Story written by Sheeba Joseph
മോളെ ലക്ഷ്മീ….
എന്താമ്മേ…
എൻ്റെ കുട്ടി അവിടെ എന്തെടുക്കുവ..?
എന്ത് ചോദ്യം ആണമ്മെ..! .
എനിക്കിവിടെ വെറുതേ ഇരിക്കാൻ പറ്റുവോ..?
അമ്മേടെ പുന്നരമോനെ കൊണ്ട് ഞാൻ തോറ്റു..! എല്ലാത്തിനും ഞാൻ പുറകേ നടക്കണം….
അതെങ്ങനെയാ അമ്മ പുന്നാരിച്ച് വഷളാക്കി വച്ചിരിക്കുവല്ലെ…? മോളെ നോക്കാൻ എനിക്കിത്ര പാടില്ല…
“ഇതിപ്പോ, പ്രായം ഇത്രേ ആയിട്ടും കൊച്ചുപിള്ളേരുടെ സ്വഭാവമാ….”
എൻ്റെ കുട്ടി ഒട്ടും ധൃതി വയ്ക്കണ്ടാ കേട്ടോ.. എല്ലാം പതിയെ ചെയ്ത മതി…
ഞാൻ അവനോടു പറയാം.. എൻ്റെ കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെന്ന്…!
അമ്മ കഴിയ്ക്കാൻ വരുന്നില്ലേ…?
വരുന്നു മോളെ….
വിഷ്ണുവേട്ടാ.. മോളെ… രണ്ടുപേരും വേഗം വന്നേ…?
അമ്മ കഴിക്കാൻ വന്നിരിക്കുന്നു… ഡൈനിങ് ടേബിളിൽ നാല് പ്ലേറ്റുകൾ വച്ചിട്ടുണ്ടായിരുന്നു…
നാല് പ്ലേറ്റിലും ഇഡലിയും സാമ്പാറും വിളമ്പി വച്ചിരുന്നു… അമ്മേ, ചമ്മന്തി ഉണ്ടാക്കാൻ സമയം കിട്ടിയില്ലാട്ടോ ..
വേണ്ട കുട്ടി.. ഇതൊക്കെ മതി..ഇതു തന്നെ ധാരാളം….
കുട്ടി കൂടി ഇരിക്കൂ… നമുക്കൊരുമിച്ച് കഴിക്കാം…..
അമ്മ കഴിച്ചോളൂ…
കണ്ടോ അമ്മേ… വിഷ്ണുവേട്ടനും മോളും ഇതുവരെയും റഡിയായി വന്നില്ല.. അവര് വന്നിട്ട്..ഞാൻ അവരുടെ കൂട്ടത്തിൽ ഇരുന്നോളം..
അമ്മ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കു കേട്ടോ..?
കറക്റ്റ് സമയത്ത് വന്ന് ആഹാരം കഴിക്കണം എന്ന്…അതെങ്ങനെയാ മോൾക്കും അപ്പന്റെ തനി സ്വഭാവമാണ് കിട്ടിയിരിക്കുന്നത്.?രണ്ടുപേർക്കും ഒരു ശ്രദ്ധയുമില്ല ഒരു കാര്യത്തിനും…!
വണ്ടിയിൽ കയറിയാൽ അപ്പനും മോളും കൂടി കളിയും ബഹളവും ആണ്…
ശ്രദ്ധിച്ച് വണ്ടി ഓടിക്കണം എന്ന് പറഞ്ഞ കേൾക്കില്ല… കണ്ടില്ലേ ഇന്നാള് ആക്സിഡൻ്റ് ആയത്.
ദൈവം കാത്തു… കൊച്ചു പിള്ളേരുടെ സ്വഭാവം ആണ് രണ്ടുപേർക്കും… ഞാൻ അവനോടു പറയാം മോളെ…
നളിനിയമ്മ കഴിച്ച് എഴുന്നേറ്റ് സോഫയിൽ വന്ന് തളർന്നിരുന്നു… തുളസിമാലയിട്ട ഫോട്ടോയ്ക്കുള്ളിൽ ഇരുന്ന് വിഷ്ണുവും മോളും പരസ്പരം ചിരിക്കുന്നത് പോലെ അവർക്ക് തോന്നി.
എൻ്റെ കുട്ടികള്…. അവർക്ക് എപ്പോഴും കളിയും ചിരിയും തന്നെയാണ്…