളൂ..

“ന്താ കുഞ്ഞുമാനെ… മ്മാടെ കുട്ടി ഈ പറീണ്…”

“ആ…അതെന്നെ ഓൻ മാനസികത്തിനു ചികിത്സയിലാണ് “

“പടച്ചോനെ ഇതൊന്നും ഇവടാരും അറിഞ്ഞിട്ടില്ല കുഞ്ഞുമാനേ… ഇഞ്ഞിപ്പോ ന്താ കാട്ടാ…”

“ന്താ കാട്ട്ണ് ഞങ്ങളോടൊന്നും പറയാണ്ട് കുഞ്ഞാപ്പാരും മൂത്താപ്പാരും ഇപ്പീങ്കൂടി ഉറപ്പിച്ചതല്ലേ… “

അവരങ്ങനെയാണ് എപ്പോഴും രണ്ടാൾക്കും കൂടി ഒരാൾ സംസാരിക്കും.

“അയ്നു കുഞ്ഞുമാനേ നിശ്ചയം അല്ലേ ഒറപ്പിച്ചിട്ട്ള്ളൂ.. അത് അങ്ങട്ടും ഇങ്ങട്ടും വന്നു കണ്ടപ്പോ ഓൽക്കൊക്കെ പറ്റി അപ്പൊ കെട്ടാന്നും കെട്ടിക്കാന്നും തീരുമാനയതാ ഇങ്ങളെ മൂത്തോരല്ലേ എല്ലാരും.. പിന്നെ അളിയാക്കാരും ണ്ടാർന്നു ..”

“എല്ലാരും ഞങ്ങളെ മൂത്തതെന്നെ.. പക്ഷെ…ഓള് ഞങ്ങളെ മൂത്തതല്ലല്ലോ..?”

ആ ചോദ്യം ന്യായം തന്നേ ന്നു മ്മാക്ക് തോന്നീക്കുണു ന്നു മ്മാടെ മോറ് കണ്ടപ്പോ ഇൻക്കും തോന്നി.

ഫോണ് വെച്ചിട്ട് മ്മാക്ക് ആകെ വെപ്രാളം. “ഇഞ്ഞിപ്പോ ന്താ കാട്ടാ റബ്ബേ.. ” ന്ന് ഇടയ്ക്കിടെ പറഞ്ഞിട്ട് ഉപ്പാക്കുള്ള ചോറും പാത്രത്തിലാക്കി ഉമ്മ മില്ലിൽക്ക് പോയി.

ഞാനൊറ്റക്കിരുന്ന് കുറെ വിഷമിച്ചു. സങ്കടം വന്നു. ഉമ്മ പോയാൽ ബാലേട്ട ന്റോടെ പോയിരിക്കുന്ന ഞാൻ അന്ന് പോയില്ല.വായനശാലേലെ ചന്ദ്രേട്ടന്റേന്ന് പണ്ടെങ്ങോ കൊണ്ടന്നുവച്ച വായിച്ചു തീർത്ത പുസ്തകങ്ങൾക്കിടയിലേക്ക് ഞാനൂളിയിട്ടു.

“നെജ്യേ…”

ഉമ്മച്ചി നീട്ടി വിളിക്കുന്നത് കേട്ട് ഞാൻ ജനലിന്റെ ഉള്ളിൽക്കൂടി പുറത്തേക്ക് നോക്കി.

ബാലേട്ടന്റോട്ക്ക് നോക്കി വിളിക്ക്യാണ്‌

“ആമിൻമ്മാ അവളിങ്ങട് വന്നില്ലാലോ ഇന്ന് “

സന്ധ്യ അവ്ട്ന്ന് വിളിച്ച് പറഞ്ഞപ്പോ ഉമ്മ നേരെ ഇങ്ങോട്ട് തിരിഞ്ഞു. ഞാൻ ജനലിന്റവിടെ മിണ്ടാതെ നോക്കി നിക്കണത് കണ്ടപ്പോ മ്മാക്ക് ഈറ വന്നു.

“ന്താടി മുണ്ടിയാല് “

“ഞാൻ മുണ്ടാനൊരുങ്യപ്പൾക്കും ഓള് പറഞ്ഞിട്ടല്ലേ..”

