കല്യാണം കഴിഞ്ഞിട്ട് നിങ്ങളുടെ കൂട്ടുകാരനെ ഇങ്ങോട്ട് കണ്ടതേയില്ലല്ലോ എന്തായിരുന്നു വീരവാദം… ഹോ ചങ്കാണ് ചങ്കിടിപ്പാണ് ഒരേ പായിൽ ഉറങ്ങി ഒരേ……

കല്യാണം കടുപ്പം തന്നെ സ്വാമി…….

Story written by Ammu Santhosh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“കല്യാണം കഴിഞ്ഞിട്ട് നിങ്ങളുടെ കൂട്ടുകാരനെ ഇങ്ങോട്ട് കണ്ടതേയില്ലല്ലോ എന്തായിരുന്നു വീരവാദം… ഹോ ചങ്കാണ് ചങ്കിടിപ്പാണ് ഒരേ പായിൽ ഉറങ്ങി ഒരേ കുഴിയിൽ ചാകാനൊരുങ്ങുന്നവരാണ്… പിന്നെയും എന്തൊക്കെയോ പറഞ്ഞൂലോ “

ഇവളെന്താ ഇന്നസെന്റിനു പഠിക്കുന്നൊ.. തൃശൂർ ഭാഷ..

എനിക്കു മറുപടി ഇല്ല

ഇവിടെ ഈ കേട്ടതെല്ലാം സത്യം. ചങ്ക് ചങ്ങാതിയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു ആഴ്ച ആയി. ഒരു ഫോൺ കാൾ പോലും.. ഏഹേ.. ആറു വർഷത്തെ അവന്റെ പ്രണയം പുക ആയിപ്പോയേനെ ഞാനില്ലായിരുന്നുവെങ്കിൽ.. അവളുടെ അച്ഛന്റെ കാല് പിടിച്ചിട്ടാണ് ഇതിപ്പോ . എന്നിട്ട്….

എത്ര തവണ അവളുടെ അച്ഛന്റെ തെ റി ഷെയർ ചെയ്തിരിക്കുന്നു

എത്ര തവണ അവളുടെ ചേട്ടന്മാരുടെ ഇടി ഷെയർ ചെയ്തിരിക്കുന്നു

എന്നിട്ടും ഈ എന്നോട്..

“ഹലോ നിങ്ങളവിടെ താടിക്കു കയ്യും കൊടുത്തിരിക്കാതെ വന്നു സവാള അരിഞ്ഞെ.. ചത്തതാണേലും കോഴിയെ പരീക്ഷിക്കുന്നതിന്ക്കെ ഒരു പരിധി ഇല്ലേ? “

അമ്മ കാണണ്ട.. സവാള അരിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ ഓർത്തു. അമ്മയ്ക്കൊരു സവാള പോയിട്ടു ഉള്ളി പോലും.. അനുഭവിക്കണം ഞാൻ അനുഭവിക്കണം

“സവാള അരിഞ്ഞു തീർന്നാൽ ആ തേങ്ങ ചിരകി വെച്ചേക്കണേ. ഞാൻ ഈ തുണി നനച്ചിടട്ടെ “

“എടീ പ്ലീസ് ഇത് ചെയ്തിട്ടു പോടീ. എനിക്കൊന്നു പുറത്തു പോണം “

ഞാൻ കെഞ്ചി

“വേഗം തീർത്താൽ നമുക്കു ഒരുമിച്ചു പോകാമല്ലോ “അവൾ നനയ്ക്കാനുള്ള തുണി എടുത്തു പുറത്തേക്കു നടന്നു

“എന്നാ പിന്നെന്തിനാ പോകുന്നെ ഇവിടെ എങ്ങാനും ഇരുന്നാൽ പോരെ? “ഞാൻ മനസ്സിൽ പറഞ്ഞു.

പെട്ടെന്നെന്റെ തലയിൽ ഒരു വെളിച്ചം വന്നു

ഇനി ഈ അവസ്ഥ ആകുമോ അവന്റെം.?

