കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നിട്ട് വർഷം പത്തായിരിക്കുന്നൂ. പക്ഷേ ഭർത്താവും ഒന്നിച്ചു ആകെ ജീവിച്ചത് ഒരു വർഷം ആണ്. ആ ബന്ധത്തിൽ……..

ആന്‍റി അമ്മ

Story written by Suja Anup

“ഇനി ഇപ്പോൾ ആരും വരാനില്ലലോ. അപ്പൊൾ ശരീരം എടുക്കുവല്ലേ…”

ആരോ വിളിച്ചു ചോദിക്കുന്നുണ്ട്..

ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നൂ. മറുപടി ഒന്നും പറഞ്ഞില്ല. കരയുവാൻ എനിക്കാവില്ല. അത്രയ്ക്ക് അനുഭവിച്ചൂ ഈ പത്തു വർഷവും.കണ്ണീരൊക്കെ എപ്പോഴേ വറ്റി. ഇനി വയ്യ. ഒറ്റയ്ക്കായിരുന്നല്ലോ എന്നും.

കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നിട്ട് വർഷം പത്തായിരിക്കുന്നൂ. പക്ഷേ ഭർത്താവും ഒന്നിച്ചു ആകെ ജീവിച്ചത് ഒരു വർഷം ആണ്. ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്. എന്നെയും അദ്ദേഹത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു ചരട്. അവൾക്കു ഇപ്പോൾ വയസ്സ് ഒൻപതായിരിക്കുന്നൂ.

അവൾക്കു അപ്പനെ ഫോട്ടോയിൽ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ടാണോ എന്തോ അവൾക്കു ആ ശവപ്പെട്ടിയുടെ അടുത്തിരിക്കുവാൻ ഭയമാണ്. മറ്റുള്ളവർ എന്ത് പറയും എന്ന് പേടിച്ചു അവൾ എന്നെ മുറുകെ പിടിച്ചു അവിടെ ഇരിക്കുവാണ്.

“പാവം കുഞ്ഞു..”

അല്ലെങ്കിലും അദ്ദേഹം എന്നെയും മകളെയും എന്നെങ്കിലും ഇഷ്ടപ്പെട്ടിരുന്നോ. ആ താലിയും ചേർത്ത് പിടിച്ചു അനിയൻ്റെ ചെലവിൽ ഈ വീടിൻ്റെ ഒരു മൂലയിൽ കൂടുകയായിരുന്നു ഇത്രയും നാൾ. പോകുവാൻ വേറെ ഇടമില്ലല്ലോ.

എത്രയോ വട്ടം അമ്മയോട് പറഞ്ഞു

“ഞാൻ എവിടെ എങ്കിലും പോയി ജോലി എടുത്തു ജീവിച്ചോളാം. എന്നെ അതിനു അനുവദിക്കൂ..”

അപ്പോഴൊക്കെ അമ്മ പറഞ്ഞു

“മോളെ നിനക്ക് താഴെ രണ്ടുപേർ കൂടെ ഉണ്ട്. ചേച്ചി ഭർത്താവിനെ ഉപേക്ഷിച്ചു എന്ന് പറഞ്ഞാൽ അവരുടെ വിവാഹത്തിന് അത് തടസ്സം ആകും. സ്ത്രീ ഭൂമിയോളം ക്ഷമിക്കണം.”

പിന്നെ പിന്നെ ഞാൻ ഒന്നും പറയാതെയായി..

അനിയൻ കെട്ടിയതിൽ പിന്നെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനു പോലും അനിയൻ്റെ ഭാര്യ മുറുമുറുക്കുമായിരുന്നു. പന്തിയിൽ എന്നും പക്ഷഭേദം ആയിരുന്നൂ. അനിയൻ്റെ കുട്ടിക്ക് കിട്ടുന്ന കളിപ്പാട്ടങ്ങൾ ഒന്നും തൊടുവാൻ എൻ്റെ മകൾക്കു അനുവാദം ഉണ്ടായിരുന്നില്ല.

വീട്ടിലെ പണി മുഴുവൻ ഒറ്റയ്ക്ക് ചെയ്യുമ്പോഴും അനിയൻ്റെയും ഭാര്യയുടെയും വിഴുപ്പു അലക്കി കൊടുക്കുമ്പോഴും മനസ്സ് തേങ്ങി.

പക്ഷേ അത് കേൾക്കുവാൻ ആരും ഉണ്ടായിരുന്നില്ല….

ഭർത്താവിനെ സാരിത്തുമ്പിൽ കെട്ടിയിടുവാൻ അറിയാത്തവൾ അതൊക്കെ അനുഭവിക്കണം. അതൊക്കെ നാട്ടുനടപ്പല്ലേ..

എല്ലാം സഹിച്ചൂ. വീട്ടിലേയ്ക്കു തിരിച്ചു പോകുവാൻ വയ്യ. ഇനിയും കെട്ടിക്കുവാൻ രണ്ടുപേർ കൂടെ അവിടെ ഉണ്ട്. പുറത്തേക്കു പോയി ഒറ്റയ്ക്ക് ജീവിക്കുവാനുള്ള ധൈര്യം ഉണ്ട്. അതിനും ഈ സമൂഹം അനുവദിക്കില്ല.

വിവാഹം കഴിഞ്ഞതിനു ശേഷം മാത്രം ആണ് അദ്ദേഹത്തിന് മറ്റൊരു പെണ്ണുമായി ബന്ധം ഉള്ളത് അറിഞ്ഞത്. താഴ്ന്ന ജാതിക്കാരി ആയതു കൊണ്ട് അദ്ദേഹത്തിൻ്റെ അപ്പൻ അവളെ വീട്ടിൽ കയറ്റിയില്ല. അവരുടെ ബന്ധത്തെ ആരും അംഗീകരിച്ചില്ല. കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകാതെ ഇരിക്കുവാൻ ഞാനും ആയുള്ള കല്യാണം നടത്തി. വെറുതെ നാട്ടുകാരുടെ കണ്ണിൽ പൊടി ഇടുവാൻ.

സ്ത്രീധനം വാങ്ങാതെ വിവാഹം നടത്തുവാൻ വലിയ തറവാട്ടുകാർ വന്നപ്പോൾ എൻ്റെ അപ്പൻ ഒന്നും അന്വേഷിച്ചില്ല. ഒരാളുടെ ഭാരം എങ്കിലും ഇറക്കി വയ്ക്കാ മെന്നു അദ്ദേഹം കരുതി.

വിവാഹത്തിൻ്റെ അന്ന് എല്ലാവരും പറഞ്ഞു

“റോസിമോൾ ഭാഗ്യവതി ആണ്. ലോട്ടറി അല്ലെ അടിച്ചത്. വിദ്യാഭ്യാസം, പണം, കുടുംബപ്പേര് എല്ലാം ഉണ്ടല്ലോ. ചെറുക്കനും സുമുഖൻ.”

ആ ഭാഗ്യം പക്ഷേ ഒരു വർഷമേ നിന്നുള്ളൂ. ആദ്യത്തെ പുതുമോടി കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും അവളെ തേടി പോയി. അല്ലെങ്കിൽ ആ ബന്ധത്തെ പറ്റി ഞാൻ അറിഞ്ഞത് അപ്പോൾ മാത്രമാണ്. ആദ്യമൊക്കെ മാസത്തിൽ ഒരിക്കൽ എങ്കിലും അദ്ദേഹം വീട്ടിലേയ്ക്കു വരുമായിരുന്നൂ. പിന്നീട് അതും നിന്നൂ.

കഴിഞ്ഞ ദിവസ്സം അനിയന് ഒരു കാൾ വന്നൂ

“നിങ്ങളുടെ ചേട്ടൻ ഗവർമെന്റ് ആശുപത്രിയിൽ ഉണ്ട്. വേഗം വരണം.”

ഓടി പിടഞ്ഞു അനിയൻ അവിടെ എത്തി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നൂ.

കുടി ആയിരുന്നത്രേ. അത് എപ്പോൾ തുടങ്ങി. അറിയില്ല. പിന്നീട് പലതും അറിഞ്ഞു. ഉണ്ടായിരുന്ന പണം എല്ലാം മുടക്കി നടത്തിയിരുന്ന വ്യാപാരം പൊളിഞ്ഞു. കുടി കൂടെ ആയപ്പോൾ മൊത്തം നശിച്ചു പോലും.

കുറ്റബോധം ഉണ്ടായിരുന്നോ ആവൊ, എന്നോടും മകളോടും ചെയ്തത് ഓർത്തു. അതെനിക്ക് അറിയില്ല. ഇനി ഇപ്പോൾ ഒന്നും ചോദിക്കുവാനും കഴിയില്ല.

മനസ്സിൽ എപ്പോഴും ഒരു സ്വപ്നം ഒളിപ്പിച്ചിരുന്നൂ

“ഒരിക്കൽ അദ്ദേഹം വരും, എന്നെ കൂടെ കൊണ്ട് പോകും..”

സ്വപ്നം സത്യമായി. അദ്ദേഹം വന്നൂ..

പക്ഷേ..

ശവശരീരം ആ സ്ത്രീ കൊണ്ട് പോകുവാൻ അനിയൻ സമ്മതിച്ചില്ല. തട്ടി പറിച്ചു വാങ്ങി വീട്ടിലേയ്ക്കു കൊണ്ട് വന്നൂ. അത് ചേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ല. കുടുംബത്തിൻ്റെ മാനം കാക്കുവാൻ വേണ്ടി മാത്രം.

ആ സ്ത്രീയെ വാനിൽ നിന്നും തള്ളി ഇറക്കി വിട്ടു എന്ന് ആരോ പറയുന്നതു കേട്ടൂ. അവർ വീടിനു മുൻപിലെ റോഡിൽ ഇരുന്നു കരയുന്നുണ്ട് പോലും…

പള്ളിയിൽ എത്തിയിട്ടും മനസ്സിൽ ആ സ്ത്രീ ആയിരുന്നൂ.

“എനിക്കില്ലാത്ത എന്താവും അവരിൽ ചേട്ടൻ കണ്ടത്. ഈ പത്തു വർഷവും അവരെ സ്നേഹിച്ചു ചേട്ടൻ കൂടെ നിറുത്തിയില്ലേ..”

ശരീരം കുഴിയിലേക്ക് ഇറക്കും മുൻപ് അടുപ്പമുള്ളവർക്കു ചുംബിക്കാം. അതും ഒരു ചടങ്ങാണ്. ആരോ വിളിച്ചു പറയുന്നുണ്ട്.

മോൾ ചുംബിച്ചൂ. അത് അവളുടെ അവകാശം ആണ്. ബീ ജ ദാതാവിനോടുള്ള സ്നേഹം. എല്ലാവരും എന്നെ നോക്കി. ഞാൻ അത് കണ്ടില്ല എന്ന് വച്ചൂ. ഞാൻ മനസ്സിൽ പറഞ്ഞു.

“അല്ലെങ്കിലും അതിനുള്ള അവകാശം എനിക്കില്ല. അത് അവൾക്കുള്ളതാണ്. അയാളുടെ കാമുകിക്ക്.”

കുഴിയിൽ നിന്ന് അവസാനം നീങ്ങിയത് ഞാനും മകളും ആണ്. ഒരു പിടി മണ്ണ് വാരി ഇട്ടു തിരിയുമ്പോൾ കണ്ടു

“അവൾ..”

വേച്ചു വേച്ചു വന്നു ആ കുഴിയുടെ മുകളിലേക്ക് വീഴുന്നൂ. നാലോ അഞ്ചോ വയസ്സുള്ള ഒരു ആൺകുട്ടിയും കൂടെ ഉണ്ട്. അവൻ എന്നെ നോക്കി ചിരിച്ചൂ.

“അദ്ദേഹത്തിൻ്റെ മകൻ. അദ്ദേഹത്തെ പോലെ തന്നെയുണ്ട്. അവളിൽ പ്രത്യേകമായി ഒന്നും ഞാൻ കണ്ടില്ല. ഒരു സാധാരണ സ്ത്രീ..”

ഞാൻ പതിയെ നടന്നൂ, ശ്മശാനത്തിൻ്റെ കവാടത്തിലേയ്ക്ക്…

രണ്ടു ദിവസ്സം കഴിഞ്ഞതും വീട്ടിൽ ചർച്ച വന്നൂ.

“ഏഴും മുപ്പതും നടത്തണം. പണം വേണ്ടേ.”

ചർച്ചയിൽ ഞാൻ ഇല്ല. താഴെ മുതിർന്നവർ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു തകർക്കുന്നുണ്ട്. എല്ലാം അദ്ദേഹത്തിൻ്റെ ദുർനടപ്പിനെ പറ്റി മാത്രം ആണ്..

അനിയൻ്റെ ഭാര്യ പറയുന്നത് കേട്ടൂ.

“കുറച്ചു ആളുകൾ മതി. ചേട്ടനായിട്ടു ഒന്നും ഉണ്ടാക്കിയിട്ടില്ല. കുടുംബത്തിനു ചീത്തപ്പേര് മാത്രം തന്ന ആൾ. ചത്ത ആ ആൾക്ക് വേണ്ടി വലിയ തുക ഇനി പാഴാക്കേണ്ട കാര്യം ഇല്ല..”

അത് കേട്ടപ്പോൾ ഞാൻ താഴേക്ക് ചെന്നൂ. ചത്ത ആളോട് ഇനി വാശി വേണ്ട. ആത്മാവിന് വേണ്ടത് ചെയ്യണം.

“അനിയാ, ഏട്ടന് വേണ്ടത് ചെയ്യണം..”

“പിന്നെ ചെയ്യിക്കുവാൻ ഒരാൾ വന്നിരിക്കുന്നൂ. കാശ് ഇവിടെ കെട്ടി വച്ചിരിക്കുവല്ലേ. അഞ്ചു പൈസ കൈയ്യിൽ ഇല്ല. അവൾ പ്രസംഗിക്കുവാൻ വന്നിരിക്കുന്നൂ. വീട്ടിൽ നിന്ന് വാങ്ങി കൊണ്ട് വാ..” അനിയൻ്റെ ഭാര്യ തകർക്കുകയാണ്..

ഒരു തുള്ളി കണ്ണുനീർ കൺകോണിൽ വന്നൂ. ആരും കാണാതെ അത് തുടച്ചൂ. ഇനി തളരുവാൻ എനിക്ക് മനസ്സില്ല. എല്ലാം കേട്ടുകേട്ട് തഴമ്പിച്ചിരിക്കുന്നൂ.. താലി ഊരി അനിയന് കൊടുത്തൂ.

“പത്തു പവൻ ഉണ്ട്. ചേട്ടൻ്റെ ചടങ്ങുകൾ ഇതു വിറ്റു നടത്തണം. പിന്നെ ഇപ്പോൾ ആർക്കും അദ്ദേഹത്തെ വേണ്ട. ഈ കാണുന്ന സ്വത്തിൽ നിന്നും ഒന്നും അദ്ദേഹം നശിപ്പിച്ചിട്ടില്ല. ഇഷ്ടപെട്ട പെണ്ണിനെ കൂടെ കൂട്ടി. അത് നിങ്ങളൊക്കെ സമ്മതിച്ചിരുന്നെങ്കിൽ ഈ ഗതി അദ്ദേഹത്തിന് വരുമായിരുന്നില്ല. ഞാനും തെറ്റു കാരിയാണ്. അദ്ദേഹത്തെ മനസ്സിലാക്കുവാൻ എനിക്കും ആയില്ല. ഇനി അദ്ദേഹത്തെ പറ്റി ആരും ഒരക്ഷരം ഇവിടെ പറയരുത്.”

എവിടെ നിന്ന് എനിക്ക് ആ ധൈര്യം കിട്ടി എന്നറിയില്ല.

പിന്നെ ആരും ഒന്നും മിണ്ടിയില്ല.

അനിയത്തിയുടെ മുഖം സ്വർണ്ണം കണ്ടതും തെളിഞ്ഞു.

അല്ലെങ്കിലും ആ താലി ഇനി എനിക്ക് എന്തിനാണ്. അതെനിക്ക് എന്നും ഒരു ഭാരം ആയിരുന്നൂ. അത് അദ്ദേഹത്തിനെങ്കിലും ഉപകാരപ്പെടട്ടെ.. ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരുന്നൂ.

ഒരു ബിരുദം കൈയ്യിൽ ഉണ്ട്. B.Edഉം ഉണ്ട്. ഊട്ടിയിലെ കോൺവെന്റിൽ കൂട്ടുകാരി ഉണ്ട്. അവിടെ അവൾ ഒരു ജോലി തരാമെന്നു സമ്മതിച്ചിട്ടുണ്ട്. ഭർത്താവിനെ ഉപേക്ഷിച്ച ചേച്ചി എന്ന ചീത്തപ്പേര് അനിയത്തിമാർക്കു വേണ്ട അതായിരുന്നല്ലോ അമ്മയുടെ പേടി. ഇപ്പോൾ വിധവയാണല്ലോ.

ഇനി സ്വന്തമായൊരു ജീവിതം വേണം.

മുപ്പതു കഴിഞ്ഞതും അത്യാവശ്യം തുണികൾ പാക്ക് ചെയ്തു വച്ചൂ. പിറ്റേന്ന് രാവിലെ തന്നെ ഞാനും മകളും അവിടെ നിന്നിറങ്ങി.

ആരും തടഞ്ഞില്ല. കൂടെ വരണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടില്ല. കൈയ്യിൽ ഒന്നും ഇല്ലാത്ത വിധവയായ മകൾ അവർക്കും ബാധ്യത അല്ലെ.

വീടിൻ്റെ ഗേറ്റ് കഴിഞ്ഞതും മനസ്സിൽ എന്തോ ഒരു ആധി. ആരോ മനസ്സിൽ ഇരുന്നു പറയുന്നത് പോലെ

“അവരെ പോയി ഒന്ന് കാണണം…”

ഭർത്താവിൻ്റെ കാമുകിയെ.

അവിടെ ചെല്ലുമ്പോൾ കണ്ടു. മുറ്റത്തു ഒരു ആൾകൂട്ടം.

ആരോ പറയുന്നത് കേട്ടൂ.

“വിഷം കഴിച്ചതാണ്. ഇനി ആ കുഞ്ഞിന് ആരുണ്ട്..?”

മകളുടെ കൈയ്യും പിടിച്ചു ആളുകളെ തള്ളി മാറ്റി അകത്തേയ്ക്കു ഞാൻ ഓടി കയറി. നിലത്തു പായയിൽ അവരെ കിടത്തിയിരിക്കുന്നൂ. അവരുടെ മകൻ അവരെ കെട്ടി പിടിച്ചു കരയുന്നൂ.

എന്നെ കണ്ടതും അവൻ എന്നെ ഓടി വന്നൂ കെട്ടി പിടിച്ചൂ, എന്നിട്ടു പറഞ്ഞു.

എനിക്ക് അവനെ തടയുവാൻ കഴിഞ്ഞില്ല.

“ആന്‍റി അമ്മേ…”

“എന്തോ..”അറിയാതെ ഞാൻ വിളികേട്ടുപോയി. “അമ്മേ വിളിച്ചിട്ടു എഴുനേൽക്കുന്നില്ല. അപ്പയും വന്നില്ല. അമ്മ ഇന്നലെ പറഞ്ഞല്ലോ ആന്‍റി അമ്മ ഇന്ന് മോനെ കാണുവാൻ വരുമെന്ന്.ആന്‍റി അമ്മ വിളിച്ചാൽ അമ്മ എണീക്കും. വിളിക്ക് എൻ്റെ അമ്മേനെ വിളിക്ക്.”

ഞാൻ അവിടെ തളർന്നിരുന്നു പോയി. എന്നാലും അവൾ.. അവനു എന്നെ അറിയാം എന്നുള്ളത് എനിക്ക് അത്ഭുതം ആയിരുന്നൂ. അതിലും അത്ഭുതം ഞാൻ അവിടെ വരുമെന്ന് അവൾ എങ്ങനെ അറിഞ്ഞു.

അപ്പോഴാണ് ഞാൻ അവൻ്റെ കൈയ്യിലെ ഫോട്ടോ കണ്ടത്. ഞാനും അദ്ദേഹവും ഒന്നിച്ചു പണ്ടെന്നോ എടുത്ത ഫോട്ടോ.

അതിൻ്റെ പുറകിൽ എനിക്കായി ഒരു കത്ത് ഒട്ടിച്ചു വച്ചിരുന്നൂ.

“റോസ് എന്നോട് ക്ഷമിക്കണം. അദ്ദേഹത്തെയും നിങ്ങളെയും തമ്മിൽ അകറ്റിയതിനു. അദ്ദേഹം ഇല്ലാത്ത ഈ ലോകത്തിൽ എനിക്ക് ജീവിക്കുവാൻ ആകില്ല. സാധിക്കുമെങ്കിൽ ഒരു നല്ല അനാഥാലയത്തിൽ എൻ്റെ മകനെ ആക്കണം. ഇടയ്ക്കെല്ലാം പോയി ഒന്ന് അന്വേഷിക്കണം. എനിക്ക് വേറെ ആരുമില്ല, അവനും. അവനെ സ്നേഹിക്കുവാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ കൂടെ കൂട്ടണം. എൻ്റെ മകനായി കരുതേണ്ട, നിങ്ങളുടെ ഭർത്താവിൻ്റെ ചോരയാണ്. അവനു നിങ്ങളെ അറിയാം. നിങ്ങളുടെയും മകളുടെയും കാര്യം എന്നും അദ്ദേഹം പറയുമായിരുന്നൂ. കുറ്റബോധം മൂലമാണ് നിങ്ങളെ അദ്ദേഹം കാണാതിരുന്നത്. അദ്ദേഹം നിങ്ങളുടെ മകളെ ബസ് സ്റ്റോപ്പിൽ നിന്ന് കാണു മായിരുന്നൂ. എന്നോട് ക്ഷമിക്കണം എല്ലാറ്റിനും.”

എനിക്കെല്ലാം മനസ്സിലായി. എൻ്റെ ചോദ്യങ്ങൾക്കു ഉള്ള ഉത്തരം ലഭിച്ചിരിക്കുന്നൂ..

അതായിരുന്നൂ ഞാനും അവളും തമ്മിലുള്ള വ്യത്യാസം. ഞാൻ സ്നേഹിക്കുന്നതിലും ഒത്തിരി അവൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നൂ.

പിറ്റേന്ന് അവളുടെ ശരീരം പൊതു ശമശാനത്തിൽ അടക്കി.

ആ കുഞ്ഞിനെ അനാഥാലയത്തിൽ ആക്കുവാൻ എനിക്കാവില്ല. മരിച്ചു പോയവരോടുള്ള ദേഷ്യം ഞാൻ എന്തിനു അവനോടു കാണിക്കണം. മകളുടെ മടിയിൽ തല വച്ച് അവൻ ഉറങ്ങുന്നൂ. അവളുടെ മുഖം കണ്ടാലറിയാം അവൾക്കു എന്തോ നിധി കിട്ടിയ പോലെ ഉണ്ട്. രക്തം രക്തത്തെ തിരിച്ചറിയുന്നൂ..

കുഞ്ഞിനേയും മകളെയും കൂട്ടി ഞാൻ നടന്നൂ. എൻ്റെ ഈ കൈകളിൽ അവൻ സുരക്ഷിതൻ ആയിരിക്കും.

ഈ ലോകം എന്തും പറയട്ടെ. എനിക്ക് എൻ്റെ നീതി. ഇതെൻ്റെ ജീവിതം ആണ്.

“ഇനി പുതിയ ജീവിതത്തിലേയ്ക്ക്. ആർക്കും എന്നെ തോൽപ്പിക്കുവാൻ കഴിയില്ല. പുതിയ നാട്, പുതിയ സ്വപ്നങ്ങൾ അവിടെ ഞാനും എൻ്റെ രണ്ടു മക്കളും..”

Related Posts

Leave a Reply

Your email address will not be published. Required fields are marked *