കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ അവനു അവളോട് ഭയങ്കര സ്നേഹം ആയിരുന്നു. അവന്റെ വീട്ടില്…

പാതിയിൽ വിരിഞ്ഞ പൂവ്

Story written by Salini Ajeesh Salu

“അമ്മേ… വിശക്കുന്നു. സ്കൂളിൽ നിന്ന് വന്നിട്ടും ചായക്ക് ഒന്നും തന്നില്ലല്ലോ. ഇപ്പോൾ വല്ലാണ്ട് വിശക്കുന്നുണ്ട് എനിക്ക്.. “

മോന്റെ കരയാൻ വെമ്പുന്ന മുഖം കണ്ടതോടെ മീനയ്ക്കും കരച്ചിൽ വന്നു.

“അമ്മേടെ മുത്തിന് അച്ഛൻ ഇപ്പോൾ പലഹാരം കൊണ്ട് തരും. മോൻ കരയണ്ട.”

മീന അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

പ്രായം കൊണ്ട് ചെറുതെങ്കിലും അനുഭവങ്ങൾ കൊണ്ട് അവളെ വയസ്സ് പറയിപ്പിച്ചു.

ഇഷ്ടം തോന്നിയ ചെറുക്കനെ ജാതിയുടെ മേന്മ പറഞ്ഞു ഒഴിവാക്കി അവളെ തന്റേതിലും വയസ്സു കൂടിയതും വിദ്യാഭ്യസം തീരെ കുറഞ്ഞതും നാട്ടില് അറിയപ്പെടുന്ന കുടുംബത്തിലെ നന്ദന് അവളെ അവളുടെ അച്ഛൻ നിർബന്ധിച്ചു വിവാഹം ചെയ്തു കൊടുത്തു.

പിഡിഗ്രി കഴിഞ്ഞു തുടർന്ന് പഠിക്കാൻ അവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എല്ലാം ഒരു മഞ്ഞ ചരടിൽ അവസാനിപ്പിക്കേണ്ടി വന്നു ആ പാവടക്കാരിക്ക്.

പതിനെട്ടാം വയസ്സിൽ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് നന്ദന്റെ വീട്ടിൽ മരുമകൾ ആയി ചെന്ന് കയറി. ഗൾഫിൽ ഡ്രൈവർ ആയിരുന്നു നന്ദൻ.

കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ അവനു അവളോട് ഭയങ്കര സ്നേഹം ആയിരുന്നു. അവന്റെ വീട്ടില് അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും ഒരു അനുജത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർക്ക് ഒക്കെ മീനയെ ഭയങ്കര ഇഷ്ടം ആയിരുന്നു.

അന്യനാട്ടിൽ കൂട്ടുകാരോട് ഒത്തു മദ്യപാനം ശീലിച്ച നന്ദൻ കല്യാണം കഴിഞ്ഞതിൽ പിന്നെ രണ്ടു വർഷമേ വിദേശത്തു നിന്നുള്ളൂ. ലീവിന് വന്ന അവൻ പിന്നെ പോയില്ല. നാട്ടിലെ ചങ്ങാതിമാരോടൊത്ത് കുടിയും ആഘോഷവും ആയി നടന്നു. കമ്പനി വിസ യുടെ കാലാവധി തീർന്നിട്ടും പുതുക്കാനോ വേറെ ജോലിക്ക് ശ്രമിച്ചതോ ഇല്ല. മീനയുടെ കഷ്ടകാലം അവിടെ ആരംഭിക്കുകയായിരുന്നു. എന്നും കുടിച്ചു വരുന്ന നന്ദൻ എല്ലാവരോടും വഴക്ക് ഉണ്ടാക്കി തുടങ്ങി . ഗർഭിണിയായ മീനയുടെ കാര്യങ്ങൾ തിരക്കാതെ ആയി. വീട്ടുകാർ പലതും സഹിച്ചു.എന്നും ലഹളയായി അവസാനം ഏട്ടത്തിഅമ്മയെ മദ്യലഹരിയിൽ തല്ലാൻ ഓങ്ങിയ നന്ദൻ ഏട്ടന്റെ കൈയുടെ ചൂട് അറിഞ്ഞു. പിറ്റേന്ന് ഇറങ്ങിയത് ആണ് ആ വീട്ടിന്നു. നന്ദനും മീനയും വാടക വീട്ടിലേക്ക് മാറി. എന്നിട്ടും കുടിയുടെ അളവൊന്നും അയാൾ കുറച്ചില്ല. അതിനിടയിൽ അവർക്ക് ഒരു മോൻ ഉണ്ടായി. മീനയുടെ വീട്ടുകാരെയും അവൻ വെറുപ്പിച്ചു കഴിഞ്ഞിരുന്നു അതിനിടയിൽ.