“ജ്ജ് ചോറ് വെയ്ച്ചോ..? “

“ഇല്ല “

“നാലു മണി കെയ്ഞ്ഞിട്ടും ജ്ജെന്ത തിന്നാത്ത് അണക്ക് പയിപ്പൊന്നും ഇല്ലേ.. “

“ആ…”

ചോറ് വിളമ്പി തിന്നാനിരുന്നപ്പോ ആകെപ്പാടൊരു ചങ്ക് വേദന.. ചോറ് ഇറങ്ങാത്ത പോലെ.

“നെജ്യേ… അബ്ദുപ്പുഞ്ഞാപ്പ മില്ലില് വന്നേരുന്നു.. കുഞ്ഞുമാൻ പറഞ്ഞ കാര്യം ശെരിയെന്നേത്രേ ഡീ…”

ഉമ്മച്ചി അത് പറഞ്ഞപ്പോ ന്റെ ചങ്കില് ഒരു ചോരുരുള അടഞ്ഞിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നു.

ബാക്കി ചോറ് കഷ്ടപ്പെട്ട് വാരിത്തിന്ന് ഞാനൊന്നും മിണ്ടാതെ അവിടന്ന് എണീറ്റ് പോയി. അല്ലെങ്കിലിപ്പോ ഇതിൽഎനിക്കെന്ത് പറയാനാണ് ള്ളത്.

“ഓൾക്കിപ്പോ മുണ്ടാട്ടം ഒന്നൂല്ല… നിക്കാഹൊന്നും കഴിഞ്ഞില്ലാലോ.. ങ്ങനെ സങ്കടപ്പെട്ട് ബേജാറായി നടക്കാന്.. ഇതിപ്പോ ലോകത്തിൽ ആദ്യം നടക്ക്ണ കാര്യോന്നല്ല.. കെട്ടിക്കാൻ വെയ്കീട്ടുംല്ല കല്യാണം കഴിഞ്ഞിട്ടാണ് അറിഞ്ഞേര്ന്നെങ്കിലോ പടച്ചോൻ കാത്ത്ക്കല്ലേ ഞമ്മളെ.. “

വൈന്നേരം താത്താര് വന്നപ്പോ ഉമ്മച്ചി പറയുന്നത് ഞാൻ കേട്ടു.

എനിക്കായാളെ കെട്ടാൻ പറ്റാത്തതിലോ കല്യാണം നടക്കാത്തതിലോ ആയിരുന്നില്ല സങ്കടം.

അയാളെ എത്രാമത്തെ കല്യാണാവോ ഇങ്ങനെ മുടങ്ങുന്നത്… പടച്ചോൻ കൊടുത്ത അസുഖല്ലേ… അത് മാറ്റാനും പടച്ചോൻ തന്നെയല്ലേ…

ഇനിയെന്നെ കെട്ടിയ ആൾക്ക് കുറെ കഴിഞ്ഞ് മാനസികം ആയാല് ന്തു ചെയ്യും.. അപ്പൊ ഇട്ടിട്ട് പോരാൻ പറ്റ്വോ…? പലതരം ചിന്തകൾ ന്റെ മനസ്സിനെ സ്വസ്ഥത ഇല്ലാതാക്കി.

ലോകത്തുള്ള ഏതൊരു മാതാപിതാക്കളും ആങ്ങളമാരും മൂത്താപ്പാരും എളാപ്പാരും മാമന്മാരു വയ്യാത്തൊരാൾക്ക് അറിഞ്ഞോണ്ട് അവരുടെ കുട്ടിയെ കെട്ടിച്ചു കൊടുക്കില്ലല്ലോ..

എല്ലാരും ഉറക്കത്തിലായിട്ടും ഉറക്കം വരാത്ത ചിന്തകളുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോ. അയാളെ അസുഖം മാറി നല്ലൊരു കുട്ടിയെ കെട്ടി കുടുംബായിട്ട് ജീവിക്കാൻ ഭാഗ്യം നൽകണേ പടച്ചോനേ.. ന്നുള്ള പ്രാർത്ഥന യായിരുന്നു ഉള്ളു നിറയെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *