കല്യാണം കഴിഞ്ഞു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും ആറ്റു നോറ്റു കിട്ടിയ കാമുകിക്ക് ഒരു ഉമ്മ പോലും…

എഴുത്ത്:-അരുൺ നായർ

“”ഓതിരം കടകം മരുകടകം കടകത്തിൽ ഒഴിവ് പിന്നെ കുഞ്ഞാവയും……””

യോദ്ധ സിനിമ കണ്ട ഭ്രാന്തിൽ ഈ ഡയലോഗും അടിച്ചു എന്റെ മുഞ്ഞിക്കിട്ടു ഒരു കുത്തും തന്നു പതിവ് പോലെ കുഞ്ഞാവ എന്റെയും ഭാര്യയുടെയും നടക്കു ഉറങ്ങാൻ കിടന്നു….. അപ്പോൾ ഞാൻ മൊബൈൽ കയ്യിലേക്ക് എടുത്തു ഭാര്യക്ക് മെസ്സേജ് അയച്ചു…..

“” എടി പോത്തേ നാളെ കുഞ്ഞാവ ഉണരും മുൻപ് എഴുന്നേറ്റോണം….. അല്ലാതെ പോത്ത് പോലെ കിടന്നുറങ്ങിയേക്കരുത്…….നാളെ നമ്മുടെ ഹണിമൂൺ യാത്ര ആരംഭിക്കുക ആയി…. നമ്മുടെ സ്വപ്ന യാത്ര….. കുഞ്ഞാവ ഉണർന്നാൽ പിന്നെ ഹണിമൂണിന് പോയിട്ട് ചന്തയിൽ പോലും പോകാൻ അവൾ നമ്മളെ സമ്മതിക്കില്ല….. “”

കല്യാണം കഴിഞ്ഞു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും ആറ്റു നോറ്റു കിട്ടിയ കാമുകിക്ക് ഒരു ഉമ്മ പോലും കൊടുക്കാൻ കഴിയാത്തവന്റെ വേദന കുഞ്ഞാവക്കു അറിയണ്ടല്ലോ….. പതിനഞ്ചു ദിവസം ഭാര്യക്ക് ഉമ്മ കൊടുക്കാൻ പോലും കഴിയാത്ത നീണ്ട പതിനഞ്ചു ദിവസം …….. ഇപ്പോൾ പ്രേമിക്കുമ്പോൾ തന്നെ എല്ലാം നടക്കുന്ന കാലത്ത് ലോകത്തിൽ ആരെങ്കിലും ആദ്യരാത്രി വാട്സ്ആപ്പിലൂടെ ആഘോഷിച്ചിട്ടു ഉണ്ടാവുമോ…..ദൈവമേ ,, ഭാര്യയും ആയുള്ള ആ ചാറ്റ് എങ്ങാനും വെളിയിൽ പോയാൽ പുതിയ സിനിമ വല്ലതും ഇറങ്ങും …… കുഞ്ഞാവേ കാത്തോണേ….. ഭാര്യക്ക് മെസ്സേജും അയച്ചു ഞാൻ ഓരോന്നും ഓർത്തു കിടന്നു……. ആദ്യ രാത്രി മുതൽ ഞങ്ങളുടെ സംഭാഷണവും കൊഞ്ചലും എല്ലാം വാട്സാപ്പിൽ കൂടി ആയതുകൊണ്ട് ഭാര്യ എന്റെ മെസ്സേജ് പ്രതീക്ഷിച്ചു കിടക്കുക ആയിരുന്നു….. അതുകൊണ്ട് തന്നെ പെട്ടെന്നു മറുപടിയും കിട്ടി…..

“” എത്ര നേരത്തെ ഉണർന്നാലും കുഞ്ഞാവ ഉണരില്ലേ…. എന്റെ നെഞ്ചത്ത് അല്ലേ അവളുടെ കാൽ നിങ്ങളുടെ നെഞ്ചത്ത് തലയും….. പിന്നെ നമ്മൾ ഒന്നു അനങ്ങിയാൽ പോലും അറിയുന്ന കുഞ്ഞാവയെ എങ്ങനെ പറ്റിക്കും….. ഈ ലോകത്തെ ആദ്യത്തെ ഭാര്യ ഞാൻ ആയിരിക്കും ഭർത്താവിന്റെ ചേച്ചിടെ മോളുടെ കാലും ചുമന്നു ഉറങ്ങുന്നത്…… എന്റെയൊരു വിധി അല്ലാതെ എന്ത്….. പ്രേമിച്ചപ്പോൾ ആണൊരുത്തനെ പ്രേമിക്കണമായിരുന്നു….””

“” നീ എന്നെ വെറും ആണും പെണ്ണും കെട്ടവൻ ആക്കാതേടി….. കുഞ്ഞാവയുടെ സ്നേഹം നിനക്കു അറിയില്ലാത്ത കൊണ്ട് ആണ് ഇങ്ങനെ ഒക്കെ പറയുന്നത്…… എന്റെ പ്ലാൻ ഞാൻ പറഞ്ഞു തരാം കുഞ്ഞാവേ പറ്റിക്കാൻ ഉള്ളത്…. നീ ഉണരുമ്പോൾ പറഞ്ഞാൽ മതി എന്റെ തലയണ തരാം അതുവെച്ചു കുഞ്ഞാവേടെ കാൽ പൊക്കി വെക്കണം എന്നിട്ടു നീ എഴുന്നേറ്റിട്ടു നിൻറെ തലയണ എടുത്തു അതിൽ കുഞ്ഞാവയുടെ തല വെക്കണം എന്നിട്ടു നൈസ് ആയി ഞാനും എണീക്കാം…… പെട്ടന്ന് കുഞ്ഞാവക്കു ഉറക്കത്തിൽ മനസ്സിലാകില്ല…… കുളിക്കാൻ ഒന്നും നിൽക്കണ്ട ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഉണരുമ്പോൾ അമ്മയെ വിളിച്ചു പോകുവാ പറഞ്ഞിട്ട് മുഖവും കഴുകി ഒറ്റ പോക്ക് കാറും എടുത്തു….. ഇപ്പോൾ മനസ്സിലായോ ഇത് വെറും മാമൻ അല്ല അൽ മാമൻ ആണെന്ന് ഭാര്യേ…… “”

“”പ്രേമിച്ച കാലം തൊട്ടു ഞാൻ കേൾക്കാറുണ്ട്……പ്ലാൻ ചെയ്തു അതു പൊളിച്ചു നാറി നിൽക്കുന്ന മാമന്റെ കഥ….. അതുകൊണ്ട് എന്തേലും ഇത്തവണ എങ്കിലും നടന്നാൽ മതിയായിരുന്നു……. എനിക്കും ഇല്ലേ മോഹങ്ങൾ….. ഇപ്പോൾ ഉറങ്ങാം രാവിലെ ഉണരേണ്ടത് അല്ലേ…. അപ്പോൾ ഗുഡ് നൈറ്റ്‌ ഏട്ടാ …. അല്ല അതു എന്തിനാണ് കാറിൽ പോകുന്നത് നമുക്കു ബുള്ളറ്റിൽ പോകാം ….. അതു എന്റെ ഒരു ആഗ്രഹം ആണ് ഏട്ടാ….. “”

“”എന്റെ പൊന്നു ഭാര്യേ അതുമാത്രം പറയരുത്,,,, ഇന്നു വരെ ബൈക്കിൽ പോകാൻ കുഞ്ഞാവ കാണാതെ എവിടെ ഒക്കെ ഇറങ്ങിയിട്ടുണ്ടോ അപ്പോൾ ഒക്കെ കുഞ്ഞാവ ടാങ്കിന്റെ മുകളിൽ ഉണ്ടായിരുന്നു……. ഈ പ്രാവശ്യം എനിക്കു ജയിക്കണം ഭാര്യേ എന്നിട്ടു എല്ലാവരേയും കൊണ്ട് പറയിക്കണം ഈ ബിടെക് മാമൻ വെറും പൊട്ടൻ അല്ല യന്ത്രങ്ങളുടെ പ്രവർത്തനം അറിയും പോലെ കുഞ്ഞാവയുടെ മനസ്സും അറിയുന്ന അൽ മാമൻ ആണെന്ന്…….നിൻറെ ഓരോ പൊട്ട ആഗ്രഹങ്ങൾ പറഞ്ഞു ഈ മാമനെ ഇനിയും ശശി ആകരുത് ….. പ്ലീസ് ഭാര്യേ….. കാര്യം മനസ്സിലാക്കി ഉറങ്ങിക്കോ നാളെ മുതൽ അടുത്ത അഞ്ചു ദിവസം നമുക്കു പൊളിക്കണം നിൻറെ ആഗ്രഹങ്ങൾ ഞാൻ തീർക്കും കണ്ടോ …… തിരിച്ചു വരുമ്പോൾ ഇവരെല്ലാം കുഞ്ഞാവയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും…… ഒന്നും ഇല്ലങ്കിലും ഇപ്പോൾ രാത്രിയിൽ ബെഡിലെ മുല്ലപ്പൂവും രാവിലെ കടൽക്കരയിൽ പോയി മണലും എണ്ണേണ്ടല്ലോ…. അതു തന്നെ ഭാഗ്യം…. “”

അത്രയും സംസാരിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു….. രാവിലെ പതുക്കെ എഴുന്നേറ്റു ഞങ്ങൾ പ്ലാൻ ചെയ്ത പോലെ കുഞ്ഞാവയെ പറ്റിച്ചു കിടത്തി മുറിയുടെ വെളിയിൽ ഇറങ്ങി അമ്മയെ വിളിച്ചു ഉണർത്തിയപ്പോൾ അമ്മ വീടിന്റെ വെളിയിലെ ബാത്‌റൂമിൽ ദിനചര്യ നടത്തിയാൽ മതിയെന്ന് പറഞ്ഞു…… അല്ലങ്കിൽ സൗണ്ട് കേട്ടു കുഞ്ഞാവ ഉണരും…. അമ്മയുടെ വാക്കുകൾ കേട്ടു വെളിയിലെ ബാത്റൂമിൽ അപ്പുറത്തും ഇപ്പുറത്തും ആയി ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാർ വെളിക്കിരുമ്പോളും എന്റെ ചിന്തകൾ മുഴുവൻ കുഞ്ഞാവയെ കുറിച്ചു ആയിരുന്നു……. പാവം എന്റെ നെഞ്ചിൽ കിടക്കുന്നതിനു പകരം ആ തലയിണയിൽ കിടക്കുക ആണ്…… സത്യത്തിൽ അവളുടെ ഈ വാശി മുഴുവൻ എന്നോടുള്ള സ്നേഹം കൊണ്ടു ആണല്ലോ ഓർക്കുമ്പോൾ ആണ് ഈ പറ്റിച്ചു പോകുന്നതിൽ ദുഃഖം…… അപ്പോൾ ആണ് കല്യാണം കഴിഞ്ഞു പതിനാറു ദിവസം ആയിട്ടും കിട്ടാക്കനി ആയി കയ്യിൽ ഇരിക്കുന്ന ഭാര്യയെ കുറിച്ചു ഓർമ്മ വന്നത്…. വേണ്ട കുഞ്ഞാവയെ പറ്റിച്ചില്ലെങ്കിൽ ദാമ്പത്യം ശോകം ആകും……. പെട്ടന്ന് തന്നെ റെഡി ആയി വന്നപ്പോൾ അമ്മ ചായ കുടിക്കാൻ ഉണ്ടാക്കി തന്നു……

ചായയും കുടിച്ചു ബൈക്കിന്റെ അടുത്തേക്ക് നടന്ന ഭാര്യയെ പിടിച്ചു വലിച്ചു കുഞ്ഞവാക്ക് സങ്കടം ആകരുതേയെന്നു മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു…… ഡോർ തുറക്കാനായി തുടങ്ങിയതും കാറിന്റെ ബോണറ്റിൽ ഒരു രൂപം ഇരിക്കുന്നു……

ദൈവമേ കുഞ്ഞാവ…. ഇവൾ ഇത് എങ്ങനെ അറിഞ്ഞോ…. യോദ്ധയിൽ മോഹൻലാൽ ഇടിക്കാൻ കൈ ചുരുട്ടും പോലെ കൈ ചുരുട്ടുന്നും ഉണ്ടല്ലോ……. ഞങ്ങൾ ഇങ്ങനെ പകച്ചു പോയ ഹണിമൂണിനെ ഓർത്തു നിന്നപ്പോൾ കുഞ്ഞാവയുടെ ചോദ്യം എത്തി……