“മറ്റാരോ ചുമന്ന വിഴുപ്പ് ഭാണ്ഡം ആണ് എന്റെ തലയിൽ എടുത്തു വച്ചു തന്നത്”

എന്ന് മീനയുടെ അച്ഛനെ കാണുമ്പോൾ ഒക്കെ പറഞ്ഞു കുറ്റപ്പെടുത്തി. അയാൾക്ക് ഇപ്പോൾ കുറ്റബോധം ഉണ്ട് മകളുടെ ഈ അവസ്ഥക്ക് താൻ ആണല്ലോ കാരണം എന്നോർത്ത്…

ഇടക്കാല ആശ്വാസം എന്ന പോലെ കിട്ടിയ ഒരു കമ്പനിയിലെ ഡ്രൈവർ ജോലി അയാളുടെ മദ്യപാനം നിമിത്തം ഇല്ലാതായി. നാട്ടിൽ ആരും അയാൾക്ക് ജോലി കൊടുക്കാതെ ആയി.

വിശപ്പിന്റ വിളി നല്ലോണം അറിഞ്ഞു തുടങ്ങിയപ്പോ അവൾ എന്തെങ്കിലും ജോലിക്ക് പോകാമെന്നു പറഞ്ഞു. ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ നന്ദൻ അതിന് സമ്മതിച്ചു. രണ്ടു സഹോദരിമാർ ചേർന്ന് നടത്തുന്ന പലഹാരകടയിൽ അവൾക്ക് ജോലി കിട്ടി.ആ തുച്ഛമായ തുക കൊണ്ട് ഒന്നിനും തികയില്ല വീടിന്റ വാടക കൊടുക്കാൻ അല്ലാതെ.

“അമ്മേ… കുറച്ചു വെള്ളം താ…. “

കണ്ണന്റെ വിളി മീനയെ ചിന്തയിൽ നിന്നും ഉണർത്തി. അവൾ വേഗം ഗ്ലാസിൽ വെള്ളം എടുത്തു കൊടുത്തു. അതും കുടിച്ചു കൊണ്ട് അവൻ മൂന്നാം ക്ലാസ്സിലെ പാഠപുസ്തകം മറിച്ചു നോക്കിക്കൊണ്ടിരുന്നു . ഗവണ്മെന്റ് സ്കൂളിൽ ആയത് കൊണ്ട് ഉച്ചക്ക് അവിടെ നിന്നും ഭക്ഷണം ലഭിക്കും. പിന്നെ പുസ്തകത്തിനും മറ്റും ചിലവും ഇല്ല. അത് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു അവൾക്ക്. വിശക്കുന്ന തന്റെ കുരുന്നിനു വയറു നിറയെ ഭക്ഷണം നൽകാൻ കഴിയാത്ത ഒരു ഗതികെട്ട അമ്മയാണ് താൻ..

“അച്ഛൻ വന്നിട്ട് കിടന്നാൽ മതി ട്ടോ എന്റെ മുത്ത്… ! “പലഹാരം എന്തെങ്കിലും വാങ്ങിക്കാതെ വരില്ല. പോകുമ്പോൾ പ്രതേകം പറഞ്ഞത് ആണ്. പൈസയും കൊടുത്തിട്ട് ഉണ്ട് അമ്മ.. മീന പറഞ്ഞു… “

കണ്ണൻ അമ്മേടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. വീണ്ടും പുസ്തകത്തിലേക്ക് കണ്ണ് നട്ടു.

“എടി.. ഒരുമ്പെട്ടോളെ… ഇങ്ങു വാടി..”

നാലുകാലിൽ ആടി വരുന്ന നന്ദനെ അല്ല ആദ്യം അവൾ നോക്കിയത്. കയ്യിലോ നിലത്തോ സഞ്ചിയോ വല്ല പൊതികെട്ടോ ഉണ്ടോന്ന് ആയിരുന്നു. ഒന്നും കാണാതെ ആയപ്പോ അവൾക് എന്തെന്ന് ഇല്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു

“ഈശ്വര.. ഞാൻ ഇനി എന്റെ കൊച്ചിനു എന്ത് കൊടുക്കും…..? “

അയാൾ മുറ്റത്തു നിന്നും വേച്ചു വേച്ചു എങ്ങനെയോ വീടിനുള്ളിലേക്ക് കയറി സെന്റർ ഹാളിലെ കസേരയിൽ ഇരുന്നു.

“നിങ്ങളോട് ഞാൻ പോകുമ്പോൾ പറഞ്ഞിരുന്നോ മനുഷ്യ…..? മോൻ സ്കൂളിൽ നിന്നും വരുമ്പോൾ ഒന്നും കൊടുക്കാൻ ഇല്ലെന്ന്… ഇവിടെ കഞ്ഞി വെക്കാൻ പോലും ഒരു മണി അരി പോലും ഇല്ലെന്നും…!

” എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന പൈസ ആണ് ഞാൻ നിങ്ങൾക്ക് നുള്ളിപ്പെറുക്കി തന്നത്. ഇനി ആരോടും കടം പോലും വാങ്ങിക്കാൻ ഇല്ല. സ്വന്തം കുഞ്ഞിന്റെ വിശപ്പ് അകറ്റാൻ കഴിയാത്ത നിങ്ങൾ ഒരച്ഛൻ തന്നെ ആണോ….?

മീന ഉറക്കെ പറഞ്ഞു..

“എടി പിഴച്ചവളെ…. നിന്നെ കെട്ടിയത് മുതലാണെടി ഞാൻ നശിച്ചേ… നിന്റെ തന്ത ഉണ്ടല്ലോ ആ കിളവൻ എന്റെ തലയിൽ ആക്കിയത് അല്ലേടി നിന്നെ… !”

എപ്പോഴും മറുത്ത് ഒന്നും പറയാതെ എല്ലാം കേട്ട് കൊണ്ടിരുന്നിരുന്ന അവൾക്ക് ഇന്ന് വല്ലാത്ത ദേഷ്യം വന്നു..

“ദേ.. ഏട്ടാ വെറുതെ വേണ്ടാതീനം പറയരുത്. ഒരാളെ സ്നേഹിച്ചു എന്നുള്ളത് സത്യം ആണ് എന്ന് വച്ച് ഞാൻ പിഴച്ചിട്ട് ഇല്ല…”

” കല്യാണം കഴിഞ്ഞതിൽ പിന്നെ എന്റെ ഭാഗത്തു എന്ത് തെറ്റ് ആണ് ഏട്ടൻ കണ്ടിട്ട് ഉള്ളത്. നമ്മുടെ മോനെ പോലും ഓർക്കാതെ ഏട്ടൻ എന്ത് ഭാവിച്ചു ആണ് ഇങ്ങനെ കുടിച്ചു നശിക്കുന്നത്..??

“എടി… എടി പിഴച്ചവളെ .. നമ്മുടെ മോനോ? നിന്റെ ആ രഹസ്യക്കാരന്റെ മോനെന്നു പറയെടി… “

അതും പറഞ്ഞു അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു..

കണ്ണൻ പേടിച്ചു റൂമിൽ കട്ടിലിന്റെ സൈഡിൽ പോയി ഒളിച്ചിരുന്നു.

കസേരയിൽ നിന്ന് എഴുന്നേറ്റ അയാൾ മീനയെ പിടിച്ചു വലിച്ചു മുഖത്തു തന്നെ അടിച്ചു.

“ജോലിക്ക് പോകുന്നതിന്റെ അഹങ്കാരം ആണെടി നിനക്ക്. അവിടെയും വരുന്നുണ്ടാകും നിന്റെ ആ മറ്റവൻ… “

“ഞാൻ ഇതൊന്നും അറിയുന്നില്ലെന്ന് കരുതിയോ.. ******മോളെ.. “

അതും പറഞ്ഞു നന്ദൻ അവളെ കാലുയർത്തി ചവിട്ടി… അവൾ ഒരു അലർച്ചയോടെ അടുത്തുള്ള ടീപോയിയുടെ മുകളിലെക്ക് തെറിച്ചു വീണു.

എന്നിട്ടും ദേഷ്യം മാറാതെ നന്ദൻ

വേച്ചു വേച്ചു പോയി അടുത്ത് കിടന്ന കസേര എടുത്തു വീണുകിടക്കുന്ന മീനയുടെ തലയിൽ ശക്തിയോടെ അടിച്ചു.. ഒരു ഞരക്കം മാത്രമേ അവളിൽ നിന്ന് പുറത്തു വന്നുള്ളൂ

പിന്നീട് എന്തിലോ തട്ടി തറയിലേക്ക് വീണ അയാൾ എന്തൊക്കെയോ പുലമ്പികൊണ്ട് മയക്കത്തിലേക്ക് വീണു.

കുറച്ചു നേരം കഴിഞ്ഞു…. ബഹളം ഒന്നും കേൾക്കാതെ ആയപ്പോൾ കണ്ണൻ ഒളിച്ചിരുന്ന ഇടത്തു നിന്നും എഴുന്നേറ്റു.

അച്ഛൻ വന്നു വഴക്ക് ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് അവനു. ആ കുഞ്ഞു മനസ്സ് നോവുന്നത് കാണാൻ അവന്റെ അച്ഛന് ഒരിക്കലും സാധിച്ചിട്ടില്ല..ഒരച്ഛന്റ്റെ സ്നേഹവും ലാളനയും ഒന്നും അവനു കിട്ടിയിട്ടും ഇല്ല.. എപ്പോഴും ഇങ്ങനെ ബഹളം ഉണ്ടാക്കിയാൽ കുറച്ചു കഴിഞ്ഞു അമ്മ തന്നെ വന്നു ചേർത്ത് പിടിച്ചിട്ട് കുറെനേരം ഇരുന്നു കരയും.

ഇന്ന് അമ്മയെ കാണാത്തൊണ്ട് കണ്ണൻ പതുക്കെ ഒച്ച ഉണ്ടാക്കാതെ റൂമിൽ നിന്നും സെന്റർ ഹാളിലേക്ക് വന്നു നോക്കി.. അച്ഛൻ കസേരകൾക്കിടയിൽ വീണു കിടന്നു കൂർക്കം വലിക്കുന്നു. അമ്മ എവിടെ കണ്ണൻ ചുറ്റും കണ്ണോടിച്ചു..

അമ്മ അതാ കുറച്ചു മാറി കിടക്കുന്നു.. അടുത്ത് പോയ കണ്ണൻ ഞെട്ടി.. ചുറ്റും രക്തം ഒഴുകുന്നു .. അമ്മേടെ വയറിൽ ടീപ്പോയിൽ ഷോക്ക് വച്ചിരുന്ന കുന്തവും വാളും എന്തിയ ഇരുമ്പ് പ്രതിമയുടെ വാൾ തുളച്ചു കയറിയിരിക്കുന്നു.. തലയിൽ നിന്നും രക്തം ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു ….

എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ ഭയത്തോടെ കരഞ്ഞു കൊണ്ട് അമ്മയെ വിളിച്ചു. തന്റെ വിശപ്പ് അകറ്റാനും ചേർത്ത് പിടിക്കാനും ഇനി അമ്മയില്ലെന്ന സത്യം അറിയാതെ.. കണ്ണൻ അമ്മേടെ അടുത്ത് ചേർന്നിരുന്ന് അമ്മയെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.

👉 മദ്യത്തിലും ലഹരിയിലും അടിമപ്പെട്ട് എത്രയോ ജീവിതങ്ങൾ ഇങ്ങനെ നശിച്ചു പോകുന്നു അല്ലെ..

ഇത് എന്റെ ഒരു പഴയ രചന ആണ്..തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കു.. നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കുമല്ലോ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *