മെൻസ് ഹോസ്റ്റലിലെ യഹൂദികൾ
എഴുത്ത്: ഷാജി മല്ലൻ
എ.സി യിലെ തണുപ്പിലും അയാൾ ചെറുതായി വിയർക്കുന്നതു സലോമി ശ്രദ്ധിച്ചു. തീയേറ്റർ അസിസ്റ്റന്റ് ഷേവിംഗിനുള്ള റേസർ പുറത്തെടുത്തപ്പോൾ അവൾക്ക് അല്പം നാണക്കേട് തോന്നി.
ഈ അച്ചാച്ചന്റെ ഒരു കാര്യം!!. സർജറിക്കു മുന്നോടിയായി ഈ കർമ്മം ഉള്ളതായി പുള്ളി ഇന്നലെ അറിഞ്ഞ മുതൽ അല്പം ടെൻഷനിലായതാണ്. ആജാന ബാഹുവായ നഴ്സിംഗ് അസിസ്റ്റന്റ് റൂമിൽ വന്നു സർജറി ക്കു മുമ്പുള്ള വൃത്തിയാക്കൽ പറഞ്ഞപ്പോഴെ റൂമിനു വെളിയിലോട്ട് ഇറങ്ങാൻ പോയ തന്നെ കണ്ണു കൊണ്ടു തടഞ്ഞതോർത്തപ്പോൾ അവൾക്കൽപ്പം ഈർച്ചക്കേട് തോന്നാ തിരുന്നില്ല.” ഇടയ്ക്കുള്ള കർട്ടനിടാം, മാഡം അവിടിരുന്നോളു” അയാൾ ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവൾ ടോമിച്ചന്റെ മുഖത്തേക്ക് ദേഷ്യത്തോടെ കണ്ണയച്ചു..
സർജറിക്ക് കയറ്റിയ രോഗിയുടെ പകച്ച മുഖഭാവത്തോടെ കിടക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ ഉള്ളിലെ ദേഷ്യമുരുകി പകരം ചിരി പടർന്നു. കഴിഞ്ഞ ദിവസമാണവർ നഗരത്തിലെ ഹോസ്പിറ്റലിലേക്ക് വന്നത്. ടോമിച്ചൻ ഷിപ്പിൽ എൻജീനിയറാണ്. ഭാര്യ സലോമി നഗരത്തിൽ തന്നെയുള്ള എൻജിനിയറിംഗ് കോളേജിലെ അധ്യാപികയാണ്.
ടോമിച്ചന്റെ ജീവിതത്തിലെ ആദ്യ ആശുപത്രിവാസമാണെന്ന് അവൾക്ക് തോന്നി. ഹെർണിയ പ്രശ്നം കാരണം സർജറി വേണ്ടി വരുമെന്ന് പറഞ്ഞതു മുതൽ ഹോമിയോ മെഡിസിൻ വഴി ഹെർണിയ മാറ്റുന്നതിന് നെറ്റിൽ തിരക്കി കൊണ്ടിരുന്ന ടിയാനെ ഹോസ്പിറ്റലിൽ എത്തിക്കാൻ സലോമി കുറച്ചൊന്നുമല്ല പാടുപെട്ടത്. ടോമിച്ചന്റെ സുഹൃത്തുക്കളുടെ സഹായവും ഇക്കാര്യത്തിൽ സലോമിക്ക് ലഭിച്ചിരുന്നു.
കോളേജ് കാലം കഴിഞ്ഞതോടെ ടോമിച്ചൻ പൊതുവേ അന്തർമുഖനായി മാറിയിരുന്നു. അതിനു ആക്കം കൂട്ടിയതാകട്ടെ കപ്പലിലെ ജോലിയും!! എന്നാൽ ലീവിൽ വരുമ്പോൾ അയാളുടെ ചിരിയും അട്ടഹാസവുമൊക്കെ അയൽക്കാരും എന്തിനേറെ സലോമിയും മക്കളും കേൾക്കുന്നതും കാണുന്നതുമൊക്കെ എൻജിനിയറിംഗ് കോളേജിലെയും ഹോസ്റ്റലിലേയും പഴയ ചങ്ങാതിമാർ എത്തു മ്പോഴാണ്.
ഇന്നലെയും പഴയ ഹോസ്റ്റൽ മേറ്റ്സിന്റെ കൂടെയാ ടോമിച്ചൻ ഹോസ്പിറ്റലിൽ അഡ്മിറ്റാകാൻ നഗരത്തിലേക്കെത്തിയത്. സലോമി കോളേജിൽ നിന്നാണ് അവിടേക്കെത്തിയത്. ടെൻഷൻ മാറ്റാൻ പണ്ട് ടോമിച്ചനു പറ്റിയ അമളി പറഞ്ഞു കൂട്ടുകാർ ആർത്തുചിരിച്ചപ്പോഴാണ് ടോമിച്ചന്റെ മുഖത്ത് ടെൻഷനൊരൽപം കുറഞ്ഞത് സലോമി കണ്ടത്. കോളേജ് കാലത്ത് അവധി ദിനം പനി കൂടി ഫിറ്റ്സ് വന്ന ടോമിച്ചനെ കൂട്ടുകാർ പൊക്കിയെടുത്ത് ഹോസ്റ്റലിനടുത്ത നേഴ്സിംഗ് ഹോമിൽ കൊണ്ടുപോയതും പരിശോധിക്കാൻ വന്ന ഡോക്ടർ ഇൻജക്ഷൻ കുറിച്ചതും ഏണിന് ഇൻജക്ഷൻ വെക്കണമെന്ന് പറഞ്ഞ നേഴ്സുമായി പകുതി ബോധത്തിൽ ടോമിച്ചൻ തർക്കിച്ചതുമൊക്കെ കൂട്ടുകാർ പഹയൻമാർ പറഞ്ഞു രസിച്ചു വരവേ വീട്ടിൽ നിന്നുള്ള ഫോൺ അറ്റൻഡ് ചെയ്യാൻ സലോമി നഴ്സസ് സ്റ്റേഷനിലേക്ക് പോയി. തിരികെ ഡോക്ടറെ കണ്ടു കൂടി വന്നപ്പോഴേക്ക്കൂ ട്ടുകാർ പോയിരുന്നു.
ടോമിച്ചൻ വീണ്ടും ആലോചിച്ച് മച്ചിൽ നോക്കി കിടക്കുന്നത് കണ്ടു.
” ചേട്ടന്റെ പേരെന്നാ .. ഇവിടെ വീടെവിടെയാ …” ടോമിച്ചന്റെ ചിലമ്പിച്ച ശബ്ദം തിരശീലക്കപ്പുറം കേട്ടപ്പോൾ സലോമി കാതോർത്തു.” ഞാൻ ജെയിംസ്, കോതമംഗലം എം എ കോളേജ് അറിയാമോ ? സാർ എവിടാ പഠിച്ചത്, അവിടെ യാണോ? ഞാനാ മെൻസ് ഹോസ്റ്റലിനു തൊട്ടടുത്താ താമസിക്കുന്നേ.” ഏയ് അല്ല” പെട്ടന്നുള്ള കോതമംഗലം കോളേജിലെ പഴയ അലുമിനിയുടെ മറുപടി കേട്ടപ്പോൾ സലോമി അത്ഭുതപ്പെട്ടു.
” സാർ എൻജിനിയറല്ലെ… ഇതുപോലെ കഴിഞ്ഞ ആഴ്ച്ച നമ്മുടെ സൂപ്പർ സ്റ്റാർ ആയിരുന്നു എന്റെ മുമ്പിൽ ഇങ്ങനെ കിടന്നത്, അതോണ്ട് സാറിന് കുറച്ചി ലൊന്നും തോന്നണ്ട!!” അയാളുടെ കുലുങ്ങി ചിരി കണ്ടപ്പോൾ ടോമിച്ചന് ദേഷ്യം വന്നെങ്കിലും അനങ്ങാതെ കിടന്നു. സലോമിയെ റൂമിൽ നിർത്തിയെ തു തന്നെ ഇയാളെ പേടിച്ചാണ്.
കോളേജ് കാലത്തെ ആശുപത്രി വിശേഷം ഇന്നലെ പഴയ ഹോസ്റ്റൽ ചങ്ങാതിമാർ പറഞ്ഞു തീർത്തത് സലോമി കേൾക്കാത്തത് കൊണ്ട് അവൾ ക്കറിയില്ലല്ലോ തന്റെ ഭയം!!. അന്നു കമിഴ്ന്നു കിടന്നു ഏണിന് ഇൻജക്ഷൻ വെക്കാൻ പാന്റ്സ് താഴ്ത്താൻ പറഞ്ഞപ്പോൾ പകുതി ബോധത്തിൽ ദേഷ്യത്തിൽ മലർന്നു കിടന്നു പാന്റ് താഴ്ത്തിയതും നേഴ്സ് പെണ്ണ് ഡോക്ടറെ വിളിച്ചു അലറി ഓടി പോയതും ഇന്നലെത്തെ പോലെ ഓർമ്മയിൽ ഓടി എത്തി. അവധി ദിന മായതു കൊണ്ട് അടിവസ്ത്രത്തിനും അന്ന് അവധി കൊടുത്തിരുന്നു!!.
അപ്പച്ചൻ വണ്ടി അയച്ചതു കൊണ്ട് വൈകിട്ടു തന്നെ എറണാകുളത്തിനു പോയതു കൊണ്ട് ഒരാഴ്ച്ച കഴിഞ്ഞു വന്നപ്പോഴാണ് കോളേജ് ഹോസ്റ്റലിലെ പുകിലൊക്കെ ടോമിച്ചൻ അറിഞ്ഞത്. കൂടെ ആശുപത്രിയിൽ വന്ന ഹോസ്റ്റലിലെ യഹൂദികൾ അവശ്യം പബ്ലിസിറ്റി കൊടുത്തു രംഗം കൊഴുപ്പിച്ചിരുന്നു. ക്ലിനിക്കി ലേക്കു ഹോസ്റ്റലിനടുത്തു കൂടി പോകുന്ന നഴ്സിംഗ് ട്രെയിനിക്കും കൂട്ടുകാർക്കും മുന്നിൽ ഹോസ്റ്റലിലെ ടോയ്ലറ്റ് ബ്ലോക്കിനു മുകളിലുള്ള ഹോസ്റ്റൽ ഗായക സംഘത്തിന്റെ കഥാപ്രസംഗം പരമ്പര കേട്ടു തുടങ്ങിയപ്പോൾ കാര്യം മാറി.
നാട്ടുകാരായ ആങ്ങളമാർ ഹോസ്റ്റലിൽ കേറി പെരുമാറിയെന്നും പെണ്ണിന്റെ നേരാങ്ങള പെങ്ങളുടെ മുമ്പിൽ വിഗ്രഹ പ്രദർശനം നടത്തിയ വില്ലനെ തിരക്കി നടക്കുവാണെന്നുമാണ്!! അയാളെ ആരന്നറിയാതെ ഒളിച്ചു നടന്നിട്ട് ഇന്നലെ വന്ന ഹോസ്റ്റൽ മേറ്റ്സാണ് അയാൾ ഇവിടെ നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നുണ്ടെന്നും പേര് ജയിംസാണെന്നുമൊക്കെ പറഞ്ഞത്.
ഇപ്പോഴും അയാൾക്ക് നിന്നോട് പകയുണ്ടെന്നും ഇന്ന് അവരെ കണ്ടെപ്പോഴും അക്കാര്യം പറഞ്ഞെന്നുമൊക്കെ ഇന്നലെ അവർ പറഞ്ഞതോർത്തപ്പോൾ ടോമിച്ചന്റെ നെറ്റി വിയർപ്പു മണികൾ പൊഴിച്ചു. ഈശോയേ കാത്തോളെണേ** ….. പണ്ടു പെങ്ങടെ മുമ്പിൽ കെടന്ന പോലെ അയാളുടെ മുമ്പിൽ കിടക്കുക യാണ്. അങ്ങേരുടെ കത്തിക്കു താഴെയാണ് തന്റെ ജീവിതമെന്നോർത്തപ്പോൾ ടോമിച്ചൻ ദൈന്യതയോട് കണ്ണടച്ചു. അയാളുടെ ചോദ്യങ്ങളിൽ കോതമംഗല വുമായി ഒരു ബന്ധവുമില്ലാതെ ടോമിച്ചൻ മൂളിയും നിരങ്ങിയും വർത്തമാനം പറഞ്ഞതു കേട്ട് സലോമിയും അത്ഭുതപ്പെട്ടു.
കള്ളം പറയുന്നതിന് കുട്ടികളോട് അട്ടഹസിക്കുന്ന ടോമിച്ചനെയാണ് അവൾക്ക് ഓർമ്മ വന്നത്. അയാൾ തന്റെ ജോലി പൂർത്തികരിച്ചു എഴുനേറ്റു വരുന്നതു കണ്ട് സലോമി ബാഗ് തുറന്നു കുറച്ചു നോട്ടുകൾ എടുത്തു കൈയിൽ പിടിപ്പിക്കാൻ നോക്കിയെങ്കിലും അയാൾ സ്നേഹപൂർവ്വം നിരസിച്ചു.” വേണ്ട മാഡം.. ഞാൻ കാശൊന്നും വാങ്ങാറില്ല. പിന്നെ ഇന്നലെ സാറിന്റെ കെയർ ഓഫിൽ എനിക്കൊരു പാർട്ടി കിട്ടി. സാറിന്റെ ഫ്രണ്ട്സിന്റെ … സാറിനടുത്ത് വരുമ്പോൾ കോതമംഗലത്തു ഹോസ്റ്റലിനടുത്താ താമസിക്കുന്നതെന്ന് പറയണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. “അതെന്താ മാഡം അങ്ങനെ പറഞ്ഞത് “. സലോമി വാപൊളിച്ചെങ്കിലും ടോയ് ലറ്റിലേക്ക് പോകാൻ വന്ന ടോമിച്ചന് തന്നെ അരമണിക്കൂർ കത്തിമുനയിൽ നിർത്തിയ മെൻസ് ഹോസ്റ്റലിലെ പഴയ യഹൂദികളുടെ ഗൂഗ്ലീ നന്നേ ബോധിച്ചു!!!