“” ചതി അതു കുഞ്ഞാവ ബെച്ചു പൊരുപ്പിക്കില്ല…. നിനച്ചും നിൻറെ ഫാര്യച്ചും ഒരു അപകതവും വരാതെ നിങ്ങലുടെ നതുക്കു നീന്തു കിതക്കുന്ന ഈ കുഞ്ഞാവയുടെ ച്നേഹം നിനച് അരിയാൻ കയുയുന്നില്ലല്ലോതാ പത്തിമാമ…… കുഞ്ഞാവയുടെ ഉപ്പുമാവും മുത്തയും തിന്നാൻ നേരത്ത് അവനു ച്നേഹം അല്ലാത്തപ്പോൾ ഈ പീറ ഫാര്യ …. നതക്കില്ല പത്തി മാമാ ഇനിയും ഈ രന്തു വള്ളത്തിൽ കാലു ചവിത്തി ഉള്ള നതപ്പ്…… ഇതു ചുമ്മാ സതാരണ കുഞ്ഞാവമാർ പരയും പോലെ ഉള്ള തയലോത്…. അല്ല ഈ കുഞ്ഞാവ പണി തരും പരഞ്ഞാൽ തന്നിരിക്കും….. “”

ഞാൻ മൂ ഞ്ചി പോയ ഹണിമൂണിനെ ഓർത്തു നിന്നപ്പോൾ പോകാൻ ഉള്ള കൊതികൊണ്ട് ആണെന്ന് തോന്നുന്നു ഭാര്യ ചാടി കയറി പറഞ്ഞു……

“” ഞങ്ങളുടെ പൊന്നു കുഞ്ഞാവ അല്ലേ….. ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ലേ…. ഞങ്ങൾക്കും ഇല്ലേ ഒരുമിച്ചു ഒരു യാത്ര ഒക്കെ പോകാൻ ആഗ്രഹം….. മാമനും അമ്മായിയും പോയിട്ട് വരാം…. ഞങ്ങളുടെ നല്ല മിടുക്കി കുഞ്ഞാവ അല്ലേ….””

“” കൊതുകിനും ഉന്തെതി അമ്മായി കിമികതി….. എന്നും പരഞ്ഞു നീ പോയി ചൊരിഞ്ഞു കൊതുക്കുമോ കൊതുകിനു….. നീയാണ് പൊത്തനും മത്തങ്ങാ മോരനും പത്തിയുടെ വില കളയുന്ന നന്നി ഇല്ലാത്തവൻ ആയിത്തും പത്തിമാമ എന്നു കുഞ്ഞാവ വിളിക്കുന്നവനും ആയ ഇവനെ ചീത്ത ആക്കുന്നത്….. അവളുടെ ആക്രഹം കേറി പോടീ പത്തിമാമി അകത്തേക്ക്…… നിനച്ചു അത്രച്ചും മോഹം ആണെ ഒറ്റയ്ക്ക് പൊക്കോ കണിമൂണിന് എന്തെ പത്തിമാമനെ വിതണ മെന്തിൽ ഞാനും കൂതെ ഉന്താകും….. കേട്ടോതി പിത്താകാതി ….പോകണം നിര്പന്ധം ഉന്തെങ്കിൽ തെ ഞാനും ഒയുങ്ങിയാണ് വന്നേക്കുന്നത്….. നമുക്കു പോകാം….

അത്രയും പറഞ്ഞിട്ടു ഭാര്യയുടെ മുഖത്തേക്ക് നോക്കി ഒരു ഭീക്ഷണി പോലെ പറഞ്ഞു….

നീ വായിച്ചേക്കുന്ന കതകളിൽ കാണുന്ന നല്ലതും ചീത്തയും ആയ കുഞ്ഞാവ ഈ ഞാൻ തന്നെയാണ്…. അവളുടെ ഒരു കണിമൂൺ…..ആത്യം പോയി നല്ലൊയു ചായ ഉന്താക്കാൻ പതിക്കു പിന്നെ അല്ല തൂർ ഒക്കെ….. “

ഭാര്യ രാവിലെ തന്നെ കിട്ടിയതും മേടിച്ചു എന്നെയൊന്നു ഇരുത്തി നോക്കി എന്റെ അച്ഛനെ മനസ്സിൽ സ്മരിച്ചുകൊണ്ട് ആണെന്ന് തോന്നുന്നു അകത്തേക്ക് കയറി പോയി…….ഞാൻ നോക്കിയപ്പോൾ തിണ്ണയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛൻ എന്തായാലും നന്നായിട്ടു തുമ്മുന്നുണ്ട് …. എന്തേലും ആകട്ടെ വെച്ചു ഞാനും പതുക്കെ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ കുഞ്ഞാവയുടെ വിളി വന്നു…..

“” നീ എങ്ങൊത്താ പത്തി ഇരച്ചിയുടെ മനം പിതിച്ചു പോതും പോലെ കയരി പോകുന്നത്….. നാനം ഇല്ലാലോ പത്തിമാമ ഇങ്ങനെ പെകൊന്തൻ ആകാൻ…. “”

“”അതു പിന്നെ കുഞ്ഞാവ കല്യാണം കഴിഞ്ഞാൽ ഭർത്താവ് ഭാര്യയുടെ കൂടെ അല്ലേ വേണ്ടത്…. അതാണ് മാമൻ കൂടെ പോയത്….. “”

“” ടാ പത്തിമാമ അപ്പോൾ നീ എന്തെ അംങ്കബാതി തീച്ചറിന്റെ അനുയത്തിയുടെ കൂതെ കുരെ നാൾ തല്യണം കയിച്ചിട്ട് ആണോതാ നതന്നത്….. അവൾ ആയിരുന്നു വേദം…. കുഞ്ഞാവയോട് ച്നേഹം ഉന്തായിരുന്നു….. “”

“”എന്റെ പൊന്നു കുഞ്ഞാവ ഒന്നു പതുക്കെ പറ…. അമ്മായി കേട്ടാൽ മാമൻ പിന്നെ കന്യകൻ ആയി ജീവിതം തീർക്കേണ്ടി വരും……. “”

“” നിനച് ഇപ്പോൾ കുഞ്ഞാവ പതുക്കെ പരയണം അല്ലേതാ …. നീ എന്തെ മാമൻ ആണ് എന്നുള്ള ഒറ്റ കാരണം കൊന്ത് കുഞ്ഞാവ തീച്ചറുടെ മുന്നിൽ എതറ തെരി കേത്തെന്നു അരിയുമോ….. എന്നിത്തും ഒരു വാക്ക് കൊന്ത് പോലും കുഞ്ഞാവ നിന്നേ പരഞ്ഞു വേതനിപ്പിക്കാതെ ഉപ്പുമാവും മൊത്തയും കിൻന്തർ ജോയിയും തന്നു നിന്നേ നോക്കിയിത്തും നീ എന്നെ പറ്റിക്കാൻ നോചി അല്ലേ….. ഇല്ല ഇതിനു മാപ്പില്ല പത്തി മാമാ…. “”

“”ആണോ കുഞ്ഞാവ….. അറിഞ്ഞില്ല മാമനോട് ആരും ഇതൊന്നും പറഞ്ഞില്ല…. മാമൻ പണി കൊടുക്കാം കുഞ്ഞാവേടെ ടീച്ചറിനിട്ടു….. കുഞ്ഞാവ കുളിച്ചൊരുങ്ങി നഴ്സറിയിലേക്കു പൊക്കോ….. “”

“”നീ പത്യേകിച്ചും പണിയാൻ ഒന്നും പോകന്ത…. നീ പണിതത്തിന്റെ ഒക്കെ ആണ് ഇപ്പോൾ ഞാൻ അനുപവിക്കുന്നെ …. കൂതെ പതിക്കുന്ന ഒരുത്തനോത് കുഞ്ഞാവക്കു ഇച്ചട്ടം തോന്നി അതു തുരന്നു പരഞ്ഞപ്പോൾ തന്നെ തീച്ചർ അവനോടു പരഞ്ഞു തേപ്പ് മാമന്റെ കുഞ്ഞാവ ആണ് മോൻ രച്ചപെറ്റോളാൻ…… “”

“”കുഞ്ഞാവാക്കു അതിൽ ദുഃഖം ഉണ്ടോ കുഞ്ഞാവേ…. മാമൻ പറഞ്ഞു മാറ്റി തരാം എല്ലാം…. മാമനോട് ഒന്നു ക്ഷമിക്കു…. “”

“” എനിച് ഒന്നിലും ദുച്ചം ഇല്ല നീ എന്നെ പറ്റിച്ചത് ഒയിച്ചു…. ഇനിയും നീ ഈ ബിത്തികേത്ത കളി കളിച്ചാൽ നിൻറെ നെന്നത്ത് ഞാൻ സബോള ഗിരി ഗിരി നതത്തും പരഞ്ഞേക്കാം…. കയരി പൊക്കോ അകത്തേക്ക്…… പിന്നെ ചെമ്മ എന്ന രണ്ടചരം എനിക്കു ഇല്ല….അരിയാമല്ലോ അതു…. “”

കുഞ്ഞാവയുടെ താക്കിതും മേടിച്ചു വീട്ടിലേക്കു കയറാൻ തുടങ്ങിയപ്പോൾ ഭാര്യ നിൽക്കുന്നു…. എന്നെയും പിടിച്ചു വലിച്ചുകൊണ്ട് ഭാര്യ അകത്തേക്ക് പോയി കതകു അടച്ചു….. ഭാഗ്യത്തിന് കുറ്റി ഇട്ടില്ല…. അല്ലങ്കിൽ പെട്ടന്ന് ഒരു അടി വന്നാൽ ഇറങ്ങി ഓടാൻ പറ്റില്ലല്ലോ……

“” ആരാടോ മനുഷ്യ കുഞ്ഞാവ പറഞ്ഞ ടീച്ചറിന്റെ പെങ്ങൾ….. ഇത്തിരി കുറുമ്പ് ഉണ്ടെങ്കിലും ആ പാവം കുഞ്ഞാവ വേണം എല്ലാ സത്യങ്ങളും വെളിയിൽ കൊണ്ടു വരാൻ…. സത്യം പറഞ്ഞോ എന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധം….. ഇപ്പോളും ഉണ്ടോ എനിക്കു സംശയം ഇല്ലാതെയില്ല…… “”

കുഞ്ഞാവാക്കു മനസ്സിൽ ഞാൻ നല്ല നമസ്കാരം പറഞ്ഞു പോയ നിമിഷം … ദൈവമേ ഈ പുകിലിൽ നിന്നും ഞാൻ ഇനി എങ്ങനെ വെളിയിൽ ചാടും…. എന്റെ കുഞ്ഞാവേ ഈ പത്തിമാമന് മിട്ടായിയും ഐസ്ക്രീമും ഉപ്പുമാവും തന്നത് ഇങ്ങനെ അറക്കാൻ കൊടുക്കാൻ ആയിരുന്നോ…….ഞാൻ ഇങ്ങനെ ഓരോന്നും മനസ്സിൽ ഓർത്തു നിന്നപ്പോൾ ഭാര്യ അവരുടെ ആയുധം വെളിയിൽ എടുത്തു തുടങ്ങിയിരുന്നു …..

“” എന്റെ പൊന്നു ഭാര്യേ നീ ഇങ്ങനെ കരയല്ലേ……അതൊക്കെ നമ്മൾ കുഞ്ഞാവയെ പറ്റിച്ചതിന്റെ ദുഃഖത്തിൽ തട്ടി വിടുന്നതാണ്…. നീ അതൊന്നും കാര്യമാക്കണ്ട…. കുഞ്ഞാവ ഇടയ്ക്കു ഇങ്ങനെ ആണ് പരസ്പര ബന്ധം ഇല്ലാതെ ഓരോന്നും തട്ടി വിടും…. നീ കാര്യമാക്കണ്ട….. “”

“” വേണ്ട ഒന്നും പറയണ്ട കുഞ്ഞാവ ഒരിക്കലും നുണ പറയില്ല…. ആ മനസ്സിൽ കള്ളം ഇല്ല…. നിങ്ങൾ ആണ് നുണ പറയുന്നത്….. ‘”

ഭാര്യ പറയുന്നതും കേട്ടുകൊണ്ടാണ് കുഞ്ഞാവ കതകും തുറന്നു മുറിയിലേക്ക് കയറി വന്നത്….. വന്നതും ചോദ്യവും ഒരുമിച്ചു ആയിരുന്നു…..

“” ആരാതാ പത്തി മാമാ കള്ളം പരഞ്ഞത്…. നിൻറെ അച്ഛൻ എന്റെ അപ്പൂപ്പൻ ആയതു നിൻറെ ഫാക്യം അല്ലേൽ നിൻറെ അച്ഛനും മുത്തച്ചനും ഉൾപ്പടെ 16 തലമുരയ്ക്ക് ഞാൻ പരഞ്ഞേനെ…….. എതാ നത്തെല്ലു വേണമെതാ അല്ലാതെ ഫാര്യ ചോദിക്കുപോൾ നുനകൾ പരയുക അല്ല വേന്തത്…… അല്ല നിനക്കു എവിതെയാണ് നത്തെല്ല്,,,, ഇതുവയെ എന്റെ ഐകരീമും കിന്തർ ജോയ് മോചിട്ടിക്കാൻ മാതരം അതുക്കളയിൽ കയരിയ നീ കയിഞ്ഞ ദിവസം ഇവലുടെ കൂതെ ഇരുന്നു മാവ് ആത്തുന്നത് കന്തപ്പോൾ തന്നെ കുഞ്ഞാവക്കു മനചിലായി നീ വെറും പെങ്കോന്തൻ ആണെന്ന്….. അങ്ങനെ പരയുന്നില്ല നീ അതിലും ലോ ആണല്ലോ അവർക്കും നാനക്കേത് ആകും നിന്നേ അങ്ങനെ വിളിച്ചാൽ….. “”

അത്രയും പറഞ്ഞു എന്റെ വയറു നിറച്ചതിന് ശേഷം നേരെ കാമുകിക്ക് അടുത്തേക്ക് ചെന്നു എന്നിട്ടു ചോദിച്ചു….

“”എന്തിനാ ഈ കരച്ചിൽ….. നീ ഒന്നും ഇല്ലങ്കിലും കുഞ്ഞാവയുടെ അമ്മായി അല്ലേ….. ഇവൻ വല്ല കള്ളത്തരവും കാനികുന്നതായി തോന്നിയാൽ ഇപ്പോളത്തെ ത്രെണ്ട് അനുസരിച്ചുള്ള നല്ലൊരു ബിയാണി അങ്ങു ബേച്ചേക്കണം അല്ലാതെ ഇങ്ങനെ കിതന്നു മോങ്ങാൻ നാനം ഇല്ലല്ലോ…. ഇനിയും ഞാൻ നിൻറെ ഒന്നും അതുത്ത് നിൽക്കുന്നില്ല നിന്നാൽ വല്ല കതുത്ത ബാക്കും പരഞ്ഞു പോകും…. “”

അത്രയും പറഞ്ഞു ഞങ്ങളെ രണ്ടു പേരെയും ഒന്നു ഇരുത്തി നോക്കിയിട്ട് കുഞ്ഞാവ ഇറങ്ങി പോയി….

രാവിലെ തന്നെ രണ്ടാൾക്കും നല്ലതു പോലെ കിട്ടിയത് കൊണ്ട് രാവിലെ ഒന്നും കഴിക്കാൻ വേണ്ടായിരുന്നു…. ഞാൻ അതുകൊണ്ട് കുഞ്ഞാവയുടെ രണ്ടു ഐസ് ക്രീം കഴിച്ചു അഡ്ജസ്റ്റ് ചെയ്തു…. പകൽ കിനാവ് പോലെ ഞങ്ങൾ കണ്ട ഹണിമൂൺ സ്വപ്നം മറന്നു ഞങ്ങൾ പൊട്ടി ചിരിച്ചു….. ഭാര്യ ബിരിയാണിക്ക് സ്കോപ്പ് ഉണ്ടാകും പ്രതീക്ഷിച്ചും ഞാൻ തൽകാലം ഒരു തേപ്പ് കഥ ഭാര്യ കാര്യമായി എടുത്തില്ലല്ലോ കരുതിയും…..

Leave a Reply

Your email address will not be published. Required fields are marked *