ദുർനടപ്പുകാരി
Story written by Suja Anup
പിഞ്ഞിപ്പോയ രണ്ടു സാരികളും എടുത്തു അവിടെ നിന്നിറങ്ങുമ്പോൾ കണ്ണ് നിറഞ്ഞു.
എൻ്റെ കണ്ണുനീർ ഈ മണ്ണിൽ വീഴാൻ ഞാൻ അനുവദിക്കില്ല. വേണ്ട എൻ്റെ ശാപം ഈ വീടിനു വേണ്ട.
ഏട്ടൻ്റെ കൈ പിടിച്ചു ഇവിടേക്ക് വന്നിട്ട് വർഷം ഇരുപത്തിരണ്ടായിരിക്കുന്നൂ. ഇങ്ങനെ ഒരു മടക്കം ഒരിക്കലും ഞാൻ ആഗ്രഹിച്ചതല്ല.
എല്ലാം വിധി എന്ന് സമാധാനിക്കുവാനും വയ്യ. ആളുകൾ പലതും പറയുമായിരിക്കും. പറഞ്ഞോട്ടെ, അവർക്കു അവരുടേതായ ശരികൾ ഉണ്ട്. എനിക്ക് എൻ്റെതായ ശരികളും.
ഇനിയും സഹിക്കുവാൻ വയ്യ….
ഒരു ജന്മം മുഴുവൻ ഇവിടെ എരിഞ്ഞു തീർത്തില്ലേ.
മതി..
പതിനെട്ടാം വയസ്സിൽ ശരത്തിൻ്റെ ആലോചന വരുമ്പോൾ ഞാൻ അമ്മയോട് എത്രയോ പറഞ്ഞു
“അമ്മ, എനിക്ക് പഠിക്കണം. എന്നെ കെട്ടിക്കല്ലേ. കുറച്ചു സമയം കൂടെ എനിക്ക് താ..”
അതൊന്നും പക്ഷേ അമ്മാവനും അമ്മയും ചെവികൊണ്ടില്ല. അമ്മയ്ക്ക് അമ്മയുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നൂ.
അവരുടെ ശരികൾ.
“അച്ഛനില്ല, വിവാഹം കഴിപ്പിക്കുവാൻ ആരുമില്ല. അമ്മാവൻ കൊണ്ടുവന്ന ആലോചനയാണ്. സമ്മതിച്ചേ മതിയാകൂ. അമ്മാവൻ്റെ ഔദാര്യത്തിൽ ഒത്തിരി നാൾ നിന്നെ ഈ വീട്ടിൽ വളർത്തുവാൻ എനിക്ക് വയ്യ. പ്രായപൂർത്തിയായ നിന്നെയും കൊണ്ട് എവിടേക്കു ഞാൻ പോകും. കൂലിപ്പണി എടുത്തു പുറത്തു ജീവിക്കുവാനുള്ള തൻ്റെടം എനിക്കില്ല. ഞാൻ വിധവയാണ്. സമൂഹം പുച്ഛത്തോടെ നോക്കുന്ന വിധവ.”
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഒഴുകി വന്ന കണ്ണുനീർ തുടച്ചു.
അമ്മാവൻ്റെ മകൻ ആയിരുന്നൂ മനസ്സു നിറയെ. അതൊരിക്കലും അമ്മായി സമ്മതിക്കില്ല എന്നെനിക്കറിയാം. ഒരു പക്ഷേ അതായിരിക്കും അമ്മാവൻ്റെ ഈ ധൃതി പിടിച്ചുള്ള വിവാഹ ആലോചനയ്ക്കുള്ള കാരണം.
ആരുമറിയാതെ മനസ്സിൽ ഞാൻ കൊണ്ടുനടന്ന സ്വപ്നം…
അത് അവിടെ തന്നെ കുഴിച്ചു മൂടി. ചില ജന്മങ്ങൾ അങ്ങനെയാണ്, ദൈവത്തിൻ്റെ വികൃതികൾ..
ആശിക്കുവാൻ ഭാഗ്യമില്ലാത്തവർ, സ്വപ്നങ്ങൾ നേടുവാൻ ആകാത്തവർ..
ശരത്തിൻ്റെ താലി കഴുത്തിൽ വീണതും എല്ലാം ഞാൻ മറക്കുവാൻ ശ്രമിച്ചൂ. പിന്നെ ആ വീടായിരുന്നൂ എൻ്റെ ലോകം.
ഞാനും ശരത്തും, പതിയെ ഞാൻ വീണ്ടും സ്വപ്നങ്ങൾ കണ്ടു തുടങ്ങി.
പത്തൊമ്പതാം വയസ്സിൽ ഒരു കുട്ടിയുടെ അമ്മയായി. വീണ്ടും മനസ്സിൽ കുളിരു നിറഞ്ഞു. എൻ്റെ മകൻ….
എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. കുഞ്ഞിന് മൂന്ന് മാസം ആയപ്പോൾ ആ വാർത്ത വന്നൂ
“വാഹന അപകടത്തിൽ ശരത്തു പോയി.”
ഇനി എന്ത് എന്നാലോചിച്ചപ്പോൾ ശരത്തിൻ്റെ അമ്മയെ ഓർത്തു.
ഒറ്റമകൻ ആയിരുന്നല്ലോ ശരത്തു. ഇനി അവർക്കും എൻ്റെ മകനും ഞാൻ മാത്രമല്ലെ ഉള്ളൂ. ആ വിധി ഞാൻ മനസ്സാലെ സ്വീകരിച്ചൂ. നെറ്റിയിൽ കുറച്ചു ഭസ്മം പൂശി, നല്ല സാരികൾ മാറ്റി വച്ചൂ. എൻ്റെ സ്വപ്നങ്ങൾ എല്ലാം മറന്നൂ, കൂലി പണി എടുത്തു മകനെ വളർത്തുവാൻ തീരുമാനിച്ചൂ.
എന്നിട്ടോ..
അവൻ വളർന്നു വലുതായി, ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ…
കഴിഞ്ഞ മാസം അവൻ ഒരു കുട്ടിയെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് വന്നൂ.
“അവൻ്റെ പെണ്ണാണത്രേ..”
അതിനും ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല. കാരണം എൻ്റെ വളർത്തുദോഷമല്ലേ…
അവൻ നന്നായി ജീവിക്കട്ടെ. എനിക്കിനി ഈ ജീവിതത്തിൽ അവൻ്റെ സന്തോഷം അല്ലാതെ മറ്റെന്തു വേണം.
അടുക്കളയിൽ സഹായിക്കുവാനോ അവളുടെ തുണി കഴുകുവാനോ പോലും ആ പെൺകുട്ടി തയ്യാറായില്ല. അതെല്ലാം ഞാൻ സഹിച്ചൂ. എന്തായാലും ഇത്രയും നാൾ ഞാൻ തന്നെ അല്ലെ എല്ലാം ചെയ്തത്, ഇനി ഒരാൾക്ക് കൂടി കൂടുതൽ കരുതണം, അത്രയല്ലേ ഉള്ളൂ.
പക്ഷേ..
കഴിഞ്ഞാഴ്ച അവൻ എൻ്റെ എല്ലാ പ്രതീക്ഷയും തകർത്തൂ. അവൻ എന്നെ ആദ്യമായി തല്ലി, അവളുടെ വാക്ക് കേട്ടിട്ട്. അതും ഞാൻ സഹിച്ചൂ.
പക്ഷേ അവൻ പറഞ്ഞ വാക്കുകൾ അതെനിക്ക് സഹിക്കുവാൻ ആയില്ല.
“അമ്മയ്ക്ക് വയസ്സാം കാലത്തു എന്തിൻ്റെ കേടാണെന്നു എനിക്കറിയാം. ഞങ്ങളുടെ മുറിയിൽ ഒളിഞ്ഞു നോക്കിയില്ലേ..”
അവൾ പറഞ്ഞു കൊടുത്തതാണോ… ഈശ്വരാ.. ഈ ഭൂമി പിളർന്നു എന്നെ നീ എടുത്തിരുന്നെങ്കിൽ..
അതെനിക്ക് സഹിക്കുവാൻ ആയില്ല. പത്തൊമ്പതാം വയസ്സിൽ വിധവ ആയപ്പോൾ നാട്ടുകാർ ഒത്തിരി പേർ അപവാദം പറഞ്ഞിട്ടുണ്ട്. അന്നൊക്കെ മനസ്സിൽ ഒരു തോന്നൽ ഉണ്ടായിരുന്നൂ..
“എൻ്റെ മകൻ എനിക്കുണ്ട്. അവനു എന്നെ അറിയാം. അവൻ മാത്രം എന്നെ മനസ്സിലാക്കിയാൽ മതി. ഒരിക്കൽ അവൻ എല്ലാവർക്കുമുള്ള മറുപടി നല്കും..
ആ വിശ്വാസം ആണ് ഇന്നലെ തകർന്നത്.
“വയ്യ, ഇനി ആർക്കു വേണ്ടി ജീവിക്കണം, എനിക്ക് ആരുമില്ല. വിധവ എന്ന് പറയുന്നത് എല്ലാവർക്കും കുറ്റം മാത്രം പറയുവാനുള്ള കളിപ്പാട്ടം ആണോ. അവർക്കു ഒരു മനസ്സില്ലേ…’
അങ്ങനെയാണ് ഞ രമ്പ് മു റിച്ചത്. ആശുപത്രിയിൽ കിടന്ന ദിവസ്സങ്ങളിൽ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു.
“എനിക്ക് ആരുമില്ല. എന്നെ കാണുവാൻ ഒരിക്കൽ പോലും വീട്ടിൽ നിന്ന് ആരും വന്നില്ല.”
ആ ദിവസ്സങ്ങളിൽ ആണ് എൻ്റെ ഉണ്ണിയേട്ടൻ (അമ്മാവൻ്റെ മകൻ) വീണ്ടും എന്നെ തേടി വന്നത്.
എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നൂ, ഉണ്ണിയേട്ടനെയും എൻ്റെ വീടും ഞാൻ മറന്നിരുന്നൂ, അമ്മയുടെ മരണത്തോടെ.
ഉണ്ണിയേട്ടൻ എൻ്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു.
“സുമ, നിന്നെ കൂടെ കൂട്ടണം എന്ന് ഒരിക്കൽ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നൂ. പക്ഷേ, അന്ന് അമ്മ അതിനു സമ്മതിച്ചില്ല. ഇന്ന് എൻ്റെ അമ്മയും നിൻ്റെ അമ്മയും ഇല്ല. ഞാൻ ഇതുവരെ വിവാഹവും കഴിച്ചിട്ടില്ല. ഉള്ളിൽ എന്നും കുറ്റബോധം ആയിരുന്നൂ, ഞാൻ കരണമാണല്ലോ നിനക്ക് ഈ വിധി വന്നത് എന്നോർത്ത്. പക്ഷേ ഒരു വിധവയെ കൂടെ കൂട്ടുവാനുള്ള തൻ്റെടം എനിക്ക് ഇല്ലാതെ പോയി. ഈ സമൂഹത്തെ ഞാൻ അത്രമേൽ ഭയന്നൂ. എല്ലാം എൻ്റെ തെറ്റ്. അകലെ നിന്നാണെങ്കിലും, നീ പോലും അറിയാതെ നിന്നെ കണ്ടു ഞാൻ കഴിഞ്ഞു പോന്നൂ.”
ഉണ്ണിയേട്ടൻ ഒരു ദീർഘനിശ്വാസം എടുത്തൂ.
“ഇനി വയ്യടോ, എനിക്ക് നീ വേണം..”
“നാളെ നീ ഇവിടെ നിന്ന് ഡിസ്ചാർജ് ആകും. മറ്റന്നാൾ ഞാൻ വഴിയിൽ കാത്തു നിൽക്കും. എൻ്റെ ഒപ്പം നീ വരണം. നമുക്ക് ഈ നാട് വിടാം. ഇനി നമ്മുടെ ലോകത്തു വേറെ ആരും വേണ്ട. ഇനിയുള്ള ദിനങ്ങൾ എങ്കിലും നമുക്ക് ഓർമിച്ചു ജീവിക്കാം.”
ഞാൻ ഒന്നും പറഞ്ഞില്ല.
*************************
ശരത്തേൻട്ടൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു.
ആകെ ഒരു വർഷമേ കൂടെ കഴിഞ്ഞിട്ടുള്ളൂ. എന്നാലും ഒരു ജന്മത്തിൻ്റെ സ്നേഹം തന്നൂ. ഞാൻ ഭാഗ്യമില്ലവൾ ആയിപ്പോയി.
“അങ്ങയുടെ കുഞ്ഞിനെ ഞാൻ വളർത്തി. ഇന്നിപ്പോൾ അവൻ്റെ വിവാഹവും കഴിഞ്ഞു. ഇനി എന്നെ ഇവിടെ ആർക്കും ആവശ്യമില്ല. അങ്ങയുടെ അമ്മയെ അങ്ങയുടെ മകൻ നോക്കികൊള്ളും, അല്ലെങ്കിൽ ഈ വീട് അവനു കിട്ടില്ലല്ലോ. എനിക്ക് അങ്ങു മാപ്പു തരണം, ഇനി എങ്കിലും ഞാൻ എനിക്കായി ഒന്ന് ജീവിച്ചോട്ടെ. അതിനു അനുവദിക്കണം.”
പെട്ടെന്ന് തോന്നി..
ആരോ തലയിൽ കൈ വച്ച് അനുഗ്രഹിച്ചോ..
മതി, ഈ ജന്മത്തിലെ എല്ലാ കടപ്പാടുകളും ആ ആ ത്മഹ ത്യയിൽ തീർന്നൂ. ഇനി ഉള്ളത് പുതിയൊരു ജീവിതമാണ്, പുതിയൊരു ലോകവും.
ആളുകൾ പലതും പറയുമായിരിക്കും.
“വയസ്സാംകാലത്തു മുതുക്കി ഒളിച്ചോടി. മൂത്തിരുന്നതായിരിക്കും. മകനെ ഉപേക്ഷിച്ചൂ. അവളെയൊക്കെ കണ്ടാൽ കാർക്കിച്ചു തുപ്പണം. അവൾ അനുഭവിക്കും. ദുർനടപ്പുകാരി. പിന്നെയും ഒരുപാട്”
സാരമില്ല. എൻ്റെ ശരി ഇതാണ്. ഈ ജീവിതം അനുഭവിച്ചതും ഞാൻ ആണ്. ഇനിയുള്ളത് അനുഭവിക്കുവാൻ ഉള്ളതും ഞാൻ ആണ്. പിന്നെ അവർക്കെന്തു ചേതം.
കണ്ണുനീർ തുടച്ചു അവസാനമായി ആ വീട് ഒന്നുകൂടെ നോക്കി ഞാൻ ഇറങ്ങി. വഴിയിൽ കാത്തു നിന്ന ഉണ്ണിയേട്ടനൊപ്പം കാറിൽ കയറി. ആ നെഞ്ചിൽ തല ചായിച്ചൂ..