കരച്ചിലിനൊടുവിൽ അവന്റെ മാറിൽ നിന്ന് തലയുയർത്തിയപ്പോഴും അവൾ അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു…..

എഴുത്ത്:-ശിവന്തിക ശിവ

“അച്ചു മോളെ…. അച്ചു മോളെ…. അവിടെ നിൽക്ക്… അമ്മയാ…. മോൾടെ അമ്മയാ… “

നഗരമധ്യത്തിലുള്ള ഫുട്പാത്തിലൂടെ കയ്യിലുണ്ടായ ഷോപ്പറുകൾ വലിച്ചെറിഞ്ഞു മുന്നോട്ടോടിയ സുമയെ പിടിച്ചു നിർത്താൻ സതീഷ് അല്പം പാടുപെട്ടിരുന്നു…

അവന്റെ കൈവലയത്തിൽ ഒതുങ്ങിയിട്ടും ദൂരേക്ക് വിരൽ ചൂണ്ടി വിറയലോടെ അവൾ ആ പേര് തന്നെ പുലമ്പിക്കൊണ്ടിരുന്നു..

“അച്ചുമോള്…. നമ്മുടെ അച്ചുമോള് …. “

“എന്തൊക്കയാ സുമേ ഈ കാണിച്ചുകൂട്ടുന്നെ… ദേ ആൾക്കാരൊക്കെ നമ്മളെത്തന്നെ നോക്കി നിൽക്കുന്നു…”

ഏട്ടാ.. ഞാൻ കണ്ടു… സത്യമായും കണ്ടു… നമ്മുടെ അച്ചുമോളെ…

ദേ ഇവിടെ വച്ചാ ഞാൻ കണ്ടത്…ഒരു കാറിന്റെ വിന്ഡോ സീറ്റിൽ… നമ്മുടെ അച്ചുമോള് തന്നെ യാ അത്…

അവളുടെ പോലത്തെ കാപ്പി കണ്ണുകൾ… എന്നെ നോക്കി ചിരിക്കോം ചെയ്തു… എനിക്കുറപ്പാ സതീഷേട്ടാ… അതെന്റെ മോളാ….

പറച്ചിലിനൊടുവിൽ അവൾ അവന്റെ മാറിൽ വീണു കരയാൻ തുടങ്ങി… നിസ്സഹാ യനായ അവനു അവളെ ഒന്നാശ്വസിപ്പിക്കാൻ പോലുമായില്ല….ആർക്കും തങ്ങളെ പോലൊരു വിധി കൊടുക്കല്ലേ എന്ന് എല്ലാം അറിയുന്ന ഇശ്വരന്മാരോട് കേണപേക്ഷിക്കുകയായിരുന്നു അപ്പോഴും അവൻ….

കരച്ചിലിനൊടുവിൽ അവന്റെ മാറിൽ നിന്ന് തലയുയർത്തിയപ്പോഴും അവൾ അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു… അതെന്റെ അച്ചുമോളാ…ഞാൻ കണ്ടു… എന്റെ മോളെ …

ഇരുകൈയിലും പിടിച്ചിരുന്ന സഞ്ചിക്കൂട്ടങ്ങൾ ഒരുകയ്യിൽ ഒതുക്കി പിടിച്ചു മറുകയ്യിൽ അവളെയും താങ്ങിപിടിച്ചു ഒന്നും മിണ്ടാതെ ദുഃഖങ്ങളൊക്കെ ഉള്ളിലൊതുക്കി മുന്നോട്ട് നടക്കുമ്പോൾ അവന്റെ ചിന്തകൾ ജീവിതത്തിനെ ഇരുട്ടിലാഴ്ത്തിയ ആ ദിനങ്ങളിലേക്ക് ശരവേഗത്തിൽ പായുകയായിരുന്നു.

