വാർദ്ധക്യം
Story written by SRUTHY MOHAN
കിടന്നു കണ്ണൊന്നു അടഞ്ഞതെ ഉള്ളൂ…ദേഹത്തു കൂടി കനമുള്ള എന്തോ വന്നു വീണു…ഉള്ള ശൗര്യത്തിനു ദേഹം കുടയാൻ നോക്കിയപ്പോൾ കാലുകളിലും കഴുത്തിനു പുറകിലും പിടി വന്നു…പിടിച്ച കൈകളുടെ മണം കിട്ടി…ഓഹ് മുതലാളി ആയിരുന്നോ…പിന്നേ ഞാൻ അനങ്ങിയില്ല…
ടാ ശരിക്കു മൂടി പിടിക്ക്. സ്ഥലം മനസിലായാൽ തിരിച്ചു വരും….ഇല്ലച്ഛാ.. ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്…
ആ ചാക്കിലേക്ക് കടത്തു..
എന്നെ തലകീഴാക്കി തുണിയോട് കൂടെ ചാക്കിലേക്ക് ഇറക്കി…കുതറണം എന്ന് തോന്നി..മുതലാളി ആയതുകൊണ്ട് അനങ്ങാതെ കിടന്നു..ചാക്ക് കാറിന്റെ ഡിക്കിയിലേക്ക് വച്ചെന്ന് മനസിലായി…വണ്ടി അനങ്ങി തുടങ്ങി..
എന്റെ ഓർമ്മകളും….
ആദ്യമായി എന്നെ മുതലാളി വീട്ടിലേക്ക് കൊണ്ടു വന്നത്. അന്നെനിക്ക് കഴിക്കാൻ രുചികരമായ ഭക്ഷണവും പാലും തന്നു…ഭംഗിയുള്ള കൊച്ചു ബെൽറ്റ് കഴുത്തിലിട്ടു തന്നു….കുഞ്ഞു ബെഡും…വീട് മുഴുവൻ ഓടി നടക്കാൻ സ്വാതന്ത്ര്യവും..മുതലാളി എന്നെ മോനെ എന്നാണ് വിളിച്ചിരുന്നത്..എനിക്കും അച്ഛനെ പോലെ സ്നേഹവും ബഹുമാനവും ഉണ്ട്..
മുതലാളി പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു..വലുതായപ്പോൾ വീടിന്റെ സുരക്ഷ ഞാൻ ഏറ്റെടുത്തു..എന്റെ ഉച്ചത്തിലുള്ള ശബ്ദം കള്ളന്മാരെ ഭയപെടുത്തുന്നതായിരുന്നു..അയൽ വീടുകളിലെ പൂച്ചയേയും കോഴിയേയും ഞാൻ ഈ അതിർത്തിക്കകത്തു കടത്തിയില്ല..അമ്മയെ ഒരിക്കൽ പാമ്പിൽ നിന്നും രക്ഷിച്ചപ്പോൾ മുതലാളി പറഞ്ഞതിന്നും ഓർമ്മയുണ്ട്…എന്റെ ഇളയ മകനാണിവൻ.. എന്റെ അഭിമാനം എന്ന്…
എന്നും ഞാൻ മുതലാളിയുടെ വിശ്വസ്തൻ ആയിരുന്നു…
പിന്നേ എപ്പോഴാണ് മാറ്റം വന്നത്.എനിക്ക് പ്രായമായി കാഴ്ച്ച കുറഞ്ഞപ്പോഴോ…അതോ ദേഹത്തെ രോമം കൊഴിഞ്ഞു വിരൂപനായപ്പോഴോ. .ശബ്ദത്തിനു വിറയലും പല്ലിനു മൂർച്ച കുറയുകയും ചെയ്തപ്പോഴോ…?
അറിയില്ല…എന്തായാലും വീട്ടിൽ പുതിയ ആൾ സുരക്ഷക്കു ചാര്ജെടുത്തു..
എന്റെ കിടപ്പ് സ്ഥലവും പാത്രവും അവനു കൈമാറി….എങ്കിലും കഴുത്തിൽ കിടന്ന ബെൽറ്റ് മുതലാളി അഴിച്ചെടുക്കുമെന്ന് ഞാൻ കരുതിയില്ല. .
വണ്ടി നിന്നു…ഡോർ തുറക്കുന്ന ശബ്ദം കേട്ടു…പിന്നാലെ ഡിക്കിയും…ചാക്ക് ആരോ എടുത്ത് പൊന്തിച്ചു…താഴേക്കിട്ടു…ഞാൻ എണീക്കുമ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദം കേട്ടു….ഒരു വിധത്തിൽ ചാക്കിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കാർ പോയ വഴിയേ നോക്കി..
കണ്ണിൽ നിന്നും നീർ അറിയാതെ ഒഴുകി.. മുന്നിൽ നീണ്ടു കിടക്കുന്ന റോഡിനു നടുവിലൂടെ കണ്ണടച്ച് ഓടി…..കഴിയും പോലെ…
( വാർദ്ധക്യം ഒരു ജീവിത അവസ്ഥ ആണ്…..ജീവിതത്തിന്റെ നല്ല കാലം മുഴുവൻ നമുക്കു വേണ്ടി ജീവിച്ചവരെ.. അവർക്ക് നമ്മളുടെ ശ്രെദ്ധ വേണ്ട സമയത്തു എങ്ങിനെ ആണ് ഉപേക്ഷിക്കാൻ തോന്നുന്നത് )