ഞാൻ സവാള അവിടെ വെച്ചു ഒറ്റ മുങ്ങൽ

അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവൻ താടിക്ക് കയ്യും കൊടുത്തു ഉമ്മറത്തുണ്ട്

“എടാ *********മോനെ.. ഒരു പെണ്ണിനെ കിട്ടിയപ്പോ തീർന്നു ല്ലേ?.. എന്നാലും നീ… “

“എടാ നീയിങ്ങു വന്നെ.. “ഞാൻ വിളിച്ച തെ റിയൊന്നും ശ്രദ്ധിക്കാതെ അവനെന്നെ വിളിച്ചു തൊടിയിലെ മാവിൻ ചുവട്ടിലേക്ക് നടന്നു

“എന്താ? “ഞാൻ

“വെണ്ടാർന്നു “അവൻ മുഖം കുനിച്ചു

“എന്ത്? “

“കല്യാണം “

“ങേ അതെന്താ? “ഒരു ആഴ്ച കഴിഞ്ഞപ്പോളേക്കും ഇങ്ങനെ തോന്നണമെങ്കിൽ തക്കതായ എന്തോ ഇവന് സംഭവിച്ചിട്ടുണ്ട്

“എടാ നമ്മളുദ്ദേശിക്കുന്നതു പോലേ അത്ര സുഖം ഉള്ള ഏർപ്പാട് ഒന്നുമല്ല കല്യാണം “

ബെസ്റ്റ്..

കല്യാണം കഴിഞ്ഞു അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന എന്നോടാ ബാലാ…?

“നിനക്കിപ്പോ എന്താ. പ്രേമിച്ച പെണ്ണിനെ തന്നെ കിട്ടിയില്ലേ? പിന്നെന്താ? “ഞാൻ ചോദിച്ചു

“എടാ പ്രേമിച്ച സമയത്ത് പലതും ഞാൻ അറിഞ്ഞില്ല “

എന്തെന്ന്?

“അവൾക്കു ദിവസവും കുളിക്കാൻ വയ്യെടാ “

“ങേ കുളിക്കാൻ വയ്യേ? അതെന്താ വെള്ളമില്ലേ? അതോ ഇനി കുളി താല്പര്യം ഇല്ലാ???

“ഡാ.. അതല്ല നീരിളക്കം വരും.. എന്റെ സങ്കല്പത്തിലെ ഭാര്യ രാവിലെ കുളിച്ചു കുറി ഒക്കെ തൊട്ടു… ദൈവമേ… അവള് കുളിക്കുകേല “അവന്റെ മുഖം കണ്ടെനിക്ക് കഷ്ടം തോന്നി

“അത് സാരോല്ല വയ്യാഞ്ഞിട്ടല്ലേ “ഞാൻ അവനെ സമാധാനിപ്പിച്ചു

“ആ അത് പോട്ടെ.. ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ട് എത്ര ദിവസം ആയെന്നറിയുമോ? ” ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു

“അതിപ്പോ കല്യാണം കഴിഞ്ഞ ഉടനെ ആയതു കൊണ്ട്… “ഞാൻ പാതിയിൽ നിർത്തി

“മാങ്ങാത്തൊലി.. ഒടുക്കത്തെ കൂർക്കം വലിയാണെടാ.. ട്രെയിൻ പോകുന്ന പോലേ. ഇടക്ക് വിസിലും അടിക്കും.. ഇവളുടെ ത ന്ത റെയിൽവേ യിൽ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാനിത്രേം പ്രതീക്ഷിച്ചില്ല. “ബെഡിന്റെ ഭൂരിഭാഗം കയ്യേറിക്കൊള്ളും.. കയ്യും കാലും എന്റെ നെഞ്ചത്തും. എന്തോന്നാടാ ഇതൊക്കെ? ഇങ്ങനെയൊക്കെയാണോ പെണ്ണുങ്ങള്? നിനക്കെങ്കിലും ഇങ്ങനെ ഒക്കെ ഉണ്ടെന്ന് എന്നോട് പറഞ്ഞൂടാരുന്നോ? “അവൻ തലയിൽ കൈ വെയ്ക്കുന്നു

ഞാൻ പൊട്ടിചിരിച്ചു പോയി

എന്താ പറയുക !

ഞാൻ എന്റെ കാര്യം ഒരു നിമിഷം ചിന്തിച്ചു.. ഇവൾക്ക് കൂർക്കം വലിയാണെങ്കിൽ അവൾക്കു പാട്ട് പാടലാണ്… പാടിക്കൊന്നു കളയും.അല്ലെങ്കിൽ കവിത .കവിത എനിക്ക് കണ്ടുകൂടാ.. പക്ഷെ മിണ്ടാൻ പറ്റുമോ? എന്നിട്ട് അവൾ സുഖം ആയി ഉറങ്ങും. ഞാൻ മോളിലോട്ടും നോക്കി..,. ദൈവമേ… നീയും ഒരു പുരുഷൻ അല്ലേ? നിന്റെ അവസ്ഥ എപ്പടി?

അവനെന്നെ കുലുക്കി വിളിച്ചു

“അതും പോട്ടെ എന്ന് വെയ്ക്കാം. ഒടുക്കത്തെ പൊസ്സസ്സീവ്‌നെസ്. ആരോടും ഞാൻ കൂടുതൽ മിണ്ടരുത് സ്നേഹിക്കരുത് നോക്കരുത്.. നിന്നെ പോലും. മൊബൈൽ ഒക്കെ അവളുടെ കയ്യിലാ. “

“നീ ഇങ്ങനെ ഒരു പെങ്കോന്തൻ ആകല്ലേടാ… പ്രേമിച്ച സമയത്ത് ഇവളിങ്ങനെ അല്ലായിരുന്നല്ലോ “ഞാൻ സംശയത്തിൽ അവനെ നോക്കി

“പ്രേമിക്കുമ്പോൾ നമ്മളു കാണുന്ന മൊതലൊന്നുമല്ല ഭാര്യ ആകുമ്പോൾ… ഓന്തില്ലേ.. ഓന്ത്‌. അതൊക്കെ ഇവളുടെ മുന്നിൽ എന്ത്? “

“ഇതൊക്കെ തന്നെയാ ഏകദേശം എന്റെ യും അവസ്ഥ. പക്ഷെ തളരരുത് രാമൻകുട്ടി തളരരുത് “

“പോടാ കോ പ്പേ ഇവിടെ ജീവിതം പോയി നിൽക്കുമ്പോളാ.. അവന്റെ ചീ ഞ്ഞ കോമഡി “

“എന്ത് ജീവിതം പോയി… നമ്മൾ തോൽക്കാൻ പാടില്ല. നമ്മൾ ആണുങ്ങൾ അല്ലേടാ?

“തോക്കാതിരിക്കണേൽ തോക്ക് എടുക്കേണ്ടി വരും. ഇതൊരു നടയ്ക്കു പോകുന്ന ലക്ഷണം ഇല്ല !അവന്റെ മുഖം ചുവന്നു

“നമുക്കൊന്നു പുറത്തു പോകാം വഴിയുണ്ട് “

“പുറത്തോട്ടു പോകാനോ? “അവൻ പേടിയോടെ വീട്ടിലേക്കു നോക്കുന്നു

” നീ ബൈക്കിൽ കയറിക്കോ. ഒന്ന് കറങ്ങീട്ടു വരാം “ഞാൻ അവനെ ചേർത്ത് പിടിച്ചു. ഒരു ആപത്തു വരുമ്പോളല്ലേ കൂട്ടുകാരൻ ഒപ്പമുണ്ടാകേണ്ടത്

ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവളുണ്ടൊന്നു ഞാൻ നോക്കി

“നോക്കണ്ട ഉറക്കമാ ..ഉടനെ ഒന്നും ഉണരുകേല “അവൻ എന്റെ ചെവിയിൽ പറഞ്ഞു

“ഓക്കേ.. ഇന്ന് നീ തിരിച്ചു ചെല്ലുമ്പോൾ മൈതാന പ്രസംഗം ഉണ്ടാകും അകമ്പടിയായി ചിലപ്പോൾ കണ്ണീർ ഉണ്ടാകും.. ഏങ്ങലടി ഉണ്ടാകും.. നീ മൗനം ആയിരിക്കണം. കുറച്ചു ചിലച്ചു കഴിയുമ്പോൾ കിളി നിർത്തും അപ്പോൾ നമ്മൾ അവൾ നിർത്തിയടത്തുന്നു തുടങ്ങണം. കുറച്ചു ശൃംഗാരം കുറച്ചു പഞ്ചാര കുറച്ചു സെന്റി സമാസമം കൂട്ടിക്കുഴച്ച്… അളവ് കൃത്യം ആയിരിക്കണം ഓവർ ആക്കരുത്… എല്ലാം കൃത്യം ആയി ചേർത്തു ഒരു “മാപ്പ് “”

“മാപ്പോ? മാപ്പെന്റെ പ ട്ടി ചോദിക്കും “അവൻ ഉറക്കെ…

ആവേശകുമാരൻ.. ചുമ്മാ…ബെർതെ .. ഇവനല്ല ഇവന്റെ അപ്പൻ ചോദിക്കും മാപ്പ് അല്ല പിന്നെ.