****************

പ്രവാസത്തിന്റെ കഷ്ടപ്പാടിലെപ്പഴോ ജീവിതം മടുത്തു തുടങ്ങിയപ്പോഴാണ് മുന്നോട്ടുള്ള യാത്രയിൽ ഒരു കൂട്ടുവേണമെന്ന് തോന്നിയത്.വേറൊന്നും ആഗ്രഹിച്ചില്ല തന്റെ സന്തോഷങ്ങളും ദുഖങ്ങളും പങ്കിടാനും തന്നെ മനസിലാക്കാനും പറ്റിയ ഒരു പെണ്ണ്…അത്കൊണ്ട് തന്നെയാണ് മനസ്സിൽ സ്നേഹം മാത്രം നിറച്ച ആ നാട്ടിന്പുറത്തുകാരിയിൽ അവന്റെ കണ്ണുകൾ ഉടക്കിയത്

പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു… സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചും പുത്തൻ സ്വപ്‌നങ്ങൾ കണ്ടും അവർ ജീവിതത്തിന് പുതുനിറങ്ങളേകി….

വിവാഹം കഴിഞ്ഞ അഞ്ചാം വർഷത്തിൽ, നീണ്ട ഒരിടവേള കഴിഞ്ഞു വീണ്ടും പ്രവാസത്തിന്റെ ചിറകിലേറി ഒരാഴ്ച പിന്നിട്ടപ്പോഴാണ് കേൾക്കാൻ കാത്തിരുന്ന ആ വിളി കേട്ടത്. “ഏട്ടൻ ഒരച്ഛനാവാൻ പോണു” എന്നവൾ വിക്കി വിക്കി പറഞ്ഞപ്പോൾ ഇരുകണ്ണുകളും ആനന്ദാശ്രു പൊഴിക്കുകയായിരുന്നു…

പിന്നീടങ്ങോട്ടുള്ള നാളെകൾ സ്വപ്നങ്ങളുടേതായിരുന്നു…ആയിരം വർണ്ണങ്ങൾ ചാലിച്ച ഞങ്ങളുടെ മാലാഖകുട്ടിക്കായി. അകന്നിരിക്കുമ്പോഴും സ്വപ്നങ്ങളുടെ നൂലിഴകൊണ്ട് ഒരു കുഞ്ഞു സ്വർഗം പണിയുകയായിരുന്നു ഞങ്ങൾ…

അടുത്തുണ്ടാവേണ്ട സമയങ്ങളിലൊന്നും കൂടെ നിൽക്കാൻ പറ്റാത്ത അവളുടെ പരിഭവത്തേക്കാൾ ദുഃഖം എന്റെ മനസ്സിൽ ഉണ്ടായിരുന്നു..ഓരോ ദിവസവും ഞങ്ങളുടെ മാലാഖക്കൊച്ചിനെ പറ്റി അവൾ വാ തോരാതെ പറയുമ്പോൾ ഒരു കേള് വി ക്കാരനാവാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ… അത്കൊണ്ട് തന്നെയാണ് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ അന്ന് തന്നെ ഇല്ലാത്ത ലീവും ഒപ്പിച്ചു നാട്ടിലേക്ക് തിരിച്ചത്.

നേരെ പോയത് ആശുപത്രിയിലേക്ക് ആയിരുന്നു…എന്റെ വരവും കാത്തു നിന്നപോൽ മാലാഖകൊച്ച് എന്റെ കൈകളിൽ തന്നെ വന്നുചേർന്നു.സകല ഇശ്വരന്മാരോടും നന്ദിപറഞ്ഞുകൊണ്ട് നിറകണ്ണുകളോടെ ആ ഇളം കവിളുകളിൽ മുത്തം നൽകുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടുക യായിരുന്നു…

പിന്നീട് ആ മാലാഖകൊച്ച് ഞങ്ങളുടെ അച്ചുമോളായി മാറി… വീട് നിറയെ അവളുടെ കൊഞ്ചലുകൾ നിറഞ്ഞപ്പോൾ തിരിച്ചു പോരാൻ മനസൊന്നു മടിച്ചു… പക്ഷെ ഉത്തരവാദിത്തങ്ങൾക്ക് മുന്നിൽ ആ ആഗ്രഹം നിഷ്പ്രഭമായി പോവുക യായിരുന്നു…

ജോലിക്കിടയിൽ വീണുകിട്ടുന്ന സമയങ്ങളിലൊക്കെയും ഞാനെന്റെ മാലാഖ ക്കൊച്ചിന്റെ അരികിലെത്തി… അവളുടെ കൊഞ്ചലുകളും കരച്ചിലുകളും “ച്ചാ… ” എന്നാ വിളിയും കേൾക്കാൻ മാത്രമായി.

അന്നും ഒരു ഫോൺ കാളിനപ്പുറം ആ കിളികൊഞ്ചല് കേൾക്കാൻ ഓടിയണഞ്ഞതായിരുന്നു ഞാൻ ഏറെ സന്തോഷത്തോടെ..ഞങ്ങളുടെ ജീവിതത്തിലെ ഒടുവിലത്തെ സന്തോഷം ആകുമെന്നറിയാതെ..

മുൻവാതിൽ തുറന്നിട്ട ഹാളിൽ അവളോടൊപ്പം കലപില കൂട്ടി കളിക്കുക യായിരുന്നു എന്റെ അച്ചുമോള്… എന്റെ ഫോൺ കാൾ വന്നു അവൾ റൂമിലേക്ക് വരുമ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല ആ നിമിഷനേരത്തിന് കൊടുക്കേണ്ടി വരുന്ന വിലയെന്തായിരിക്കുമെന്ന്..

ഫോണും എടുത്ത് മോൾക്ക് കൊടുക്കാൻ ചെന്നപ്പോൾ ഒറ്റക്കായ കളിപ്പാട്ടങ്ങൾ മാത്രമേ കണ്ടുള്ളു … വീടുമുഴുവൻ പ്രതീക്ഷയോടെ അരിച്ചു പെറുക്കുമ്പോഴും കരുതിയിരുന്നില്ല ആ നഷ്ടപ്പെടൽ എന്നെന്നേക്കുമായി മാറുമെന്ന്.

നാട്ടുകാരും വീട്ടുകാരും എല്ലാവരും ഒറ്റമനസോടെ ഞങ്ങളുടെ മാലാഖ കൊച്ചിന് വേണ്ടി തിരഞ്ഞെങ്കിലും അവളുടെ ആ “ച്ചാ…. ” വിളി പിന്നെ ഒരിക്കലും കേട്ടില്ല.

നന്മയുള്ള കുറെ മനസുകൾ താങ്ങും തണലുമായി കൂടെ നിന്നപ്പോൾ ചിലർ സംശയത്തിന്റെ കഴുകൻകണ്ണുകളുമായി പെറ്റമ്മയെ പോലും വെറുതെ വിട്ടില്ല.. ഞാനന്ന് വിളിച്ചില്ലായിരുന്നെങ്കിൽ എന്റെ മോള് ഇപ്പഴും ഉണ്ടണ്ടാകുമെന്ന കുറ്റബോധം തളർത്തിയപ്പോഴും പാതിയായവൾക്ക് വേണ്ടി എല്ലാ ചിന്തകളെയും ദുഃഖങ്ങളെയും അമർത്തിപ്പിടിച്ചുകൊണ്ട് അവളുടെ കൂടെ തന്നെ നിന്നു.

അപരിചിതമായ ഓരോ ഫോൺ കോളുകളും ഓരോ പിൻവിളികളും എന്തിന് കാളിങ് ബെൽ പോലും ഞങ്ങൾക്കുള്ള പ്രതീക്ഷകളാണ് അന്നും ഇന്നും എന്നും …

ഇപ്പോഴും ഏതൊരു ആൾക്കൂട്ടത്തിൽ പോകുമ്പോഴും അവളറിയാതെ അവൾ ക്കൊപ്പം തിരയുകയായിരുന്നു ഞാനും.. കാപ്പി കണ്ണുകളുള്ള ഞങ്ങളുടെ മാലാഖ കൊച്ചിനെ…

Leave a Reply

Your email address will not be published. Required fields are marked *