“അതിനിനി പ ട്ടിയെ മേടിക്കാൻ പോകണ്ടേ? നീയാ ബെസ്റ്റ്… ഇന്ത്യ യുടെ മാപ്പൊന്നുമല്ലല്ലോ? എത്ര വേണേലും ചോദിക്കാം അതിൽ വീഴാത്ത ഒരു ഭാര്യയും ഇന്നു ഈ ഭൂമിയിൽ ഇല്ല “

“ഞാൻ പറഞ്ഞു നിർത്തി

“സത്യം? “അവൻ എന്നെ കെട്ടിപിടിച്ചു

“സത്യം… സത്യം… സത്യം.. അനുഭവത്തിന്റെ മണ്ണെണ്ണ വെളിച്ചത്തിലിരുന്നു പഠിച്ചതാണ് അളിയാ…. എന്ന് വെച്ച് പെണ്ണുങ്ങൾ അത്ര മണ്ടികൾ ഒന്നുമല്ല. ചിലപ്പോൾ ഒക്കെ കണ്ണടച്ച് വിടുന്നതാ…. അല്ലേൽ കാണാരുന്നു., അത് കൊണ്ട് എപ്പോളും സീൻ ഉണ്ടാക്കരുത്.അവരെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്ന് തോന്നിപ്പിക്കുക . ബുദ്ധിമുട്ട് .ആണ്… പക്ഷെ . നമ്മളെ കൊണ്ട് പറ്റും. ഉദാഹരണം ബര്ത്ഡേ മറക്കരുത്. ഗിഫ്റ്റ് ഒട്ടും മറക്കരുത് ഒരു പൂ ആണെങ്കിലും മതി. ഹാപ്പി. പിന്നെ ഏതു പെണ്ണിനെ കണ്ടാലും എന്തെങ്കിലും ഒരു കുറ്റം ചുമ്മാ അങ്ങു പറഞ്ഞേക്ക്.. അത് അവർക്ക് നല്ല സന്തോഷം ഉള്ള കാര്യമാണ്.പിന്നെ തലവേദനയോ നടുവേദനയോ ഒക്കെ വരുമ്പോൾ ബാം പുരട്ടി കൊടുക്കാം. കരുതൽ വലിയ കാര്യം ആണെടാ പിന്നെ ഇത് പോലേ കുറേ ഉണ്ട്. വഴിയേ പറഞ്ഞു തരാം

“എന്നാലും അളിയാ.. .. നീ ശാസ്ത്രജ്ഞൻ ആയി മാറി കേട്ടോ ” ” എല്ലാ ഭർത്താക്കന്മാരും ശാസ്ത്രജ്ഞൻമാരാടാ ഉവ്വേ. ദിവസോം കണ്ടുപിടിക്കും പുതിയത്. പിന്നെ ശാസ്ത്രജ്ഞൻ മാത്രമല്ല സാഹചര്യം അനുസരിച്ച്‌ അപൂർവമായി ചിലപ്പോൾ സിംഹത്തെപ്പോലേ, ചിലപ്പോൾ പൂച്ചയെപ്പോലെ ചിലപ്പോൾ കുതിരയെപ്പോലെ. ചിലപ്പോൾ കഴുതയെപ്പോലെ … ജീവിച്ചു പോകണ്ടേ? നമ്മൾ മൊത്തത്തിൽ ഒരു മൃഗശാലയാ. പക്ഷെ തരം കിട്ടുമ്പോൾ നമ്മൾ ഒന്നാംതരം കുറുക്കന്മാരാകും “”അല്ലേൽ ഇവളുമാർ നമ്മളെ ആക്കും “

അവൻ പൊട്ടിചിരിച്ചു.

ഈ ഭർത്താക്കന്മാരെ ചീ ത്ത ആക്കുന്നതീ ഭാര്യമാരാണെന്നെ. എന്നാലും അവർക്കു വേണ്ടിയാ, അവരുടെ സന്തോഷത്തിനു വേണ്ടിയ ഞങ്ങൾ പലതും വേണ്ടെന്നു വെയ്ക്കുന്നെ. അപ്പോൾ ഞങ്ങൾ പാവങ്ങളല്ലേ? അല്ലേ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *